ADVERTISEMENT

യുദ്ധത്തിൽ രക്തസാക്ഷിയായി അടക്കംചെയ്ത മനുഷ്യൻ ഒരു സുപ്രഭാതത്തിൽ തിരിച്ചുവന്നാൽ സമൂഹം എങ്ങനെ പ്രതികരിക്കും? അയാൾ തന്റെ ഇല്ലാതാക്കപ്പെട്ട വ്യക്തിത്വം എങ്ങനെ തെളിയിക്കും? ഇനി അയാൾ പറയുന്നത് സത്യമാണെങ്കിൽ അയാളുടെ സ്ഥാനത്ത് സംസ്കരിച്ചത് ആരെയാണ്?...

 

ഹൃദയത്തിൽ രാജ്യസ്നേഹം നിറഞ്ഞുതുളുമ്പുന്ന സൈനികനാണ് പൊന്നാനിക്കാരനായ മുഹമ്മദ് മൂസ. കാർഗിൽ യുദ്ധത്തിൽ 'രക്തസാക്ഷിയായ' മൂസയെ വീരപുരുഷനായി ആരാധിക്കുകയാണ് നാട്. അങ്ങനെയിരിക്കെ 19 വർഷങ്ങൾക്കുശേഷം 'മരിച്ച' മൂസ നാട്ടിൽ തിരിച്ചെത്തുന്നു. യഥാർഥത്തിൽ സംഭവിച്ചത് എന്തെന്ന് അയാൾ പറയുന്ന കഥ വിശ്വസിക്കാൻ ആരും കൂട്ടാക്കുന്നില്ല. പിന്നീടുണ്ടാകുന്ന രസകരമായ സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. 

 

moosa-suresh0gopi

മൂസയുടെ വരവ് നാട്ടിലെ ലോക്കൽ നേതാക്കൾക്കുമുതൽ രാജ്യസുരക്ഷയുടെ രഹസ്യാന്വേഷണ ചുമതല വഹിക്കുന്നവർക്ക് വരെ തലവേദനയാകുന്നു. സമൂഹത്തിലും സ്വന്തം കുടുംബത്തിലും തിരസ്കൃതനായ മൂസ തന്റെ കബറടക്കപ്പെട്ട അസ്തിത്വം വീണ്ടെടുക്കാൻ നടത്തുന്ന ശ്രമങ്ങളും, അയാളുടെ മരണത്തിന്റെ ആനുകൂല്യം പറ്റിയവരും വ്യവസ്ഥിതിയും ചേർന്ന് അതിന് പാരവയ്ക്കുന്നതുമാണ് ആദ്യപകുതി. രണ്ടാംപകുതിയിൽ ചില ഉദ്ദേശ്യലക്ഷ്യങ്ങളോടെ ഒരാൾകൂടി മൂസയ്‌ക്കൊപ്പം ചേരുന്നു. അതോടെ കഥാഗതി മുറുകുന്നു. ഒടുവിൽ ചില അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ ചിത്രം പരിസമാപ്തിയിലെത്തുന്നു.

 

main-hoom-moosa

വെള്ളിമൂങ്ങ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, ആദ്യരാത്രി, എല്ലാം ശരിയാകും എന്നീ ചിത്രങ്ങൾക്കു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. രൂപേഷ് റെയ്ൻ ആണ് കഥ, തിരക്കഥ, സംഭാഷണം. 1998 ൽ തുടങ്ങി 2018 ൽ അവസാനിക്കുന്ന തരത്തിലാണ് സിനിമയുടെ അടിസ്ഥാനകഥ. ഡോ. സി.ജെ. റോയ്, തോമസ് തിരുവല്ല എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്. നിർമാതാക്കളിലൊരാൾ ക്യാമിയോ റോളിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 

 

പൂനം ബജ്വ, അശ്വിനി റെഡ്ഢി, സൈജു കുറുപ്പ്, ഹരീഷ്കണാരൻ, സലിംകുമാർ, മേജർ രവി, മിഥുൻ രമേശ്, ശശാങ്കൻ മയ്യനാട്, സാവിത്രി ശ്രീധരൻ, വീണാനായർ, ശ്രിന്ദാ, എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ഇവർക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

 

രണ്ടാംവരവിൽ വൈവിധ്യമുള്ള കഥാപാത്രങ്ങളുമായി കളംനിറയുകയാണ് സുരേഷ് ഗോപി. ഇദ്ദേഹത്തിന്റെ വേറിട്ട അഭിനയം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. താരം അപൂർവമായി മാത്രം ചെയ്തിട്ടുള്ള ഹ്യൂമർ ടച്ചുള്ള കഥാപാത്രങ്ങളുടെ പട്ടികയിൽ ഇനി മൂസയുമുണ്ടാകും. മൂസയുടെ ജീവിതത്തിലെ പല ഘട്ടങ്ങൾ അവതരിപ്പിക്കുമ്പോൾ വേറിട്ട ഗെറ്റപ്പിലാണ് താരം എത്തുന്നത്. പ്രേക്ഷകരെ ചിരിപ്പിക്കുന്ന ദൗത്യം മുന്നിൽനിന്നു നിർവഹിക്കുന്നത് ഹരീഷ് കണാരനാണ്. സുരേഷ് ഗോപി- ഹരീഷ് കോംബോയിലൂടെ ചിരിക്കാനുള്ള ഒട്ടേറെ മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ട്. നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെ സൈജുവും ഭംഗിയാക്കി. ചിത്രത്തിലെ സ്ത്രീകഥാപാത്രങ്ങളിൽ സാവിത്രി ശ്രീധരൻ, വീണാനായർ എന്നിവരുടെ റോളുകൾ ഒരുപടി മുന്നിൽനിൽക്കുന്നുണ്ട്.

 

ചിരിക്കൊപ്പം ആനുകാലിക രാഷ്ട്രീയവും സൂക്ഷ്മമായി പറയുന്നുണ്ട് ചിത്രം. എല്ലാ പ്രസ്ഥാനങ്ങൾക്കും വേണ്ടത് രക്തസാക്ഷികളെയും വീരാരാധന നടത്തുന്ന അനുയായികളെയുമാണ്. യാഥാർഥ്യങ്ങൾ മറച്ചുകൊണ്ട് സമാന്തരചരിത്രം സൃഷ്ടിക്കപ്പെടുന്ന ഈ കാലത്ത്, ആ പച്ചയായ യാഥാർഥ്യം കണ്മുന്നിൽ വന്നുനിന്നുറക്കെ അലമുറയിട്ടാലും അംഗീകരിക്കാൻ സമൂഹം തയ്യാറാകില്ല എന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു.

 

ഇന്ത്യയിലെ വ്യത്യസ്ത ലൊക്കേഷനുകളിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. കേരളത്തിൽ തുടങ്ങി ഡല്‍ഹി, ജയ്പൂര്‍, പുഞ്ച്, വാഗാ ബോര്‍ഡര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് കേരളത്തിൽത്തന്നെ പര്യവസാനിക്കുന്ന കഥയാണ് സിനിമയ്ക്ക്. ഇന്ത്യൻ ഭൂമികകളുടെ വൈവിധ്യവും സംസ്കാരവും ഭംഗിയായി അടയാളപ്പെടുത്തുന്നുണ്ട്. വിഷ്ണു നാരായണന്റെ ഛായാഗ്രഹണം ആസ്വാദനമികവിന് മാറ്റുകൂട്ടുന്നു.  

 

അടുത്തിറങ്ങിയ മറ്റ് സുരേഷ് ഗോപി സിനിമകളേക്കാൾ ഗാനങ്ങൾക്ക് പ്രാധാന്യം മൂസയിലുണ്ട്. മഹേഷിന്റെ പ്രതികാരത്തിൽ ഇടുക്കിക്കായി ഒരുക്കിയ 'മലമേലെ തിരിവച്ച്' എന്ന ഗാനംപോലെ, മലപ്പുറം ജില്ലയ്ക്കായി ഒരുക്കിയ 'കിസ തുന്നിയ തട്ടവുമിട്ട്' എന്ന ഗാനം ബിജിബാലിന്റെ ആലാപനമികവുകൊണ്ടും ദൃശ്യമികവുകൊണ്ടും ഹൃദ്യമാണ്. മലബാറിന്റെ സംസ്കാരവുമായി ചേർന്നുനിൽക്കുന്ന ഇശലഴകുള്ള മറ്റു ഗാനങ്ങളും ഹൃദ്യമാണ്. റഫീഖ് അഹമ്മദ്, ഹരി നാരായണൻ, സജാദ് എന്നിവരുടെ വരികൾക്ക് ശ്രീനാഥ് ശിവശങ്കരൻ ഈണം പകർന്നിരിക്കുന്നു.

 

 2 മണിക്കൂർ 18 മിനിട്ടാണ് ചിത്രത്തിന്റെ ദൈർഘ്യം. ഒരിക്കൽപ്പോലും വിരസതയിലേക്ക് വീഴാതെ സജീവമായി മുന്നേറുന്ന കഥാഗതിയാണ് ചിത്രത്തിന്റെ മികവ്. ചുരുക്കത്തിൽ സത്യത്തെ എല്ലാക്കാലവും മൂടിവയ്ക്കാനാകില്ല എന്ന യാഥാർഥ്യം ഒടുവിൽ നാട്ടുകാർ തിരിച്ചറിയുന്നിടത്ത് ചിത്രം പര്യവസാനിക്കുന്നു. കുടുംബപ്രേക്ഷകർക്ക് മുൻവിധികളില്ലാതെ ആസ്വദിച്ചുകാണാൻ കഴിയുന്ന ചിത്രത്തിന് ധൈര്യമായി ടിക്കറ്റെടുക്കാം.

 

English Summary: Mei Hoom Moosa 2022 Malayalam Movie Review by Manorama Online. Mei Hoom Moosa is a comedy film directed by Jibu Jacob. The film stars Suresh Gopi in lead role.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com