ADVERTISEMENT

അവതാരകൻ, റേഡിയോ ജോക്കി, ഡബ്ബിങ് ആർട്ടിസ്റ്റ് എന്നീ നിലകളിൽ ശ്രദ്ധേയനായ ആർ.ജെ. മാത്തുക്കുട്ടി ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘കുഞ്ഞെൽദോ’ കലാലയ വർണ്ണങ്ങളിൽനിന്ന് ജീവിതത്തിന്റെ സങ്കീർണ്ണതകളിലേക്കു ചിറകുവിടർത്തുന്ന ഫാമിലി ഇമോഷനൽ ഡ്രാമയാണ്. നവാഗതനായ സംവിധായകനു പിന്തുണയുമായി വീനിത് ശ്രീനിവാസൻ ക്രിയേറ്റീവ് ഹെഡ് ആയും സംവിധായകൻ അഹമ്മദ് കബീർ കോ-ഡയറക്ടറായും എത്തുന്നു. കൗമാരക്കാരനായ കലാലയ വിദ്യാർഥിയുടെ വേഷം ആസിഫ് അലി ഭംഗിയാക്കുമ്പോൾ പുതുമുഖ നായിക ഗോപിക ഉദയൻ തുടക്കക്കാരിയുടെ പതർച്ചകളില്ലാതെ നിവേദിതയെന്ന വിദ്യാർഥിനിയുടെ വേഷം മികവുറ്റതാക്കുന്നു. സൗഹൃദവും പ്രണയവും ഗൃഹാതുരത്വവും സങ്കീർണതകളും ഇടകലർന്ന കഥാ സന്ദർഭങ്ങൾക്കൊപ്പം സഞ്ചരിക്കുന്ന ഷാൻ റഹ്മാന്റെ പാട്ടുകളും പശ്ചാത്തല സംഗീതവുമാണ് സിനിമയുടെ മറ്റൊരു ഹൈലൈറ്റ്.

ട്രെയിലറും ടീസറും പാട്ടുകളുമൊക്കെ സിനിമയ്ക്കൊരു വിന്റേജ് ക്യാംപസ് പ്രണയത്തിന്റെ പരിവേഷം നൽകിയിരുന്നു. അത്തരം ധാരണകളോടു ചേർന്നു നിൽക്കുന്നതായിരുന്നു ചിത്രത്തിന്റെ ഒന്നാം പകുതി. മലയാളം ബിരുദ വിദ്യാർഥിയായി എത്തുന്ന കുഞ്ഞെൽദോയുടെ ക്യാംപസ് കൗതുകങ്ങളും സൗഹൃദവും പ്രണയവുമെല്ലാം ചേർന്നു സംഭവബഹുലമാണ് സിനിമയുടെ ആദ്യ പകുതി. സംവിധായകന്റെ സ്വന്തം കലാലയം കൂടിയായ ആലുവ യുസി കോളജ് കുഞ്ഞെൽദോയുടെ ക്യാംപസ് കാലഘട്ടത്തിനു കൂടുതൽ മിഴിവേകുന്നു. മാത്തുക്കുട്ടിയുടെ സുഹൃത്തും സഹപാഠിയുമായിരുന്ന എൽദോ ജോണിന്റെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾകൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. 2003-2006 കാലഘട്ടത്തെയാണ് സിനിമയിലൂടെ സംവിധായകൻ പുനരാവിഷ്കരിക്കുന്നത്. തിരക്കഥ ആവശ്യപ്പെടുന്ന മട്ടിൽ സിനിമയ്ക്കു വിന്റേജ് ഫീൽ നൽകാൻ ഛായാഗ്രാഹകൻ സ്വരൂപ് ഫിലിപ്പിനും കഴിഞ്ഞിട്ടുണ്ട്.

സഹപാഠി നിവേദിതയോടുള്ള കുഞ്ഞെൽദോയുടെ പ്രണയത്തെ റാഗിങ്, എൻഎസ്എസ് ക്യാംപ്, യുവജനോത്സവം എന്നിവയുടെ സഹായത്തോടെ സംവിധായകൻ മനോഹരമായി വികസിപ്പിച്ചെടുക്കുന്നു. ക്യാംപസ് പ്രണയത്തിന്റെ കുട്ടിക്കളിയും പക്വതയില്ലായ്മയുമൊക്കെ ഇവരുടെയും പ്രണയത്തിലും നിറയുന്നുണ്ട്. സമീപകാല സിനിമകൾ വിദ്യാർഥി ജീവിതത്തെ ഏറ്റവും ജൈവികവും സ്വാഭവികവുമായി അവതരിപ്പിച്ചു കയ്യടി നേടുമ്പോൾ കുഞ്ഞെൽദോയിലെ ചില രംഗങ്ങൾ മുഴച്ചു നിൽക്കുന്നുണ്ട്. എന്നാൽ രണ്ടാം പകുതിയിൽ ചിത്രം കൂടുതൽ കരുത്തു നേടുന്നു. കുഞ്ഞെൽദോയുടെയും നിവേദിതയുടെയും കലാലയ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിതമായ ഒരു സംഭവവും അത് ഇരുവരുടെയും ജീവിതത്തിൽ ഉയർത്തുന്ന സങ്കീർണതകളുമാണ് ചിത്രത്തിന്റെ അവസാന പകുതി. അതുവരെ ക്യാംപസ് ജീവിതത്തിന്റെ ലാഘവത്തോടെ കഥ പറയുന്ന ചിത്രം കൂടുതൽ ഗൗരവമായ ആഖ്യാനത്തിലേക്ക് ട്രാക്ക് മാറ്റുകയും പതിയെ ശക്തിപ്രാപിക്കുകയും ചെയ്യുന്നു.

kunjeldho-asif

കോളജ് വിദ്യാർഥിയുടെ വേഷം മികച്ചതാക്കി മാറ്റി ആസിഫ് അലി മറ്റൊരു ഫീൽഗുഡ് ഹിറ്റ് കൂടി സ്വന്തം പേരിൽ എഴുതിച്ചേർക്കുന്നു. അനാർക്കലി നാസർ, ഹരിതാ ഹരിദാസ്, മിഥുൻ എം. ദാസ്, അർജുൻ ഗോപാൽ, എബിൻ പോൾ, അഖിൽ മനോജ്, അശ്വതി ശിവപ്രസാദ് എന്നിവർ നായകനും നായികയ്ക്കും മികച്ച പിന്തുണ നൽകുന്നു. ഗീവർഗ്ഗീസ് എന്ന അധ്യാപകന്റെ വേഷം സിദ്ദീഖും മനോഹരമാക്കുന്നു.

Asif Ali and Gopika Udayan play the lead roles in Kunjeldho.
Asif Ali and Gopika Udayan play the lead roles in Kunjeldho.

സന്തോഷ് വർമ, അശ്വതി ശ്രീകാന്ത്, അനു എലിസബത്ത് ജോസ് എന്നിവർ ചേർന്നു വരികളെഴുതി ഷാൻ റഹ്മാൻ ഈണം നൽകിയ പാട്ടുകൾ സിനിമയെ കൂടുതൽ ഹൃദ്യമാക്കുന്നു. എഡിറ്റിങ് ടേബിളിൽ രഞ്ജൻ എബ്രഹാം തന്റെ ജോലി കൃത്യമായി നിർവഹിക്കുമ്പോൾ കുഞ്ഞെൽദോ ക്രിസ്മസ് റിലീസുകളിലെ മികച്ചൊരു ഫാമിലി ഹിറ്റായി മാറുന്നു. ക്യാംപസ് മാസ് എന്റർടെയിനറായി മാറാതെ മാനുഷിക ബന്ധങ്ങൾക്കും അതിലെ ഊഷ്മളതയ്ക്കും സങ്കീർണതകൾക്കുമാണ് ചിത്രം കൂടുതൽ പ്രാധാന്യം നൽകുന്നത്. കുഞ്ഞെൽദോയുടെയും നിവേദിതയുടെയും ജീവിതത്തിലെ പ്രതിസന്ധികൾക്കും സങ്കീർണതകൾക്കും മേലേ പ്രതീക്ഷയുടെ പുതുമഴയായി ഒരു അതിഥി വന്നെത്തുന്നതോടെ ഒരു ഹാപ്പി എൻഡിങ് ഫാമിലി മൂവിയായി സിനിമ തിരശ്ശീല താഴ്ത്തുന്നു.

kunjeldho-movie
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com