ADVERTISEMENT

"മൊഹബത് ആകുന്ന തിരമാല എപ്പോഴും നമ്മുടെ കാലുകളെ നനയ്ക്കാൻ ശ്രമിക്കും എന്നാൽ ആ നനവ് കാലിൽ പറ്റാതെ നാം മാറി നടക്കണം". നാലുപാടും കടലാൽ ചുറ്റപ്പെട്ട കവരത്തി ദ്വീപിൽ തിരമാലകൾ വീണ്ടും വീണ്ടും എത്തി ആ പ്രണയിനിയുടെ കാലുകൾ നനച്ചു കൊണ്ടേയിരുന്നപ്പോൾ തിയറ്ററിൽ വിരിഞ്ഞത് പ്രണയത്തിന്റെ നന്മയും സൗന്ദര്യവും വിളിച്ചോതുന്ന മറ്റൊരു സിനിമ. നടൻ വിനായകനും ഗബ്രി ജോസും മുഖ്യ വേഷത്തിലെത്തിയ കമൽ ചിത്രം അക്ഷരാർഥത്തിൽ പ്രണയമീനുകളുടെ കടലായി മാറുന്നു. 

 

പ്രണയമീനുകളുടെ കടൽ എന്ന പേരിൽ തന്നെ ചിത്രത്തിന്റെ സാരാംശം മുഴുവനുണ്ട്. പ്രണയവും മീനുകളും കടലും കവരത്തിയുടെ സുന്ദരകാഴ്ചകളും ചേർന്നൊരു ചിത്രം. സംവിധായകന്‍ കമലും തിരക്കഥാകൃത്ത് ജോണ്‍പോളും മുപ്പത്തിയൊന്ന് വര്‍ഷത്തിനു ശേഷം ഒന്നിക്കുന്ന ചിത്രം പ്രേക്ഷകർക്ക് കാഴ്ചകളുടെ വിരുന്നായിരുന്നു. അനാർക്കലി എന്ന ചിത്രത്തിന് ശേഷം ലക്ഷദ്വീപ് പശ്ചാത്തലമാകുന്ന സിനിമ കൂടിയാണ് പ്രണയ മീനുകളുടെ കടൽ. കവരത്തി ദീപിലെ കാഴ്ചകളുടെ സൗന്ദര്യവും ജനങ്ങളുടെ നന്മയും അപ്പാടെ ഒപ്പിയെടുക്കുന്നതാണ് ചിത്രം.  

 

vinayakan-2

സ്രാവ് വേട്ടക്കാരൻ ഹൈദ്രു

 

Pranaya Meenukalude Kadal | Official Trailer | Vinayakan | Kamal | Shaan Rahman | Malayalam Movie|HD

തൊട്ടപ്പന് ശേഷം വിനായകന്‍ നായകനായെത്തുന്ന സിനിമയാണ് പ്രണയമീനുകളുടെ കടൽ. ചിത്രത്തിലെ സ്രാവ് വേട്ടക്കാരന്റെ കഥാപാത്രം വിനായകൻ അവിസ്മരണീയമാക്കി. നേരത്തെയെത്തിയ ട്രയ്‌ലറിലും മേക്കിങ് വിഡിയോയിലും കണ്ടത് പോലെ കടലിനുള്ളിലെ രംഗങ്ങൾ മികവുറ്റതായി. ഗംഗയ്ക്കും ഇത്താക്കിനും ശേഷം വിനായകന്റെ മികച്ച പ്രകടനമാണ് ചിത്രത്തിലേത്. അറയ്ക്കൽ കുടുംബത്തിലെ ബീവിമാർ, ബേപ്പൂരിലെ 'ന്യൂജെൻ ഖലാസികൾ', അറയ്ക്കൽ ബീവിയുടെ ആശ്രിതനായ ഹൈദ്രു, മദ്യനിരോധനമുള്ള ദ്വീപിലെ പൊലീസുകാർ ഇങ്ങനെ നിരവധി വ്യത്യസ്ത കഥാപാത്രങ്ങളുടെ രൂപീകരണവും ചിത്രത്തിന്റെ ഹൈലൈറ്റാണ്.

pranaya-meenukal-review-4

 

pranaya-meenukal-review-2

'ന്യൂജെൻ ഖലാസികൾ'

 

കവരത്തി ദീപിൽ അറയ്ക്കൽ കുടുബത്തിന്റെ ഉരു നന്നാക്കാൻ വരുന്ന ബേപ്പൂരിലെ ഖലാസികളാണ് ചിത്രത്തിന്റെ ഗതി മാറ്റുന്നത്. ദ്വീപിലെ നന്മയിലേക്ക് കടൽ കടന്നു വന്ന അസ്വാര്യസ്യമാകുന്നു ഇവർ. ദീപിലെ നിയമങ്ങൾ തെറ്റിച്ചും ബൈക്കിൽ ചീറി പാഞ്ഞും തല്ലുണ്ടാക്കിയും പ്രണയിച്ചും അവർ ദീപിലുള്ളവരുടെ നോട്ടപുള്ളികളാകുന്നു. ബേപ്പൂരിൽ നിന്നും ദ്വീപിൽ പണിക്കെത്തിയ മോഹൻലാൽ ആരാധകനായ അജ്മലും അതേ ദ്വീപിന് പുറത്ത് മറ്റൊരു ലോകം കണ്ടിട്ടില്ലാത്ത അറയ്ക്കലിലെ പെൺകുട്ടി ജാസ്മിനും തമ്മിലുള്ള പ്രണയമാണ് ചിത്രത്തെ മുന്നോട്ട് കൊണ്ട് പോകുന്നത്. കടൽ കടന്നു വന്ന കാമുകനായി ഗബ്രി ജോസും ജാസ്മിന്റെ വേഷത്തിൽ ഋഥി കുമാറും എത്തുന്നു.

 

കുറ്റകൃത്യമില്ലാത്ത പോലീസ് സ്റ്റേഷൻ എന്ന ഗിന്നസ് റെക്കോർഡ് നേടാൻ കഷ്ടപ്പെടുന്ന പോലീസ്‌കാരന്റെ വേഷം ഷൈജു കുറുപ്പ്  മികച്ചതാക്കി. നടൻ സുധീഷിന്റേതും മികച്ച വേഷമാണ്. അവിവാഹിതനായ, നാട്ടുകാർ എല്ലാം അൽപം നൊസ്സുണ്ടെന്ന് അവകാശപ്പെടുന്ന ദിലീഷ് പോത്തന്റെ കഥാപാത്രവും മികവുറ്റതാണ്. ചിത്രം ഏകദേശം പൂർണമായും കവരത്തി ദീപിൽ തന്നെയായതിനാൽ ദീപിലെ സാധാരണക്കാർ സംസാരിക്കുന്ന ഭാഷയാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. 

 

വിഷ്ണുപണിക്കരുടെ ഛായാഗ്രഹണവും ഷാൻ റഹ്‌മാന്റെ സംഗീതവും മികച്ചതാണ്. റഫീഖ് അഹമ്മദിന്റെയും, ബി.കെ. ഹരിനാരായണന്റെയുമാണ് വരികൾ. കവരത്തിയുടെ ബാഹ്യ സൗന്ദര്യവും കടലിനുള്ളിലെ കാഴ്ചകളും നന്നായി പകർത്തിയെടുക്കാൻ ക്യാമറാമാന് കഴിഞ്ഞിട്ടുണ്ട്. കടലിനടിയിലെ ദൃശ്യങ്ങൾ തന്നെയാണ് ചിത്രത്തിന്റെ മുഖ്യ സവിശേഷത. കമൽ തന്റെ പരിചയസമ്പത്ത് മുഴുവൻ ഇൗ ചിത്രത്തിനായി വിനിയോഗിച്ചിട്ടുണ്ടെന്ന് വ്യക്തം. 

 

കുടുംബപ്രേക്ഷകർക്കും യുവാക്കൾക്കും ഒരു പോലെ ആസ്വദിക്കാവുന്ന ചിത്രമാണ് പ്രണയമീനുകളുടെ കടൽ. പ്രണയത്തിനൊപ്പം കടലും സ്രാവു വേട്ടയും അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും ചേരുമ്പോൾ സാധാരണക്കാരന് ദൃശ്യവിരുന്നാകും ഇൗ സിനിമ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com