ADVERTISEMENT

ഇൗ കോവിഡ് കാലത്ത് ഒടിടിയിൽ നിരവധി സിനിമകൾ കണ്ടവരാണ് നാം. പക്ഷേ അതിൽ ഏതെങ്കിലുമൊന്ന് തിയറ്ററിൽ തന്നെ കാണേണ്ടതായിരുന്നുവെന്ന് എവിടെയും ആരും പറഞ്ഞു കേട്ടിട്ടില്ല. എന്നാൽ തിയറ്ററിൽ തന്നെ കാണേണ്ടിയിരുന്ന പടമെന്ന് മലയാളികൾ ഒരേ സ്വരത്തിൽ വിശേഷിപ്പിക്കാൻ പോകുന്ന ചിത്രമായിരിക്കും മാലിക്. കോവിഡും ലോക്ഡൗണും തിയറ്ററിനു വരുത്തിയ ഏറ്റവും വലിയ നഷ്ടം. 

 

അടുത്ത കാലത്തിറങ്ങിയ മലയാള സിനിമകളിൽ എല്ലാ രീതിയിലും മികച്ചു നിൽക്കുന്ന ചിത്രം. ആദ്യാവസാനം പ്രേക്ഷകനെ പിടിച്ചിരുത്തുന്ന അവതരണം. അഭിനേതാക്കളുടെ കയ്യടക്കത്തോടെയുള്ള പ്രകടനം. മനോഹരമായ ഫ്രെയിമുകൾ. കഥയിലേക്ക് കൈപിടിച്ചാനയിക്കുന്ന പശ്ചാത്തല സംഗീതം. ഏതു രീതിയിൽ നോക്കിയാലും മികവിന്റെ പര്യായമാണ് മാലിക്.  

 

റമദാ പള്ളിയെന്ന തീരദേശപ്രദേശവും അവിടുത്തെ ആളുകളും. അവരുെട നേതാവാണ് സുലൈമാൻ മാലിക് എന്ന അലി ഇക്ക. ആ പ്രദേശം ഇന്നു കാണുന്ന രീതിയിൽ ആക്കിയെടുക്കാൻ ഏറ്റവുമധികം പരിശ്രമിച്ചയാൾ. അതു കൊണ്ടു തന്നെ അവിടുത്തുകാർക്ക് അലി ഇക്ക എന്നാൽ ദൈവമാണ്. അദ്ദേഹത്തിന്റെ രോമത്തിൽ ഒരു തരി മണ്ണു വീഴാൻ‌ പോലും അന്നാട്ടുകാർ സമ്മതിക്കില്ല. സുലൈമാൻ മാലിക് എങ്ങനെ അലി ഇക്ക ആയെന്നും ഒരു കാലത്ത് വെറും ചവറ്റുകൂനയായിരുന്ന ആ നാട് എങ്ങനെ ഇൗ രീതിയിലായെന്നുമാണ് മാലിക് എന്ന ചിത്രം വരച്ചു കാട്ടുന്നത്. 

 

12 മിനിറ്റ് ദൈർഘ്യമുള്ള ഒറ്റ ഷോട്ടിലൂടെയാണ് ചിത്രത്തിന്റെ ആരംഭം. വിവിധ സ്ഥലങ്ങൾ, വിവിധ സന്ദർഭങ്ങൾ, വിവിധ കഥാപാത്രങ്ങൾ, വിവിധ സംഭാഷണങ്ങൾ എല്ലാം ഒറ്റ ഷോട്ടിൽ ടൈമിങ് ഒട്ടും തെറ്റാതെ അത്ഭുതകരമായി ഫ്രെയിമിൽ. നേരത്തെയും ദൈർഘ്യക്കൂടുതലുള്ള ഷോട്ടുകൾ മലയാള സിനിമയിൽ ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ ചില കഥാപാത്രങ്ങളെ പിന്തുടരുന്ന രീതിയിലാണ് അവതരിപ്പിച്ചിരുന്നത്. എന്നാൽ ഇവിടെ അഭിനേതാക്കൾ ക്യാമറ തേടി വരുകയായിരുന്നോയെന്ന് കാഴ്ചക്കാരൻ അത്ഭുതപ്പെട്ടാൽ കുറ്റം പറയാനൊക്കില്ല. ഇൗ ഒറ്റ ഷോട്ട് മതി പടത്തിന്റെ റേഞ്ച് എന്താണെന്ന് മനസ്സിലാക്കി കൊടുക്കാൻ.

malik-video-song

 

നോൺ ലീനിയർ ശൈലിയെന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് ചിത്രത്തിന്റെ കഥ പറച്ചിൽ‌. വിവിധ കാലഘട്ടങ്ങളെ വിവിധ ആളുകളിലൂടെ അവരുടെ കാഴ്ചപ്പാടിലൂടെ ഇഴ ചേർത്ത് അവതരിപ്പിച്ചിരിക്കുന്നു. സുലൈമാൻ മാലിക്കിന്റെ ബാല്യവും കൗമാരവും യൗവ്വനവും വാർധക്യവുമൊക്കെ മറ്റു കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരിലേക്കെത്തുന്നു. ഒടുവിൽ സുലൈമാനും തന്റെ ജീവതം പറയുന്നു. അതിൽ ഉയർച്ചയും താഴ്ചയുമുണ്ട്, ജനനവും മരണവുമുണ്ട്, സന്തോഷവും സങ്കടവുമുണ്ട്, പ്രണയവും വിരഹവുമുണ്ട്. 

 

രണ്ടു സമുദായങ്ങൾ തമ്മിൽ പല തെറ്റിധാരണകളും മൂലമുണ്ടായ കലാപങ്ങളെ ചിത്രം അവതരിപ്പിക്കുന്നുണ്ട്. ശ്വാസമടക്കി പിടിച്ച് കാണേണ്ട പല രംഗങ്ങളുണ്ട് ചിത്രത്തിൽ. ചില രംഗങ്ങൾ എങ്ങനെയാണ് ഷൂട്ട് ചെയ്തിരിക്കുകയെന്ന് ഏതൊരു സാധാരണക്കാരനും അത്ഭുതപ്പെട്ടേക്കാം. വിഎഫ്എക്സും മറ്റും വളരെ മികച്ച രീതിയിൽ‌ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നു. 

 

അഭിനയിച്ചു വിസ്മയിപ്പിക്കുകയെന്നത് ഫഹദ് എന്ന നടൻ ശീലമാക്കിയിട്ടുള്ളതിനാൽ അദ്ദേഹത്തിന്റെ പ്രകടനത്തിന് കൂടുതൽ വിശേഷണത്തിന്റെ ആവശ്യമില്ല. തന്റെ റേഞ്ച് എന്താണെന്ന് അദ്ദേഹം നമുക്കു മുന്നിൽ ഒന്നു കൂടി വെളിവാക്കി. ഇന്ത്യനിൽ കമൽഹാസനും ഇരുവറിൽ മോഹൻലാലും ‌ചെയ്തതു പോലെ പ്രായക്കൂടുതലുള്ള കഥാപാത്രം ആദ്യം ചെയ്യുന്നതിന്റെ ബാലാരിഷ്ടതകളേതുമില്ലാതെ ഫഹദ് സുലൈമാൻ മാലിക്കായി ജീവിച്ചു. സുലൈമാൻ മാലിക്കിനോളം തന്നെ പ്രധാനപ്പെട്ട കഥാപാത്രമായ റോസ്ലിനെ അവതരിപ്പിച്ച നിമിഷയും ഗംഭീര പ്രകടനമാണ് നടത്തിയിരിക്കുന്നത്. ഒരേ സമയം തന്റേടം നിറഞ്ഞ ഒരു മുഖവും അതേ സമയം മാതൃവാൽസല്യം തുളുമ്പുന്ന മറ്റൊരു മുഖവുമായി നിമിഷ മികച്ചു നിന്നു.  

 

എല്ലാ അഭിനേതാക്കളും ഒരു പോലെ മികവോടെ അഭിനയിക്കുകയെന്നത് സാധാരണ സിനിമകളിൽ കാണാറില്ലാത്തതാണ്. എന്നാൽ മാലിക്കിൽ അങ്ങനെയല്ല. വിനയ് ഫോർട്ട്, ദിലീഷ് പോത്തൻ, ദിനേശ്, സലിം കുമാർ, ജോജു ജോർജ്, ഇന്ദ്രൻസ്, ജലജ, രാജേഷ് ശർമ. ഇർഷാദ് പിന്നെ പേരറിയാത്ത ഒരുപറ്റം കലാകാരന്മാർ. ഇവരിലാരാണ് മികച്ചു നിന്നത് എന്ന ചോദ്യം മാത്രമാണ് ബാക്കിയാകുന്നത്. ആ ചോദ്യത്തിന് ഒരു പക്ഷേ ഉത്തരം കിട്ടാനും ബുദ്ധിമുട്ടാകും. 

 

മഹേഷ് നാരായണൻ എന്ന സംവിധായകന്റെ മറ്റൊരു തലത്തിലേക്കുള്ള ഉദയമായിരിക്കും മാലിക്. രചനയിലും മേക്കിങ്ങിലും സാങ്കേതികതയിലും ഒരുപോലെ ശോഭിക്കുന്ന സംവിധായകർ ലോക സിനിമയിൽ തന്നെ കുറവാണ്. എന്നാൽ മഹേഷ് ഇതിൽ മൂന്നിലും ഏറെ മികച്ചു നിൽക്കുന്നുവെന്നതിന്റെ ഉദാഹരണമാണ് മാലിക്. സാനു ജോൺ വർഗീസ് തന്റെ ഛായാഗ്രഹണ മികവ് ഒരിക്കൽ കൂടി തെളിയിച്ചു. 12 മിനിറ്റും 6 മിനിറ്റുമൊക്കെ ദൈർഘ്യമുള്ള ഒറ്റ ഷോട്ടുകൾ അത്രയും ഭംഗിയായാണ് അദ്ദേഹം ഒപ്പിയെടുത്തിരിക്കുന്നത്. 

 

ചിത്രത്തിന്റെ മൂഡിനനുസരിച്ച് സംഗീതവും പശ്ചാത്തല സംഗീതവുമൊരുക്കിയ സുഷിൻ ശ്യാമിനും അഭിനന്ദനങ്ങൾ. പലപ്പോഴും സിനിമയിലേക്ക് ആഴ്ന്നിറങ്ങാൻ പ്രേക്ഷകനെ ഏറെ സഹായിച്ചതും ആ സംഗീതമാണ്. ഇത്തരത്തിലൊരു ചിത്രം നിർമിച്ച ആന്റോ ജോസഫിനു നന്ദി. ഇൗ ചിത്രം എന്നെങ്കിലും പ്രേക്ഷകർക്ക് തിയറ്ററിൽ കാണാൻ അവസരമുണ്ടാക്കണമെന്ന് അദ്ദേഹത്തോട് അഭ്യർഥിക്കുന്നു. 

 

മാലിക് എന്ന ചിത്രം മലയാള സിനിമയിൽ ഒരു പുതുചരിത്രം രചിക്കാൻ പോന്ന ഒന്നാണ്. ആ ചിത്രത്തിന്റെ മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച അനവധിയാളുകളുടെ ജീവിതത്തിൽ വഴിത്തിരിവായേക്കാവുന്ന സിനിമ. തിയറ്റർ കാഴ്ച തീർച്ചയായും ആവശ്യപ്പെടുന്ന ചിത്ര‌ം.‌ കോവിഡ് കാലത്ത് മറ്റു ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളാണ് മലയാള സിനിമയെ ശ്രദ്ധിച്ചതെങ്കിൽ മാലിക് ലോക സിനിമയുടെ തന്നെ അഭിനന്ദനം പിടിച്ചു പറ്റിയേക്കാം. അതെ തിയറ്ററിൽ പറന്നുയരും മുമ്പോ ക്രാഷ് ലാൻഡ് ചെയ്ത ഇൗ ചിത്രത്തിന്റെ ഒടിടിയിലെ ടേക്ക് ഒാഫ് ഒരുപാട് ഉയരത്തിലേക്കാകും. 

 

 

 

 

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com