sections
MORE

തീപ്പൊരി ആക്‌ഷനുമായി കൈതി; റിവ്യു

kaithi-movie-review
SHARE

ഡാർക്ക് തീമിൽ അണിയിച്ചൊരുക്കിയ ആക്‌ഷൻ ത്രില്ലറാണ് കൈതി. കാർത്തി, നരേൻ എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നത്. ലോകേഷ് കനകരാജ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നു. ഹരീഷ് പേരടിയും ചിത്രത്തിൽ സാന്നിധ്യമറിയിക്കുന്നു. ഡ്രീം വാരിയർ പിക്ചേഴ്സിന്റെ ബാനറിൽ പ്രകാശ്ബാബു, പ്രഭു, വിവേക് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സത്യൻ സൂര്യൻ ഛായാഗ്രഹണവും സാം സംഗീതവും നിർവഹിച്ചിരിക്കുന്നു.

തമിഴ്നാട്ടിലെ മയക്കുമരുന്ന്, ഗുണ്ടാ മാഫിയകളും പോലീസും തമ്മിലുള്ള പോരാട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. ബിജോയ് എന്ന പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ വലിയ ലഹരിമരുന്നു വേട്ട നടക്കുന്നു. അതു തിരിച്ചെടുക്കാൻ ലഹരിമരുന്നു മാഫിയ നടത്തുന്ന ശ്രമവും അതിനിടയിൽ പൊലീസിനെ സഹായിക്കാൻ നിർബന്ധിതനാകുന്ന ഡില്ലി എന്ന തടവുകാരനും തമ്മിലുള്ള ജീവന്മരണ പോരാട്ടമാണ് ചിത്രത്തിന്റെ പശ്ചാത്തലം.

Kaithi - Official Trailer | Karthi | Lokesh Kanagaraj | Sam CS | S R Prabhu | 4K

കൂട്ടമായി എത്തുന്ന ഗുണ്ടകൾ. അവരെ അടിച്ചു നിലംപരിശാക്കുന്ന നായകൻ. പതിവ് തമിഴ് ആക്‌ഷൻ ചിത്രങ്ങളുടെ ചേരുവകൾ നിറച്ചുള്ള ട്രാക്കിലൂടെയാണ് ചിത്രത്തിന്റെ സഞ്ചാരം. ലോകേഷിന്റെ സംവിധാനമികവു തന്നെയാണ് കൈതിയെ വേറിട്ടതാക്കുന്നത്. മുഴുനീള ആക്‌ഷൻ എന്റർടെയ്നർ. ഗാനങ്ങളോ നായികയോ പ്രണയരംഗങ്ങളോ ചിത്രത്തിലില്ല എന്നത് ശ്രദ്ധേയമാണ്. ഒരു ചെറിയ കഥയെ വലിച്ചു നീട്ടുമ്പോൾ സംഭവിക്കുന്ന ആവർത്തന വിരസത ചിത്രത്തിലും നിഴലിക്കുന്നുണ്ട്.

ചിത്രത്തെ പിടിച്ചിരുത്തുന്നത് ആക്‌ഷൻ രംഗങ്ങളാണ്. ചടുലമായ പശ്ചാത്തല സംഗീതവും അതിനു പിന്തുണ നൽകുന്നുണ്ട്. ആക്‌ഷൻ രംഗങ്ങളിൽ മിന്നും പ്രകടനമാണ് കാർത്തി നടത്തിയിരിക്കുന്നത്. പരുത്തിവീരൻ എന്ന ചിത്രത്തിൽ കാർത്തി അവതരിപ്പിച്ച കഥാപാത്രത്തിന്റെ രൂപഭാവങ്ങൾ കൈതിയിലും പ്രതിഫലിക്കുന്നുണ്ട്. മലയാളി താരം നരേൻ ചിത്രത്തിൽ സഹനായക വേഷത്തിൽ സ്വാഭാവികമായ അഭിനയം കാഴ്ച വയ്ക്കുന്നു.

രണ്ടരമണിക്കൂർ ദൈർഘ്യമുള്ള ചിത്രത്തിന്റെ ഭൂരിഭാഗം കഥയും അരങ്ങേറുന്നത് രാത്രിയിലാണ്. ഈ വെല്ലുവിളി മറികടക്കുന്ന ഛായാഗ്രഹണം അഭിനന്ദനാർഹം തന്നെ.
രണ്ടാം പകുതിയിൽ അൽപം വൈകാരിക നിമിഷങ്ങൾക്കും കഥാഗതി സാക്ഷിയാകുന്നു. ഡില്ലിയുടെ പൂർവകാലം വലിച്ചുനീട്ടാതെ ഒരൊറ്റ ഫ്രയിമിൽ പറഞ്ഞു പോകുന്നത് വേറിട്ടതായി തോന്നി. വഴിയിൽ പതുങ്ങിയിരിക്കുന്ന ലഹരിമരുന്ന്, ഗുണ്ടാമാഫിയയുടെ പിടിയിൽനിന്നു രക്ഷപ്പെട്ടു ലക്ഷ്യസ്ഥാനത്ത് അവർക്ക് എത്തിച്ചേരാനാകുമോ എന്ന ചോദ്യത്തിനുള്ള ഉത്തരത്തിൽ ചിത്രം പരിസമാപ്തിയിൽ എത്തുന്നു.

സർവൈവൽ ഗണത്തിൽപെടുന്ന ഗംഭീര റോഡ് മൂവിയാണ് കൈതി. ആക്‌ഷൻ ചിത്രങ്ങൾ ഇഷ്ടമുള്ള പ്രേക്ഷകർക്ക് ചിത്രം തൃപ്തികരമായ കാഴ്ചയായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA