sections
MORE

ഈ പരീക്ഷണത്തിനു കൈയ്യടിക്കണം; സുല്ല് റിവ്യു

sullu-movie-review
SHARE

ജീവിതത്തിൽ ചിലപ്പോഴെല്ലാം ചിലതിനോടെല്ലാം നമ്മൾ ‘സുല്ലു’ പറയാറില്ലേ..? പുതു തലമുറയ്ക്ക് എത്രത്തോളം പരിചയമുള്ള വാക്കാണിതെന്ന കാര്യത്തിൽ സംശയമുണ്ട്. കുട്ടിക്കാലത്തെ കളികൾക്കിടയിൽ സുല്ലു പറഞ്ഞാൽ പിന്നെ കളി അവിടെ നിർത്തണം. തല്ലിക്കളിയാണെങ്കിലും ഓടിച്ചിട്ടു പിടിത്തമാണെങ്കിലും സാറ്റുകളിയാണെങ്കിലും അങ്ങനെ തന്നെ.. തോൽക്കുന്നതിനു തൊട്ടു മുമ്പ് സുല്ലുവിളിച്ച് വിജയത്തിലേയ്ക്ക് എടുത്തു ചാടനുള്ള കുറുക്കുവഴി കൂടിയാണ് ഈ സുല്ല്. നവാഗത സംവിധായകൻ വിഷ്ണു ഭരദ്വാജ് ആ ബാല്യകാലത്തിലേയ്ക്ക് നമ്മളെ കൂട്ടിക്കൊണ്ടു പോകുന്നതിനൊപ്പം മുന്നോട്ട് ഒരടി പോലും പോകാൻ സാധിക്കാതെ ജീവിതത്തിലും സുല്ലു പറയേണ്ടി വരുന്ന സാഹചര്യങ്ങളെ ഓർമപ്പെടുത്തുക കൂടിയാണ് ചിത്രത്തിലൂടെ.

Sullu Official Trailer | Vishnu Bharadwaj | Vijay Babu | Friday Film House Experiments

കുട്ടികൾ എപ്പോഴും കുട്ടികളാണ്. അവർ നമുക്കൊപ്പം ജീവിക്കുമ്പോൾ തന്നെ അവരുടേതായ വലിയൊരു ലോകം തീർക്കുന്നത് നമ്മൾ കാണാതെ പോകുന്നു. വലിയവർ അവരെ ശ്രദ്ധിക്കാതെ വിട്ടുകളയുന്ന എത്രയോ സാഹചര്യങ്ങൾ.. പ്രത്യേകിച്ചും ആൺകുട്ടികളുടെ കാര്യത്തിൽ എന്തെങ്കിലും ഒരപകടത്തിൽ പെടും വരെ അവരെ ശ്രദ്ധിക്കാതിരിക്കുന്നതാണ് മിക്ക മാതാപിതാക്കളുടെയും പതിവ്. രാവിലെ മുതൽ കളിച്ചു നടക്കുന്ന ജിത്തു എന്ന ബാലനിലൂടെയും അവന്റെ വീട്ടു സാഹചര്യങ്ങളിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്. മാസ്റ്റർ വാസുദേവാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രമായ ജിത്തുവായി എത്തുന്നത്.

മൊബൈൽഫോണും വിഡിയോ ഗെയിമും എല്ലാം വരുന്നതിനു മുമ്പ് കുട്ടികൾക്കിടയിൽ വലിയ പ്രചാരമുള്ള കളിയായിരുന്നു സാറ്റ് കളി. കൗണ്ടിങ്ങും റീസണിങ്ങും അന്വേഷണവും തുടങ്ങി കുട്ടികളുടെ മാനസിക, കായിക ആരോഗ്യത്തിനു വേണ്ടതെല്ലാം ഒളിപ്പിച്ച കൊച്ചു കളി. ക്രിക്കറ്റ് കളിക്കാൻ ബാറ്റും കൊണ്ട് ഇറങ്ങിയതാണെങ്കിലും പിതൃസഹോദരന്റെ മക്കളുടെ താൽപര്യം പരിഗണിച്ച് സാറ്റുകളിയിൽ പങ്കുചേരുകയാണ് ജിത്തു. ഒളിച്ചിരിക്കുന്ന അലമാരയുടെ വാതിൽ അടഞ്ഞു അപ്രതീക്ഷിതമായി അതിൽ കുടുങ്ങുങ്ങിപ്പോകുന്നു അവന്‍. അതിനിടെ കളിയവസാനിപ്പ് മറ്റ് കുട്ടികൾ വീട്ടുകാർക്കൊപ്പം രണ്ടു ദിവസത്തെ യാത്ര പോകുന്നു. അലമാരയിൽ കുടുങ്ങിപ്പോകുന്ന ജിത്തുവിന്റെ രക്ഷപെടാനുള്ള തത്രപ്പാടും മനോവ്യാപാരങ്ങളുമെല്ലാമാണ് ഈ ചിത്രം വരച്ചു കാട്ടുന്നത്.

പലതവണ ഉറക്കെ വിളിച്ചിട്ടും ആരും അറിയുന്നില്ല. ഒടുവിൽ സുല്ലു വിളിച്ചു കളിയിൽ തോറ്റതായി സ്വയം പ്രഖ്യാപിക്കുന്നു.. പക്ഷേ വൈകിപ്പോയിരുന്നു. എല്ലാവരും വാതിലടച്ച് എവിടേയ്ക്കോ പോയിക്കഴിഞ്ഞു. രാത്രിയായിട്ടും തിരിച്ചെത്താത്ത മകനെക്കുറിച്ച് ആധി പിടിക്കുന്ന അമ്മയുടെ വേഷത്തിലെത്തുന്നത് നടി അനുമോളാണ്. എന്തിനും ഏതിനും മകനോട് കലഹിക്കുന്ന പിതാവാണ് നടൻ വിജയ് ബാബു. ആൺകുട്ടികളുടെ കുസൃതിക്ക് മരുന്ന് വഴക്കും അടിയുമാണെന്ന് വിശ്വസിക്കുന്ന, തന്നേക്കാൾ ഉയർന്ന സാമ്പത്തിക സാഹചര്യമുള്ള സഹോദരനോട് ഈഗോ വച്ച് പെരുമാറുന്ന ഒരു സാധാരണ വീട്ടച്ഛനാണ് ചിത്രത്തിൽ വിജയ് ബാബു. നമുക്കും ഒരു ടൂറു പോണം എന്ന് ഭാര്യ പറയുമ്പോൾ ഇവിടെ ഓടാൻ എല്ലാത്തിനും ഞാൻ തന്നെ വേണം എന്ന് ശുണ്ഠി പിടിക്കുന്ന നാട്ടുംപുറത്തുകാരൻ.

sullu-movie-trailer

കാണാതെ പോയ ജിത്തുവിനു വേണ്ടി പിന്നെ ഒരു നാടിന്റെ മുഴുവൻ അന്വേഷണമാണ്. ആദ്യപകുതി ഉദ്വേഗം സൃഷ്ടിച്ച് മുന്നേറുന്നു. തുടർന്നങ്ങോട്ട് ജിത്തുവിനൊപ്പം പ്രേക്ഷകരും ഒരു കൊച്ച് അലമാരിയുടെ നാലുചുറ്റിൽ കുടുങ്ങിപ്പോകുന്നു. അവന്റെ ഹൃദമിടിപ്പും ദീർഘനിശ്വാസവുമെല്ലാം പ്രേക്ഷകരുടേതു കൂടിയായി മാറുന്നു. ജിത്തുവിനെ രക്ഷപെടുത്താൻ എന്തുചെയ്യാമെന്ന കണക്കുകൂട്ടലിലാണ് പിന്നെ പ്രേക്ഷകർ. കുട്ടികൾക്കായുള്ള ത്രില്ലർ എന്ന് രേഖപ്പെടുത്താവുന്ന ചിത്രം മുതിർന്നവരെക്കൂടി പിടിച്ചിരുത്തി ചിന്തിപ്പിക്കുമെന്നകാര്യത്തിൽ തർക്കമില്ല. 

23 വയസിൽ താഴെ മാത്രം പ്രായമുള്ള സംവിധായകനെയും ടെക്നീഷ്യൻമാരെയും വച്ചുള്ള ഫ്രൈഡെ ഫിലിം ഹൗസ് എക്സ്പിരിമെന്റ്ിന്റെ ‘പരീക്ഷണം’ ഒട്ടും മോശമായില്ലെന്നു പറയാം. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എല്ലാം കയ്യടക്കത്തോടെ വിഷ്ണു കൈകാര്യം ചെയതിട്ടുണ്ട്. സ്റ്റിജിന്‍ സ്റ്റാര്‍വ്യൂവാണ് ക്യാമറ. സ്റ്റീഫന്‍ മാത്യു എഡിറ്റിങ്. വിനായക് ശശികുമാര്‍ ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ എഴുതി. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
FROM ONMANORAMA