ADVERTISEMENT

ആനുകാലിക പ്രസക്തമായ ഒരു വിഷയം ഹാസ്യവും ഉദ്വേഗവും സമാസമം ചേർത്തവതരിപ്പിക്കുകയാണ് പട്ടാഭിരാമൻ എന്ന ചിത്രം. കേരളത്തിൽ വർധിച്ചു വരുന്ന ജീവിതശൈലീരോഗങ്ങളും ഇവിടുത്തെ ഹോട്ടലുകളിൽ വിളമ്പുന്ന വർണശബളമായ ഭക്ഷണവും തമ്മിലുളള അവിശുദ്ധ ബന്ധം തുറന്നു കാട്ടുകയാണ് ചിത്രം.

 

Pattabhiraman Official Trailer | Jayaram | Kannan Thamarakkulam | Abaam Movies

ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം ഒരുക്കുന്ന നാലാമത്തെ ചിത്രമാണിത്. ഈ കൂട്ടുകെട്ടിൽ ഇതുവരെയിറങ്ങിയ ചിത്രങ്ങളിൽ പ്രമേയം കൊണ്ടും അവതരണം കൊണ്ടും ഏറ്റവും മികച്ചുനിൽക്കുന്ന ചിത്രം പട്ടാഭിരാമൻ തന്നെയായിരിക്കും. ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്തിന്റേതാണ്. അബാം മൂവീസിന്റെ ബാനറില്‍ എബ്രഹാം മാത്യുവാണ് നിർമാണം. 

 

മിയാ ജോര്‍ജ്, ഷീലു എബ്രഹാം,എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ബൈജു സന്തോഷ്, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, ജനാര്‍ദ്ദനന്‍, പ്രേംകുമാര്‍,  മാധുരി, തെസ്‌നി ഖാന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രവിചന്ദ്രൻ.

pattabhiraman

 

പ്രമേയം

Pattabhiraman

 

ഭക്ഷണത്തെ ദൈവതുല്യമായി കാണുന്ന ഒരു കുടുംബത്തിലെ കണ്ണിയാണ് ഫുഡ് ഇൻസ്പെക്ടറായ പട്ടാഭിരാമന്‍. നിരന്തരമായ സ്ഥലം മാറ്റങ്ങൾക്കുശേഷം അദ്ദേഹം തിരുവനന്തപുരത്തേക്ക് എത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. ജോലിയിലുള്ള ആത്മാർത്ഥയും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളും മൂലം അഴിമതിക്കാരായ സഹപ്രവർത്തകരുടെയും ഹോട്ടലുകാരുടെയും കണ്ണിലെ കരടായി അയാൾ മാറുന്നു. അയാളെ ഒതുക്കാനായി ഭക്ഷണ മാഫിയ നടത്തുന്ന ശ്രമങ്ങളും അതിനെതിരെയുള്ള പട്ടാഭിരാമന്റെ തന്ത്രപരമായ നീക്കങ്ങളും വഴിത്തിരിവുകളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ഉദ്യോഗസ്ഥരും ഭക്ഷണ മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധവും, ഉടഞ്ഞു വീഴുന്ന വിഗ്രഹങ്ങളുമൊക്കെ ചിത്രത്തിൽ കാണാം.

 

അഭിനയം

 

കുടുംബസദസ്സുകൾ ഇഷ്ടപ്പെട്ടിരുന്ന ജയറാം എന്ന നടന്റെ തിരിച്ചു വരവായി ചിത്രത്തെ വീക്ഷിക്കാം. ഭക്ഷണത്തെ ദൈവതുല്യം സ്നേഹിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത ഫുഡ് ഇൻസ്പെക്ടറായി മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ച വയ്ക്കുന്നത്.  ബൈജുവിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. പ്രത്യേകിച്ച് വൈകാരിക രംഗങ്ങളിൽ നായകനെ പോലും ഒരുവേള കടത്തിവെട്ടുന്ന അഭിനയം അദ്ദേഹം കാഴ്ച വയ്ക്കുന്നു. കോമഡി നമ്പറുകളുമായി ധർമജനും ഹരീഷ് കണാരനും സ്‌കോർ ചെയ്യുന്നുണ്ട്. പതിവിൽ നിന്നും വ്യത്യസ്തമായി നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ മിയയും ഭംഗിയാക്കിയിട്ടുണ്ട്. നായികയായി എത്തിയ ഷീലുവും വേഷം  ഭദ്രമാക്കി. 

 

സാങ്കേതികവശങ്ങൾ

 

കെട്ടുറപ്പുള്ള തിരക്കഥയാണ് ചിത്രത്തിന്റെ അടിത്തറ. പ്രേക്ഷകരെ പിടിച്ചിരുത്താൻ ഹാസ്യത്തിനും വൈകാരിക രംഗങ്ങൾക്കും സസ്പെൻസിനും ചിത്രത്തിൽ തുല്യപ്രാധാന്യം നൽകിയിട്ടുണ്ട്. രണ്ടാം പകുതിയിൽ ട്വിസ്റ്റുകളും ചിത്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഛായാഗ്രഹണം, എഡിറ്റിങ്, പശ്ചാത്തലസംഗീതം, ഗാനങ്ങൾ എന്നിവ നിലവാരം പുലർത്തുന്നു.

 

രത്നച്ചുരുക്കം

 

പഴകിയ ഭക്ഷണം വിളമ്പുന്ന ചെറുകിട ഹോട്ടലുകൾ മുതൽ  കൊള്ളലാഭത്തിനായി ഭക്ഷണത്തിൽ മായം ചേർക്കുന്ന വമ്പൻ സ്രാവുകൾ വരെ നീളുന്ന കേരളത്തിലെ ഭക്ഷണ വ്യവസായത്തിന്റെ ദുർഗന്ധം വമിക്കുന്ന മുഖം, ചിത്രം തുറന്നുകാട്ടുന്നു. അധ്വാനിച്ചു സമ്പാദിക്കുന്ന പണം കൊടുത്തു വിഷം വാങ്ങിക്കഴിക്കുന്ന ഗതികെട്ട ജനതയായി നാം മാറി എന്ന ഓർമപ്പെടുത്തലാണ് ചിത്രം നൽകുന്ന സന്ദേശം. ചിത്രം കണ്ടിറങ്ങിയ ചില കുടുംബങ്ങളെങ്കിലും ഹോട്ടലുകളിൽ കയറി മക്കൾക്ക് ഫാസ്റ്റ് ഫുഡ് ഓർഡർ ചെയ്യുന്നതിന് മുൻപ് പുനർവിചിന്തനം നടത്താൻ സാധ്യതയുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com