പ്രേക്ഷകർക്കും ഹറാമല്ല ഹലാലാണ് ഈ ലവ് സ്റ്റോറി: റിവ്യൂ

halal-love-story
SHARE

തങ്ങൾ വളർന്നു വന്ന ചുറ്റുപാടുകളുടെയും മതത്തിന്റെയും ആചാരങ്ങളുടെയും അതിർവരമ്പുകൾക്കുള്ളിൽ നിന്ന് കലയെ സ്നേഹിക്കുന്ന ഒരു കൂട്ടം ആളുകൾ. പുറംലോകത്തിനു വളരെ നിസ്സാരമെന്നു തോന്നാവുന്ന പല കാര്യങ്ങളും അവർക്കു ഹറാമാണ്. അവർക്കതിൽ പരാതിയില്ല. കാരണം കാലാകാലങ്ങളായി ജീവിച്ചു പോരുന്ന ചട്ടക്കൂടുകൾക്കുള്ളിൽ നിൽക്കാനാണ് അവർക്കും താല്പര്യം. തെരുവ് നാടകങ്ങളിലൂടെയും സമരങ്ങളിലൂടെയും അമേരിക്കൻ പ്രസിഡന്റിനെതിരെ വരെ സമരം ചെയ്യുന്ന അവർ ഒരു സിനിമ എടുക്കാൻ തീരുമാനിക്കുന്നു. ഒരു ഹലാൽ സിനിമ. സുഡാനി ഫ്രം നൈജീരിയ എന്ന ആദ്യ ചിത്രത്തിന് ശേഷം സക്കരിയ ഒരുക്കുന്ന ഹലാൽ ലവ് സ്റ്റോറി എന്ന സിനിമയുടെ പ്രമേയം ഇതാണ്. 

മലപ്പുറത്തെ യാഥാസ്ഥിതിക ജീവിതത്തിൻ്റെ  അന്തരീക്ഷത്തിലാണ് കഥ നടക്കുന്നത്. കലയെ ഒരുപാടു സ്നേഹിക്കുന്ന, നാടകങ്ങളെയും അഭിനയത്തെയും ജീവനായി കരുതുന്ന അവിടുത്തെ ചില ആളുകൾ ചേർന്ന് ഒരു ഹോം  സിനിമ എടുക്കാൻ തീരുമാനിക്കുന്നു. അക്കാലത്തു മലബാർ മേഖലയിൽ ഹോം സിനിമ ഒരു വലിയ വിനോദോപാധി ആയിരുന്നു. തൗഫീഖ് (ഷറഫുദീൻ) എന്ന ചെറുപ്പക്കാരന്റെ കഥ അവർ അതിനായി തിരഞ്ഞെടുക്കുന്നു. സിനിമ സംവിധാനം ചെയ്യാൻ സിറാജ് (ജോജു ) എന്ന സംവിധായകനെ അവർ തങ്ങളുടെ നാട്ടിലേക്കു കൊണ്ടു വരുന്നു. യഥാർഥ ജീവിതത്തിൽ ദമ്പതികളായ ഷെരീഫും (ഇന്ദ്രജിത്‌) സുഹ്‌റയും (ഗ്രേസ് ആന്റണിയും) ആ സിനിമയിൽ പ്രധാന കഥാപാത്രങ്ങളാകുന്നു. ഹലാൽ ലവ് സ്റ്റോറി അവിടെയാണ് ആരംഭിക്കുന്നത്.

സിനിമയ്ക്കുള്ളിലെ സിനിമ എന്ന ആശയത്തെ മുൻ നിർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വളരെ ലളിതമായ തമാശകളും വൈകാരിക മുഹൂർത്തങ്ങളും ചേർന്നതാണ് ഈ സിനിമ. യാഥാസ്ഥിതിക ചുറ്റുപാടിൽ നിന്നു കൊണ്ട് സിനിമ പോലൊരു കലാരൂപം ഒരുക്കേണ്ടി വരുന്ന ആളുകളുടെ പ്രയാസങ്ങൾ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ഒരിക്കലും ചേരാത്ത രണ്ടു കാര്യങ്ങൾ തമ്മിൽ ചേരുമ്പോഴുള്ള പൊരുത്തക്കേടുകളുടെ രസകരമായ ആഖ്യാനം പലയിടങ്ങളിലും സിനിമയെ കാഴ്ചക്കാരനിലേക്കു അടുപ്പിക്കും. 

halal-love-story-teaser

അയത്നലളിതമായ കഥാഗതിയും സന്ദർഭങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. സിനിമ ഒരുങ്ങുന്ന സമയത്തു തന്നെ അതിന്റെ ഭാഗമായി നിൽക്കുന്നവരുടെ കുടുംബ ജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളും സംവിധായകൻ  തുറന്നു കാട്ടുന്നു. പല രംഗങ്ങളും, ഇങ്ങനെയും ആളുകളും സ്ഥലങ്ങളും കേരളത്തിൽ ഉണ്ടാകുമോ എന്ന സംശയം ഭൂരിഭാഗം പ്രേക്ഷകരിലും ഉണർത്തും. സുഡാനി പോലെ അതിവൈകാരികമായി പ്രേക്ഷകനെ ആകർഷിക്കില്ലെങ്കിലും കാഴ്ചക്കാരന് പുത്തൻ അനുഭവം ഈ സിനിമ നൽകും. 

പ്രധാന വേഷങ്ങളിൽ എത്തിയ എല്ലാവരും വളരെ മികച്ച രീതിയിൽ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഷറഫുദീൻ,  ജോജു,  ഇന്ദ്രജിത്‌ തുടങ്ങിയവർ കഥാപാത്രങ്ങളെ മികച്ചതാക്കിയപ്പോൾ ഗ്രേസ് ആന്റണി നായികയായി മിന്നും പ്രകടനം പുറത്തെടുത്തു. ചെറുതെങ്കിലും പ്രധാന വേഷങ്ങളിൽ എത്തിയ സൗബിൻ,  പാർവതി തുടങ്ങിയ താരങ്ങളും സിനിമയെ മനോഹരമാക്കി. സുഡാനിയിലെ പോലെ, മുഖ്യധാരാ സിനിമകളിൽ സജീവമല്ലാത്ത  ഒരു പറ്റം അഭിനേതാക്കൾ ഈ ചിത്രത്തിലുമുണ്ട്. 

ആദ്യ ചിത്രത്തിന്റെ ഫോർമാറ്റിൽ നിന്നും വ്യത്യസ്തമായ അവതരണശൈലിയാണ് ഹലാൽ ലവ് സ്റ്റോറിയില്‍ സക്കരിയ പരീക്ഷിച്ചിരിക്കുന്നത്. സക്കരിയ എന്ന സംവിധായകന്റെ ക്രാഫ്റ്റിനെ കുറിച്ച് ആശങ്ക വേണ്ട. അജയ് മേനോന്റെ ഛായാഗ്രഹണം സിനിമയുടെ ചാരുത വർധിപ്പിച്ചു. ഷഹബാസ് അമൻ, ബിജിബാൽ എന്നിവർ ചേർന്നൊരുക്കിയ ഗാനങ്ങളും മനോഹരം. മുഹ്സിൻ പരാരി,  ആഷിഫ് കക്കോടി എന്നിവർ സക്കറിയയ്‌ക്കൊപ്പം രചനയിൽ പങ്കാളികളാണ്. 

ഒരു നാട്ടിൻ പുറത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും നിഷ്കളങ്കത മുഴുവൻ ആവാഹിച്ച സിനിമയാണ് ഹലാൽ ലവ് സ്റ്റോറി. സരസവും ലളിതവുമായ കഥയും കഥാപാത്രങ്ങളും ചേരുന്ന സിനിമ പ്രതീക്ഷകളുടെ ഭാരം പേറാതെ കാണുന്നവരെ രസിപ്പിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE REVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA