ADVERTISEMENT

∙ ഐഎഫ്എഫ്കെയിൽ രാജ്യാന്തര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച് മികച്ച പ്രതികരണം നേടിയ ‘ഹാസ്യം’ എന്ന ചിത്രത്തിന്റെ ദൃശ്യാനുഭവം

മരണത്തെ തമാശയാക്കുന്നത് അതിന്റെ അനിശ്ചിതത്വമാണ്. രംഗബോധമില്ലായ്മയത്രെ അതിനെ കോമാളിയാക്കുന്നത്. മഹാഭാരതത്തിലെ യക്ഷപ്രശ്നത്തിൽ എന്താണ് ആശ്ചര്യം എന്ന ചോദ്യത്തിനു മറുപടിയായി, യുധിഷ്ഠിരൻ പറയുന്നു: ഓരോ ദിവസവും എത്രയോ പേർ മരിക്കുന്നതു കണ്ടിട്ടും അതുകണ്ടുനിൽക്കുന്നവർ, തങ്ങൾ ഒരിക്കലും മരിക്കില്ല എന്നു വ്യാമോഹിക്കുന്നത്. അതേ ആശ്ചര്യം തിയറ്ററിലും നിറയ്ക്കുന്നു, ജയരാജിന്റെ 'ഹാസ്യം’ എന്ന സിനിമ.

മരണാനന്തര ജീവിതമാർഗം

മൃതദേഹവുമായി ബന്ധപ്പെട്ട പല തൊഴിലുകൾ ചെയ്യുന്നവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെല്ലാം. ഹരിശ്രീ അശോകൻ അവതരിപ്പിക്കുന്ന ജപ്പാൻ എന്ന കഥാപാത്രം ശവശരീരങ്ങളുടെ ഏജന്റാണ്. അയാളുടെ ഭാര്യ അനാട്ടമി ലാബിലെ തൂപ്പൂകാരിയും. ആംബുലൻസ് ഡ്രൈവർ, ശവപ്പെട്ടി കച്ചവടക്കാരൻ, ലാബിൽ മൃതശരീരം കൈകാര്യം ചെയ്യുന്നവർ, മരണം കാത്തുകിടക്കുന്നവർ തുടങ്ങി ഒട്ടേറെ കഥാപാത്രങ്ങൾ. ജപ്പാന് മൃതദേഹം ഒരു വിൽപനച്ചരക്കാണ്. രാജ്യത്തുടനീളം എണ്ണമറ്റ മെഡിക്കൽ കോളജുകളുള്ളപ്പോൾ, അവിടെ വിദ്യാർഥികൾക്കു പഠിക്കാൻ വേണ്ടത്ര മൃതദേഹങ്ങൾ ഇല്ലാത്തപ്പോൾ, തന്റെ തൊഴിലിന് അനന്തസാധ്യതകളുണ്ടെന്ന് വ്യക്തമായ കണക്കുകൂട്ടലുണ്ട് ജപ്പാന്. സ്വന്തം അച്ഛൻ മരിച്ചാൽ, ആ ശരീരം കൂടി വിറ്റ് ഒരു വീട് പണിയാമെന്ന് അയാൾ കരുതുന്നു. ‌‌

ജപ്പാന് മൃതദേഹ വ്യാപാരം അന്തസ്സുള്ള തൊഴിലാണ്. സ്വന്തം മകൾ ‘മൈ ഫാദർ ഈസ് എ ഡെഡ് ബോഡി ഏജന്റ്’ എന്നു സ്‌കൂളിൽ പറഞ്ഞതിൽ അയാൾക്ക് അഭിമാനപ്രശ്നമില്ല. അയാൾ കുടുംബത്തെ സ്നേഹിക്കുന്നയാളാണ്. അച്ഛൻ മരിക്കണമെന്ന് ആഗ്രിക്കുന്നുണ്ടെങ്കിലും ജീവിച്ചിരിക്കുമ്പോൾ അച്ഛനെ നന്നായി നോക്കണമെന്ന് നിർബന്ധമുള്ളയാളാണ്. ഇത്തരം മനുഷ്യരൊന്നും സ്ഥിരം 'സിനിമാവില്ലൻമാർ' അല്ലെന്നും അതീജിവനത്തിന്റെ പ്രശ്നമാണ് അവരെ മുന്നോട്ടു നയിക്കുന്നതെന്നും 'ഹാസ്യം’ പറയുന്നു. അച്ഛന്റെ ശരീരത്തിനു വില കിട്ടുമെന്നു പ്രതീക്ഷിക്കുന്ന ദരിദ്രനായ ജപ്പാനും, അച്ഛന്റെ മൃതദേഹം അമേരിക്കയിലേക്കു കൊണ്ടുപോയി ദഹിപ്പിക്കുന്നതാണ് തങ്ങൾ 5 മക്കൾ അമേരിക്കയിൽ നിന്ന് നാട്ടിലേക്കു വരുന്നതിനെക്കാൾ ലാഭകരമെന്നു കരുതുന്ന സമ്പന്നരും മരണത്തിൽ കച്ചവടം ചിന്തിക്കുന്നവർ തന്നെ.

എട്ടാമത്തെ അദ്ഭുതം

ജയരാജിന്റെ നവരസ പരമ്പരയിൽ എട്ടാമത്തേതാണ് ഹാസ്യം. ബ്ലാക് ഹ്യൂമറിന്റെ കരുത്തിലാണ് ഹാസ്യം കയ്യടി നേടുന്നത്. ഐഎഫ്എഫ്കെയിൽ രാജ്യാന്തര മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം മികച്ച പ്രതികരണമാണ് നേടിയത്. ഹരിശ്രീ അശോകന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണ് ഹാസ്യത്തിലേത്. ജയരാജിന്റെ മുൻപുള്ള സിനിമകളിൽ വസ്ത്രാലങ്കാര വിഭാഗം കൈകാര്യം ചെയ്തിട്ടുള്ള സബിത ജയരാജ്, ആദ്യമായാണ് സിനിമയിൽ നായികയാകുന്നതെന്ന് തോന്നാത്തത്ര മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

മനോഹരമായ ദൃശ്യഭാഷയാണ് ചിത്രത്തിലുടനീളം കാണാനാകുക. വിനോദ് ഇല്ലമ്പള്ളിയുടെ ഛായാഗ്രഹണം അതിനു കൂടുതൽ മിഴിവേകി. റെയിൽവേ ട്രാക്കും ട്രെയിനും ഇതിലെ 'അമാനുഷിക' കഥാപാത്രങ്ങളാണ്. സിനിമയുടെ അവസാന ഭാഗത്ത് മൃതദേഹം വഹിച്ചുള്ള യാത്രയും ട്രെയിനും സമാന്തരമായി കടന്നുപോകുന്നത് ഒറ്റ ഫ്രെയിമിൽ വരുന്നുണ്ട്. മരണയാത്ര പെട്ടെന്ന് അവസാനിക്കുമ്പോൾ ജീവിതമെന്ന ട്രെയിൻയാത്ര വീണ്ടും തുടരുകയാണ്. മരണം ആ യാത്രയിലെ ഒരു ചെറിയ ജനൽക്കാഴ്ചയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com