ADVERTISEMENT

ചെറുപ്പത്തിൽ തന്നെ മുളപൊട്ടുന്ന വിവേചനമാണ് പെണ്ണിനോട് ആണിനു തോന്നുന്ന അധികാരത്തിന്റെ മേൽക്കോയ്മ. വീട്ടിൽ എന്തുണ്ടാക്കിയാലും മകളേക്കാൾ, ഒന്ന് കൂടുതൽ മകന് കൊടുത്ത് തുടങ്ങുന്ന അമ്മയിൽ നിന്ന് പകർന്ന് കിട്ടുന്ന സ്വാധീനം അതിനു കാരണമായേക്കാം. പെണ്ണിനെ വെറും ഭോഗവസ്തുവോ തനി വച്ചുവിളമ്പി തരാനുള്ളവളോ ആയി കാണാനുള്ള മനസും ഇവരിലുണ്ട്. ഈ മാനസിക നിലവാരത്തിന്റെ വിശകലനമാണ് സംവിധായകനും തിരക്കഥാകൃത്തും എഡിറ്ററുമായ ശിവറാം മണി തന്റെ പുതിയ ചിത്രമായ തി.മി.ര.ത്തിലൂടെ നടത്തുന്നത്. 

 

മലയാളിയുടെ സദാചാര വൈരുധ്യത്തിനും ലൈംഗിക മനോവൈകല്യത്തിനും പിന്നിലെ സാമൂഹികവ്യവസ്ഥയെ വിശകലനം ചെയ്യുന്ന തി.മി.രം. നിർമിച്ചിരിക്കുന്നത് കെ.കെ. സുധാകരനാണ്. സുധാകരൻ തന്നെയാണ് ചിത്രത്തിലെ എഴുപതുകാരനായ സുധാകരനെ അവതരിപ്പിച്ചിരിക്കുന്നതും. കറിമസാലകൾ വിറ്റ് ഉപജീവനം നടത്തുന്ന സുധാകരന് കടുത്ത പ്രമേഹത്താൽ ലൈംഗികശേഷി നഷ്ടപ്പെട്ടെങ്കിലും അയാൾക്ക് ആസക്തി അടക്കാനാകുന്നില്ല. ആ ആസക്തി  അയാളെ പൊലീസ് സ്റ്റേഷനിലെത്തിക്കുന്നു. 

thimiram-movie

 

thimiram-2

സുധാകരന്റെ ഏകമകൻ റാമും (വിശാഖ് നായർ ) ഭാര്യ വന്ദന (മീരാ നായർ )യും സുധാകരനോടൊപ്പമാണ് താമസം. അവർ സ്നേഹിച്ച് വിവാഹിതരായവരാണ്. സുധാകരൻ, മരുമകൾ വന്ദനയെ ഒരു തരത്തിലും അംഗീകരിക്കുന്നില്ല. അവരുടെ കുഞ്ഞിനെ ഒന്നെടുക്കാൻ പോലും അയാൾ മുതിരുന്നില്ല. മകൻ വിദ്യാസമ്പന്നനാണങ്കിലും സിനിമ തലയ്ക്ക് പിടിച്ച് അതിനു വേണ്ടി നടക്കുന്നു. സുധാകരനവിടെ സുധാകരനോടല്ലാതെ ആരോടും പ്രത്യേകിച്ച് മമതയില്ല. അയാളുടെ ഭാര്യ അവിടുത്തെ വെറും അടുക്കളക്കാരി മാത്രമാണ്. "തി" ന്മ നിറഞ്ഞവൻ സുധാകരൻ, സുധാകരന്റെ സ്ത്രീ എന്ന "മി"ഥ്യാബോധം, സുധാകരന്റെ മാറ്റം ആ "രം"ഭം എന്നിങ്ങനെ മൂന്ന് അധ്യായങ്ങളായിട്ടാണ് (തി. മി. രം) കഥാഘടന വിന്യസിക്കപ്പെട്ടിരിക്കുന്നത്.

 

കടുത്ത പ്രമേഹരോഗിയായ സുധാകരന് തന്റെ തിമിര ശസ്ത്രക്രിയ നടത്താൻ സാമ്പത്തിക പരാധീനത അനുവദിക്കുന്നില്ല. ഇവിടെ തിമിരം സുധാകരന്റെ കണ്ണിലല്ല പകരം മനസ്സിലാണന്ന് സംവിധായകൻ പറഞ്ഞു വയ്ക്കുന്നു. കിടപ്പറയിൽ ഭാര്യയുമൊത്തുള്ള ലൈംഗികബന്ധം പുറത്തൊളിച്ചു നിന്ന് കാണാൻ ശ്രമിച്ച പിതാവിനെതിരെ ആഞ്ഞടിച്ച സുധാകരന്റെ മകനിൽപോലും ആൺകോയ്മയുടെ അരൂപകോലം നിലനിൽക്കുന്നു. ആൺനോട്ടത്തിലൂന്നിയ ലൈംഗിക വിവേചനമെന്ന മാനസികതിമിരം സമൂഹം അവനിൽ അടിച്ചേൽപ്പിക്കുന്നതാണന്ന് ചിത്രം പറയുന്നു.  

 

പി. പത്മരാജന്റെ ഇന്നലെയിൽ അച്ചായനെന്ന കഥാപാത്രത്തെ മികവുറ്റതാക്കി, നാളിതുവരെയുള്ള അഭിനയവഴിയിൽ ആ നിഴലിൽ തളയ്ക്കപ്പെട്ടിരുന്ന കെ.കെ. സുധാകരന് അതിൽ നിന്നും മോചിതനാകാൻ വഴിയൊരുക്കിയുള്ള കഥാപാത്രമാണ് സുധാകരൻ.  അദ്ദേഹത്തിന്റെ അനാദൃശ്യമായ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ആണിക്കല്ല്. വിശാഖ് നായർ , രചന നാരായണൻകുട്ടി, ജി. സുരേഷ്കുമാർ , പ്രൊഫ.അലിയാർ, മോഹൻ അയിരൂർ , മീരാ നായർ , ബേബി സുരേന്ദ്രൻ , കാർത്തിക, ആശാ നായർ , സ്റ്റെബിൻ, രാജേഷ് രാജൻ, പവിത്ര , അമേയ , കൃഷ്ണപ്രഭ, രാജാജി, രമേഷ് ഗോപാൽ, ആശാ രാജേഷ്, മാസ്റ്റർ സൂര്യദേവ് , ബേബി ശ്രേഷ്ഠ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

 

മാച്ച് ബോക്സിന് ശേഷമുള്ള ശിവറാം മണിയുടെ ചിത്രമെന്ന നിലയിൽ , ഇത്തരമൊരു വിഷയത്തെ സഭ്യതയുടെ അതിർ വരമ്പുകൾക്കുള്ളിൽ നിർത്തികൊണ്ട് തന്നെ ഒരു ദൃശ്യമികവ് പുലർത്താൻ ശിവറാം മണിക്ക് സാധിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com