ദമ്പതികളേ ഇതിലേ....; പദ്മ റിവ്യു

padma-review
SHARE

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ഇഷ്ടത്തിന്റെ ആഴം തേടിയുള്ളൊരു യാത്രയാണ് അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് അഭിനയിച്ച ‘പദ്മ’ എന്ന കുഞ്ഞു സിനിമ. എത്രമേൽ ആഴത്തിലുള്ള ബന്ധമായാലും എവിടെയൊക്കെയോ പിടിതരാതെ വഴുതിപ്പോകുന്ന മനുഷ്യ മനസ്സുകളുടെ സങ്കീർണതയും ബന്ധങ്ങൾ ഉലയുമ്പോഴുണ്ടാകുന്ന പിടച്ചിലും ഏറെ കരുതലോടെ അനൂപ് മേനോൻ കൈകാര്യം ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയ പിടിമുറുക്കിയ ഇന്നത്തെ സമൂഹത്തിൽ ഒരുപക്ഷേ പലരുടെയും  ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളുടെ നേർക്കാഴ്ചയും ഓർമപ്പെടുത്തലും കൂടിയാണ് പദ്മ. ത്രില്ലറുകളുടെയും മാസ്സ് ചിത്രങ്ങളുടെയും അതിപ്രസരമുള്ള കാലത്ത് സുന്ദരമായൊരു കാവ്യം പോലെ ദാമ്പത്യബന്ധത്തിന്റെ മനോഹരമായൊരു ആവിഷ്കാരവുമായുള്ള അനൂപ് മേനോന്റെ വരവ് ഏറെ പ്രശംസയർഹിക്കുന്നു.  തിരക്കുകൾക്കിടയിൽ സ്വന്തം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാത്തവർക്ക് നല്ലൊരു മെസേജ് കൂടി പദ്മ പകർന്നു നൽകുന്നു. 

കോഴിക്കോടുള്ള ഒരു ഉൾഗ്രാമത്തിൽനിന്ന് എറണാകുളത്തെത്തിയ, അറിയപ്പെടുന്ന, സക്സസ്സ്ഫുൾ ആയ മനഃശാസ്ത്രജ്ഞനാണ് രവിശങ്കർ.  മെട്രോ സിറ്റിയിൽ താമസിക്കുമ്പോൾ അവിടെയുള്ളവരുമായി കിടപിടിക്കാനുതകുന്നൊരു മണിമാളിക സ്വന്തമാക്കിയ രവിക്ക് ജീവിതത്തിലും അല്പസ്വൽപം പരിഷ്കാരം വേണമെന്നുള്ള ചിന്താഗതിയാണ്. എന്നാൽ രവിയുടെ ഭാര്യ പദ്മയാകട്ടെ എട്ടുംപൊട്ടും തിരിയാത്ത തികഞ്ഞ നാട്ടിൻപുറംകാരിയും. ഭാര്യയെ സൊസൈറ്റിയിലെ മറ്റു പൊങ്ങച്ചക്കാരിസ്ത്രീകളെപ്പോലെയാക്കാൻ രവി ആദ്യം ചെയ്തത് അവളിൽനിന്ന് ശുദ്ധ നാട്ടിൻപുറം ഭാഷ പറിച്ചു മാറ്റുക എന്നുള്ളതായിരുന്നു. പദ്മയെ മോഡേൺ ഭാഷ പഠിപ്പിക്കാൻ ഒരു മാഷെത്തന്നെ രവി കണ്ടെത്തി.  

നാട്ടിൻപുറത്തെ പീടികയിലെ നാടൻ സാരികൾക്കു പകരം അവളുടെ വാർഡ്രോബിൽ സബ്യസാചിയുൾപ്പടെ മുന്തിയ ഡിസൈനേഴ്സിന്റെ കസ്റ്റം മെയ്ഡ് സാരികൾ നിറഞ്ഞു. മുടി സ്റ്റൈൽ ചെയ്ത് ചുണ്ടിൽ ചായം പുരട്ടി എടുത്താൽ പൊങ്ങാത്ത ആഭരണങ്ങളും പകിട്ടേറുന്ന സാരികളും പാർട്ടികളും പാർലറുമായി തിരക്കിലാകുമ്പോഴും പദ്മ മനസ്സ് കുളിർപ്പിക്കുന്ന നാട്ടുവഴികളും ഇളംകാറ്റുപോലെയുള്ള അവളുടെ പഴയ കുടുംബബന്ധവും തിരിച്ചുപിടിക്കാൻ കൊതിക്കുകയായിരുന്നു. കുട്ടികൾ ഊട്ടിയിൽ പഠിക്കുന്നത് സ്റ്റാറ്റസ് സിംബൽ ആണെന്നു പറഞ്ഞു രവി മകനെക്കൂടി അകറ്റുമ്പോൾ പദ്മ നഗരത്തിലെ തിരക്കുകളിൽ തീരെ തനിച്ചാവുകയാണ്. സൈക്കോളജിസ്റ്റായ ഭർത്താവ് മറ്റുള്ളവരുടെ ബന്ധങ്ങൾ ഒട്ടിച്ചു ചേർക്കുന്നതിൽ വിജയിക്കുന്നെങ്കിലും ഒറ്റപ്പെട്ടുപോകുന്ന ഭാര്യയുടെ നോവ് അറിയാതെ പോകുന്നു.  രോഗികളോട് ‘നമുക്കൊരുമിച്ചിത് നേരിടാം’ എന്ന് പറയുന്ന രവി പക്ഷേ സ്വന്തം ജീവിതത്തിൽ പ്രശ്‍നങ്ങൾ ഉടലെടുക്കുമ്പോൾ അടിപതറുകയാണ്. നമ്മോടു തെറ്റ് ചെയ്യുന്നവരുടെ ന്യായം കണ്ടെത്താനും തെറ്റ് പൊറുക്കാനും കഴിയുന്നത് ഇഷ്ടത്തിന്റെ ആഴം കൂടുമ്പോഴാണെന്ന് കൂടി പദ്മ എന്ന ചിത്രം പറയുന്നു.   

ഡോക്ടർ രവിശങ്കർ ആയി അനൂപ് മേനോനും പദ്മ ആയി സുരഭി ലക്ഷ്മിയും മത്സരിച്ചഭിനയിച്ചിരിക്കുന്നു. മികച്ച നടിക്കുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ സുരഭി ലക്ഷ്മി ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷമാണ് ഒരു കൊമേഴ്സ്യൽ ചിത്രത്തിന്റെ ടൈറ്റിൽ റോളിൽ എത്തുന്നതെന്ന പ്രത്യേകതയും പദ്മയ്ക്കുണ്ട്.  തന്റെ നിഷ്കളങ്കമായ കോഴിക്കോടൻ ഭാഷയിലൂടെ പ്രേക്ഷകരെ രസിപ്പിക്കുകയും അതേസമയം തന്നെ കണ്ണ് നനയ്ക്കുകയും ചെയ്യുന്ന ഏറെ ഡൈനാമിക്കായ 'പദ്മ' സുരഭിയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രം തന്നെയാകും.പദ്മയുടെ നിഷ്കളങ്കതയും മാനസിക സംഘർഷങ്ങളും കോമഡിയും കുറ്റമറ്റ രീതിയിൽ സുരഭി അഭിനയിച്ചു ഫലിപ്പിച്ചു.   നാട്ടിൻപുറംകാരനായും മെട്രോനഗരത്തിലെ സ്റ്റൈലിഷായ മനഃശാസ്ത്രജ്ഞൻ രവിശങ്കറായും അനൂപ് മേനോൻ തന്റെ കഥാപാത്രം മികവുറ്റതാക്കി. ‌രവിയുടെ സുഹൃത്ത് ടോണിയായി ശങ്കർ രാമകൃഷ്ണനും മനഃശാസ്ത്രജ്ഞയായി മാല പാർവതിയും വീട്ടുവേലക്കാരിയായി ശ്രുതി രജനീകാന്തും രവിശങ്കറിന്റെ പേഷ്യൻസായി മറീനയും ദിനേശ് പ്രഭാകറും ചിത്രത്തിലുണ്ട്. 

padma-release

ചിത്രത്തിൽ എടുത്തുപറയേണ്ട മറ്റൊരു ഘടകം പാട്ടുകളാണ്. ഹൃദയബന്ധങ്ങളുടെ ചൂടും ചൂരും നിറഞ്ഞ വരികൾ രചിച്ചിരിക്കുന്നത് അനൂപ് മേനോൻ തന്നെയാണ്. വരികളുടെ ആത്മാവറിഞ്ഞു സംഗീതം നൽകിയിരിക്കുന്നത് നിനോയ് വർഗീസാണ്. ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ച പുതുമുഖ ഗായകൻ രാജ്‌കുമാർ രാധാകൃഷ്ണൻ ശ്രദ്ധേയമായൊരു വേഷം കൈകാര്യം ചെയ്യുകയും ചെയ്തിട്ടുണ്ട്. വിജയ് യേശുദാസും ഹരി ശങ്കറും സിതാര കൃഷ്ണകുമാറുമാണ് മറ്റു ഗായകർ. മഹാദേവൻ തമ്പിയുടെ ഛായാഗ്രഹണവും സിയാൻ ശ്രീകാന്തിന്റെ എഡിറ്റിങ്ങും ചിത്രത്തെ സുന്ദരമാക്കി.   

ദാമ്പത്യത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന ഒറ്റപ്പെടലുകളും പങ്കാളികളുടെ ലൈംഗിക പ്രശ്നങ്ങളും സോഷ്യൽ മീഡിയ അഡിക്‌ഷൻ മൂലം വഴിതെറ്റുന്ന കൗമാരങ്ങളും സുന്ദരികളായ കുടുംബിനിയുടെ ജീവിതത്തിലേക്ക് നുഴഞ്ഞുകയറുന്ന ജാരന്മാരും തുടങ്ങി നിരവധി കാലിക പ്രസക്തമായ വിഷയങ്ങൾ അനൂപ് മേനോൻ പദ്മയിലൂടെ ചർച്ച ചെയ്യുന്നുണ്ട്. പദ്മ കാണുമ്പോൾ പറഞ്ഞു പഴകിയ കഥയാണല്ലോ എന്ന് തോന്നുമെങ്കിലും അനൂപിന്റെ എഴുത്തും സുരഭിയുടെ ചടുലമായ അഭിനയശൈലിയും സ്ഥിരം ക്ളീഷേ ചിത്രങ്ങളിൽനിന്നു പദ്മയെ വ്യത്യസ്തമാക്കുന്നു. 

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്ന ചിത്രത്തിന്റെ ഏറെ പ്രധാനപ്പെട്ട ജോലികളെല്ലാം നിർവഹിച്ച അനൂപ് എല്ലാ തലങ്ങളിലും കുറ്റമറ്റ രീതിയിയിൽ വിജയിച്ചിട്ടുണ്ട്. പദ്മയുടെ രസകരമായ ട്രെയിലറിൽ പറഞ്ഞതുപോലെ, ചിത്രം പൊട്ടിയാൽ കിടപ്പാടമൊഴിച്ച് എല്ലാം പോകുമെന്ന അനൂപ് മേനോന്റെ ആശങ്ക വെറുതെയല്ല ചിത്രം നിർമിച്ചിരിക്കുന്നത് അനൂപ് മേനോന്റെ സ്വന്തം നിർമാണ സംരംഭമായ അനൂപ്മേനോൻ സ്റ്റോറീസ് ആണ്. ലിവിങ് റ്റുഗതറും വിവാഹേതര ബന്ധങ്ങളും ചർച്ചയാകുന്ന ഇക്കാലത്ത് കാലമെത്ര മാറിയാലും ഭാര്യാഭർതൃബന്ധത്തിന് അതിന്റേതായ പരിശുദ്ധിയുണ്ടെന്നും ആഴമേറിയ സ്ത്രീപുരുഷ ബന്ധത്തിനൊരു സുഖവും ഭംഗിയുമുണ്ടെന്നും അടിവരയിട്ടു പറയുന്ന പദ്മ എന്ന ചിത്രം കേരളത്തിലെ ദമ്പതികൾ തിയറ്ററിൽ പോയി തന്നെ ആസ്വദിക്കേണ്ട ഒന്നാണ്. പദ്മ എന്ന ചിത്രം കാണുന്ന ദമ്പതിമാർ വല്ലപ്പോഴുമൊന്നു മുറുക്കെ കെട്ടിപ്പിടിക്കാൻ സമയം കണ്ടെത്തുക തന്നെ ചെയ്യും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS