പ്രേക്ഷക മനസ്സിലേറി ആന്റണിയും സാറയും; വേറിട്ട അനുഭവമായി മൈക്ക്; റിവ്യു

mike-movie-review
SHARE

സാമൂഹിക, കുടുംബ പ്രശ്നങ്ങൾ മൂലം ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ആണായി മാറാൻ തീരുമാനിച്ച സാറ. ചെറുപ്പത്തിന്റെ ചോരത്തിളപ്പ് മൂലം ജീവിതത്തിൽ സംഭവിച്ച ഒരു ദുരന്തത്തിന്റെ പാപഭാരം പേറുന്ന ആന്റണി. ഇവർ രണ്ടുപേരും ഒരു ബസ് യാത്രയിൽ കണ്ടുമുട്ടുന്നു. ഇവർക്കിടയിൽ ആൺസുഹൃത്തുക്കൾ തമ്മിലുള്ള പോലെയൊരു സൗഹൃദം ഉടലെടുക്കുന്നു. തുടർന്ന് വഴിപിരിഞ്ഞെങ്കിലും ചില വഴിത്തിരിവുകളിലൂടെ സാറയുടെ ജീവിതാഭിലാഷം നിറവേറ്റാനുള്ള യാത്രയിൽ ആന്റണിയും പങ്കാളിയാകുന്നു. അവളുടെ ആഗ്രഹം സഫലമാകുമോ? ഇരുവരുടെയും സൗഹൃദത്തിൽ എന്തെങ്കിലും രഹസ്യങ്ങളുണ്ടോ? ഇതിനുള്ള ഉത്തരമാണ് മൈക്ക് എന്ന സിനിമ. ഏറെക്കുറെ പുതുമയുള്ള ഈ പ്രമേയമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

പുതുമുഖം രഞ്ജിത് സജീവ്, അനശ്വര രാജൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിന്റെ സംവിധായകൻ വിഷ്ണു പ്രസാദാണ്. 'ബിവെയർ ഓഫ് ഡോഗ്സ്' എന്ന ചിത്രത്തിനുശേഷമുള്ള ഇദ്ദേഹത്തിന്റെ സംവിധാന സംരംഭമാണിത്. ആഷിഖ് അക്ബർ അലിയാണ് സമകാലീന പ്രസക്തിയുള്ള പ്രമേയം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ രചയിതാവ്. ബോളിവുഡ് നടൻ ജോൺ എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള ജെഎ എന്റർടെയ്ൻമെന്റ് ആദ്യമായി നിർമിക്കുന്ന മലയാള ചിത്രമാണിത്.

സൂപ്പർ ശരണ്യ എന്ന ഹിറ്റ് സിനിമയ്ക്കുശേഷം അനശ്വരയുടേതായി ഇറങ്ങിയ സിനിമയാണിത്. ‘സൂപ്പർ ശരണ്യ’യിൽനിന്ന് കാതങ്ങൾ അകലെയുള്ള ‘ടോംബോയിഷ്’ കഥാപാത്രത്തിലേക്ക് പരകായപ്രവേശം നടത്തിയിട്ടുണ്ട് അനശ്വര. സാറ എന്ന കഥാപാത്രത്തോടു താദാത്മ്യം പ്രാപിക്കാനായി ശാരീരികമായ പരുവപ്പെടുത്തലുകളിലും ഡയലോഗ് ഡെലിവറിയിലും മാനറിസത്തിലും അനശ്വര എടുത്ത തയാറെടുപ്പ് അഭിനന്ദനാർഹമാണ്.

അദ്ഭുതപ്പെടുത്തിയത് നായകനാണ്. പുതുമുഖത്തിന്റെ യാതൊരു പതർച്ചകളുമില്ലാതെ കയ്യടക്കത്തോടെയുള്ള അഭിനയം കാഴ്ച വച്ചിരിക്കുന്നു രഞ്ജിത് സജീവ്. ചിത്രത്തിലെ വൈകാരിക-ആക്‌ഷൻ- നൃത്ത രംഗങ്ങളിലെ രഞ്ജിത്തിന്റെ ചടുലമായ പ്രകടനവും ശ്രദ്ധേയമാണ്. ഒരു 'അർജുൻ റെഡ്ഢി' ഫയർ അവിടെ ഫീൽ ചെയ്യുന്നുണ്ട്. ചില ഫ്രയിമുകളിൽ ഇദ്ദേഹം രൂപം കൊണ്ടും ശബ്ദം കൊണ്ടും പ്രേക്ഷകരെ കയ്യിലെടുക്കുന്നു. മലയാളസിനിമയ്ക്ക് ഒരു ഭാവിവാഗ്ദാനമാകട്ടെ ഈ നടൻ.

രണ്ടു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ച് കഥ പറയുന്നുവെങ്കിലും സഹതാരങ്ങളുടെ പ്രകടനവും മികച്ചുനിൽക്കുന്നുണ്ട്. രോഹിണി, ജിനു ജോസഫ്, അക്ഷയ് രാധാകൃഷ്ണൻ, അഭിരാം രാധാകൃഷ്ണൻ, വെട്ടുകിളി പ്രകാശ്, സിനി എബ്രഹാം, റോഷൻ ചന്ദ്ര, ഡയാന ഹമീദ്, കാർത്തിക്ക് മണികണ്ഠൻ, രാകേഷ് മുരളി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

പെൺകുട്ടികളും സ്ത്രീകളും നമ്മുടെ സമൂഹത്തിലും സ്വന്തം കുടുംബത്തിലും അനുഭവിക്കുന്ന അരക്ഷിതാവസ്ഥ, ആണുങ്ങൾക്ക് സമൂഹത്തിൽ ലഭിക്കുന്ന ചില സോഷ്യൽ പ്രിവിലേജുകൾ, ലിംഗനീതിയുടെ പ്രാധാന്യം തുടങ്ങി ആനുകാലിക പ്രസക്തമായ ചില കാര്യങ്ങളും ചിത്രം പരാമർശിക്കുന്നുണ്ട്. ചിത്രത്തിൽ സ്വന്തം വീട്ടിൽപോലും ശാരീരികമായ കയ്യേറ്റം നേരിടേണ്ടിവരുന്ന നായിക കായികമായി അതിനെ നേരിടുന്ന ഒരു രംഗമുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് ആ രംഗത്തെ തിയറ്ററിൽ പ്രേക്ഷകർ വരവേറ്റത്. എടുത്തുപറയേണ്ട മറ്റൊരു കാര്യം, ഒന്നേമുക്കാൽ മണിക്കൂർ മാത്രമാണ് ചിത്രത്തിന്റെ ദൈർഘ്യം. അതിനാൽ വലിച്ചുനീട്ടലുകൾ ഇല്ലാതെ സജീവമായി ചലിക്കുന്ന കഥാഗതിയാണ് ചിത്രത്തിനുള്ളത്.

ശരിക്കും മ്യൂസിക്കിൽ പൊതിഞ്ഞെടുത്ത ഒരു ദൃശ്യവിരുന്നാണ് മൈക്ക്. 'പ്രണയ'ത്തിലെ മനോഹരസംഗീതത്തിലൂടെ സംസ്ഥാനപുരസ്‌കാരം നേടിയ ഹിഷാം തന്റെ മികവ് ഈ ചിത്രത്തിലൂടെ വീണ്ടും ഉരച്ചുമിനുക്കുന്നുണ്ട്. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഹൃദ്യമാണ്. ചിത്രത്തിലെ പ്രധാന കഥാഗതി പുരോഗമിക്കുന്നത് ഗാനങ്ങളുടെ അകമ്പടിയോടെയാണ്.

സാങ്കേതികമേഖലകളിലെ മികവിന്റെ കോർത്തിണക്കം ചിത്രത്തിന്റെ നിലവാരം ഉയർത്തുന്നുണ്ട്. C.I.A പോലെ ദൃശ്യമികവുള്ള ഒരുപിടി സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച രണദിവെ ആ മികവ് മൈക്കിലും തുടരുന്നുണ്ട്. ടോംബോയിഷായ സാറയെ അടയാളപ്പെടുത്തുന്നതിൽ കോസ്റ്റ്യൂം ഡിസൈനിങ്ങും പ്രശംസ അർഹിക്കുന്നുണ്ട്. ചടുലമായി സംഘട്ടനങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർമാരും കയ്യടി അർഹിക്കുന്നു. കലാസംവിധാനം, ഗാനങ്ങൾ എന്നിവയും മികവ് പുലർത്തുന്നു.

mike-trailer

രണ്ടു വിധത്തിൽ സ്വത്വപ്രതിസന്ധി അനുഭവിക്കുന്ന രണ്ടുപേർ കണ്ടുമുട്ടുമ്പോൾ അവർക്കിടയിൽ ഉടലെടുക്കുന്ന 'മാംസ നിബദ്ധമല്ലാത്ത രാഗ'മാണ് ചിത്രത്തിനെ വ്യത്യസ്തമാക്കുന്നത്. തുറന്നുപറയുന്ന പ്രണയത്തേക്കാൾ മാധുര്യം ചിലപ്പോഴെങ്കിലും പറയാതെ പോകുന്ന പ്രണയങ്ങൾക്കുണ്ടെന്ന് ചിത്രം അടിവരയിടുന്നു. അവസാനം 'മൈക്ക്' എന്ന ആൺപേരിലേക്ക് കൂടുമാറാൻ കാത്തിരിക്കുന്ന സാറ കണ്ടെത്തുന്ന ചില തിരിച്ചറിവുകളിൽ ചിത്രം ഹൃദ്യമായി പരിസമാപ്തിയിലെത്തുന്നു. ചിത്രത്തിന്റെ അവസാനം, കുറുകിയ വാക്കുകളിൽ കൃത്യമായി നൽകുന്ന ഒരു സന്ദേശം വളരെ ആനുകാലിക പ്രസക്തമാണ്. ചുരുക്കത്തിൽ വ്യത്യസ്തമായ ഒരു സിനിമ കാത്തിരിക്കുന്നവർക്ക് ധൈര്യമായി ടിക്കറ്റെടുക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}
FROM ONMANORAMA