അടിയും തിരിച്ചടിയുമായി കളം നിറഞ്ഞ് കടുവ; റിവ്യു

kaduva-review
SHARE

ഹൈ വോൾട്ടേജ് ആക്‌ഷൻ രംഗങ്ങളും തീപ്പൊരി ഡയലോഗുകളും കാതടപ്പിക്കുന്ന പശ്ചാത്തല സംഗീതവും അതിലുപരി തീപ്പൊരി നായകനുമുള്ള ഒരു പക്കാ ഷാജി കൈലാസ് ചിത്രം- ‘കടുവ’യെ ഇങ്ങനെ വിശേഷിപ്പിക്കാം. 9 വർഷത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് എന്ന തീപ്പൊരി സംവിധായകന്റെ മലയാളത്തിലേക്കുള്ള മടങ്ങിവരവാണ് കടുവ. ജിനു എബ്രഹാമിന്റേതാണ് തിരക്കഥ. ആദം ജോൺ, ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങൾക്കു ശേഷം ജിനുവും പൃഥ്വിയും വീണ്ടും ഒന്നിക്കുന്നു. ഏറെ നാളത്തെ നിയമപോരാട്ടങ്ങൾക്കൊടുവിലാണ് സ്‌ക്രീനിൽ ‘കടുവയിറങ്ങിയത്’ എന്ന പ്രത്യേകതയുമുണ്ട്.

മലയാളത്തിൽ പൊതുവേ ഇപ്പോൾ ക്രൈം തില്ലർ സീസണാണ്. റിയലിസ്റ്റിക് സിനിമകൾക്കിടയിൽ അന്യംനിന്നുപോയ മാസ് ആക്‌ഷൻ സിനിമ ഒരിടവേളയ്ക്കു ശേഷം തിരികെയെത്തുന്നു എന്നതാണ് ‘കടുവ’യെ വ്യത്യസ്തമാക്കുന്നത്.

തൊണ്ണൂറുകളാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. പാലായിലെ പ്ലാന്ററും പ്രമാണിയുമാണ് കടുവാക്കുന്നേൽ കുര്യച്ചൻ. അയാളും നാട്ടിലെ ഒരു ഉന്നതപോലീസ് ഉദ്യോഗസ്ഥനും തമ്മിലുണ്ടാകുന്ന പിണക്കവും അതിന്റെ അനന്തരഫലങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. ‘അയ്യപ്പനും കോശിയും’ പോലെ ഈഗോ തന്നെയാണ് ‘കടുവ’യിലും യഥാർഥ വില്ലനാകുന്നത്.

പൃഥ്വിരാജ് കേന്ദ്രകഥാപാത്രമായ കടുവാക്കുന്നേൽ കുര്യച്ചനായി എത്തുന്നു. സംയുക്ത മേനോനാണ് നായിക. വിവേക് ഒബ്‌റോയ് ശക്തനായ പ്രതിനായകനായെത്തുന്നു. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രാഹുൽ മാധവ്, സീമ എന്നിവരും പ്രധാനവേഷങ്ങളിലെത്തുന്നു.

എല്ലാ അർഥത്തിലും മാസ് സിനിമകൾ ഇഷ്ടമുള്ള പ്രേക്ഷകനെ തൃപ്തിപെടുത്തുന്ന ചേരുവകൾ ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യപകുതിയിൽ നായകനു തുടരെ ലഭിക്കുന്ന അടികളും രണ്ടാം പകുതിയിൽ അയാൾ തിരിച്ചടികളുമായി കളംനിറയുന്നതും പ്രേക്ഷകരെ ഹരംകൊള്ളിക്കുന്നുണ്ട്.

പൃഥ്വിരാജിന്റെ ഹൈ പവർ ആക്‌ഷൻ പെർഫോമൻസാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ലൂസിഫറിൽ കണ്ടപോലെ ഹൈ വോൾട്ടേജ് ആക്‌ഷൻ രംഗങ്ങളിൽ നായകൻ കളംതിരിച്ചുപിടിക്കുന്നു. ചങ്കുറപ്പ് ആയുധമാക്കിയ നായകന്റെ ലോലവികാരങ്ങളും ലൈറ്റ് ഷേഡിൽ ചിത്രത്തിൽ പ്രകടമാകുന്നുണ്ട്. നായികയ്ക്ക് കാര്യമായ സ്‌ക്രീൻ സ്‌പേസ് ചിത്രത്തിലില്ല.

ലൂസിഫറിനു ശേഷം വിവേക് ഒബ്‌റോയ് വില്ലൻ റോളിൽ നല്ല പ്രകടനം നടത്തുന്നുണ്ട്. എന്നാൽ ലൂസിഫറിൽ പ്രകടമായ ഡബ്ബിങ്ങിലെ പൂർണത ഇവിടെ കൈമോശം വരുന്നുമുണ്ട്.

ചിത്രത്തിൽ പറയാൻ പോരായ്മകളുമുണ്ട്. സിനിമാ ആസ്വാദനശീലത്തിൽ മാറ്റങ്ങൾ വന്ന കാലത്ത് ‘കടുവ’യുടെ പ്രമേയം ചില പ്രേക്ഷകർക്കു കല്ലുകടിയാകാൻ സാധ്യതയുണ്ട്. ചടുലമായ പശ്ചാത്തല സംഗീതമാണ് ചിത്രത്തിനു കൊഴുപ്പുകൂട്ടുന്നത്. എന്നാൽ പലപ്പോഴും ഇത് കാതടപ്പിച്ചുകൊണ്ട് അലോസരപ്പെടുത്തുന്നുമുണ്ട്.

ചിത്രത്തിന്റെ മികവായി തോന്നിയത് സംഘട്ടനരംഗങ്ങളും കലാസംവിധാനവുമാണ്. 90-കളോട് നീതിപുലർത്താൻ കലാസംവിധാനം ജാഗ്രത പുലർത്തുന്നുണ്ട്. അതുപോലെ കനൽ കണ്ണനും മാഫിയ ശശിയും ചേർന്ന് സംവിധാനം ചെയ്ത സംഘട്ടനരംഗങ്ങൾ ഇതിൽ നിറഞ്ഞുനിൽക്കുന്നു. അതും ആ കാലഘട്ടത്തോട് ചേർന്നുനിൽക്കുന്നു. ഛായാഗ്രഹണം മികച്ച നിലവാരം പുലർത്തുന്നു. പാലായുടെയും കോട്ടയത്തിന്റെയും ഭംഗിയും സംഘട്ടന രംഗങ്ങളിലെ ആവേശവുമൊക്കെ നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. ഗാനങ്ങൾ നിലവാരം പുലർത്തുന്നു.

English Summary: Kaduva 2022 Malayalam Movie Review by Manorama Online. Kaduva is a 2022 Malayalam action-thriller, directed by Shaji Kailas. The movie star Prithviraj Sukumaran in the lead role

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS