ADVERTISEMENT

തൊണ്ണൂറുകളിലെ ഇടുക്കിയുടെ പശ്ചാത്തലത്തില്‍ വികസിക്കുന്ന ഗ്രാമീണ കഥയാണ്‌ ചട്ടമ്പിയുടേത്‌. അടിമുടി ദുരൂഹത നിറച്ച്‌ മുന്നോട്ട്‌ പോകുന്ന പ്രമേയം ഒരു ഗ്രാമത്തിലെ പലതരം മനുഷ്യരുടെ ജീവിതത്തെയാണ്‌ വരച്ചുകാട്ടുന്നത്‌. അവരില്‍ മിക്കവരും ഇരുണ്ടതും ദുരൂഹവുമായ വഴികളിലൂടെയാണ്‌ നടക്കുന്നത്‌ എന്നതിനാല്‍ സിനിമ ത്രില്ലര്‍ ഗണത്തില്‍ പെടുത്താവുന്ന റിയലിസ്റ്റിക്‌ ഡ്രാമ അനുഭവമാകുന്നു.

കേരളത്തിന്റെയും തമിഴ്‌നാടിന്റെയും അതിര്‍ത്തി പങ്കിടുന്ന കൂട്ടാറാണ് കഥാ പശ്ചാത്തലം. കൂട്ടാറിനെ അടക്കി ഭരിക്കുന്ന മുട്ടാട്ടില്‍ ജോണ്‍ ആണ് അവിടെയുള്ള പ്രബലൻ. ജോണിന്റെ സന്തത സഹചാരികളാണ്‌ ബേബിയും ചട്ടമ്പിയായ കറിയയും. മൂവര്‍ സംഘം ഗ്രാമത്തിലെ പലിശവയ്പ്പും വാറ്റുചാരായ കച്ചവടവുമുള്‍പ്പെടെ സകലതും നിയന്ത്രിക്കുന്നവരാണ്‌. ഇവര്‍ക്കിടയില്‍ സംഭവിക്കുന്ന അസാധാരണ കാര്യങ്ങളാണ്‌ ചട്ടമ്പിയെന്ന സിനിമ.

സ്വന്തം അപ്പനെ തല്ലിയാണ് കറിയയുടെ ചട്ടമ്പിത്തരം തുടങ്ങുന്നത്. അമ്മച്ചിയോടു സ്നേഹമുണ്ടെങ്കിലും അതൊന്നും കറിയ പ്രകടിപ്പിക്കുകയില്ല. ജോണിനു വേണ്ടി തല്ലാനും കൊല്ലാനും മടിയില്ലാത്തവനാണ് കറിയ. എന്നാൽ ജോൺ തന്നെ അന്യനായി കാണുന്നു എന്ന വികാരവും കറിയ പ്രകടിപ്പിക്കുന്നുണ്ട്. മാനസികമായി അകലുന്ന ഇവർ ഒരു ഘട്ടത്തിൽ ശത്രുക്കളായി മാറുന്നു. ജോണിനെ രക്ഷിക്കാൻ മറ്റൊരാൾ അയാളറിയാതെ കളത്തിലിറങ്ങുന്നു.

ശ്രീനാഥ്‌ ഭാസിയുടെ കറിയ മലയാള സിനിമയില്‍ അപൂര്‍വമായി മാത്രം കാണാന്‍ കഴിയുന്ന പരുക്കന്‍ ഹീറോയായി സ്‌ക്രീനില്‍ നിറഞ്ഞാടുകയാണ്‌. ഭാസിയുടെ ഇതുവരെ കാണാത്ത പകര്‍ന്നാട്ടമാണ്‌ സിനിമയുടെ മികവുകളില്‍ ഒന്നായി എടുത്ത്‌ പറയാവുന്നത്‌. മലയാള സിനിമയില്‍ ഇതുവരെ ശ്രീനാഥ്‌ ഭാസി അവതരിപ്പിച്ച കഥാപാത്രങ്ങളില്‍ ഭൂരിപക്ഷവും അര്‍ബന്‍ സ്വഭാവമുള്ളവയായിരുന്നു. എന്നാല്‍ ചട്ടമ്പിയിലെ കറിയ ഗ്രാമീണത്തം കൊണ്ട്‌ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു.

ഒരു പീരിയഡ് സിനിമയായി ചട്ടമ്പി ഒരുക്കുന്നതില്‍ സംവിധായകന്‍ അഭിലാഷ് എസ്. കുമാര്‍ മികവ് കാട്ടി. അഭിനേതാക്കളെ കഥാപാത്രങ്ങളായി മാറ്റുന്നതിന്‍റെ സൂക്ഷ്മതയും എടുത്ത് പറയേണ്ടതാണ്. ഡാ തടിയാ, 22 ഫീമെയില്‍ കോട്ടയം, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാ രചനയില്‍ പങ്കാളിയായ അഭിലാഷ് ദീര്‍ഘകാലം ആഷിഖ് അബുവിനൊപ്പം അസോഷ്യേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

chattambi-trailer

മലയാള സിനിമയില്‍ അടുത്തിടെ ഇറങ്ങിയ സിനിമകളിലെ സ്ത്രീ കഥാപാത്രങ്ങളില്‍ അസാധാരണ പ്രകടനം കൊണ്ട് വേറിട്ട് നില്‍ക്കുന്നതാണ് ഗ്രേസ് ആന്‍റണിയുടെ സിസിലി. ഗ്രേസിന്റെ ഇതുവരെയുള്ള കരിയറിലെ ഏറ്റവും ശക്തയായ കഥാപാത്രവും സിസിലി തന്നെയാണെന്ന് നിസംശയം പറയാം. ഗുരു സോമസുന്ദരത്തിന്‍റെ മുനിയാണ്ടിയും ബിനു പപ്പുവിന്‍റെ ബേബിയും മൈഥിലിയുടെ രാജിയും മികച്ചതായി.

ചെറിയ പ്ലോട്ടിനെ ഇഴമുറിയാത്ത ത്രില്ലറായി വികസിപ്പിക്കുന്നതില്‍ അലക്‌സ്‌ ജോസഫിന്റെ തിരക്കഥ ഏറെ സഹായിക്കുന്നുണ്ട്‌. അലക്‌സ്‌ തന്നെയാണ്‌ ചിത്രത്തിന്റെ ഛായാഗ്രഹണവും നിര്‍വഹിച്ചിരിക്കുന്നത്‌. മലയോര ഗ്രാമത്തിന്റെ ഇടവഴികളും പ്രകൃതിയുമെല്ലാം ക്യാന്‍വാസില്‍ ആവാഹിക്കും വിധം വലിയ ഫ്രെയിമുകളിലാണ്‌ ക്യാമറ കഥ പറയുന്നത്‌. രണ്ടു മണിക്കൂറില്‍ തീരുന്ന ചട്ടമ്പി ചെറിയ ക്യാന്‍വാസില്‍ ഉള്‍ഗ്രാമത്തിലെ പച്ചയായ മനുഷ്യരുടെ അതിജീവനവും പ്രതികാരവുമാണ് സ്ക്രീനിലെത്തിക്കുന്നത്. ആ നിലയില്‍ വ്യത്യസ്തവും ആഴമുള്ളതുമാണ് അതിന്‍റെ കാഴ്ചാനുഭവം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com