ADVERTISEMENT

കണ്ടിരിക്കാൻ സുഖമുള്ളൊരു മനോഹര ചിത്രം. അജു വർഗീസും ലൈനയും മുഖ്യ വേഷത്തിലെത്തിയ സാജൻ ബേക്കറി സിൻസ് 1962 ന് ഈ വിശേഷണമാണ് ഏറ്റവും ഉചിതം. അപ്രതീക്ഷിതമായി ഒന്നുമില്ല, ഫീൽഗുഡ് സിനിമകളുടെ പ്രധാന ചേരുവകൾ വൃത്തിയോടെയും സ്വാദിഷ്ടമായും സാജൻ ബേക്കറിയിൽ വേവിച്ചെടുത്തിരിക്കുന്നു.

പത്തനംതിട്ട ജില്ലയിലെ റാന്നിയാണ് കഥയ്ക്ക് പശ്ചാത്തലം. അച്ഛന്റെ പേരിലള്ള ബേക്കറി നോക്കി നടത്തുകയാണ് സഹോദരങ്ങളായി ബോബനും (അജു വർഗീസ്), ബെറ്റ്സിയും (ലെന). കൈവെച്ചതെല്ലാം പരാജയമായ, ബേക്കറി നടത്താൻ കഴിവില്ലാത്ത, അലസനാണ് ബോബൻ. എങ്ങനെയെങ്കിലും ഓസ്ട്രേലിയയിലേക്ക് പോകുകയാണ് അയാളുടെ ലക്ഷ്യം. ഭർത്താവ് മൈക്കിളുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് വീട്ടിൽവന്നു നിൽക്കുകയാണ് ബെറ്റ്സി. 

വിവാഹമോചനം നേടി മറ്റൊരു വിവാഹം കഴിക്കാനോ, അല്ലെങ്കിൽ മൈക്കളിന്റെ അടുത്തേക്ക് തിരിച്ചുപോകാനോ സഹോദരിയെ ബോബൻ നിർബന്ധിക്കുന്നു. അങ്ങനെ ഉള്ള ബാധ്യതകളെല്ലാം തീർത്ത്, വീട് വിറ്റു കിട്ടുന്ന പണവുമായി ഓസ്ട്രേലിയയിലേക്ക് പോകുകയാണ് അയാളുടെ ലക്ഷ്യം. അച്ഛനും അമ്മയും മരിച്ചു പോയ ഇവർക്ക് കൂട്ടായുള്ളത് അമ്മാച്ചൻ (ഗണേഷ് കുമാർ) മാത്രമാണ്. ബോബന്റെ ജീവിതത്തിലേക്ക് മെറിൻ (രഞ്ജിത മേനോൻ) എന്ന പെൺകുട്ടി വരുന്നു. ബെറ്റ്സിക്ക് മൈക്കിളുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കേണ്ട സാഹചര്യമുണ്ടാകുന്നു. ഇതിനിടയിൽ ബേക്കറി പതിയെ പ്രതിസന്ധിയിലേക്ക് നീങ്ങാൻ തുടങ്ങുന്നു. ഈ പ്രശ്നങ്ങളെയെല്ലാം മറികടക്കാൻ കഥാപാത്രങ്ങള്‍ നടത്തുന്ന ശ്രമമാണ് സിനിമ പറയുന്നത്. 

സാജന്റെ ജീവിതത്തിലെ പ്രശ്നങ്ങൾ പറഞ്ഞാണ് സിനിമ ആരംഭിക്കുന്നത്. പിന്നീട് അത് പതിയെ ബോബന്റെയും ബെറ്റ്സിയുടെയും ജീവിതത്തിലേക്ക് പ്രവേശിക്കുന്നു. സഹോദരങ്ങൾ തമ്മിലുള്ള കലഹവും ബോബന്റെ തരികിടകളും പ്രേക്ഷകരെ രസിപ്പിക്കും. മെറിൻ എത്തുന്നതോടെ കൂടുതൽ രസകരമായ നിമിഷങ്ങളിലേക്ക് സിനിമ ട്രാക്ക് മാറുന്നു. 

sajan-bakery

‌അജു വർഗീസിന്റെയും ലെനയുടെയും പ്രകടനവും സംഭാഷണങ്ങളുടെ മികവുമാണ് സിനിമയുടെ ഹൈലൈറ്റ്. സാജന്റെയും ബോബന്റെയും വേഷം അജു വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്തു. അജുവിന്റെ ചില ഭാവങ്ങളും സംഭാഷണങ്ങളും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കും. സിനിമയുടെ ഗ്രാഫ് ഉയർത്തുന്ന പ്രധാന ഘടകമാണിത്. സങ്കീർണമായ ബെറ്റ്സി എന്ന കഥാപാത്രം ലെനയുടെ കൈകളിൽ ഭദ്രമായിരുന്നു. മെറിൻ പ്രേക്ഷകരോട് സംവദിക്കുന്ന രീതിയിലുള്ള രംഗങ്ങള്‍ മികച്ച രീതിയിൽ ചേർത്തുവച്ചത് സിനിമയിക്ക് പുതുമ തോന്നിക്കാൻ കാരണമായിട്ടുണ്ട്. സാജന്റെ ഭാര്യ മേരിയായി എത്തിയ ഗ്രേസ് ആന്റണിയും തനിക്കു ലഭിച്ച് ഭാഗം ഭംഗിയാക്കി.

വ്യക്തി ബന്ധങ്ങളിലെ സങ്കീർണതകളിലൂടെ കടന്നുപോകുമ്പോഴും ഗുരുതരമായ സാമൂഹിക പ്രശ്നങ്ങളെ ചൂണ്ടികാണിക്കാനും അതിനെ പരിഹസിക്കാനും സിനിമ ശ്രമിക്കുന്നു എന്നത് അഭിനന്ദനാർഹമാണ്. ബെസ്റ്റി, മെറിൻ, മേരി എന്നീ സ്ത്രീ കഥാപാത്രങ്ങളെല്ലാം ശക്തരാണ്. പുരുഷന്റെ തീരുമാനങ്ങൾ അടിച്ചേൽപ്പിക്കപ്പെട്ടതിനാലോ സമൂഹത്തിന്റെ യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ കാരണമോ ദുരിതങ്ങൾക്ക് ഇരയാക്കപ്പെട്ടവർ. എന്നാൽ അതിനെയെല്ലാം മറികടന്ന് സ്വന്തം അസ്ഥിത്വം കണ്ടെത്താൻ ഇവരെല്ലാം ശ്രമിക്കുന്നു.

ചേരുവുകള്‍ കൃത്യമായി ഉപയോഗിച്ച് നല്ലൊരു സിനിമ ഉണ്ടാക്കാൻ സംവിധായകൻ അരുൺ ചന്തുവിനായി. ജാഫർ ഇടുക്കിയുടെ കഥാപാത്രം ക്രീം ബൺ ആസ്വദിക്കുന്ന രംഗം മാത്രം മതി അരുണിന്റെ സംവിധാന മികവ് മനസ്സിലാക്കാൻ. സാജൻ ബേക്കറിയും റാന്നിയും മനോഹരമായി ഒപ്പിയെടുക്കാൻ ക്യമാറാമാൻ ഗുരുപ്രസാദിന് സാധിച്ചിട്ടുണ്ട്. സിനിമയുടെ ഫീൽ നിലനിർത്തുന്നതിൽ പ്രശാന്ത് പിള്ളയുടെ സംഗീതവും സഹായകരമാണ്. ആകെ മൊത്തത്തിൽ ചിരിച്ചുല്ലസിച്ച് കണ്ടിരിക്കാവുന്ന ഒരു ഫാമിലി പാക് ആണ് സാജൻ ബേക്കറി സിൻസ് 1962.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com