ADVERTISEMENT

ഊട്ടിയിൽ നിന്ന് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയിൽ അപരിചിതരായ രണ്ടു പേർ കണ്ടുമുട്ടാനിടയാകുന്നതും ആ യാത്ര അവരുടെ ജീവിതം തന്നെ മാറ്റി മറിക്കുന്നതുമാണ് ‘ഉല്ലാസം’ എന്ന ചിത്രം പറയുന്നത്.  ഓരോരുത്തരുടെയും ജീവിതം വളരെ വ്യത്യസ്തമാണ്. ഒരു ദിവസം കൊണ്ടൊന്നും ഒരാൾക്ക് മറ്റൊരാളെ മനസ്സിലാക്കാൻ കഴിയില്ല.  തമ്മിൽ തമ്മിൽ മനസ്സിലാക്കാതെ കുറച്ചു നിമിഷത്തേക്കെങ്കിലും ഉള്ളുതുറന്ന് സ്നേഹിക്കാനും സന്തോഷം പകർന്നു കൊടുക്കാനും കഴിയുമോ? കഴിയുമെന്നതിനുത്തരമാണ് ജീവൻ ജോജോ എന്ന സംവിധായകൻ ആദ്യമായി സംവിധാനം ചെയ്ത ഉല്ലാസം എന്ന ചിത്രം. പ്രണയവും വിരഹവും സസ്‌പെൻസും നിറഞ്ഞ ഉല്ലാസം എന്ന ചിത്രം കണ്ടാൽ ആർക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും പ്രണയിക്കാൻ തോന്നിപോകും. 

 

ഊട്ടിയിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയിൽ നിമ എന്ന പെൺകുട്ടിയുടെ ജീവിതത്തിലേക്ക് ഒരു സ്കെയ്റ്റ് ബോർഡിൽ പറന്നു വന്നു കയറുകയാണ് ഹാരി എന്ന ആർട്ടിസ്റ്റ്. ഒരു യാത്രയിൽ കണ്ടുമുട്ടുന്നവർ തമ്മിൽ ആ നിമിഷം മാത്രമുള്ള ബന്ധമേയുള്ളൂ എന്നാണ് ഹാരിയുടെ ഫിലോസഫി. കണ്ടെത്തുന്ന ഓരോരുത്തരെയും ഒരു വാചകത്തിൽ ഒരു ബന്ധവുമില്ലാത്ത വാക്ക് ഒരു ബ്രാക്കറ്റിനുള്ളിലാക്കുന്നതുപോലെ ഭൂതത്തിനും ഭാവിക്കുമിടയിലുള്ള ബ്രാക്കറ്റിനുള്ളിലാണ് ഹാരി പ്ലെയ്സ് ചെയ്യുന്നത്. യാത്രകളിൽ കണ്ടുമുട്ടുന്ന എല്ലാവരെയും പോലെ തന്നെ നിമയെയും ഹാരി ഒരു ബ്രായ്ക്കറ്റിനുള്ളിലാക്കി.  

 

പക്ഷേ ആദ്യമായൊരാൾ ഹാരിയുടെ ബ്രായ്ക്കറ്റ് പൊളിച്ച് മനസ്സിലേക്കും ജീവിതത്തിലേക്കും കയറിപ്പറ്റുന്നത് ഏറെ താമസിയാതെ അവൻ മനസിലാക്കുന്നു. ഹാരിയായി ഷെയ്ൻ നിഗവും നിമയായി പുതുമുഖം പവിത്ര ലക്ഷ്മിയുമാണ് അഭിനയിച്ചിരിക്കുന്നത്.  പുതുമുഖത്തിന്റെ പകപ്പേതുമില്ലാതെയാണ് പവിത്ര ലക്ഷ്മി നിമയുടെ കഥാപാത്രത്തിലേക്ക് ചേക്കേറിയത്. ഹാരിയുടെ ചിന്തകൾ പോലെ തന്നെ വിചിത്രമാണ് അവന്റെ പേരും.  ഹാരി മേനോൻ എന്ന പേര് കേൾക്കുമ്പോൾ തന്നെ നിമ പൊട്ടിച്ചിരിക്കും. ഹാരിയുടെ അച്ഛന്റെ റിച്ചാർഡ് മേനോൻ എന്ന പേര് ആരിലും കൗതുകമുണർത്തും. രണ്‍ജി പണിക്കരാണ് റിച്ചാർഡ് മേനോൻ ആയി എത്തുന്നത്.

 

ഹാരിയും നീമയും മാത്രമുള്ള ആദ്യ പകുതി ഒരൽപം ഇഴച്ചിൽ തോന്നുമെങ്കിലും ഊട്ടിയിൽ നിന്നും മേട്ടുപ്പാളയത്തിലേക്കുള്ള കാനന പാതയുടെ വശ്യഭംഗിയിൽ ലയിച്ചിരിക്കുന്നതിനാൽ അത് മറക്കും. പ്രകൃതിരമണീയമായ ദൃശ്യ ഭംഗി ഒപ്പിയെടുക്കുന്നതിൽ ഒരു ലോഭവും വരുത്താത്ത സ്വരൂപ് ഫിലിപ്പിന്റെ സിനിമാട്ടോഗ്രഫി ഏറെ മനോഹരമായി.  ആദിവാസി വിവാഹവും ഊരും ആദിവാസി നൃത്തവും കണ്ണിന് കുളിരണിയിക്കുന്ന രീതിയിൽ ചിത്രീകരിച്ചിട്ടുണ്ട്. ഒപ്പം ഷാൻ റഹ്‌മാന്റെ പാട്ടുകളും ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതവും പ്രേക്ഷകനെ സിനിമയോടൊപ്പം സഞ്ചരിക്കാൻ പ്രേരിപ്പിക്കുന്നുണ്ട്. രണ്ടാം പകുതിയിലെത്തിയ അജു വർഗീസും ബേസിൽ ജോസഫും പ്രേക്ഷകർക്ക് ചിരിക്കാൻ വക നൽകുന്നു.  മലയാള സിനിമയിൽ ഒരുകാലത്തെ ഹൃദയത്തുടിപ്പായിരുന്ന അംബിക അമ്മ വേഷത്തിൽ ഉല്ലാസത്തിലൂടെ  തിരിച്ചെത്തുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. ഹരീഷ് പേരടി, ദീപക് പറമ്പോൽ, സരയൂ, ജയരാജ് വാരിയർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.

 

പ്രസരിപ്പും യുവത്വവും തുളുമ്പുന്ന ഷെയ്ൻ നിഗം പുതിയ തലമുറയിൽ വീണ്ടും പ്രതീക്ഷ  തരുന്ന താരമായി മാറുകയാണ്. ആക്‌ഷൻ രംഗങ്ങളിലും നൃത്തരംഗങ്ങളിലും അതിശയകരമായ ഫ്ലെക്സിബിലിറ്റിയും പരിചയ സമ്പന്നതയും പ്രകടമാകുന്നുണ്ട്.  പതിവ് ശൈലിയിൽ നിന്ന് വ്യത്യസ്തമായി ഇമോഷനൽ രംഗങ്ങളും ഏറെ കയ്യടക്കത്തോടെ ഷെയ്ൻ ഭദ്രമാക്കി.  പുതുമുഖം പവിത്ര ലക്ഷ്മിയും ഷെയ്‌നും തമ്മിലുള്ള കെമിസ്ട്രിയും ഏറെ മനോഹരമായി.  എച്ച്കെട്ടിയതുപോലെയുള്ള ചില കഥാപാത്രങ്ങളൊഴിച്ചാൽ താരങ്ങളെല്ലാം അവരുടെ ഭാഗം മികച്ചതാക്കി.

 

ഒരാളോട് ഇഷ്ടം തോന്നിയാൽ തുറന്നു പറയാത്തത് കാരണമാണ് നഷ്ടപ്പെട്ടതെന്ന് പിന്നീട് പശ്ചാത്തപിക്കാനിടവരരുത് എന്ന സന്ദേശവുമായെത്തിയ ജീവൻ ജോജോയുടെ ആദ്യ സംവിധാന സംരഭം തീരെ മോശം കാഴ്ചാനുഭവമൊന്നുമല്ല.  തിരക്കഥയിൽ ഒരൽപം കൂടി ശ്രദ്ധ പുലർത്തിയെങ്കിൽ ഉല്ലാസം ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയേനെ.  ഷെയ്ൻ നിഗത്തിന്റെ സ്റ്റണ്ടും നൃത്തവും പശ്ചാത്തല സംഗീതവും ഗാനങ്ങളും ഊട്ടി കുനൂരിന്റെ മനോഹാരിതയും നിറഞ്ഞ മികച്ച ദൃശ്യാനുഭവമാകുന്ന ചിത്രം പ്രേക്ഷകന് തിയറ്ററിൽ പോയി ആസ്വദിക്കാൻ പറ്റിയ ചേരുവകൾ നിറഞ്ഞതുതന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com