സംഭവബഹുലമാണ് ‘തിങ്കളാഴ്ച നിശ്ചയം’; റിവ്യു

thinkalazhacha-nishchayam
SHARE

ഇംഗ്‌ളിഷ് നോവലായ ദ് മണ്‍സൂണ്‍ വെഡ്ഡിങിനെ ആസ്പദമാക്കി മീര നായര്‍ സംവിധാനം ചെയത് ‘ഹിംഗ്‌ളിഷ്’ സിനിമ, മലയാളത്തില്‍ത്തന്നെ വി.കെ.എന്റെ കഥയെ അടിസ്ഥാനമാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘അപ്പുണ്ണി’, ശംഭു പുരുഷോത്തമന്റെ ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ തുടങ്ങിയ സിനിമകള്‍ പറഞ്ഞതിലപ്പുറമൊന്നും ‘തിങ്കളാഴ്ച നിശ്ചയം’ കാഴ്ചവയ്ക്കുന്നില്ല. പക്ഷേ, കാഴ്ചക്കാരനെ, അവാര്‍ഡ് കമ്മിറ്റിയെപ്പോലും പിടിച്ചിരുന്ന, 'മാജിക്കല്‍' എന്നു വിശേഷിക്കാവുന്ന എന്തൊക്കെയോ ഈ കൊച്ചു വലിയ സിനിമയിലുണ്ട്. അതെന്താണ്?

പ്രധാനമായി, സമകാലിക ലോകസിനിമയുടെ ദൃശ്യപരിചരണരീതിയോട് ചേര്‍ന്നു നിന്ന് വളരെ സൂക്ഷ്മമായി നിര്‍വഹിക്കപ്പെട്ട ദൃശ്യശൈലിയാണ്. ഡീറ്റെയ്‌ലിങിലെ അസാമാന്യ കൃത്യത തിങ്കളാഴ്ച നിശ്ചയത്തെ ഹൈപ്പര്‍ റിയല്‍ സിനിമകളുടെ ജനുസില്‍ വളരെ ഉയരത്തില്‍ പ്രതിഷ്ഠിക്കുന്നു. അസാധാരണ പ്രമേയങ്ങളെ അസാധാരണമായി അവതരിപ്പിക്കുന്ന മുഖ്യധാര കമ്പോള സിനിമയുടെ വഴക്കങ്ങളെ വെല്ലുവിളിച്ചുകൊണ്ട് പുതിയ തലമുറയില്‍ ദിലീഷ് പോത്തനും ജിയോ ബേബിയും രാജീവ് രവിയും ഒക്കെ കാണിച്ചു തന്ന വഴിയില്‍ അതിസാധാരണമായൊരു പ്രമേയത്തെ അതിലും സാധാരണമായി അവതരിപ്പിക്കുകയാണ് ‘തിങ്കളാഴ്ച നിശ്ചയത്തില്‍’. ഒരേ സമയം അതില്‍ സത്യന്‍ അന്തിക്കാടിന്റെ ഗ്രാമത്തുടിപ്പുണ്ട്,  അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രങ്ങളില്‍ കാണുന്ന ദൃശ്യപരമായ ക്‌ളിനിക്കല്‍ പൂര്‍ണതയുമുണ്ട്. സത്യന്‍ സിനിമകളിലെ ഒളിപ്പിച്ചു വച്ച നേര്‍ത്ത നര്‍മ്മമുണ്ട്, അടൂര്‍ സിനിമകളിലെ കറുത്ത ഹാസ്യവുമുണ്ട്. 

ഒറ്റവാചകത്തില്‍ പറഞ്ഞുതീര്‍ക്കാവുന്നൊരു ചെറിയ സംഭവം, കാഞ്ഞങ്ങാട്ടെ ഒരു ഇടത്തരം വീട്ടിലെ രണ്ടാമത്തെ പെണ്‍കുട്ടിയുടെ പെണ്ണുകാണലും വിവാഹനിശ്ചയത്തലേന്ന് നടക്കുന്ന നാടകീയസംഭവങ്ങളുമെല്ലാമാണ് തിങ്കളാഴ്ച നിശ്ചയം ആവിഷ്‌കരിക്കുന്നത്. അടുത്തകാലത്ത് മലയാളസിനിമയില്‍ ജീന്‍ മാര്‍ക്കോസിന്റെ ‘കുട്ടന്‍പിള്ളയുടെ ശിവരാത്രിയിലെ’ കഥാസന്ദര്‍ഭങ്ങളോടും ദൃശ്യപരിചരണത്തോടും സാദൃശ്യം തോന്നുന്ന പലതുമുണ്ടതില്‍. എന്നാല്‍, ‘കുട്ടന്‍പിള്ളയുടെ ശിവരാത്രിയില്‍’ നിന്ന് ഈ സിനിമ വേറിട്ടതാവുന്നത്, താരസാന്നിദ്ധ്യത്തിലാണ്. 

thinkalazhacha-nishchayam-42

കുട്ടന്‍പിള്ളയില്‍ ആദ്യാവസാനം അറിയപ്പെടുന്ന, ലബ്ധപ്രതിഷ്ഠരായ താരങ്ങള്‍ കഥാപാത്രങ്ങളെ ആവിഷ്‌കരിച്ചപ്പോള്‍ തിങ്കളാഴ്ച നല്ലദിവസത്തില്‍ ആദ്യാവസാനം മുന്‍പ് സിനിമകളില്‍ കണ്ടു പരിചയിച്ച ഒരൊറ്റമുഖം പോലുമുണ്ടായില്ല. ഉത്തരകേരളം കേന്ദ്രമാക്കി കുറച്ചുവര്‍ഷം മുമ്പ് തരംഗമായി വന്ന ‘ഹോം’ സിനിമ എന്ന പേരിലറിയപ്പെട്ട അമച്വര്‍ സംരംഭങ്ങളെപ്പോലെ അപക്വമല്ലെന്നതും തിങ്കളാഴ്ച നിശ്ചയത്തിന്റെ സവിശേഷതയാണ്. ക്യാമറയ്ക്കു മുന്നില്‍ വര്‍ഷങ്ങളുടെ പരിചയമുള്ള അഭിനേതാക്കളെ വെല്ലുന്ന സ്‌ക്രീന്‍ പ്രസന്‍സും ആത്മവിശ്വാസവുമാണ് തിങ്കളാഴ്ച നിശ്ചയത്തില്‍ മിന്നി പ്രത്യക്ഷപ്പെട്ടുപോകുന്ന മുഴുകുടിയനും ഓട്ടോഡ്രൈവറും പന്തല്‍പണിക്കാരനും വരെ കാഴ്ചവയ്ക്കുന്നത്.

കെ.യു വിജയന്‍, പി.ആര്‍. അര്‍പിത്, സുനില്‍ സൂര്യ, രഞ്ജി കങ്കോല്‍, സജിന്‍ ചെറുകയില്‍, അനുരൂപ്, ഉണ്ണിരാജ, രാജേഷ് മാധവന്‍, അജിഷ പ്രഭാകരന്‍, അനഘ നാരായണന്‍, ഉണ്ണിമായ നാല്‍പ്പടം, സുചിത്ര ദേവി തുടങ്ങിയ അഭിനേതാക്കള്‍ നല്‍കുന്ന പ്രതീക്ഷ അവരുടെ തിരസാന്നിദ്ധ്യം നല്‍കുന്ന നൂതനത്വത്തേക്കാള്‍ വലുതാണ്.

പ്രത്യക്ഷത്തില്‍ സത്യന്‍ അന്തിക്കാടിന്റെ ചലച്ചിത്രശൈലി പിന്തുടരുന്ന സിനിമയായി തിങ്കളാഴ്ച നിശ്ചയത്തെ വിലയിരുത്തുന്നതിലും ഒരു കുഴപ്പമുണ്ട്. കേരളത്തിന്റെ വടക്കേ അറ്റത്ത് കാസര്‍കോടിനടുത്ത് കാഞ്ഞങ്ങാട്ടെ ഒരു നാട്ടുമ്പുറത്തു നടക്കുന്ന, കാഞ്ഞങ്ങാടന്‍ മലയാളം സംസാരിക്കുന്നവരുടെ കഥ ആര്‍ജ്ജവത്തോടെ ആത്മാർഥതയോടെ ആവിഷ്‌കരിക്കുന്ന സിനിമയാണ് ‘തിങ്കളാഴ്ച നിശ്ചയം’.

ഹാസ്യത്തില്‍ പൊതിഞ്ഞ സാമൂഹികവിമര്‍ശമാണ് അതിന്റെ ഉള്ളടക്കം. സമകാലിക കേരള ഗ്രാമത്തിന്റെ കാരിക്കേച്ചര്‍ സത്യന്‍ സിനിമകളിലേതു പോലെ തിങ്കളാഴ്ച നിശ്ചയത്തിലും കാണാം. എന്നാല്‍ അന്തിക്കാടന്‍ സ്‌കൂളില്‍ നിന്ന് ഈ ചിത്രം വേറിട്ടതാവുന്നതും അതിലെ ഭാഷണ, താര സവിശേഷതകളില്‍ തന്നെയാണ്. ഇതേ പ്രമേയം സത്യന്‍ സിനിമയാക്കിയിരുന്നെങ്കില്‍, കേന്ദ്രകഥാപാത്രമായ കുവൈറ്റ് വിജയനാവുക ഇരിങ്ങാലക്കുട ഭാഷ സംസാരിക്കുന്ന ഇന്നസെന്റ് ആയേനെ. കൂട്ടുകാരനും പാര്‍ട്ടി പ്രവര്‍ത്തകനും പഞ്ചായത്തംഗവുമായ അവുക്കാദര്‍ ആയി എത്തുക മാമ്മൂക്കോയയും. തീറ്റപ്രിയനായ അമ്മാവനായി സുനില്‍ സുഗത വന്നേക്കാം. ഇങ്ങനെ ഒരേ സമയം കേരളത്തിലെ പല ഭാഷകള്‍ മാറി മാറി സംസാരിക്കുന്ന നടീനടന്മാര്‍ ചേര്‍ന്ന് ഒരാഗോള ഗ്രാമമാക്കി അതിനെ മാറ്റുമായിരുന്നു. ഇവിടെയാണ് കാഞ്ഞങ്ങാടന്‍ സ്‌ളാങില്‍ അവിടത്തെ പ്രകൃതം ശരീരത്തിലും ശാരീരത്തിലും ആവഹിച്ച ഒരു പറ്റം അഭിനാതാക്കളുടെ പ്രാദേശികത ഉള്‍ക്കൊണ്ട പ്രകടനം തിങ്കളാഴ്ച നിശ്ചയത്തിന്റെ ഉള്‍ക്കരുത്താകുന്നത്. 

thinkalazhacha-nishchayam-2

വിഡ്ഢിയായ പന്തല്‍കെട്ടുകാരന്‍ ഗിരീഷ് (രഞ്ജി കങ്കോല്‍) പോലും പതിവ് അന്തിക്കാടന്‍ കാരിക്കേച്ചറില്‍ നിന്ന് ഒരു പടി ഉയര്‍ന്നുനില്‍ക്കുന്നത് അയാളുടെ അനിതരസാധാരണമായ അഭിനയമികവിലൂടെയാണ്. ഇന്ത്യന്‍ മുഖ്യധാരാ സിനിമയുടെ പതിവു വഴക്കങ്ങളെ അപ്പാടെ നിഷേധിക്കുന്ന ഒന്നല്ല തിങ്കളാഴ്ച നിശ്ചയം. ഗാനരംഗങ്ങളും ചിരിയും പ്രണയവുമെല്ലാം ഉള്‍ക്കൊണ്ട കൃത്യമായ ചേരുവ അതിനുണ്ട്. പക്ഷേ, തിങ്കളാഴ്ച നിശ്ചയം വ്യത്യസ്തമാകുന്നത് ആ ചേരുവകളെ കുറേക്കൂടി ആഴത്തില്‍, കുറേക്കൂടി അര്‍ത്ഥവത്തായി ഉപയോഗിക്കുക വഴിയാണ്. 

സിനിമയുടെ സമഗ്രതയില്‍ ഒരു കഥാപാത്രമോ കഥാസന്ദര്‍ഭമോ മുഴച്ചുനില്‍ക്കാതെയുള്ള തിരക്കഥാമികവാണ് തിങ്കളാഴ്ച നിശ്ചയത്തിന്റെ അത്താണി. നര്‍മ്മത്തെ കറുത്തഹാസ്യമോ അപഹാസ്യമോ പരിഹാസമോ ആയി വേര്‍തിരിക്കാതെ പ്രമേയത്തിന്റെ അന്തര്‍ധാരയായി നിലനിര്‍ത്തുന്ന രചാനശൈലിയാണ് തിരക്കഥയുടെ വിജയം. .നായികയായ സുജയുടെ പെണ്ണുകാണല്‍ ദൃശ്യത്തില്‍ തന്നെ ഈ സവിശേഷത കൃത്യമായി അടയാളപ്പെടുന്നുണ്ട്. ഗള്‍ഫില്‍ നിന്നു വന്ന, പിന്തിരിപ്പന്‍ മൂരാച്ചിയായ ലക്ഷ്മീകാന്തന്റെ ശൃംഗാരം മുറ്റിയ ചോദ്യങ്ങള്‍ക്ക് അവള്‍ നല്‍കുന്ന മറുപടി അന്ധമായ മതരാഷ്ട്രീയത്തെ വിമര്‍ശിക്കുന്ന ചാട്ടുളി മൂര്‍ച്ഛയുള്ളതാണ്. സുജ വിശ്വാസിയാണോ എന്ന ലക്ഷ്മീകാന്തന്റെ ചോദ്യത്തിന്, പിന്നെ എപ്പോഴും പോകും ശബരിമലയില്‍ പോകണമെന്നുണ്ട് എന്നാണ് അവളുടെ മറുപടി. മറ്റൊരു കാമുകനുള്ള അവള്‍ ആ ബന്ധം എങ്ങനെയും മുടക്കാന്‍ വേണ്ടി കരുതിക്കൂട്ടി പറയുന്ന ഈ മറുപടിയെച്ചൊല്ലി പിന്നീടൊരിക്കല്‍ പശ്ചാത്താപത്തോടെ അയ്യപ്പനോട് ക്ഷമചോദിക്കുന്നുണ്ട് സുജ. 

വ്യക്തമായ രാഷ്ട്രീയ നിലപാടുകളും ചിത്രം മുന്നോട്ടുവയ്ക്കുന്നുണ്ട്. ആണധികാരം ജനാധിപത്യത്തെ വെല്ലുവിളിക്കുന്നതെങ്ങനെയെന്നു ജനാധിപത്യസങ്കല്‍പത്തെ തന്നെ ട്രോളിക്കൊണ്ട് ചിത്രാന്ത്യത്തില്‍ സംവിധായകന്‍ വ്യക്തമാക്കുന്നുണ്ട്.ഒരര്‍ത്ഥത്തില്‍ ആധുനികമായ സൈബര്‍ ട്രോളിങിന്റെ സിനിമാറ്റിക് വകഭേദമെന്ന് ഈ സിനിമയുടെ ദൃശ്യപരിചരണത്തെ വിശേഷിപ്പിച്ചാല്‍ തെറ്റില്ല. കാരണം ചിത്രത്തിലെ ഒരോ രംഗത്തിന്റെയും ഒരു ഉപകഥയുടെയും അന്ത്യം അത്തരമൊരു പഞ്ചിലാണ്. ആ ദൃശ്യ പഞ്ചുകളാണ് ചിത്രത്തെ സിനിമാറ്റിക്ക് ട്രോള്‍ ആക്കി തീര്‍ക്കുന്നത്. 

thinkalazhacha-nishchayam-4

സംവിധായകനായ സെന്ന ഹെഗ്‌ഡേയും ശ്രീരാജ് രവീന്ദ്രനും ചേര്‍ന്നാണ് തിരക്കഥയെഴുതിയത്. ഒളിച്ചോടിപ്പോകുന്ന സുജ പിതാവിനെഴുതി വയ്ക്കുന്ന കത്തിലെ സിനിമാപ്പാട്ടുകള്‍ ക്വോട്ട് ചെയ്ത വരികളിലെ നര്‍മ്മം ഊറിച്ചിരിക്കുള്ള വകയാകുന്നത് അതു വായിക്കുന്ന എഎസ്‌ഐക്ക് അത് സിനിമാപ്പാട്ടാണെന്നുകൂടി തിരിച്ചറിയാനാവാതെ പോകുമ്പോഴാണ്. തന്റെ തമാശകളിന്മേല്‍ പ്രേക്ഷകപ്രതികരണത്തിനായി കാത്തുനില്‍ക്കാതെ മാലപ്പടക്കം പോലെ ഒന്നിനുപിറകെ ഒന്നായി തമാശ പൊട്ടിക്കുന്ന സ്റ്റാന്‍ഡപ് കൊമേഡിയന്‍ കൈയാളുന്ന കൃത്രിമ ഗൗരവത്തിനു സമാനമായ ദൃശ്യപരിചരണമാണ് തിങ്കളാഴ്ച നല്ലദിവസത്തില്‍ തിരക്കഥാകൃത്തും സംവിധായകനും കാഴ്ചവച്ചിട്ടുള്ളത്.

സിനിമ ആവശ്യപ്പെടുന്ന മിതത്വം ദൃശ്യങ്ങളില്‍ ഉള്‍ക്കൊണ്ടാണ് ഛായാഗ്രാഹകനായ ശ്രീരാജ് രവീന്ദ്രന്‍ തന്റെ ക്യാമറാക്കോണുകളും ചലനങ്ങളും വിന്യസിച്ചിരിക്കുന്നത്. ഒരു ഫ്രെയിം പോലും ആസ്വാദനത്തിന് അരോചകമാവാതെ ഹരിലാല്‍ രാജീവ് സന്നിവേശവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ എടുത്തുപറയേണ്ട ഒരു ഘടകം മുജീവ് മജീദിന്റെ സംഗീതമാണ്. ഗാനസംഗീതത്തേക്കാള്‍, പശ്ചാത്തലസംഗീതത്തിന്റെ മിഴിവ് എടുത്തുപറയേണ്ടതു തന്നെയാണ്.

സംസ്ഥാന അവാര്‍ഡിന്റെ അര്‍ഹതയെപ്പറ്റിയുള്ള വിവാദങ്ങളൊക്കെ മാറ്റിനിര്‍ത്തിയാല്‍, തിങ്കളാഴ്ച നിശ്ചയം സമകാലികകേരളത്തിലെ മധ്യവര്‍ത്തി കുടുംബങ്ങളുടെ അന്തപ്പുരക്കാഴ്ചകളുടെ സത്യസന്ധമായ ആവിഷ്‌ക്കാരമാണ്. കൃതഹസ്തനായൊരു സംവിധായകന്റെ ഏറെ സൂക്ഷ്മമായ ആസൂത്രണത്തിന്റെ ഫലശ്രുതിയും.

(ചലച്ചിത്ര നിരൂപകനാണ് ലേഖകൻ)

English Summary: ‘Thinkalazhcha Nishchayam’ movie review

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS