ബോളിവുഡിന്റെ ‘ദുൽക്കർ ഫാക്ടർ’: റിവ്യൂ

zoya-factor
SHARE

കാർവാൻ‌ എന്ന സിനിമയിലൂടെയാണ് മലയാളത്തിന്റെ പ്രിയതാരം ദുൽക്കർ സൽമാൻ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. മലയാളത്തിൽ സിനിമകൾ കുറിച്ച് തമിഴിലും ഹിന്ദിയിലും സജീവമായ താരത്തിന്റെ രണ്ടാമത്തെ ഹിന്ദി സിനിമയായ സോയ ഫാക്ടറിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നതും ദുൽക്കറിന്റെ പ്രകടനം തന്നെയാണ്. സോയ എന്ന ടൈറ്റിൽ കഥാപാത്രത്തെ പ്രകടനത്തിന്റെ കാര്യത്തിൽ ദുൽക്കർ പിന്നിലാക്കുന്ന ഇൗ ചിത്രം മനോഹരമായ ചില മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഒരു നല്ല സിനിമ തന്നെയാണ്.  

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കഥയാണ് സോയ ഫാക്ടർ പറയുന്നത്. പക്ഷേ ഇതൊരു സ്പോർട്സ് സിനിമയുമല്ല. 1983–ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് കിരീടം നേടിയ ദിനം സോയ എന്ന പെൺകുട്ടി ജനിക്കുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. ആ സോയ പിന്നീട് യാദൃച്ഛികമായി ഇപ്പോഴുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യമായി മാറുന്നു. അവൾ കൂടെയുണ്ടെങ്കിൽ കളി ജയിക്കുമെന്ന് ടീമംഗങ്ങളും ആരാധകരും ഒരു പോലെ വിശ്വസിച്ചു, ക്യാപ്റ്റനായ നിഖിൽ കോ‍ഡ ഒഴികെ. ബാക്കിയുള്ളവർ സോയയുടെ ഭാഗ്യത്തെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തപ്പോൾ നിഖിൽ അവളെയാണ് സ്നേഹിച്ചത്. ഇതാണ് സിനിമയുടെ പ്രമേയം. 

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖിന്റെ ശബ്ദത്തിലാണ് സിനിമ ആരംഭിക്കുന്നത്. തമാശ നിറഞ്ഞതാണ് ചിത്രത്തിന്റെ ആദ്യ പകുതി. കൗമാരക്കാരിയായ ഏതൊരു പെൺകുട്ടിയും നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും  സോയയുടെ ജീവിതത്തിലുമുണ്ട്. താൻ എല്ലായിടത്തും പരാജയപ്പെടുന്നുവെന്ന് വിശ്വസിക്കുന്ന സോയ യാദൃച്ഛികമായി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ചിലരെ പരിചയപ്പെടുന്നു. അവിടെ നിന്ന് സോയയുടെയും ഇന്ത്യൻ ടീമിന്റെയും ഭാവി മാറുന്നതാണ് സിനിമയുടെ ആദ്യ പകുതി കാണിക്കുന്നത്. ആദ്യ പകുതിയിലെ സോയയുടെ പ്രകടനം ‘ഒാവറാണെന്ന’ കുറ്റപ്പെടുത്തലുകൾ ഉയരുമ്പോഴും ഒരു സാധാരണ വീട്ടിൽ ജനിച്ച പക്വതയില്ലാത്ത പെൺകുട്ടിയുടെ മാനറിസങ്ങളാണ് ആ കഥാപാത്രത്തിനുമുള്ളത് എന്നത് പ്രേക്ഷകന് മനസ്സിലാകും. 

കഥയുടെയും കഥാപാത്രങ്ങളുടെയും ഗതി മാറുന്നതാണ് രണ്ടാം പകുതിയിൽ കാണാനാവുന്നത്. ഒരു ദിശയിൽ നല്ല താളത്തിൽ പോയിരുന്ന ഇൗ സിനിമയുടെ പെട്ടെന്നുള്ള ‘യു ടേൺ’ പ്രേക്ഷകരെ തെല്ലൊന്നു സംശയത്തിലാഴ്ത്തിയേക്കാം. എന്നാൽ പിന്നീട് ഇൗ മുറിഞ്ഞു പോയ താളം വീണ്ടെടുത്ത് സിനിമ നന്നായി അവസാനിക്കുന്നു. 

നിഖിൽ കോഡ എന്ന കഥാപാത്രമായി ദുൽക്കർ സൽമാൻ നല്ല പ്രകടനമാണ് കാഴ്ച വച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി, പക്വതയുള്ള മിതത്വമുള്ള അഭിനയമാണ് ദുൽക്കർ കാഴ്ച വച്ചിരിക്കുന്നത്. സോയ എന്ന ടൈറ്റിൽ കഥാപാത്രമായ സോനം കപൂറും മികച്ചു നിൽക്കുന്നു. സഞ്ജയ് കപൂർ, സിഖന്തർ ഖേർ തുടങ്ങിയ മുൻനിര താരങ്ങളും ഒപ്പം ഗസ്റ്റ് റോളിലെത്തിയ അനിൽ കപൂറും മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. 

ഇന്ത്യൻ ക്രിക്കറ്റ് ടീം, ക്രിക്കറ്റ് വേൾഡ് കപ്പ് എന്നൊക്കെ കേൾക്കുമ്പോൾ വലിയ ക്യാൻവാസിലുള്ള ഒരു ചിത്രമാണ് ഏതൊരു സംവിധായകന്റെയും മനസ്സിൽ വരിക. എന്നാൽ വളരെ ലളിതമായി  തന്റെ മുൻ സിനിമകൾ പോലെ വലിയ പ്രമേയത്തെ ഒരു ചെറിയ സിനിമയാക്കുന്നതിൽ അഭിഷേക് ശർമ വിജയിച്ചു. ശങ്കർ–എസ്സാൻ–ലോയുടെ സംഗീതവും, ഛായാഗ്രഹണവും എഡിറ്റിങ്ങുമൊക്കെ സിനിമയുടെ മാറ്റു കൂട്ടുന്നതായി. 

ഒരു സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് ബോളിവുഡിന്റെ വലിയ ബഹളങ്ങൾ ഒന്നുമില്ലാത്ത ഒരു കുഞ്ഞു സിനിമയാണ് സോയ ഫാക്ടർ. മലയാളികൾക്ക് ഏറ്റവുമധികം ഇഷ്ടപ്പെടുക സോയ ഫാക്ടറിലെ ‘ദുൽക്കർ ഫാക്ടറിനെ’യാണ്. ഹിന്ദിയും ഇംഗ്ലീഷുമൊക്കെ അനായാസം സംസാരിച്ച് ഭാഷാഭേദത്തിന്റെ അതിർവരമ്പുകളെ നിഷ്പ്രഭമാക്കുന്ന ദുൽക്കറിന്റെ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
FROM ONMANORAMA