ഒറ്റ കാഴ്ചയിൽ അവസാനിക്കുന്നതല്ല 19 (1)(എ); റിവ്യു

19-1-a-review
SHARE

സംഘകാല തമിഴ് കവയിത്രി ഔവ്വയാറിനെക്കുറിച്ചൊരു കഥയുണ്ട്. തകിടൂർ (ഇന്നത്തെ ധർമപുരിക്ക് സമീപം) ആസ്ഥാനമാക്കി ഭരിച്ചിരുന്ന രാജാവായിരുന്നു അതിയമാൻ നെടുമാൻ അഞ്ചി. അദ്ദേഹത്തിന്റെ രാജസദസിലെ കവയിത്രി ആയിരുന്നു ഔവ്വയാർ. ഒരിക്കൽ വേട്ടയാടാൻ പോയ നെടുമാൻ അഞ്ചിക്ക് വിശേഷപ്പെട്ട ഒരു നെല്ലിക്ക ലഭിച്ചു. കഴിച്ചാൽ ആയുസ് വർധിപ്പിക്കുന്ന നെല്ലിക്കയായിരുന്നു അത്. നെടുമാൻ അഞ്ചി അത് സ്വയം കഴിക്കാതെ ഔവ്വയാറിന് നൽകിയെന്നാണ് കഥ. രാജാവായ തനിക്ക് ദീർഘായുസ് ലഭിക്കുന്നതിനേക്കാൾ ഔവ്വയാർ ഒരുപാടു വർഷം ജീവിച്ചിരിക്കണമെന്ന് രാജാവ് ആഗ്രഹിച്ചു. കാരണം, ഔവ്വയാർ തമിഴ് സാഹിത്യത്തിനും ഭാഷയ്ക്കും ലഭിച്ച പുണ്യമാണെന്നായിരുന്നു രാജാവിന്റെ മൊഴി. 

വ്യക്തികളല്ല ആശയങ്ങളും വാക്കുകളുമാണ് കാലത്തോട് സംവദിക്കേണ്ടതെന്ന് വിശ്വസിച്ച ഒരെഴുത്തുകാരന്റെ വിപ്ലവകരമായ ജീവിതത്തെ അതിന്റെ ലാളിത്യത്തോടെയും തീവ്രതയോടെയും ആവിഷ്കരിക്കുന്ന ചിത്രമാണ് നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്ത 19 (1)(എ). ഭരണഘടന ഒരു ഇന്ത്യൻ പൗരന് ഉറപ്പു നൽകുന്ന അഭിപ്രായസ്വാതന്ത്ര്യത്തെ അടയാളപ്പെടുത്തുന്ന ആർട്ടിക്കിളിന്റെ പേരു തന്നെ പേരായി നൽകിയതിലൂടെ സിനിമ പറയാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയം വ്യക്തമാണ്. സംഭാഷണങ്ങളുടെ ബാഹുല്യമില്ലാതെ മികച്ച അഭിനേതാക്കളിലൂടെയും ദൃശ്യങ്ങളിലൂടെയും രാഷ്ട്രീയം പറയുന്ന സിനിമയാണ് 19 (1)(എ). കഥയും താരങ്ങളുമല്ല, സിനിമയുടെ മെയ്ക്കിങ് തന്നെയാണ് ഇവിടെ പ്രേക്ഷകരുടെ കയ്യടി നേടുന്നത്. നിത്യ മേനൻ, വിജയ് സേതുപതി, ഇന്ദ്രജിത് സുകുമാരൻ എന്നീ താരങ്ങളിലെ അഭിനേതാക്കളെ തിരശീലയിൽ ആസ്വദിക്കാം. ഇവർക്കൊപ്പം പ്രേക്ഷകരെ അമ്പരപ്പിച്ചു കൊണ്ട് ശ്രീകാന്ത് മുരളി കൂടിയുണ്ട്. രുചികരമായ സദ്യയിലെ മധുരമൂറുന്ന പായസത്തിന്റെ രുചി പോലെ ശ്രീകാന്ത് മുരളിയുടെ ഗംഗേട്ടൻ സിനിമ കഴിഞ്ഞാലും പ്രേക്ഷകരുടെ ഉള്ളിൽ നിറയും. 

നിത്യ മേനൻ അവതരിപ്പിക്കുന്ന കേന്ദ്രകഥാപാത്രത്തിലൂടെയാണ് സിനിമ സംഭവിക്കുന്നത്. അവൾക്കു ചുറ്റുമുള്ള എല്ലാ കഥാപാത്രങ്ങളുടെയും പേരുകൾ പലയിടങ്ങളിലായി വെളിപ്പെടുന്നുണ്ടെങ്കിലും അവൾ അടയാളപ്പെടുത്തപ്പെടുന്നത് പേരിലൂടെയല്ല, പ്രവൃത്തികളിലൂടെയാണ്. ഒരു ചെറിയ ഗ്രാമത്തിൽ ഫോട്ടോസ്റ്റാറ്റും ഡിടിപിയുമൊക്കെ ചെയ്തു കൊടുക്കുന്ന ചെറിയൊരു കട നടത്തുകയാണ് നിത്യയുടെ കഥാപാത്രം. ഈ കടയിലേക്ക് അവിചാരിതമായി ഒരാൾ കടന്നുവരുന്നു. ഒരു കയ്യെഴുത്തു പ്രതി ഫോട്ടോസ്റ്റാറ്റ് എടുക്കാനാണ് അയാൾ വരുന്നത്. ‘‘കോപ്പി എടുത്തു വച്ചാൽ മതി, എത്ര വൈകിയാലും ഞാൻ വരും’’ എന്നു പറഞ്ഞ്, ഒരു ഓട്ടോയിൽ കയറിപ്പോകുന്ന ആ മനുഷ്യൻ തിരികെ വരുന്നില്ല. അയാൾ ഒരു തമിഴ്–മലയാളം എഴുത്തുകാരനാണെന്നും കൊല്ലപ്പെട്ടുവെന്നും വാർത്തകളിലൂടെ അറിയുന്ന പെൺകുട്ടി സ്തംഭിച്ചു പോകുന്നു. ആ എഴുത്തുകാരൻ അവശേഷിപ്പിച്ചു പോയ വാക്കുകൾക്കൊപ്പം ആ പെൺകുട്ടി നടത്തുന്ന യാത്രയും അന്വേഷണവുമാണ് സിനിമയെ മുന്നോട്ടു കൊണ്ടു പോകുന്നത്. 

ഒരുപാട് അടരുകളുള്ള തിരക്കഥയാണ് 19 (1)(എ)യുടെ സൗന്ദര്യം. ഔവ്വയാറിന്റെ കഥ പോലെ ഒരുപാടു ബിംബങ്ങളെ സിനിമയിലുടനീളം കണ്ടെത്താൻ കഴിയും. ആൽമരവും അപ്പൂപ്പൻ താടിയും കൂടു വിട്ടു പറന്നു പോകുന്ന കിളിയുടെ ചുവർചിത്രവും കറുപ്പും വെള്ളത്തിലൂടെ ഒഴുകി വരുന്ന കുയിലിന്റെ തൂവലുമെല്ലാം തിരക്കഥയുടെ പല അടരുകളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുന്നുണ്ട്. നമുക്കു മുൻപെ നടന്നു പോയവർ അവശേഷിപ്പിച്ചു പോയ അറിവുകളെ പലരും പല രീതിയിലാകും കണ്ടെത്തുക. ബോധോദയം എന്നോ ജ്ഞാനോദയം എന്നോ പേരിട്ടു വിളിക്കാവുന്ന ആ അനുഭവം തിരിച്ചറിയുന്ന മനുഷ്യർക്കു മുമ്പിൽ ജീവിതം വെല്ലുവിളിയല്ല. ഭയം എന്ന വാക്കു പോലും അവരുടെ നിഘണ്ടുവിൽ ഉണ്ടാകില്ല. വിജയ് സേതുപതി അവതരിപ്പിക്കുന്ന ഗൗരി ശങ്കർ എന്ന എഴുത്തുകാരൻ അങ്ങനെയൊരു വിപ്ലവകാരിയാണ്. രക്തം കൊണ്ടല്ല അയാളുടെ വിപ്ലവം, വാക്കുകൾ കൊണ്ടാണ്. മറ്റുള്ളവർ അയാൾക്കു സംഭവിച്ചേക്കാവുന്ന ആപത്തിനെക്കുറിച്ച് ആകുലപ്പെടുമ്പോൾ, അയാൾ സുരക്ഷിതമാക്കാൻ ശ്രമിക്കുന്നത് അയാളുടെ വാക്കുകളെയാണ്. എത്ര വെടിയുതിർത്താലും അവയ്ക്കൊന്നും വാക്കുകളെ തടയാനാവില്ലെന്ന് പൂർണബോധ്യമുള്ള ഗൗരി ശങ്കറിന്റെ ഒരു പുഞ്ചിരിയുണ്ട് സിനിമയിൽ. വിജയ് സേതുപതി എന്ന നടനോട് കൂടുതൽ ഇഷ്ടം തോന്നിപ്പിക്കുന്ന നിമിഷമാണ് അത്. 

നിത്യ മേനൻ, വിജയ് സേതുപതി, ഇന്ദ്രജിത് സുകുമാരൻ എന്നിവർ പതിവുപോലെ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ അപ്രതീക്ഷിതമായി കടന്നു വന്ന് ഹൃദയം കീഴടക്കുകയാണ് ശ്രീകാന്ത് മുരളിയുടെ ഗംഗേട്ടനും ഭഗത് മാനുവലിന്റെ സഖാവും അതുല്യയുടെ ഫാത്തിമയും. ശ്രീകാന്ത് മുരളിയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഗംഗേട്ടൻ. ‘ഇതെന്തൊരു മനുഷ്യനാണ്’ എന്നു തോന്നിപ്പിച്ചു കൂടെ നിർത്തി ഒടുവിൽ പ്രേക്ഷകരുടെ ഇഷ്ടം നേടിക്കൊണ്ടാണ് ഗംഗേട്ടൻ കളം നിറയുന്നത്. സ്വാഭാവിക അഭിനയത്തിലൂടെ ഭഗത് അമ്പരപ്പിക്കുമ്പോൾ അതുല്യയുടെ ഫാത്തിമ നമുക്ക് ചുറ്റുമുള്ള ചില പെൺകുട്ടികളെ ഓർമിപ്പിക്കും. എതിർത്തിട്ടൊന്നും കാര്യമില്ലെന്നു സ്വയം വിധിയെഴുതി മറ്റുള്ളവർ ഡിസൈൻ ചെയ്യുന്ന വേഷങ്ങളിലേക്ക് ചോദ്യങ്ങളില്ലാതെ നടന്നു കയറിപ്പോകുന്നവർ! അവരോട് നിത്യ മേനന്റെ കഥാപാത്രം ചോദിക്കുന്ന ചോദ്യമുണ്ട്, ‘‘അതിന് നീയെന്നെങ്കിലും എതിർത്ത് നോക്കിയിട്ടുണ്ടോ?’’ എന്ന്! 

ഇന്ദ്രൻസ്, ദീപക് പാറമ്പോൽ, ശ്രീലക്ഷ്മി, ആര്യ സലിം, ഡിനോയ് പൗലോസ്, മനോ ജോസ് തുടങ്ങിയവരും ശ്രദ്ധേയമായ വേഷങ്ങളിൽ ഈ സിനിമയിലെത്തുന്നു. ഗോവിന്ദ് വസന്തയുടെ പശ്ചാത്തലസംഗീതം കഥ പറച്ചിലിന്റെ ആത്മാവിനെ തൊടുന്നതായിരുന്നു. പ്രത്യേകിച്ചും പലയിടങ്ങളിൽ വരുന്ന വയലിന്റെ നോട്ടുകൾ. രണ്ടു പാട്ടുകളാണ് ചിത്രത്തിലുള്ളത്. അവ രണ്ടും ശരാശരി നിലവാരം പുലർത്തുന്നു. മനേഷ് മാധവന്റെ ക്യാമറയും മനോജിന്റെ ചിത്രസംയോജനവും കഥ പറച്ചിലിനോടു യോജിച്ചു നിൽക്കുന്നു. ആന്റോ ജോസഫും നീറ്റ പിന്റോയും ചേർന്നു നിർമിച്ചിരിക്കുന്ന ചിത്രം ഡിസ്നി ഹോട്ട്സ്റ്റാറിലാണ് റിലീസ് ചെയ്തിരിക്കുന്നത്. 

പത്രപ്രവർത്തകയും ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തെ ഓർമപ്പെടുത്തുന്ന ചിത്രമാണ് 19 (1)(എ). എന്നാൽ, ഇത് ഗൗരിയുടെ കഥയല്ല. അധികാരവും ഭരണകൂടവും ഭയപ്പെടുന്ന വാക്കുകളുടെ കഥയാണ്. അവ സ്വതന്ത്രമായി പ്രകടിപ്പിക്കുന്ന മനുഷ്യരുടെ കഥയാണ്. അതിൽ ട്വിസ്റ്റുകളോ അട്ടിമറിയോ ഇല്ല. അതുകൊണ്ടു തന്നെ, ചടുലമായ കഥ പറച്ചിലല്ല 19 (1)(എ)യുടേത്. ഒറ്റ കാഴ്ചയിൽ അത് അവസാനിക്കുന്നുമില്ല. നേരംപോക്കിനല്ലാതെ സിനിമ കാണുവാൻ സമയം നീക്കിവയ്ക്കുന്നവരാണെങ്കിൽ, തീർച്ചയായും ഈ ചിത്രം നിങ്ങളുമായി സംവദിക്കും. അങ്ങനെയൊരു കാഴ്ചാനുഭവമാണ് ആദ്യ സിനിമയിലൂടെ സംവിധായികയും തിരക്കഥാകൃത്തുമായ ഇന്ദു വി.എസ് ഒരുക്കിയിരിക്കുന്നത്. 

English Summary: 19(1)(a) is a 2002 Indian Malayalam-language film written and directed by debutant Indhu V.S. The film stars Vijay Sethupathi, Nithya Menen in important roles 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}