ADVERTISEMENT

മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരന്‍ ആരാണ്, കുമാരനാശാനോ സി വി രാമന്‍പിള്ളയോ? തന്റെ ആത്മകഥയില്‍ ഈ ചോദ്യം സ്വയം ചോദിക്കുന്ന കെ.പി. അപ്പനെ ‘ഗ്രാമവൃക്ഷത്തിലെ കുയില്‍’ എന്ന മനോഹരമായ ചലച്ചിത്രകാവ്യത്തിലൂടെ കെ.പി. കുമാരന്‍ തിരുത്തുന്നു. 2019ല്‍ നിര്‍മാണം പൂര്‍ത്തിയായ സിനിമ ഇപ്പോള്‍ തിയറ്റുകളില്‍.

 

കുമാരനാശാന്റെ ബാധയേറ്റത് ഗര്‍ഭത്തില്‍വെച്ചായിരിക്കണം. ഓര്‍മയുള്ള കാലം മുതലേ അമ്മ ആശാനെയും വള്ളത്തോളിനെയും കാണാതെ ചൊല്ലുന്നതു കേട്ടിട്ടുണ്ട്. അപ്പോള്‍ എന്നെ ഗര്‍ഭത്തില്‍ വഹിച്ചിരുന്നപ്പോഴും അമ്മ ആശാനെ ചൊല്ലിയിട്ടുണ്ടാകുമെന്നുറപ്പല്ലെ. അച്ഛമ്മയുടെ സന്ധ്യാനാമങ്ങളില്‍ കിടിലന്‍ കവിതകളുണ്ടായിരുന്നെങ്കിലും (യമന്‍ വരുന്ന നേരമങ്ങനെിക്കു പേടി പോകുവാന്‍ എരിഞ്ഞ കണ്ണിലഗ്നിയോടെ യമനെയൊന്ന് നോക്കണം എന്നായിരുന്നു ഒരു പ്രാര്‍ഥന; യമനെ ഓടിക്കേണ്ട, അങ്ങേരോട് പേടി തോന്നിപ്പിക്കാതിരുന്നാല്‍ മതിയെന്ന്.) കുഞ്ഞുമനസ്സിനെ ആദ്യം തൊട്ടതും കുമാരനാശാനാണ്. അഞ്ചിലോ ആറിലോ ആയിരിക്കും ആശാന്റെ അമ്പിളി എന്ന കവിത പഠിച്ചത്.

 

തുമ്പപ്പൂവിലും തൂമയെഴുംനിലാവ-

മ്പില്‍ തൂകിക്കൊണ്ടാകാശ വീഥിയില്‍

അമ്പിളി പൊങ്ങി നില്‍ക്കുന്നിതാമര-

ക്കൊമ്പിന്മേല്‍ നിന്നു കോലോളം ദൂരത്തില്‍.

 

(കാലമായധികമിന്നൊരക്ഷരം

പോലുമായതില്‍ മറപ്പതില്ല ഞാന്‍)

 

അമ്പത്തഞ്ചര വയസ്സിനിടയ്ക്ക് ഒരുപാടു പേരെ വായിച്ചിട്ടും ആശാന്റെ കവിത നിത്യഭാസുരമായി നില്‍ക്കുന്നു. എന്നാല്‍ ഒരിക്കല്‍ മാത്രം മനമിടറിയത് അഞ്ചാറു വര്‍ഷം മുമ്പാണ്. ആദ്യമായി സി.വി. രാമന്‍പിള്ളയെ വായിച്ചപ്പോള്‍. രണ്ടെണ്ണമേ ഇതുവരെ വായിച്ചുള്ളു - മാര്‍ത്താണ്ഡവര്‍മയും ധര്‍മരാജയും. രാരാജാബഹദൂര്‍ വായിക്കാതെ തന്നെ അവനവനോടുപോലും ചോദിക്കാന്‍ പേടിയുള്ള ആ വലിയ ചോദ്യം വേട്ടയാടാന്‍ തുടങ്ങി - ആരാണ് വലിയ എഴുത്തുകാരന്‍, സിവിയോ ആശാനോ?

 

kumaranashan-movie
ഗ്രാമവൃക്ഷത്തിലെ കുയിൽ എന്ന ചിത്രത്തിൽ നിന്നും

ചെറുതെങ്കിലും സുന്ദരമായ ആത്മകഥയില്‍ (തനിച്ചിരിക്കുമ്പോള്‍ ഓര്‍മിക്കുന്നത്) പ്രിയങ്കരനായ കെ.പി. അപ്പനും ആ ചോദ്യം സ്വയം ചോദിക്കുന്നു - മലയാളത്തിലെ ഏറ്റവും വലിയ എഴുത്തുകാരന്‍ ആരാണ്, സിവിയോ ആശാനോ?

cv-raman-pillai
സി.വി. രാമൻപിള്ള

 

ആദ്യമായി വായിച്ച കാലത്തിന്റെ സാമീപ്യം കൊണ്ടാകാം, ഉള്ളില്‍ സിവിയോട് ഒരിത്തിരി ആരാധനക്കൂടുതല്‍ തോന്നിയതുകൊണ്ട്, അപ്പന്റെ ഉത്തരം എന്നെ സുഖിപ്പിച്ചു. എന്നാല്‍ ഇന്നലെ ഗ്രാമവൃക്ഷത്തിലെ കുയില്‍ എന്ന സിനിമ കണ്ടപ്പോള്‍ ആശാനെയും സിവിയേയും താരതമ്യം ചെയ്യാന്‍ ശ്രമിച്ചത് തെറ്റായിപ്പോയെന്ന് മനസ്സിലായി. സമകാലീനരായിരുന്ന ആശാനും സിവിയും പരസ്പരം ഏറെ ബഹുമാനിച്ചിരുന്നവരാണെന്ന അറിവല്ല, കെ.പി. കുമാരനും ശ്രീവത്സന്‍ ജെ. മേനോനും അനുഭവിപ്പിച്ച ആശാന്‍ കവിതയുടെ ഇതുവരെ പരിചയിച്ചിട്ടില്ലാത്ത രസാനുഭൂതിയാണ് ആ തെറ്റുതിരുത്തലിന് കാരണമായത്.

 

അതിനപ്പുറം, ഏഷ്യാനെറ്റിനു വേണ്ടി കഥാപാത്രങ്ങള്‍ സന്ദര്‍ഭങ്ങള്‍ എന്ന സിരീസില്‍ ഇതേ കെ.പി. കുമാരന്‍ സിവിയെപ്പറ്റി എടുത്ത എപ്പിസോഡും ഓര്‍ത്തു. 83 വയസ്സു പിന്നിട്ടിട്ടും സജീവമായി നില്‍ക്കുന്ന തന്റെ ചലച്ചിത്രജീവിതത്തില്‍ സി.വി. രാമന്‍ പിള്ളയേയും കുമാരനാശാനെയും പ്രണമിക്കാന്‍ സാധിച്ച മറ്റൊരു വലിയ കലാകാരന്‍ (കലാകാരന്മാരെ ടെക്‌നീഷ്യന്‍സ് എന്നും ടെക്‌നീഷ്യന്‍സിനെ കലാകാരന്മാരെന്നും വിളിക്കുന്ന സിനിമാപ്പരിപാടി എവിടന്നു വന്നോ എന്തൊ).

 

ആശാന്‍ സാന്ദ്രമാണ്, സിവി ഇതിഹാസവും - കെ.പി. കുമാരന്റെ ഈ വാക്കുകള്‍ ഇന്നു കേട്ടപ്പോള്‍ മനസ്സ് കൂടുതല്‍ തെളിഞ്ഞു.

 

81-ാം വയസ്സില്‍ കെ.പി. കുമാരന്‍ സംവിധാനം ചെയ്ത ഗ്രാമവൃക്ഷത്തിലെ കുയില്‍ അദ്ദേഹം 84-നോടടുക്കുമ്പോള്‍ ഇതാ തിയറ്ററുകളിലെത്തിയിരിക്കുന്നു. തന്റെ സ്വപ്‌നപദ്ധതി അല്‍പ്പം വൈകിയെങ്കിലും പൂവണിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് 1975ല്‍ പുറത്തിറങ്ങിയ അതിഥിയിലൂടെ അന്നത്തെ യുവതലമുറയുടെ കള്‍ട്ട് സംവിധായകനായി മാറിയ കെ.പി. കുമാരന്‍. നിര്‍ഭാഗ്യവശാല്‍ ഇത്തരം എല്ലാ നല്ല ചിത്രങ്ങളേയും പോലെ ഗ്രാമവൃക്ഷത്തിലെ കുയിലിനും റിലീസ് കേന്ദ്രങ്ങള്‍ കുറവാണ് - എട്ട് നഗരവൃക്ഷങ്ങളില്‍ മാത്രം - തിരുവനന്തപുരം ഏരീസ്, കൊല്ലം രമ്യ, ആലപ്പുഴ ശ്രീ, ചേര്‍ത്തല ശ്രീ, കോട്ടയം രമ്യ, എറണാകുളം സവിത, തൃശൂര്‍ ശ്രീ, കോഴിക്കോട് ശ്രീ എന്നിവിടങ്ങളില്‍. അതും എപ്പോള്‍ വേണമെങ്കിലും പറന്നുപോകാം എന്ന ഭാവത്തോടെയും.

 

ഗ്രാമവൃക്ഷത്തിലെ കുയിലിനെ പൂര്‍ണമായ തോതിലുള്ള ഒരു ബയോപിക് എന്നു വിളിക്കുക വയ്യ. എന്നാലും മലയാളി ഇത്ര കാലവും കുമാരനാശാനെ ഒരു സിനിമ കൊണ്ട് ആദരിക്കാഞ്ഞതെന്താണെന്ന അദ്ഭുതകമാര യസംശയത്തിനു കൂടിയുള്ള വിശദീകരണമാണ് കെ.പി. കുമാരന്റേത്. ആശാന്റെ കുട്ടിക്കാലവും വിദ്യാഭ്യാസവും നാരായണ ഗുരുവുമായുള്ള ബന്ധവും സൗഹൃദങ്ങളും സംഘടനാപ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്നുണ്ടെങ്കിലും ഭാനുമതിഅമ്മയോടൊത്തുള്ള ദാമ്പത്യത്തെ പശ്ചാത്തലത്തില്‍ നിര്‍ത്തി അദ്ദേഹത്തിന്റെ ദുരവസ്ഥ, ചണ്ഡാലഭിക്ഷുകി, ചിന്താവിഷ്ടയായ സീത, കരുണ എന്നീ ഖണ്ഡകാവ്യങ്ങളിലൂടെയുള്ള ഭാവഗംഭീരമായ സഞ്ചാരമാണ് ഗ്രാമവൃക്ഷത്തിലെ കുയില്‍. അടിമുടി കവിത നിറഞ്ഞ ഒരു സിനിമ. നായകവേഷത്തിലെത്തുകയും സംഗീതസംവിധാനം നിര്‍വഹിക്കുകയും ചെയ്യുന്ന ശ്രീവത്സന്‍ ജെ. മേനോന്റെയും മെയ് മാസമേ പാടിയ അമല്‍ ആന്റണിയുടേയും കഥകളിഗായിക മീരാ രാംമോഹന്റെയും ആലാപനങ്ങള്‍ അഭൗമമായ അനുഭൂതിയാണ് പകരുന്നത്.

 

ആശാന്റെ തന്നെ ലീലയിലെ അത്യുദാത്തമായ വരികളിലൂടെ ആശാന്റെയും ഭാനുമതി അമ്മയുടേയും പ്രണയത്തിന്റെ തീവ്രത ഒരൊറ്റ സീനിലൂടെ കാട്ടിത്തരുന്ന മാന്ത്രികതയും അനുഭവിച്ചറിയണം.

kumaranashan-movie-1
കുമാരനാശാൻ

 

രതി നിത്യമൊരാള്‍ക്കൊരാളിലായ്

സ്ഥിതിചെയ്കില്‍ സഖി പെണ്ണിനാണിനും

അതിലും വലുതില്ലഹോ! വ്രതം;

ധൃതിമാനെന്തൊരു ധന്യനെന്‍ പ്രിയന്‍!

 

ശബ്ദലേഖനത്തില്‍ ലോകപ്രശസ്തനായ കൃഷ്ണനുണ്ണിയും ക്യാമറ കൊണ്ട് കവിത രചിക്കുന്ന കെ.ജി. ജയനുമാണ് ഈ രംഗങ്ങളിലെല്ലാം കെ പി കുമാരന് കൂട്ടുനില്‍ക്കുന്നത്.

 

ചിന്താവിഷ്ടയായ സീതയിലെത്തുമ്പോള്‍ നമുക്ക് മനസ്സിലാകും, ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഭാഷയില്‍പ്പറഞ്ഞാല്‍, ക്യാമറയ്ക്ക് അപ്രാപ്യമാണ് കവിതയുടെ ഭൂഖണ്ഡങ്ങള്‍ എന്ന്.

 

വേണ്ടാ ഖേദമെടോ, സുതേ! വരികയെന്നോതും മുനീന്ദ്രന്റെ കാല്‍-

ത്തണ്ടാര്‍ നോക്കിനടന്നധോവദനയായ് ചെന്നസ്സഭാവേദിയില്‍,

മിണ്ടാതന്തികമെത്തിയൊന്നനുശയക്ലാന്താസ്യനാം കാന്തനെ-

ക്കണ്ടാള്‍ പൗരസമക്ഷ,മന്നിലയിലീലോകം വെടിഞ്ഞാള്‍ സതീ.

 

കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍, മഹാകവി ഉള്ളൂര്‍, എ.ആര്‍. രാജരാജവര്‍മ, കെ.സി. മാമ്മന്‍ മാപ്പിള എന്നീ 'സവര്‍ണര്‍' തനിക്കു നല്‍കിയ പിന്തുണയേയും കുമാരന്റെ കുമാരു ഒരു രംഗത്ത് ഓര്‍ക്കുന്നു - ആ ഒരു ചെറിയ സംഭാഷണഖണ്ഡത്തിലൂടെ അങ്ങനെ സ്‌നേഹത്തില്‍ നിന്നുദിക്കുന്നൂ ലോകം സ്‌നേഹത്താല്‍ വൃദ്ധി തേടുന്നു എന്ന അതിമനോഹരമായ ആലാപനത്തിലൂടെ ആരംഭിക്കുന്ന സിനിമയുടെ സന്ദേശം പൂര്‍ത്തിയാക്കുന്നു. രാഷ്ട്രീയശരിതെറ്റുകളെ സ്‌നേഹത്തില്‍ ലയിപ്പിക്കുന്നതിനു പകരം വലിയ സ്‌ക്രീനില്‍ പ്രൊജക്റ്റു ചെയ്ത് കൂടുതല്‍ വെറുപ്പുണ്ടാക്കാന്‍ നോക്കുന്ന ഇക്കാലത്തിന്റെ കറകളെ കഴുകിക്കയുന്ന തെളിനീരാവുകയാണ് ഈ ഒരു സീനില്‍ ഇരുകുമാരന്മാരും.

 

പല്ലനയാറ്റിലെ ബോട്ടപകടത്തിനു മുമ്പുള്ള രംഗങ്ങളും ഉള്ളില്‍ത്തട്ടും. ഭാനുമതി ഉറങ്ങിക്കാണുമോ എന്നാണ് അപ്പോള്‍ ആശാന്റെ ചിന്ത. ലീലയിലെ ആ ഉപസംഹാര ശ്ലോകം അവിടെ ഉപയോഗിച്ചിട്ടില്ലെങ്കിലും സിനിമ കാണുന്നയാള്‍ അതോര്‍ത്തുപോകും വിധമാണ് ആശാന്റെ ആത്മഗതം.

 

ആരും തോഴീ ഉലകില്‍ മറയുന്നില്ല മാംസം വെടിഞ്ഞാല്‍

തീരുന്നില്ലീ പ്രണയജടിലം ദേഹിതന്‍ ദേഹബന്ധം,

പോരും, ഖേദം, പ്രിയസഖി,ചിരം വാഴ്കമാഴ്കാതെ വീണ്ടും

ചേരും നാം,കേള്‍ വിരതഗതിയായില്ല സംസാര ചക്രം

 

എന്തൊരു വലിയ കവി, എന്തൊരു വലിയ കവി എന്ന് ഓരോ നിമിഷവും ഓര്‍ത്തുകൊണ്ടു മാത്രമേ ഗ്രാമവൃക്ഷത്തിലെ കുയില്‍ കണ്ടിരിക്കാന്‍ സാധിക്കുകയുള്ളു. ലോകകവിതയില്‍ നമ്മുടെ ഈ ചെറിയ മലയാളത്തിന്റെ സ്ഥാനം അനശ്വരമാക്കിയ മഹാകവിക്കുള്ള ആധുനികകലയുടെ പ്രണാമമാണ് ഗ്രാമവൃക്ഷത്തിലെ കുയില്‍.

 

വാഗ്‌ദേവതയുടെ വീരഭടന്‍ എന്നാണ് കുമാരനാശാന്‍ സി.വി. രാമന്‍പിള്ളയെ വിശേഷിപ്പിച്ചത്. കെ.പി. അപ്പന്റെ അഭിപ്രായത്തെ ഒരു പക്ഷേ കുമാരനാശാന്റെ ആ വാക്കുകള്‍ സ്വാധീനിച്ചിരിക്കാം. തന്റെ അതേ ഇനിഷ്യല്‍സ് ഉള്ള സിനിമാക്കാരന്റെ സൃഷ്ടി കാണാന്‍ കൂടി കെ.പി. അപ്പന്‍ ജീവിച്ചിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com