ഇൻ: വേറിട്ടൊരു സൈക്കോ ത്രില്ലർ; റിവ്യു

in-movie
SHARE

സൈക്കോ കൊലപാതകികളുടെ കഥ പറയുന്ന ചിത്രങ്ങൾ മലയാളത്തിൽ ഉണ്ടായിട്ടുണ്ടെങ്കിലും രാജേഷ് നായർ രചനയും സംവിധാനവും നിർവഹിച്ച് മനോരമ മാക്സിൽ റിലീസ് ചെയ്ത ‘ഇൻ’ വേറിട്ടൊരു കഥാപരിസരമാണ് പ്രേക്ഷകർക്കു നൽകുന്നത്.  കുറ്റാന്വേഷണതൽപരയായ ഒരു പത്രപ്രവർത്തകയുടെയും കുറ്റവാളിയെ തിരഞ്ഞു നടക്കുന്ന പൊലീസ് ഓഫിസറുടെയും ഉൾപ്പോരിന്റെ കഥ കൂടിയാകുമ്പോൾ കാണുന്ന പ്രേക്ഷകരെ ആകർഷിക്കാനുതകുന്ന തരത്തിൽ ‘ഇൻ’ മികച്ചൊരു കാഴ്ചാനുഭവമായി മാറുന്നു. ജേണലിസ്റ്റിന്റെ വേഷം പ്രശസ്ത ചലച്ചിത്രതാരം ദീപ്തി സതി അനുപമമാക്കുമ്പോൾ കരിയറിലെ ആദ്യ പൊലീസ് വേഷത്തിൽ മികച്ച അഭിനയപ്രകടനവുമായി മധുപാൽ എത്തുകയാണ്.

തിരുവനന്തപുരത്തെ ഒരു ചെറിയ ഗ്രാമത്തിലും പരിസരപ്രദേശത്തും നടക്കുന്ന റിപ്പർ മോഡൽ കൊലപാതകങ്ങളുടെ നിഗൂഢത അന്വേഷിക്കുന്ന ജേണലിസ്റ്റാണ് ജെന്നി. ക്രൈം ജേണലിസ്റ്റ് എന്ന നിലയിൽ പേരെടുക്കാനാണ് ജെന്നി കൊലപാതകങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക് എത്തുന്നത്.  അടുത്ത വീട്ടിലെ കുട്ടിയുമായി ചേർന്ന് മണി ഹീസ്റ്റ് കാണുന്നത് ഹോബിയാക്കിയ ഗ്രേസ് എന്നുവിളിക്കുന്ന അമ്മാമ്മ മാത്രമാണ് അവൾക്കു സ്വന്തമായി ഉള്ളത്. കൊലപാതകങ്ങളുടെ രഹസ്യം അന്വേഷിച്ചു നടക്കുന്ന ജെന്നിക്ക് എല്ലാ കൊലപാതകത്തിലും ചില സാദൃശ്യങ്ങൾ കണ്ടെത്താനാകുന്നു.  

ഡിഎസ്പി അയ്യപ്പനാകട്ടെ ഇതേ കൊലപാതകങ്ങൾ ഒരു തലവേദനയായി മാറിയിരിക്കുകയാണ്. ജോൺ ലൂക്ക എന്നയാളിൽ തുടങ്ങിയ കൊലപാതക പരമ്പര സുകുവിലും ഭാര്യയിലും അവരുടെ അരുമ മകളിലും എത്തിനിൽക്കുമ്പോഴാണ് സിനിമയുടെ കഥ തുടങ്ങുന്നത്. പലപ്പോഴും ക്രൈം സീനിൽ ആദ്യം തന്നെ ഓടിക്കിതച്ചെത്തുന്ന ജെനി എന്ന പെൺകുട്ടി അയ്യപ്പന് തലവേദനയാണ്. അടുത്തിടെ തന്നെ പെൻഷൻ ആകാനിരിക്കുന്ന തനിക്ക് പൊല്ലാപ്പായി വന്ന ഈ റിപ്പറെ എങ്ങനെ പിടികൂടുമെന്ന് അറിയാതെ വിഷമിക്കുമ്പോഴാണ് അവസരത്തിലും അനവസരത്തിലും ജെന്നിയെന്ന പെൺകുട്ടി ഇടിച്ചു കയറുന്നത്. 

പക്ഷേ പിന്നീടങ്ങോട്ട് ജെന്നിയുടെ ചില കണ്ടെത്തലുകൾ അയ്യപ്പനെ വിസ്മയിപ്പിക്കുന്നു. ആളൊഴിഞ്ഞ വീടുകളിൽ കയറിപ്പറ്റി അവിടെ ആഴ്ചകൾ സുഖവാസം നടത്തി ഒടുവിൽ അവിടെയെത്തുന്ന വീട്ടുടമയെ ചുറ്റിക കൊണ്ടടിച്ചു കൊല്ലുന്ന വിചിത്ര സ്വഭാവമുള്ള അക്രമി ഒരു സൈക്കോപാത്താണെന്ന് ജെന്നി കണ്ടെത്തുകയാണ്. അവളുടെ ചില കണ്ടെത്തലുകൾ കേസന്വേഷണം വേഗത്തിലാക്കുകയും ഒടുവിൽ അവളെത്തന്നെ വിഴുങ്ങാൻ പാകത്തിനെത്തുകയും ചെയ്യുന്നു. അസാധാരണ മെയ‌്‌വഴക്കമുള്ള ബുദ്ധിശാലിയായ ജേണലിസ്റ്റ് ജെന്നി എന്ന ജെന്നിഫർ ഫെർണാണ്ടസായി ദീപ്തി സതി എത്തുമ്പോൾ ഡിഎസ്പി അയ്യപ്പനായി എത്തുന്നത് മധുപാൽ ആണ്. കരാട്ടെയും ജൂഡോയും നാടൻ തല്ലുംവരെ തനിക്ക് വശമുണ്ടെന്ന തരത്തിലുള്ള അഭിനയപ്രകടനവുമായി ദീപ്തി സതിയുടെ കരിയർ ബെസ്റ്റ് ആയി മാറിയേക്കും ഈ ചിത്രം. 

പ്രേക്ഷകന്റെ നട്ടെല്ല് മരവിപ്പിക്കുന്ന പ്രകടനവുമായി സൈക്കോപാത്തായി അഭിനയിക്കുന്നത് കിയാൻ കിഷോറാണ്. സഹജീവികളോട് മമതയേതുമില്ലാത്ത കല്ലിച്ച മുഖഭാവവുമായെത്തുന്ന സൈക്കോ അബോയ് ഓരോ നിമിഷവും പ്രേക്ഷകരെ ഞെട്ടിക്കുന്നുണ്ട്.  ആ ചെറിയ ശരീരത്തിൽ നിന്ന് അടുത്ത നിമിഷം എന്താണ് പുറത്തുവരുന്നതെന്നറിയാത്ത കുടിലത നിറഞ്ഞ കഥാപാത്രമായി കിയാൻ കിഷോർ കസറുകയായിരുന്നു. മിനിസ്‌ക്രീനിൽനിന്ന് മലയാളത്തിന് ലഭിച്ച പുതിയ അമ്മയായ മഹേശ്വരി ജെന്നിയുടെ ഗ്രേസ് അമ്മച്ചിയായി മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എസ്ഐ അൻവറായി കൃഷ്ണൻ ബാലകൃഷ്ണനും സുകുവായി ഷാജുവും ശ്രീബയായി ആര്യയും ഗിരിയായി വിജയ് ബാബുവും ചിത്രത്തിലുണ്ട്. കീർത്തന, കാർത്തിക, പാർത്ഥവി, നിഷാന്ത്, ജീവ തുടങ്ങി ഒരുപിടി താരങ്ങളെക്കൂടി ഇൻ എന്ന ചിത്രത്തിലൂടെ രാജേഷ് നായർ അവതരിപ്പിക്കുന്നു.

ജൂലൈ എട്ടു മുതൽ മനോരമ മാക്സിലെത്തുന്ന ചിത്രം പ്രമേയം കൊണ്ടും അവതരണത്തിലെ വ്യത്യസ്തത കൊണ്ടും മികച്ച ത്രില്ലർ അനുഭവം തന്നെയാണ്. പ്രേക്ഷകനെ മടുപ്പിക്കാതെ ത്രില്ലർ മൂഡ് നിലനിർത്തുന്നതിൽ പ്രശാന്തിന്റെ സംഗീതം പ്രധാന പങ്കുവഹിക്കുന്നു. രാജേഷ് നായരോടൊപ്പം മുകേഷ് രാജയും തിരക്കഥാരചനയിൽ പങ്കാളിയാണ്.  സൈക്കോപാത്തിന്റെ മാനസിക വ്യാപാരങ്ങളും ചടുലമായ ഫൈറ്റും ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രംഗങ്ങളും ഒപ്പിയെടുക്കുന്നതിൽ രാജ്‌കുമാറിന്റെ ഛായാഗ്രഹണം മികച്ചുനിന്നു.  പ്രേക്ഷകനെ സ്‌ക്രീനിൽനിന്ന് കണ്ണെടുക്കാനാകാത്തവിധം പിടിച്ചിരുത്തുന്ന സൂരജിന്റെ എഡിറ്റിങ്ങും ഗംഭീരമാണ്. 

അടുത്തിടെയിറങ്ങിയ ത്രില്ലർ സിനിമകളിൽനിന്ന് വ്യത്യസ്തമായ രീതിയിലാണ് ഇന്നിന്റെ മേക്കിങ്.  സ്ഥിരം ക്ളീഷേ ത്രില്ലർ സിനിമകളിൽനിന്ന് മാറി വ്യത്യസ്തമായ പ്രമേയവും അഭിനയ മികവുമാണ് ഇന്നിനെ വ്യത്യസ്തമാക്കുന്നത്.  ഒടിടിയുടെ മാറിയ കാഴ്ചക്കാലത്ത് മാനുഷിക പരിഗണനയില്ലാത്ത ഈ സൈക്കോപ്പാത്തും അയ്യപ്പനെന്ന പൊലീസുകാരനും ജെന്നിയെന്ന ജേണലിസ്റ്റും പ്രേക്ഷകരുടെ മനം കവരുക തന്നെ ചെയ്യും.

English Summary: In 2022 Malayalam Movie Review by Manorama Online. In is a 2022 Malayalam thriller movie, directed by Rajesh Nair. The movie stars Deepti Sathi, Arya and Madhupal in the lead roles.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS