ADVERTISEMENT

പെട്രൂണ്യ ബിരുദധാരിയാണ്. ചരിത്രത്തിൽ ബിരുദം നേടിയെങ്കിലും തൊഴിൽരഹിത. തൊഴിൽ തേടി പലയിടത്തും അലയുന്നുണ്ടെങ്കിലും ഭാഗ്യം കടാക്ഷിക്കുന്നില്ല. അനിശ്ചിതമായ ഭാവിയോടു പൊരുതുന്നതിനിടയിലാണ് ഒരു നിയോഗം പെട്ര്യൂണ്യയെ തേയിയെത്തുന്നത്. അതും ദൈവനിയോഗം. മാസിഡോണിയയിലെ സ്റ്റിപ് എന്ന പട്ടണത്തിലെ പാതിരി എല്ലാ വർഷവും ഒരു കുരിശ് ആഴമുള്ള പുഴയിലേക്ക് എറിയും. ഒപ്പം നൂറുകണക്കിനു പുരുഷൻമാർ വെള്ളത്തിലേക്ക് ചാടും. കുരിശ് കിട്ടുന്ന വ്യക്തി ഭാഗ്യവാനാണ്. 

 

GOD EXISTS, HER NAME IS PETRUNYA by Teona Strugar Mitevska | Trailer | GeoMovies

ദൈവാനുഗ്രഹം അയാൾക്കുള്ളതാണ്. പട്ടണത്തിലെ ജനങ്ങൾക്കിടയിലും അയാൾക്ക് അനുഗ്രഹിക്കപ്പെട്ടവനും ആരാധിക്കപ്പെടുന്നവനുമാകും. കുരിശ് മുങ്ങിയെടുക്കാൻ വേണ്ടി പുരുഷൻമാർ മാത്രമേ പുഴയിലേക്ക് ചാടാറുള്ളൂ. സാഹസികമായ ആ ദൗത്യത്തിന് സ്ത്രീകൾ മുന്നിട്ടിറങ്ങാറില്ല. വർഷങ്ങളായി ഇതു തുടരുന്നതിനാൽ ഇതൊരു ആചാരമായി മാറിക്കഴിഞ്ഞു. പുരുഷൻമാർ മാത്രം പങ്കെടുക്കുന്നു ആചാരം. 

 

തൊഴിൽ തേടിയുള്ള യാത്ര കഴിഞ്ഞു തിരിച്ചുവരുന്നവഴി പെട്രൂണ്യ യാദൃഛികമായി പാതിരി കുരിശ് എറിഞ്ഞ പുഴയുടെ സമീപമെത്തുന്നു. വെള്ളത്തിലേക്ക് ചാടുന്ന പുരുഷൻമാർക്കൊപ്പം പെട്ര്യൂണ്യയും ചാടുന്നു. ആചാരത്തെക്കുറിച്ചും ആചാരലംഘനത്തെക്കുറിച്ചുമൊന്നും അപ്പോളവൾ ചിന്തിക്കുന്നില്ല. കുരിശ് പെട്രൂണ്യയ്ക്കു തന്നെ കിട്ടുന്നു. പെട്ടെന്നു ചുറ്റും കൂടുന്ന പുരുഷൻമാർ ബലം പ്രയോഗിച്ച് കുരിശ് കൈക്കലാക്കുന്നു. 

 

പക്ഷേ, സംഭവം ഒരാൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചിരുന്നു. കുരിശ് പെട്രൂണ്യയ്ക്കു തന്നെ തിരിച്ചുകിട്ടുന്നു. പക്ഷേ സംഭവം പട്ടണത്തിൽ വലിയൊരു വിവാദത്തിനു തിരികൊളുത്തുന്നു. പുരുഷൻമാർ മാത്രം കാലാകാലങ്ങളായി ആചരിച്ചുപോരുന്ന ഒരു വിശ്വാസം തെറ്റിക്കാൻ യുവതിക്ക് അധികാരമോ അവകാശമോ ഉണ്ടോ? അങ്ങനെ സംഭവിച്ചാൽതന്നെ ദൈവാനുഗ്രഹം യുവതിക്ക് ലഭിക്കുമോ. പുരുഷൻമാർ കൂട്ടമായി പള്ളിയിലെത്തുന്നു. 

 

അവർ പാതിരിയെ ചോദ്യം ചെയ്യുന്നു. ഒരുവശത്ത് ആക്രോശിക്കുന്ന പുരുഷൻമാർ. മറുവശത്ത് താൻ ചെയ്ത പ്രവൃത്തിയിൽ ഉറച്ചുനിൽക്കുന്ന പെട്രൂണ്യ. ഇവർക്കിടെ നിസ്സഹായനാകുന്ന പതിരി ഒന്നല്ല ഒരുപിടി ചോദ്യങ്ങളുയർത്തുന്നുണ്ട്. ആ ചോദ്യങ്ങളുടെയും ഉത്തരങ്ങളുടെയും കഥയാണ്- ഗോഡ് എക്സിസ്റ്റ്, ഹെർ നെയിം ഈസ് പെട്രൂണ്യ എന്ന മാസിഡോണിയൻ ചലച്ചിത്രം പറയുന്നത്. ബെർലിൻ ചലച്ചിത്രോത്സവത്തിൽ ജൂറി പുരസ്കാരം നേടിയ, ടിയോണ സ്ട്രൂഗർ മിറ്റേവ്സ്ക സംവിധാനം ചെയ്ത ആനുകാലിക വിഷയങ്ങളുടെ പശ്ചാത്തലത്തിൽ പ്രസക്തമാകുന്ന സിനിമ. 

 

സ്റ്റിപ്പ് എന്ന പട്ടണത്തിലും മാസിഡോണിയയിലും പെട്രൂണ്യ താരമാകുകയാണ്. മാധ്യമങ്ങൾ ആ യുവതിയുടെ അഭിമുഖം എടുക്കുന്നു. ഫീച്ചറുകൾ തയാറാക്കുന്നു. യുവതിയുടെ അച്ഛനമ്മമാരുടെ അഭിമുഖവും എടുക്കുന്നു. അവർക്കെല്ലാം ഒന്നേ പറയാനുള്ളൂ; പെട്രൂണ്യയ്ക്കും: ഒരു ജോലി തരൂ. അന്തസ്സോടെ ജീവിക്കട്ടെ. 

 

പെട്രൂണ്യ ജോലിക്കുവേണ്ടി കെഞ്ചുമ്പോൾ ജോലിയുള്ള പുരുഷൻമാർ ആചാരം ലംഘിച്ച പെട്രൂണ്യയെക്കുറിച്ച് വഴക്കിടുകയാണ്. അവരുടെ രോഷം പള്ളിക്കെതിരെ തിരിയുന്നു. പാതിരിക്കെതിരെയും. അതൊരു ലഹളയുടെ സ്വഭാവം ആർജിക്കുന്നു. കുരിശ് ഇപ്പോഴും പെട്രൂണ്യയുടെ കയ്യിലുണ്ട്. വിവാദത്തിൽ ഒത്തുതീർപ്പ് നീളുകയും ചെയ്യുന്നു. വിവേചനങ്ങളെ ദൈവം അംഗീകരിക്കുന്നില്ല എന്നാണ് പെട്രൂണ്യയുടെ വാദം. 

 

പുരുഷൻമാർക്ക് പങ്കെടുക്കാവുന്ന ആചാരത്തിൽ സ്ത്രീകൾക്കും പങ്കെടുക്കാമെന്നും ചരിത്രം ചൂണ്ടിക്കാട്ടി പെട്രൂണ്യ വാദിക്കുന്നു. അതല്ല ദൈവം പുരുഷൻമാരുടെകൂടെയാണെന്ന് മറ്റുള്ളവരും. സംഘർഷത്തിനൊടുവിൽ ദൈവത്തിനു മാത്രം ചെയ്യാൻ കഴിയുന്ന ഒരു പ്രവൃത്തി പെട്രൂണ്യ ചെയ്യുന്നു. അതാണു സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്നത്- യഥാർഥത്തിൽ ദൈവമുണ്ട്. പെട്രൂണ്യ എന്നാണ് ദൈവത്തിന്റെ പേര് ! 

 

ഗോവയിൽ ഇന്ത്യൻ ചലച്ചിത്രോത്സവത്തിൽ കയ്യടി നേടിയ പെട്രൂണ്യയ്ക്ക് ഗംഭീര സ്വീകരണമാണ് തിരുവനന്തപുരത്തും കിട്ടിയത്. ആരവങ്ങളുമായാണ് പ്രേക്ഷകർ പെട്രൂണ്യയെ സ്വീകരിച്ചത്. മനുഷ്യർക്കും ദൈവനിയോഗം ഏറ്റെടുക്കാമെന്നു തെളിയിച്ച ചിത്രം. ദൈവങ്ങളെപ്പോലെ പെരുമാറാനും ദൈവപദവിയിലേക്ക് ഉയരാനും പുരുഷൻമാർക്കും സ്ത്രീകള്‍ക്കും കഴിയുമെന്ന സന്ദേശം ഉറക്കെ പ്രഖ്യാപിക്കുന്ന ധീരമായ സിനിമ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com