ചിരിയുടെ ഒരു കല്യാണവിരുന്ന്

papam-cheyyathavar-kalleriyatte
SHARE

സേവ് ദ് ഡേറ്റും പ്രീ വെഡ്‌ഡിങ്, പോസ്റ്റ് വെഡ്‌ഡിങ് ഫോട്ടോഷൂട്ടുമായി അരങ്ങു തകർക്കുന്ന കല്യാണങ്ങളുടെ കാലമാണിന്ന്. അങ്ങനെ കോടികൾ മുടക്കി, കല്യാണമൊരു സാമ്പത്തിക ലാഭമാക്കുന്ന കാഴ്ചകളിലേക്കാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന ചിത്രം നമ്മളെ കൂട്ടികൊണ്ടു പോകുന്നത്. 

കോട്ടയത്തെ പഴയ പ്രമാണിമാരാണ് റോയിയും കുടുംബവും. ഇപ്പോൾ കടം കയറി ഒന്നുമില്ലായ്മയുടെ വക്കിലും. തറവാട്ടിലെ ഇളമുറക്കാരനായ റോഹന്റെ വിവാഹത്തിനുള്ള തയാറെടുപ്പിലാണ് കുടുംബം. അതിസമ്പന്നനായ മാത്തച്ചന്റെ മകളാണ് വധു. അനിയന്റെ കല്യാണം ഉറപ്പിച്ച് അതിൽനിന്നു കിട്ടുന്ന സ്ത്രീധനം കൊണ്ട് കടം വീട്ടാനാണ് റോയിയുടെയും അളിയന്റെയും നീക്കം.

പത്തു ലക്ഷം മുടക്കി ക്യാമറയും സ്റ്റേജുമൊക്കെയായി വിവാഹത്തിന് ഒരുക്കങ്ങൾ തുടങ്ങി. വിവാഹം വെറുമൊരു കച്ചവടമാണെന്നും ബന്ധങ്ങൾ പേരിനു മാത്രമാണെന്നും സിനിമ തുറന്നു പറയുന്നു. ‘തറവാടികൾ’ ആയതു കൊണ്ട് സ്ത്രീധനത്തുക കൃത്യമായി അക്കൗണ്ടിൽ വന്നു കഴിഞ്ഞു പള്ളിയിലേക്ക് ഇറങ്ങുന്ന റോയിയും കുടുംബവും. പക്ഷേ മനസ്സമ്മതം കഴിഞ്ഞു വിരുന്നിനു വരുമ്പോഴാണ് ചെക്കൻ റോഹൻ അറിയുന്നത് പെണ്ണിനു കുറച്ചു മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന്. പിന്നെ ആ കല്യാണ വീട്ടിൽ നടക്കുന്ന രസകരമായ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്.

papam-cheyyathavar-still

നായക കഥാപാത്രമായ റോയിയെ തന്മയത്വത്തോടെ അവതരിപ്പിക്കുവാൻ വിനയ് ഫോർട്ടിനു കഴിഞ്ഞു. അളിയനായെത്തിയ ടിനി ടോമും തന്റെ വേഷം ഭംഗിയാക്കി. റോഹനായി അരുൺ കുര്യനും അയാളുടെ പ്രതിശ്രുത വധു ലിൻഡയായി ശാന്തി ബാലചന്ദ്രനുമാണ്. അലൻസിയർ, അനുമോൾ, ശ്രിന്ദ, അനിൽ നെടുമങ്ങാട്, മധുപാൽ, സുനിൽ സുഖദ തുടങ്ങിയവരും ചിത്രത്തിലുണ്ട്. പ്രശാന്ത് പിള്ളയാണ് സംഗീതം. ജോമോൻ തോമസാണ് ഛായാഗ്രാഹണം.

നമ്മുടെ ചുറ്റുപാടും നടക്കുന്ന ചില ആഡംബര ധൂര്‍ത്തടികളെ ആക്ഷേപഹാസ്യരീതിയിൽ അതിമനോഹരമായി അവതരിപ്പിക്കുവാൻ സംവിധായകൻ ശംഭു പുരുഷോത്തമനു കഴിഞ്ഞു. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഈ ചിത്രം എല്ലാത്തരം പ്രേക്ഷകർക്കും ഇഷ്ടമാകും. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
FROM ONMANORAMA