ADVERTISEMENT

ഓരോ സ്ത്രീയു‌ം ഓരോ യുദ്ധക്ക​ളമാണ്. ശാരീരിക വൈകാരിക പ്രശ്നങ്ങളെ ഒറ്റയ്ക്ക് നേരിട്ട്, മറ്റുള്ളവരിൽ നിന്ന് സ്വയം മറച്ച്, ഉച്ചരിക്കാനാകാത്ത സ്വത്വ പ്രശ്നങ്ങൾ ഒളിപ്പിച്ച്, ഒളിഞ്ഞും തെളിഞ്ഞും തന്നോട‌ുതന്നെ പടപ്പുറപ്പാട് നടത്തുന്നവരാണ് ഓരോ സ്ത്രീകളും. സ്ത്രീപക്ഷ സിനിമകളും സീരീസുകളും അധികം കടന്നുചെല്ലാത്ത ഇത്തരം സ്വത്വപ്രശ്നങ്ങളെ അഭിസംബോധന ചെയ്യുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ബോംബെ ബീഗംസ് പ്രസക്തമാകുന്നത് അതിനാൽ തന്നെയാണ്. 

 

അലങ്കൃത ശ്രീവാസ്തവ സംവിധാനം ചെയ്ത സീരീസ് വാർത്തകളിൽ ഇടം പിടിച്ചത് പക്ഷേ നാഷനൽ കമ്മിഷൻ ഫോർ ദി പ്രൊട്ടക്‌ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ് (എൻസിപിസിആർ) നെറ്റ്ഫ്ലിക്സിനു നൽകിയ വക്കീൽ നോട്ടിസിലൂടെയാണ്, കുട്ടികളെ മോശമായി ചിത്രീകരിച്ചതിനാൽ സീരീസ് സംപ്രേഷണം അവസാനിപ്പിക്കാനാണ് എൻസിപിസിആർ നെറ്റ്ഫ്ലിക്സിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

 

ഒരു മണിക്കൂർ ദൈർഘ്യമുള്ള 6 എപ്പിസോഡുകളാണു സീരീസിലുള്ളത്. വിമൻ ഹു റൺ വിത്ത് ദി വൂൾവ്സ് (ക്ലാരിസ എസ്തെ), ലവ് (ടോണി മോറിസൺ), ദി കളർ പർപ്പിൾ (ആലിസ് വാക്കർ), ബി ബെൽ ജാർ (സിൽവിയ പ്ലാത്ത്), ദി ഗോൾഡൻ നോട്ട്ബുക്ക് (ഡോറിസ് ലസ്ലിങ്), എ റൂം ഓഫ് വൺസ് ഓൺ (വിർജീനിയ വൂൾഫ്) എന്നിങ്ങനെ ആ​റു സ്ത്രീപക്ഷ പുസ്തകങ്ങളുടെ പേരുകളാണ് സീരീസിലെ എപ്പിസോഡുകൾക്കു നൽകിയിരിക്കുന്നത്. കോർപ്പറേറ്റ് മേധാവിത്വം, ബോർഡ് റൂം രാഷ്ട്രീയം, ജെൻഡർ ഐഡന്റിറ്റി, പ്രണയം, വിരഹം, ഏകാന്തത, ലൈംഗികത, ജോലിസ്ഥലത്തെ പീഡനം, മാതൃത്വം എന്നിങ്ങനെ വിവിധ വിഷയങ്ങൾക്കൊപ്പം സീരീസിൽ സ്ത്രീ പുരുഷ ബന്ധത്തിലെ സങ്കീർണതകളും സ്ത്രീകൾക്കിടയിൽ വാക്കുകൾക്കതീതമായി വരുന്ന തിരിച്ചറിവും ധാരണയും അടക്കം ഇഴകീറി പരിശോധിക്കാനാകാത്ത അത്ര സങ്കീർണമായ വിഷയങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്. 

 

“ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്ക”, “ഡോലി കിറ്റി ഓർ വോഹ്‌ ചമക്‌ത‌െ സിതാരെ” എന്നിവയുടെ സംവിധായിക കൂടിയായ അലങ്കൃത ശ്രീവാസ്തവ സീരിസിനായി തിരഞ്ഞെടുത്ത വിഷയത്തോടും കഥയോടും നൂറു ശതമാനം നീതിപുലർത്തി എന്നു വേണം പറയാൻ. റാണി, അയ്ഷ, ഫാത്തിമ, ഷായ്, ലില്ലി എന്നിങ്ങനെ സിഇഒ മുതൽ ബാർ ഡാൻസർ വരെ വ്യത്യസ്ത ജീവിതം നയിക്കുന്ന സ്ത്രീകളുടെ ദൈനംദിന അതിജീവനത്തിലൂടെയാണു കഥ കടന്നുപോകുന്നത്. അഞ്ചുപേരും അഞ്ചു തുരുത്തുകളാണ്, ബോംബെ എന്ന മഹാനഗരത്തിലെ സാമൂഹിക സാമ്പത്തിക അന്തരം, അസമത്വം എന്നിവയിലൂടെ വേർതിരിക്കപ്പെട്ടവരാണ് അ‍ഞ്ചുപേരും. എങ്കിലും അഞ്ച് ജീവിതങ്ങളും എവിടെ ഒന്നാകുന്നു എന്നും എവിടെ വ്യത്യസ്തമാകുന്നു എന്നും കഥയുടെ ഒഴുക്കിൽ സംവിധായിക കാണിച്ചുതരുന്നുണ്ട്. 

 

റോയൽ ബാങ്ക് ഓഫ് ബോംബെ സിഇഒ റാണി ഇറാനിയിൽ (പൂജ ഭട്ട്) നിന്നാണ് കഥതുടങ്ങുന്നത്. ഒന്നുമല്ലാത്തിടത്തു നിന്ന് സിഇഒ വരെയായ ശക്തയായ സ്ത്രീ. കോർപ്പറേറ്റ് ലോകം അടക്കി ഭരിക്കുന്ന പുരുഷമേധാവികളോട് എപ്പോഴും ജാഗ്രത പുലർത്തുന്ന സ്ത്രീ. അവളുടെ സ്വകാര്യജീവിതത്തിലെ പാകപ്പിഴകൾ തകർച്ചകൾ പിടിച്ചുനിൽക്കാനായി ചെയ്യുന്ന കാര്യങ്ങളെന്നിങ്ങനെ കഥ മുന്നോട്ടു പോകും തോറും ശക്തയായ സ്ത്രീ എത്രത്തോളം വ്രണപ്പെട്ടവളാണെന്ന് റാണി നമ്മോടു സംവദിക്കുന്നുണ്ട്. മരിച്ചുപോയ ഭാര്യയുടെ ഓർമ്മകളിൽ ഭർത്താവ് തീക്ഷ്ണമായി ഇഴുകിനിൽക്കുമ്പോൾ, റാണിയെ രണ്ടാനമ്മയുടെ സ്ഥാനത്തേക്ക് അംഗീകരിക്കാൻ മക്കൾ വിസമ്മതിക്കുന്നു. 

 

ചിത്രത്തിൽ കഥപറയുന്നത് അവരുടെ ഏറ്റവും ഇളയ മകളായ ഷായ് ഇറാനിയാണ്. 14 വയസ്സുകാരിയായ ഷായിയും (ആദ്യ ആനന്ദ്) തന്റെ അച്ഛനെപ്പോലെ തന്നെ അമ്മയുടെ ഓർമ്മകളാൽ വേട്ടയാടപ്പെടുന്ന കഥാപാത്രമാണ്. ഷായിയുടെ കാഴ്ച്ചപ്പാടുകളും ഡയറിക്കുറിപ്പുകളുമായി പറയുന്ന വാചകങ്ങളിൽ പലതും ഓരോ സ്ത്രീക്കും സ്വയം ബന്ധപ്പെടുത്താനാകുന്നവയാണ്. 

 

റോയൽ ബാങ്ക് ഓഫ് ബോംബെയാണ് പ്രധാന കഥാ പരിസരം. റാണിയുടെ ഡപ്യൂട്ടി ആയി ഫാത്തിമ (ഷഹാന ഗോസ്വാമി) വരുന്നതോടെ കഥ ശക്തിപ്പെടുന്നു. ഫാത്തിമ മറ്റൊരു തുരുത്താണ്. അഞ്ചു തവണ ഗർഭിണിയായി അഞ്ചും നഷ്ടപ്പെട്ട സ്ത്രീ. കരിയറും കുടുംബവും സംരക്ഷിക്കാനുള്ള ഓട്ടത്തിൽ കാലിടറുന്ന അവരും ഭർത്താവും തമ്മിലുള്ള ബന്ധവും സങ്കീർണമാണ്. 

 

ഒരു തവണ ജോലിയിൽ നിന്നു പുറത്താക്കപ്പെട്ടിട്ടും തന്റേതായ ഒരിടം കണ്ടെത്താനുള്ള ആയിഷ അഗർവാളിന്റെ (പ്ലാബിറ്റ ബോർത്താക്കൂർ) നിരന്തര ശ്രമങ്ങളും ജോലി, ലൈംഗിക ആഭിമുഖ്യം, നാഗരിക ജീവിതത്തോടുള്ള ഭ്രമം എല്ലാമായുള്ള അവളുടെ പോരാട്ടവും സീരീസിലുണ്ട്. ആയിഷ മുന്നോട്ടു വയ്ക്കുന്ന ലൈംഗിക ആഭിമുഖ്യത്തിലെ രാഷ്ട്രീയവും അവളുടെ പ്രണയങ്ങളും പ്രണയമില്ലായ്മയും തകർച്ചയും കഥയെ  മറ്റൊരു തുരുത്തിലെത്തിക്കുന്നു. തനിക്ക് ഒരേ സമയം ആണിനെയും പെണ്ണിനെയും പ്രണയിക്കാനാകുമെന്ന് അവസാന എപ്പിസോഡിൽ ഉറക്കെ പറയുമ്പോഴാണ് യഥാർഥത്തിൽ അവളത് സ്വയം ഉൾക്കൊള്ളുന്നത്. 

 

ഇതിനിടയിലേക്ക് ലില്ലി (അമൃത സുബാഷ്) എന്ന ബാർ ഡാൻസറും എത്തുന്നു. 14 വർഷം മുൻപ് ഡാൻസിങ് വിട്ട് പ്രോസ്റ്റിറ്റ്യൂഷനിലേക്ക് ഇറങ്ങുന്നത് മകനു വേണ്ടിയാണ്. നല്ല വിദ്യാഭ്യാസവും ജീവിത സാഹചര്യവും മകനു ലഭിക്കണമെന്ന അതിയായ ആഗ്രഹം കൊണ്ട് ഫാക്ടറി തുറക്കാനിറങ്ങുന്ന ലില്ലി നേരിടുന്ന അടിച്ചമർത്തലും വേട്ടയാടലും സീരീസ് കാണിച്ചു തരുന്നുണ്ട്. നീ ഒരു വേശ്യയാണെന്ന് ഓരോരുത്തരും പറയുമ്പോഴും ലില്ലി അതിജീവിക്കാൻ ശ്രമിക്കുന്നു. വേശ്യയും മനുഷ്യനാണെന്നും വികാരങ്ങളുണ്ടെന്നും പലവട്ടം അവൾ എടുത്തെടുത്ത് പറയുന്നത് കഥാപാത്രങ്ങളും പ്രേഷകരും മറന്നു പോകുമ്പോൾ 14 വയസ്സുകാരി ഷായ് അയ്ഷയോട് പറയുന്നുണ്ട്, നീയാണ് നിന്റെ ശരീരത്തിന്റെ ഉടമ. ശരീരം വിൽക്കാനുള്ള അവകാശം ആർക്കും ചോദ്യം ചെയ്യാനാവില്ലെന്ന്. പറയുന്ന സന്ദർഭത്തിന് ലില്ലിയുമായി ബന്ധമില്ലെങ്കിലും ലില്ലി എന്ന കഥാപാത്രം സീരിസിലുള്ളിടത്തോളം ആ വാചകം പ്രസക്തമാണ്. കേന്ദ്രകഥാപാത്രങ്ങളുടെ ശക്തമായ അഭിനയം സീരീസിന് ആകെ ശക്തി പകരുന്നുണ്ട്. 

 

ഓരോ സ്ത്രീയും വായിച്ചിരിക്കേണ്ട 6 പുസ്തകങ്ങളുടെ പേരു നൽകിയ ആറ് എപ്പിസോഡുകളും തീർച്ചയായും കണ്ടിരിക്കേണ്ടതാണ്. സ്ത്രീകൾ മാത്രമല്ല, സ്ത്രീകൾ കടലുപോലെയാണെന്നും മനസ്സിലാക്കാൻ ബുദ്ധിമുട്ടാണെന്നും പെരുമാറ്റം സങ്കീർണമാണെന്നും പറയുന്ന പുരുഷൻമാരും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com