ADVERTISEMENT

ഒരിടത്ത് ഒരച്ഛനും അമ്മയും ഉണ്ടായിരുന്നു. അച്ഛൻ വെളുത്തിട്ടും അമ്മ കറുത്തിട്ടും ആയിരുന്നു. അവരുടെ കല്യാണം നടന്നത് വലിയ കഥയാണ്. അച്ഛൻ ഒരു വലിയ വീട്ടിലെ വെളുത്ത ആളായിരുന്നു അവിടെ പണിക്ക് വന്ന സ്ത്രീയുടെ മകളായിരുന്നു അമ്മ. ചെറുപ്പത്തിന്റെ തരവഴിത്തരം കാട്ടിയപ്പോൾ നാട്ടുകാരു കൂടിയിട്ട് അച്ഛനെക്കൊണ്ട് അമ്മയെ കല്യാണം കഴിപ്പിച്ചതാണ്. അതുകൊണ്ടുതന്നെ അച്ഛനെന്നും അമ്മയെ ഉപദ്രവിക്കുമായിരുന്നു. 

അവർക്ക് രണ്ട് മക്കളുണ്ടായി. മൂത്തമകൻ അച്ഛനെപ്പോലെയും ഇളയവൻ അമ്മയെപ്പോലെയും ആയിരുന്നു. മൂത്തവൻ എന്റെ മകനെന്നും ഇളയവനെ അമ്മ പുലയാടി ഉണ്ടാക്കിയതെന്നും പറഞ്ഞ് അവരെന്നും വഴക്ക് കൂടുമായിരുന്നു. എന്നാൽ പ്രായമായിട്ടും അച്ഛനെന്നും അമ്മയുടെ പുറത്തുകയറി കുതിരകളിക്കുമായിരുന്നു. ആ ഒരു കാര്യത്തിനു മാത്രമേ അച്ഛനു അമ്മയോട് സ്നേഹമുണ്ടായിരുന്നുള്ളൂ. അതിനു മാത്രം നിന്റമ്മയെക്കൊള്ളാം എന്നു അച്ഛൻ ഇളയവനോട് പറയുമായിരുന്നു. ഒരുനാൾ അച്ഛനുമമ്മയും വഴക്ക് കൂടുകയും അച്ഛൻ അമ്മയെ ഒറ്റത്തള്ളിനു വീഴ്ത്തുകയും തലയടിച്ച് അമ്മ മരിക്കുകയും ചെയുതു. നിലത്ത് ഒരു തുള്ളി രക്തം വീഴാതെ അമ്മ വടിയായി. അമ്മ വീണത് കണ്ടപ്പോൾ അച്ഛൻ വലിയവായിൽ നിലവിളിക്കുകയും ആളെക്കൂട്ടുകയും ചെയ്തു. ഇളയവൻ മാത്രം മൂത്തവനോട് ചോദിച്ചു, അച്ഛൻ അമ്മയെ കൊന്നതല്ലേ എന്ന്.. മൂത്തവൻ ഒന്നും മിണ്ടിയില്ല ഇളയവൻ അച്ഛനൊരു കത്തെഴുതിവച്ചിട്ട് നാടുവിട്ടു. 

അമ്മയെ അച്ഛൻ കൊന്നതാണെന്നും ഒരിക്കൽ ഞാനത് പൊലീസിനോട് പറയുമെന്നുമായിരുന്നു ആ കത്തിലുണ്ടായത്. അച്ഛൻ മൂത്തവനെ വിട്ട് ഇളയവനെ കണ്ടെത്തി സ്നേഹത്തോടെ വീട്ടിലേക്ക് വിളിപ്പിച്ചു. അയല്പ്പക്കത്തെ വീട്ടിൽ അന്നു കല്യാണത്തിന്റെ തലേദിവസമായിരുന്നു. എന്നാൽ ആ രാത്രി എല്ലാവരും കല്യാണവീട്ടിൽ കൂടവെ പെണ്ണിന്റെ ആഭരണപ്പെട്ടി കാണാതാവുകയും അത് മോഷ്ടിച്ചത് ഇളയവനാണെന്ന് വരുത്തിതീർക്കുകയും പൊലീസുകാർ ഇളയവനെ കൊണ്ടുപോവുകയും ചെയ്തു. അപ്പോൾ അച്ഛൻ മൂത്തവന്റെ ചെവിയിൽ പറഞ്ഞു അവനു പൊലീസിനെ കാണാനായിരുന്നല്ലോ ആഗ്രഹം ഇതാ ഇപ്പോൾ എല്ലാം നടന്നല്ലോ.... അല്ലെങ്കിലും ഇതുപോലെയുള്ളതൊക്കെ നശൂലങ്ങളുതന്നെയാ  കറുത്തവന്മാരൊക്കെ കള്ളമ്മാരാ.... എന്നു പറയുകയും ചെയ്തു…. 

ജിതിൻ ഐസെക്ക് തോമസ് എന്ന ചലച്ചിത്രകാരൻ ഒരു സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുകയാണ്. അയാൾ പറയാൻ തുടങ്ങുന്നത് ഒരു കഥ മാത്രമല്ല. കണ്ടതും കേട്ടതുമായ നൂറായിരം കഥകളിലൂടെ സഞ്ചരിക്കുകയാണ്. ഇങ്ങനെയൊരു കഥ ഇൗ സിനിമയിലില്ല. കണ്ട് തുടങ്ങിയപ്പോൾ കേൾക്കുന്ന വഴി കൊണ്ടുപോവുകയായിരുന്നു. സാധാരണയിൽ നിന്നും വേറിട്ട ഒരു രീതിയിലുമായിരുന്നില്ല ആ തുടക്കവും. അഞ്ച് ചെറുപ്പക്കാരും അവരുടെ ആഗ്രഹങ്ങളും അതൊന്നും സാക്ഷാത്കരിക്കാനാവാതെ എന്നെങ്കിലുമൊക്കെ ഉദ്ദേശിച്ചയിടങ്ങളിൽ എത്തിച്ചെരുമെന്ന വിശ്വാസത്തോടെ ജീവിക്കുകയും ചെയ്യുന്ന ആഗ്രഹാർത്ഥികളുടെ ജീവിതത്തിലേക്കുള്ള ഒരു എത്തിനോട്ടം. 

കഥകളാണ് ജീവിതം എന്ന് തുടങ്ങുന്നു. അഞ്ചുപേരെയും ഒരുമിപ്പിക്കുന്ന ഒരിടം സിനിമയാണ്. അഭിനയിക്കുവാനും സംവിധായകനാവാനും എഴുത്തുകാരനാവനുമൊക്കെ എത്തിചേർന്നൊടുവിൽ പലവഴികളിലൂടെ ഉപജീവിതമേകുമ്പോഴും അവർ സിനിമയെ കൂട്ടുപിടിക്കുന്നുണ്ട്. നിത്യജീവിതത്തിലെ ഒാരോ വർത്തമാനങ്ങളിലും മുമ്പ് കണ്ട സിനിമകളിലെ ഏറ്റവും പോപുലർ ആയ സംഭാഷണങ്ങൾ ആവർത്തിക്കുന്നുണ്ട്. പാട്ടിലും പറച്ചിലിലുമൊക്കെ അത്രമേൽ സിനിമ അവരെ ആവാഹിച്ചിട്ടുണ്ട്. 

ജിതിൻ ഐസെക്ക് തോമസ് എന്ന എഴുത്തുകാരനും സംവിധായകനും ഇൗ സിനിമയെ അടയാളപ്പെടുത്തുന്നത് സാധാരണം എന്നതിനേക്കാൾ അത്യസാധാരണം എന്ന രീതിയിലേക്കാണ്, ഹരി എന്ന എഴുത്തുകാരൻ കഥപറയാൻ ജനിച്ചവനാണ്. ജീവിതത്തിൽ അവൻ കണ്ടതും കേട്ടതുമായ കഥകളൊക്കെ ഒരു നാൾ തിരശ്ശീലയിലാടപ്പെടും എന്നുറച്ച് വിശ്വസിക്കുന്നവൻ. കൂട്ടുകാരനായ നാട്ടുകാരന്റെ ആശ്രയത്തിലാണ് അവൻ ജീവിക്കുന്നത്. കുട്ടിക്കാലത്തും കോളജിൽ പഠിക്കുമ്പോഴുമൊക്കെ അവൻ പറഞ്ഞ് കഥകളുടെ കേൾവിക്കാരനും ആ കൂട്ടുകാരൻ തന്നെയാണ്. 

അവന്റെ വീട്ടിലും അയല്പ്പക്കത്തുമൊക്കെ ഹരി ജീവിച്ച് കണ്ടെത്തിയ കഥകളിലാണ് അവൻ പ്രതീക്ഷയർപ്പിച്ചത്.എല്ലാ മനുഷ്യന്റെയുള്ളിലും ഒരു കഥയുണ്ടാവും അത് പറഞ്ഞ്പറഞ്ഞ് പലകഥകളാവും. ഇരുളുംവെളിച്ചവും കറുപ്പും വെളുപ്പുമായി പലവഴികൾ തേടുന്ന കഥകൾ. ഒരു വീട്ടിൽ ഒന്നിച്ച് നില്ക്കുന്ന അഞ്ചുപേരിൽ ഒരുവൻ മാത്രം ആശ്രിതനാണ്. കഥപറയുന്ന കഥയെഴുതുന്ന ഹരി. അവൻ പറയുന്ന കഥകളൊന്നും തന്നെ നല്ലത് എന്നുപറഞ്ഞംഗീകരിക്കുവാൻ കൂട്ടുകാർ സന്നദ്ധരല്ല. എന്തുപറഞ്ഞാലും മോഷ്ടിക്കപ്പെട്ടെതെന്നും അനുകരിച്ചതെന്നും പറഞ്ഞ് അവനെ നിഷ്ക്കരുണം വെട്ടിവീഴ്ത്തുന്ന കൂട്ടുകാർ. 

ഇൗ ചിത്രത്തിൽ ഒരാൾ ഒരു സിനിമ കണ്ട് വരുന്നുണ്ട് . അത് മോശം സിനിമയാണെന്നു ഹരി പറഞ്ഞുവെന്ന് കൂട്ടുകാർ അവനെ വധിക്കുന്നുമുണ്ട്. നല്ലത് കണ്ടാൽ അംഗീകരിക്കുവാൻ പഠിക്കണം എന്നു പറഞ്ഞ് ഹരിയെ അവർ താഴ്ത്തിപ്പറയുന്നുമുണ്ട്. ഇൗ ഇകഴ്ത്തലുകളിൽ നിന്നാണ് അറ്റൻഷൻ പ്ലീസ് എന്ന സിനിമ ജനിക്കുന്നത്. തന്നെയംഗീകരിക്കണം എന്നുറപ്പിക്കുന്ന കഥകൾ അവൻ പറയുവാൻ തുടങ്ങുമ്പോൾ സിനിമയുടെ അതുവരെ സഞ്ചരിച്ച വഴികൾ മാറുകയാണ്.

അവർ താമസിക്കുന്നത് ഒരു വീടിന്റെ പോർഷനിലാണ്. ഉടമസ്ഥയറിയാതെയാണ് അവരവിടെ പലതും ചെയ്യുന്നത്. നഗരത്തിന്റെ വഴികൾ ഇരുൾ നിറഞ്ഞതാണെന്ന് തോന്നിപ്പിക്കുന്ന ചിന്തകൾ പലപ്പോഴും ഒളിച്ചിരുന്നു ചെയ്യുന്ന പകയുടെയും അസ്വസ്ഥപ്പെടുത്തുന്ന കർമങ്ങളിലേക്കും നീങ്ങുന്നുണ്ട്. ഒരുവൻ മറ്റൊരുവനെ ഇല്ലാതാക്കുന്നത് പോലും കൂടെയുള്ളവർ അറിയരുതെന്ന രഹസ്യം സൂക്ഷിക്കുന്നുണ്ട്. അത്രമേൽ ഒാരോ മനുഷ്യനും പരസ്പരം അറിയാത്ത തുരുത്തുകളായി ഒരിടത്ത് ജീവിക്കുന്നു. വീടിന്റെ മുറികളിലേക്കു ഒന്നിൽനിന്നും മറ്റൊന്നിലേക്കുള്ള കാഴ്ചകൾ ഒരു കണ്ണിന്റെ മാത്രം രഹസ്യമാണ്. പല ഖണ്ഠങ്ങളിലൂടെ ആ രഹസ്യം കൂടുതൽ മൂടപ്പെടുന്നുമുണ്ട്. ആർക്കും ആരെയും വിശ്വസിക്കുവാനോ പങ്കിടുവാനോ പറ്റാത്തവിധം അത് കൂടുതൽ പുതയുകയാണ്. 

ഞാനിതാ ഒരുകഥപറയുന്നു, ഇത് നിങ്ങൾ നിർബന്ധമായും കേൾക്കണം അറിയണം എന്ന ഒരു വാശി ഇതിന്റെ കഥാകൃത്തും പറയുന്ന ആളും എടുക്കുന്നത് തന്നെയാണ് ഇൗ ചിത്രം മുന്നോട്ടുവയ്ക്കുന്ന ചിന്ത. സദാചാരവും ഒളിഞ്ഞുനോട്ടവും പരപീഢനവും കൊലപാതകവും ഒറ്റപ്പെടുത്തലുമൊക്കെ സംഭവിക്കുന്ന കഥകളേക്കാൾ ഏറെ അലോസരപ്പെടുത്തുന്നതാണ് ജാതിയും വംശവെറിയും വർണവിവേചനവും ഇൗ കഥയുടെ പ്രധാന രൂപമായി മാറുന്നത്. കുട്ടിക്കാലത്ത് സ്കൂളിൽ കവിതയ്ക്കും കഥയ്ക്കുമൊക്കെ സമ്മാനം കിട്ടിയപ്പോൽ വിളിച്ച പേര് ഹരി എന്നത് ഹരിജന്റെ ചുരുക്കമാണോയെന്ന് ചോദിച്ച് അവഹേളിക്കുന്നതരത്തിലേക്ക് പോലും കൊണ്ടുപോകുന്നത്, ഇരുട്ടിൽ ഒരു ചുവരിൽ മഹാത്മഗാന്ധിയും അയ്യങ്കാളിയും ഒരു മുഖമായി നില്ക്കുന്നത്, നിന്നെതൊട്ടാൽ കൈയ്യുകഴുകണമല്ലോ എന്നുപറഞ്ഞധിക്ഷേപിക്കുന്നത്, എല്ലാം ഇൗ സിനിമ അതിന്റെ കൃത്യമായ സത്യമുള്ള രാഷ്ട്രീയം സംസാരിക്കുന്നതുകൊണ്ടുതന്നെയാണ്. 

വെറുതെ പറഞ്ഞുപോകുവാനുള്ളതല്ല ഒരു കലാസൃഷ്ടിയും എന്ന അടയാളപ്പെടുത്തലാണ് അറ്റൻഷൻ പ്ലീസ് എന്ന ചിത്രം. ഹരി ഒാരോ നിമിഷത്തിലും പറഞ്ഞുകൊണ്ടിരിക്കുന്ന ഒാരോ കഥയും ഒന്നിൽ നിന്നും മറ്റൊന്നിലേക്കുള്ള വ്യത്യസ്ഥമായ ജമ്പിംഗ് ആണ്. മനുഷ്യജീവിതം വെറും ഒരു നിമിഷമല്ലെന്നും വരാനിരിക്കുന്നതും വന്നുപോയതുമായ ഒരുപാട് നിമിഷങ്ങളുടെ ഇരുളും വെളിച്ചവുമാണെന്ന് ജിതിൻ പറയുന്നുണ്ട്. മനുഷ്യജീവിതം പങ്കുവച്ച് മുന്നേറേണ്ടതാണെങ്കിലും അതെത്രത്തോളം ഭീകരമായ അവസ്ഥകളിലക്കാണ് പോകുന്നതെന്നും നമ്മെ ബോധ്യപ്പെടുത്തുന്നുമുണ്ട്.

പഴയകാലത്ത് കഥപറച്ചിലുകാരായവരൊക്കെ ദേ ഇവിടെ ശ്രദ്ധിക്കൂ, ഇങ്ങോട്ട് നോക്കൂ എന്ന് പറഞ്ഞ് തുടങ്ങുന്നതെന്തും ആവർത്തിച്ചതോ ഇനിയും ആവർത്തിക്കുവാനുള്ളതോ ആയതെന്നോർമിപ്പിച്ചുകൊണ്ടാണ് ഇൗ ചിത്രം നമ്മിലവശേഷിക്കുന്നത്. ഒന്നും തീരുന്നില്ല, മറ്റെന്തിന്റെയൊക്കെയോ തുടർച്ചപോലെ അത് സഞ്ചരിക്കും. ചില സമയങ്ങളിൽ മുകളിൽ കറങ്ങുന്ന ഒരു ഫാൻ നിശ്ചലമാവുമ്പോഴാവാം. അല്ലെങ്കിൽ ഇടയ്ക്കിടയ്ക്ക് വരികയും അണയുകയും ചെയ്യുന്ന വിളക്കുകളാവാം. ഇരുട്ടിൽ ഭയത്തിന്റെ ആധിയുമായി അടഞ്ഞുകൂടിയിരിക്കുന്ന ശരീരങ്ങളാവാം, പെട്ടെന്ന് വന്ന് മുഴങ്ങുന്ന ഒരു ശബ്ദമാവാം. എന്തും ഇനിയുള്ള നിമിഷത്തിന്റെ ദിശാസൂചകമാണ്. ആ സമയത്തൊക്കെ ഒരു കഥ വന്നു ചേരും. പോയകാലത്തിന്റെ അതിരുകളിൽ വെളിച്ചമില്ലാതെ നിന്ന മനുഷ്യര്‍ ഇപ്പോഴും വെളിച്ചത്തിനായി അലയുന്നുണ്ട്, അത് തിരിച്ചറിയേണ്ടത് ഇനി വരാനിരിക്കുന്ന കാലം കൂടിയാണ്. ശബ്ദം കൊണ്ടും ദൃശ്യം കൊണ്ടും അഭിനയിക്കുന്ന നടന്മാരുമൊക്കെ ഏറേ ശ്രദ്ധയോടെ ജിതിനൊപ്പമുണ്ട് എന്നതാണ് ഇൗ സിനിമ പ്രേക്ഷകന്റെ ഉള്ളിൽ നിറയ്ക്കുന്നത്. അവസാന നിമിഷത്തിലും ഇതിവിടെ തീരുന്നുവോ എന്നൊരാധിയോടെ ഇരിക്കുന്നതും ഇൗ സിനിമയുടെ അവതരണത്തിന്റെ മിടുക്ക് തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com