ADVERTISEMENT

കാണുന്നയാൾക്ക് ഒരു സിനിമ ഏറെ പ്രിയപ്പെട്ടതായി മാറുന്നത് എപ്പോഴാണ്? തന്റെ ജീവിതത്തിലെ ഏതെങ്കിലുമൊരു നിമിഷവുമായി ആ സിനിമയ്ക്ക് ബന്ധമുണ്ടെന്ന് കാണി തിരിച്ചറിയുമ്പോഴാണ് ആ സിനിമ അയാൾക്ക് ഏറ്റവും പ്രിയപ്പെട്ടതായി മാറുന്നത്. സിനിമയെ സ്നേഹിക്കുന്ന, സിനിമയിലെത്തണമെന്നാഗ്രഹിക്കുന്ന മലയാളികളിൽ പലർക്കും അത്തരമൊരു സിനിമാനുഭവം സമ്മാനിക്കാൻ കഴിയുന്ന ചിത്രമാണ് കഴിഞ്ഞ ദിവസം ഒടിടി റിലീസായെത്തിയ ‘ചലച്ചിത്രം’.

സംവിധായകനും ക്യാമറാമാനും എഡിറ്ററും മാത്രം ഗൾഫിലേക്ക് പോവുകയും അവർ താമസിച്ച മുറിയിൽത്തന്നെ ചിത്രീകരിക്കുകയും ചെയ്ത കുഞ്ഞുസിനിമ എന്നതിനാൽ റിലീസിനുമുന്നേ വാർത്തകളിൽ ഇടംപിടിച്ച സിനിമയാണ് ‘ചലച്ചിത്രം’. കലാഭവൻ ഷാജോണിനെ നായകനാക്കി പരീത് പണ്ഡാരി എന്ന റിയലിസ്റ്റിക് സിനിമയൊരുക്കിയ ഗഫൂർ വൈ. ഇല്യാസിന്റെ രണ്ടാമത്തെ സംവിധാനസംരംഭമണ് ചലച്ചിത്രം. എന്നാൽ ഇതൊന്നുമല്ല ഈ സിനിമയുടെ പ്രത്യേകത. ആലപ്പുഴക്കാരനായ ആലപ്പി സുദർശനെന്ന നടൻ ഒരുപക്ഷേ തന്റെ ജീവിതം ഈ സിനിമയിലൂടെ കണ്ടെടുക്കുകയാണ്. നാലടിയോളം മാത്രം പൊക്കമുള്ള ആലപ്പി സുദർശൻ അനേകം സിനിമകളിലും ടിവി ഷോകളിലുമൊക്കെയായി മലയാളികൾക്ക് സുപരിചിതനാണ്. പക്ഷേ താൻ കേന്ദ്രകഥാപാത്രമായി ഒരു സിനിമ വരുമെന്ന് അദ്ദേഹം സ്വപ്നത്തിൽപ്പോലും വിചാരിച്ചിട്ടുണ്ടാവില്ല.

ഒരു സാധാരണക്കാരന്റെ ദൈനംദിന ജീവിതത്തിൽ പാട്ടും ഡാൻസും ഫൈറ്റുമൊന്നുമുണ്ടാവില്ല. വളരെ പതിയെ സംഭവിക്കുന്ന ജീവിതത്തിന്റെ ആ ഒഴുക്കോടെ കഥ പറഞ്ഞുപോവുന്ന കൊച്ചു സിനിമയാണ് ചലച്ചിത്രം. ഒന്നര മണിക്കൂർ മാത്രമാണ് ചിത്രത്തിന്റെ ദൈർഘ്യം. തേഞ്ഞുതീർന്ന ഒരു ചെരുപ്പിന്റെ കാഴ്ചപ്പാടിലൂടെയാണ് സിനിമയുടെ കഥ വിടരുന്നത്. ആ ചെരുപ്പ് മമ്മൂട്ടിയുടേതായിരുന്നു. സൂപ്പർതാരം മമ്മൂട്ടിയുടേതല്ല. സിനിമയിൽ ഒരവസരം തേടി നടക്കുന്ന, മൂന്നരയടി പൊക്കക്കാരനായ മമ്മൂട്ടി. ഉദയാ സ്റ്റുഡിയോയിൽ ഷൂട്ടിങ് നടക്കുമ്പോൾ ആരാധനയോടെ പോയി നോക്കി നിൽക്കുകയും പ്രേംനസീർ ഭക്ഷണം കഴിച്ച എച്ചിൽപാത്രത്തിൽനിന്ന് ആരാധനയോടെ ഒരുതരി വറ്റെടുത്ത് കഴിക്കുകയും ചെയ്ത സിനിമാപ്രാന്തൻ. ആരോ പറ്റിക്കാനയച്ച ഒരു തമാശക്കത്തു വിശ്വസിച്ച് സിനിമയിലഭിനയിക്കാൻ ചെന്നൈയിലേക്ക് ട്രെയിൻ കയറുമ്പോൾ അയാളുടെ അച്ഛൻ വാങ്ങിക്കൊടുത്ത ചെരുപ്പാണത്.

chalachitram

സിനിമയെത്തേടിയുള്ള മൂന്നരയടിപ്പൊക്കക്കാരൻ മമ്മൂട്ടിയുടെ യാത്രയാണ് ചലച്ചിത്രം. ഒരുതുള്ളി കണ്ണീരോടെയല്ലാതെ ഈ സിനിമ കണ്ടുതീർക്കാനാവില്ല എന്നതാണ് സത്യം.‘സിനിമ എനിക്ക് ആഗ്രഹമല്ലല്ലോ സാർ ആവശ്യമല്ലേ, ആഗ്രഹം സാധിച്ചാൽ അതോടെ തീരില്ലേ?’ എന്ന ചോദ്യം സംവിധായകനടക്കം സിനിമയെ ആഗ്രഹിക്കുന്ന നൂറുകണക്കിന് മലയാളികളുടെ ആത്മഗതമാണ്.

വളരെ പതിഞ്ഞ താളത്തിൽ ബഹളങ്ങളില്ലാതെ കഥ പറയുന്ന രീതിയാണ് ചലച്ചിത്രത്തിൽ ഗഫൂർ സ്വീകരിച്ചിരിക്കുന്നത്. കഥ പറച്ചിലിന്റെ താളത്തിനൊത്ത ക്യാമറ, പശ്ചാത്തല സംഗീതം, എഡിറ്റിങ് എന്നിവയാണ് ഒപ്പമുള്ളത്. റൂട്ട്സ് വിഡിയോ, ഫസ്റ്റ് ഷോസ്, ലൈംലൈറ്റ്, മെയിൻസ്ട്രീം എന്നീ നാലു പ്ലാറ്റ്ഫോമുകളിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. കുടുംബവുമൊത്ത് വീട്ടിലിരുന്ന് കാണാവുന്നത്ര നന്മകളുള്ള സിനിമ. ഇതൊരു വമ്പൻ സിനിമയാണെന്നോ ഗംഭീര സിനിമയാണെന്നോ കണ്ണുമടച്ച് വിശേഷിപ്പിക്കേണ്ട ആവശ്യമില്ല. പക്ഷേ ഉള്ളിൽ നന്മയുടെ ഒരംശമുള്ള സിനിമയാണ് ചലച്ചിത്രം. ഈ സിനിമ അർഹിക്കുന്ന പ്രേക്ഷകർ തേടിപ്പിടിച്ച് കണ്ടുകൊള്ളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com