ADVERTISEMENT

ആരാണു ജീവിതത്തിൽ സമാധാനം ആഗ്രഹിക്കാത്തത്! അർധരാത്രി കള്ളും കുടിച്ച് വണ്ടിയോടിച്ച് വഴിയിൽ കണ്ട ആൾക്ക് വെറുതേ ലിഫ്റ്റ് കൊടുത്ത് ജീവിതത്തിന്റെ സമാധാനം തകർന്നിരിക്കുന്ന കാർലോസിന്റെയും ജിബ്രാന്റെയും കഥയാണ് ‘പീസ്’. ചെറിയൊരു കഥാസന്ദർഭത്തിൽ തുടങ്ങുന്ന ചിത്രം നർമത്തിന്റെ രസച്ചരടിൽ പ്രേക്ഷകനെ കൊളുത്തിയിടുന്നു. ആരും പ്രതീക്ഷിക്കാത്തൊരു ക്ലൈമാക്സ് സിനിമയുടെ തുടർ സാധ്യതകളിലേക്കാണ് പ്രേക്ഷകരെ കൊണ്ടെത്തിക്കുന്നത്.

 

ഫുഡ് ഡെലിവറിക്കൊപ്പം അല്‍പസ്വല്‍പം കഞ്ചാവ് വില്‍പനയുമൊക്കെയായി അടിച്ചുപൊളി ജീവിതം നയിക്കുകയാണ് കാർലോസ്. അയാളുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസത്തിലാണ് കഥ തുടങ്ങുന്നത്. പ്രായം അൻപതിനടുത്തായെങ്കിലും കാർലോസിന്റെ കൂട്ടുകാർ ചെറുപ്പക്കാരായ ജിബ്രാനും നെൽസനും ജോമോനുമൊക്കെയാണ്. അങ്ങനെ എല്ലാവരും ഒരുമിച്ച് മദ്യപിച്ച് ലക്കുകെട്ട് കാറിൽ യാത്ര ചെയ്യുമ്പോൾ വഴിയിൽ കണ്ട അപരിചിതനെ ഇവർ വാഹനത്തിൽ കയറ്റുന്നു. എന്നാൽ ആ യാത്ര അവരുടെ സന്തോഷവും സമാധാനവുമൊക്കെ തകർക്കുന്നതായിരുന്നു. വലിയൊരു കുരുക്കിലാണ് പിന്നീട് കാർലോസും ജിബ്രാനും അകപ്പെടുന്നത്. ആ കുരുക്കിൽനിന്നു രക്ഷ നേടാൻ ശ്രമിക്കുന്നതിനിടെ അതിലും വലിയ ഗുലുമാലുകളാണ് ഇവർ ചേർന്നൊപ്പിക്കുന്നത്. അങ്ങനെ രസിപ്പിച്ചു മുന്നേറുന്ന ഒരു ഫൺ റൈഡാണ് ഈ ചിത്രം.

 

ബ്ലാക്ക് ഹ്യൂമർ കോമഡി ത്രില്ലറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നളൻ കുമാരസാമിയുടെ സൂതു കാവും പോലുള്ള സിനിമകളിൽ പരീക്ഷിച്ചു വിജയിച്ച ആഖ്യാന ശൈലിയാണ് സിനിമയുടേത്. തിരക്കഥയുടെ സ്വഭാവത്തോട് തികച്ചും നീതിപുലർത്തുന്ന സംവിധാന ശൈലിയാണ് നവാഗതനായ സൻഫീർ അവലംബിച്ചിരിക്കുന്നത്. പ്രേക്ഷകരിൽ ആകാംക്ഷ ഉളവാക്കി ആദ്യം മുതൽ അവസാനം വരെ ഹ്യൂമർ നിലനിർത്താൻ സംവിധായകന് കഴി‍ഞ്ഞു. സൻഫീറിന്റെ കഥയ്ക്ക് സഫർ സനൽ, രമേഷ് ഗിരിജ എന്നിവരാണ് തിരക്കഥ നിർവഹിച്ചിരിക്കുന്നത്. സറ്റയർ കോമഡി ഡ്രാമാ ചിത്രമാണെങ്കിലും ചിലയിടങ്ങളിൽ പ്രേക്ഷകരെ ത്രില്ലടിപ്പിക്കാനും തിരക്കഥയ്ക്ക് സാധിക്കുന്നുണ്ട്.

 

കാർലോസ് ആയി എത്തുന്ന ജോജു ജോർജിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ജോജുവിന്റെ മാനറിസങ്ങളും ഡയലോഗ് ഡെലിവെറിയുമൊക്കെ കാർലോസിനെ രസകരമാക്കുന്നു. ഹ്യൂമറും തനിക്ക് നന്നായി വഴങ്ങുമെന്ന് ഈ ചിത്രത്തിലൂടെ ജോജു തെളിയിച്ചു. കാർലോസിനൊപ്പം കട്ടയ്ക്കു നിൽക്കുന്ന ജലജയെന്ന കഥാപാത്രത്തെ ആശ ശരത്തും ഭംഗിയാക്കി. 

 

അകാലത്തിൽ വിടപറഞ്ഞ അനിൽ നെടുമങ്ങാടിന്റെ സാന്നിധ്യമാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. പൊലീസ് ഇൻസ്‍പെക്ടറായ ഡിക്സൺ എന്ന കഥാപാത്രമായി തുടക്കം മുതൽ അവസാനം വരെ അദ്ദേഹം നിറഞ്ഞു നിൽക്കുന്നു. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടെയാണ് തൊടുപുഴയിൽ വച്ച് അദ്ദേഹം മരണമടയുന്നത്. മിമിക്രി കലാകാരനായ മഹേഷ് കുഞ്ഞുമോനാണ് ഈ ചിത്രത്തിൽ അനിൽ നെടുമങ്ങാടിനു ശബ്ദം നൽകിയത്. ഡോ. ഏഞ്ചല്‍ ആയി എത്തിയ രമ്യ നമ്പീശൻ, കുരുട്ടുബുദ്ധിയുടെ ആശാൻ കാജാജിയായി എത്തിയ സിദ്ദീഖ്, ജിബ്രാനെ അവതരിപ്പിച്ച ശാലു റഹിം, വിജിലേഷ്, ഉണ്ണി നായര്‍, അർജുൻ സിങ്, പോളി വില്‍സന്‍, മാമുക്കോയ, അദിതി രവി എന്നിവരാണ് മറ്റ് അഭിനേതാക്കൾ. 

 

ആദ്യ സംരംഭത്തില്‍ത്തന്നെ സംവിധായകനെന്ന നിലയിൽ പക്വതകാട്ടുന്നുണ്ട് സൻ‌ഫീർ. ജുബൈര്‍ മുഹമ്മിന്റെ ഛായാഗ്രഹണവും ചിത്രത്തോട് നീതി പുലർത്തി. കളർ ഗ്രേഡിങ്ങും മനോഹരം. നൗഫല്‍ അബ്‍ദുല്ലയുടെ എഡിറ്റിങ് തിരക്കഥയുടെ ചടുലതക്കൊപ്പം നീങ്ങി. ജുബൈർ മുഹമ്മദിന്റെ സംഗീതവും ചിത്രത്തോടു ചേര്‍ന്നുനില്‍ക്കുന്നു. റിലീസിനു മുമ്പ് രണ്ടാംഭാഗത്തെപ്പറ്റി അണിയറപ്രവർത്തകർ പറഞ്ഞിരുന്നില്ലെങ്കിലും കഥ രണ്ടാം ഭാഗത്തിലേക്കു തുടരുന്നതിന്റെ സൂചനയിലാണ് സിനിമ അവസാനിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com