ADVERTISEMENT

ഹാപ്പി എന്നാണ് ബ്രോ ഡാഡി എന്ന സിനിമയിലെ സൗബിന്റെ കഥാപാത്രത്തിന്റെ പേര്. സൗബിൻ മാത്രമല്ല ഇൗ സിനിമയിലെ എല്ലാവരും എപ്പോഴും ഹാപ്പിയാണ്. കാണുന്ന പ്രേക്ഷകരാണെങ്കിൽ അവരെക്കാൾ ഹാപ്പി. ഹാപ്പി എന്ന പേര് സൗബിനെക്കാൾ കൂടുതൽ ചേരുക സിനിമയ്ക്കാണെന്നും പറയാം.  

 

അപ്പനും മകനുമാണെങ്കിലും ജോൺ കാറ്റാടിയും ഇൗശോ കാറ്റാടിയും സഹോദരങ്ങളെ പോലെയാണ്. ലുക്കിൽ മാത്രമല്ല അന്യോന്യമുള്ള പെരുമാറ്റത്തിലും അങ്ങനെ തന്നെയാണ്. ജോണിന്റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് കുര്യൻ(ലാലു അലക്സ്). ‌കാറ്റാടിയുടെയും കുര്യന്റെയും ഭാര്യമാരും ‍കുര്യന്റെ മകളുമാണ് സിനിമയിലെ പ്രധാന സ്ത്രീകഥാപാത്രങ്ങൾ. ഇൗ രണ്ടു കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ബ്രോ ഡാഡി പറയുന്നത്. 

 

തമാശയിൽ തുടങ്ങി തമാശയിലൂടെ സഞ്ചരിച്ച് തമാശയിൽ അവസാനിക്കുന്ന സിനിമ. ഒരു ഒൗട്ട് ആൻഡ് ഒൗട്ട് ഫൺ എന്റെർടെയിനർ. ഒടിടി റിലീസായതിനാൽ ആദ്യ പകുതി രണ്ടാം പകുതി എന്നൊക്കെയുള്ള വേർതിരിവുകൾ നടത്തേണ്ടതില്ല. എങ്കിലും കൂടുതൽ ചിരിപ്പിച്ചത് ആദ്യ പകുതി തന്നെയാണ്. സ്ക്രീനിലെത്തിയ എല്ലാ കഥാപാത്രങ്ങളും ഒരേ പോലെ എനർജെറ്റിക്കായി മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നു. 

 

വിന്റേജ് ലാലേട്ടനെ കണ്ടേ എന്നു പറഞ്ഞാണ് സമൂഹമാധ്യമങ്ങളിലെ റിവ്യൂ പോസ്റ്റുകൾ പലതും കുളിരു കൊള്ളുന്നത്. പക്ഷേ വിന്റേജ് മോഹൻലാൽ എന്നതിലുപരി കാലഘട്ടത്തിനുനസരിച്ച് മാറിയ പുതിയ മോഹൻലാലാണ് ഇൗ സിനിമയിലെതെന്നു വിലയിരുത്തേണ്ടി വരും. പൃഥ്വിരാജിന്റെ അച്ഛനാകാൻ കാണിച്ച ധൈര്യത്തിൽ തുടങ്ങി ആ രൂപാന്തരം കാണാൻ സാധിക്കും. കുസൃതിത്തരങ്ങൾ നിറഞ്ഞ ഹാസ്യം അതീവരസകരമായി അദ്ദേഹം കൈകാര്യം ചെയ്തു. മല്ലികാ സുകുമാരനൊപ്പമുള്ള പോലുള്ള ചില രംഗങ്ങൾ എടുത്തു പറയേണ്ടതാണ്.  

 

ലാലു അലക്സിനെ ഒരുപാട് കാലം കൂടി ഒരു ഫുൾ ലെങ്ത് കഥാപാത്രമായി കാണാൻ സാധിച്ചു എന്നതാണ് ബ്രോ ഡാഡിയുടെ ഏറ്റവും വലിയ പ്രത്യേകത. അൽപം ചൂടനായ എന്നാൽ ചിലപ്പോഴൊക്കെ ലോലനാകുന്ന കുര്യനെ അദ്ദേഹം ഭംഗിയാക്കി. സംവിധാനത്തിനൊപ്പം അഭിനയമെന്ന കടമ്പ പൃഥ്വി നിസ്സാരമാക്കിയപ്പോൾ സ്ക്രീനിൽ മുഴുവൻ എനർജി നിറച്ചത് കല്യാണിയാണ്. മീനയും കനിഹയും തങ്ങളുടെ വേഷങ്ങൾ മികവോടെ അവതരിപ്പിച്ചു. മല്ലികാ സുകുമാരൻ, ജഗദീഷ്, ഉണ്ണി മുകുന്ദൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കി. 

 

ലൂസിഫർ എന്ന ഡാർക്ക് ആക്‌ഷൻ സിനിമയുടെ നേർവിപരീതമെന്ന് പറയാവുന്ന കളർഫുൾ ഫാമിലി എന്റെർടെയിനറാണ് പൃഥ്വി ബ്രോ ഡാഡിയിലൂടെ സാക്ഷാത്ക്കരിച്ചിരിക്കുന്നത്. ഒരു ജോണറിന്റെയും വക്താവായി മാറരുതെന്നുള്ള പൃഥ്വിയുടെ ആഗ്രഹവും അതിന്റെ കാരണമായിരിക്കാം. എന്തുതന്നെയായാലും ഒരു സംവിധായകന്റെ കരിയറിൽ ഏറ്റവും നിർണായകമെന്ന് വിശേഷിപ്പിക്കാവുന്ന രണ്ടാമത്തെ ചിത്രവും പൃഥ്വി മികച്ചതാക്കി. ശ്രീജിത്തും ബിബിനും ചേർന്ന് എഴുതിയിരിക്കുന്ന കഥയാണ് സിനിമയുടെ മർമം. പൊതുസമൂഹം അശ്ലീലമെന്ന് പരദൂഷണം പറഞ്ഞേക്കാവുന്ന ആ കഥയെ വളരെ മികവോടെ കുടുംബങ്ങൾക്ക് സ്വീകാര്യമായ രീതിയിൽ പൃഥ്വി ഒരുക്കി. അഭിനന്ദൻ രാമാനുജന്റെ കളർഫുൾ ഫ്രെയിമുകളും പ്രേക്ഷകരെ ആകർഷിക്കുന്നതാണ്. 

 

മറ്റൊന്നും ചിന്തിക്കാതെ ചിരിക്കാൻ മാത്രം അവസരം തരുന്ന ചിത്രം. അതാണ് ബ്രോ ഡാഡി. പ്രേക്ഷകനെ പിടിച്ചിരുത്താൻ ആക്‌ഷനോ, ത്രില്ലോ, ക്രൈമോ എന്തിന് വലിയ ഫീൽ ഗുഡ് പോലും വേണ്ട മറിച്ച് തമാശ മാത്രം മതിയെന്നു തെളിയിക്കുന്ന സിനിമ. എല്ലാം മറന്ന് കുടുംബത്തോടൊപ്പമിരുന്ന് രസിച്ചു കാണാൻ പറ്റിയ ചിത്രം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com