നായകനോ വില്ലനോ? നെഞ്ചിടിപ്പ് കൂട്ടി സാഹോ; റിവ്യു

Saaho - Premiere Report

SHARE

മാസ്, ആക്‌ഷൻ, സസ്പെൻസ്, ട്വിസ്റ്റ് എല്ലാം കൂട്ടിയിണക്കിയ പവർ പായ്ക്ക്ഡ് ത്രില്ലറാണ് സാഹോ. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനുശേഷം പ്രഭാസിന്റെ താരമൂല്യം വാണിജ്യപരമായി ഉപയോഗപ്പെടുത്തുന്ന ചിത്രം 350 കോടി രൂപ മുതൽമുടക്കിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കാഴ്ചക്കാരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന മാസ് ആക്‌ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.  

ഇന്ത്യയിലും വിദേശത്തുമായി അഞ്ചു ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. റണ്‍ രാജ റണ്‍ എന്ന തെലുങ്ക് ചിത്രത്തിലൂടെ ശ്രദ്ധേയനായ സുജീത്താണ് സംവിധാനം. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ നിർമിക്കുന്ന സിനിമയില്‍ ശ്രദ്ധ കപൂറാണ് നായിക. ജാക്കി ഷ്രോഫ്, നീല്‍ നിതിന്‍ മുകേഷ്, മന്ദിര ബേദി, ചങ്കി പാണ്ഡേ, മഹേഷ് മഞ്ജറേക്കര്‍, അരുണ്‍ വിജയ്, മുരളി ശര്‍മ തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു. കൂടാതെ മലയാളി നടൻ ലാൽ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രമായി എത്തുന്നു.

പ്രമേയം...

പവർഫുൾ ഗ്യാങ്സ്റ്ററുകളുടെ കേന്ദ്രമാണ് വാജി എന്ന നഗരം.  ഇന്ത്യയിലേക്ക് തങ്ങളുടെ വേരുകൾ പടർത്തുന്നതിനിടയിൽ മുംബൈയിൽ വച്ച്  അവരുടെ 2000 കോടിയോളം രൂപ കവർച്ച ചെയ്യപ്പെടുന്നു. അതിനെ തുടർന്ന് പണത്തിനും അധികാരത്തിനുമുള്ള അവകാശത്തെച്ചൊല്ലി അംഗങ്ങൾക്കിടയിൽ ചേരിതിരിവ് രൂപപ്പെടുത്തുന്നു. ഇവരെ അടിച്ചമർത്താൻ സാഹോ എന്ന അണ്ടർ കവർ ഏജന്റും അമൃത നായർ എന്ന ക്രൈംബ്രാഞ്ച് ഏജന്റും ഒരുമിക്കുന്നു. പിന്നീട് നടക്കുന്ന രക്തരൂക്ഷിതമായ പോരാട്ടവും ട്വിസ്റ്റുകളുമാണ് ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്.  സാഹോ ശരിക്കും നായകനാണോ വില്ലനാണോ എന്ന ചോദ്യം ബാക്കിവച്ചു കൊണ്ടാണ് ആദ്യ പകുതി അവസാനിക്കുന്നത്. ട്വിസ്റ്റുകൾക്കുമേൽ ട്വിസ്റ്റുകൾക്ക് ശേഷം ആരാണ് യഥാർത്ഥ രാജാവ്?, പണവും അധികാരവും യഥാർത്ഥ അവകാശിയിൽ എത്തിച്ചേരുമോ ഇല്ലയോ? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരത്തിൽ ചിത്രം പരിസമാപ്തിയിലെത്തുന്നു. 

Saaho Trailer: Malayalam | Prabhas | Shraddha Kapoor | Sujeeth | UV Creations |

സാങ്കേതികവശങ്ങൾ...

350 കോടി രൂപ മുടക്കുമുതലുള്ള ചിത്രത്തിന്റെ പകുതിയിലേറെ സാങ്കേതിക മേഖലയിലാണ് ചെലവഴിച്ചിരുന്നത്. അബുദാബിയിൽ ചിത്രീകരിച്ച 8 മിനിറ്റ് ദൈഘ്യമുള്ള ആക്‌ഷൻ രംഗത്തിനായി മാത്രം 50 കോടിയോളം രൂപയാണത്രെ ചെലവഴിച്ചത്. ലോകസിനിമയിലെ പ്രഗത്ഭരാണ് ചിത്രത്തിന്റെ സാങ്കേതികമേഖലയിൽ അണിനിരന്നത്. പ്രശസ്ത ഹോളിവുഡ് ആക്‌ഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെന്നി ബേറ്റ്‌സാണ് ചിത്രത്തിന്റെ ആക്‌ഷന്‍ കൊറിയോഗ്രാഫര്‍. ബാഹുബലിയുടെ ആര്‍ട്ട് ഡയറക്ടറായിരുന്ന സാബു സിറിലാണ് കലാസംവിധായകന്‍.  ആർ. മഥിയുടെയും ടീമിന്റെയും ഛായാഗ്രഹണ മികവാണ് ചിത്രത്തെ ഒരു ദൃശ്യവിസ്മയമാക്കുന്നത്. ദൃശ്യമികവിന്റെ ഔന്നത്യമായ ഐമാക്സ് ക്യാമറയിലാണ് ചിത്രം പൂർണമായി ചിത്രീകരിച്ചിരിക്കുന്നത്. രാക്ഷസൻ, വിശ്വരൂപം തുടങ്ങി നിരവധി ചിത്രങ്ങളുടെ പശ്ചാത്തലസംഗീതം നിർവഹിച്ച ജിബ്രാനാണ് സഹോയിലെ ഹെവി മാസ് രംഗങ്ങൾക്ക് സംഗീതം ചിട്ടപ്പെടുത്തിയിരിക്കുന്നത്. 

saaho-trailer

അഭിനയം...

ബാഹുബലിയിൽ നിന്നും സഹോയിലേക്ക് തികച്ചും വ്യത്യസ്തമായ രൂപഭാവാദികളോടെയാണ് പ്രഭാസ് മടങ്ങിയെത്തുന്നത്. റിബൽ സ്റ്റാർ പരിവേഷമുണ്ടായിരുന്ന സമയത്തെ സിനിമകളോട് സാമ്യമുള്ള അഭിനയത്തിലേക്കുള്ള മടക്കം എന്നും പറയാം. മികച്ച കായികക്ഷമത ആവശ്യപ്പെടുന്ന കഥാപാത്രത്തിനായി ശരീരം പാകപ്പെടുത്തുന്നതിനു താരം നടത്തിയ കഠിന പരിശ്രമം ഫലം കണ്ടുവെന്ന് വേണം കരുതാൻ. റൊമാന്റിക് നായികയിൽ നിന്നും ആക്‌ഷൻ ഹീറോയിനിലേക്കുള്ള മാറ്റം ശ്രദ്ധ കപൂറും ഭദ്രമാക്കിയിട്ടുണ്ട്. നീൽ നിതിൻ മുകേഷ്, ജാക്കി ഷ്‌റോഫ് എന്നിവരും മികച്ചുനിൽക്കുന്നു. മലയാളി താരം ലാൽ ചിത്രത്തിൽ നിർണായ പ്രാധാന്യമുള്ള കഥാപാത്രമായി എത്തുന്നു.

saaho-trailer

രത്നച്ചുരുക്കം

രണ്ടു മണിക്കൂർ അമ്പതു മിനിട്ടാണ് ചിത്രത്തിന്റെ ദൈഘ്യം. അടി, ഇടി, വെടി, പുക എന്ന ക്രമത്തിൽ എല്ലാ മസാല ചേരുവകളും ചിത്രത്തിൽ കൃത്യമായി കോർത്തിണക്കിയിരിക്കുന്നു. ഇതിനു മേമ്പൊടിയായി പ്രണയവും ഗാനങ്ങളും നൽകിയിട്ടുണ്ട്.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
FROM ONMANORAMA