ADVERTISEMENT

നന്മയുള്ള മനസ്സുകൾക്ക് കാവലായി എന്നും അവനുണ്ടാകും, രക്ഷകനായ ഈശോ. അങ്ങനെയൊരു കാവലാളിന്റെ കഥയുമായാണ് നാദിർഷയും ജയസൂര്യയും ‘ഈശോ’യുമായി എത്തുന്നത്. 

 

പോക്‌സോ കേസിലെ പ്രധാന സാക്ഷിയാണ് എടിഎം സെക്യൂരിറ്റി ജീവനക്കാരനായ രാമചന്ദ്രൻ പിള്ള. പ്രതി ശക്തനായതിനാൽ കേസിൽനിന്നു പിന്മാറാൻ പിള്ളയ്‌ക്കു മേൽ കടുത്ത സമ്മർദ്ദമുണ്ടാകുന്നു. എന്നാൽ തനിക്ക് രണ്ടു പെൺകുട്ടികളാണുള്ളത് എന്ന് ഓർക്കുന്നതോടെ പിള്ള കോടതിയിൽ രഹസ്യമൊഴി കൊടുക്കാൻ തീരുമാനിക്കുന്നു. അതോടെ അയാളെ ഇല്ലാതാക്കാൻ പ്രതിഭാഗം പദ്ധതിയിടുന്നു. മൊഴി രേഖപ്പെടുത്താൻ പിള്ള കോടതിയിലെത്തുന്നതിന്റെ തലേദിവസം രാത്രി ഈശോ എന്ന ഈ അപരിചിതൻ കടന്നു വരുന്നു. അയാളുടെ ഉദ്ദേശ്യം എന്താണെന്നും ആ വരവോടെ സംഭവിക്കുന്നതെന്തെന്നുമാണ് സിനിമ പറയുന്നത്.

 

വർത്തമാനകാല സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം സാമൂഹിക പ്രാധാന്യമുള്ള വിഷയമാണ് ചർച്ച ചെയ്യുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വീടുകളിലും പോലും കുട്ടികളും സ്ത്രീകളും സുരക്ഷിതരല്ല എന്ന കാര്യം തുറന്നു പറയുകയാണ് ഈ ചിത്രം.  തെറ്റ് ചെയ്യുന്നവർ മാത്രമല്ല, അത് അറിഞ്ഞിട്ടും മൗനം പാലിക്കുന്നവരും തെറ്റുകാർ തന്നെയെന്ന് ‘ഈശോ’ പറയുന്നു.

 

ജയസൂര്യ എന്ന നടന്റെ മറ്റൊരു ഗംഭീര കഥാപാത്രമാണ് ഈശോ. മികച്ച അഭിനയവുമായി ജാഫർ ഇടുക്കിയും ഇന്ദ്രൻസും എത്തുമ്പോൾ കഥയുടെ പിരിമുറുക്കം കൂടുന്നു. നിഷ്കളങ്കതയും നിശ്ചയദാർഢ്യവും ഭയവുമെല്ലാം കുഴഞ്ഞുമറിയുന്ന ഒരു സാധാരണക്കാരനെ  മികവോടെയാണ് ജാഫർ ഇടുക്കി അവതരിപ്പിച്ചിരിക്കുന്നത്. സുരേഷ് കൃഷ്ണ, നമിത പ്രമോദ്, ജോണി ആന്റണി, യദു കൃഷ്ണൻ, അക്ഷര കിഷോർ, കോട്ടയം നസീർ, രജിത് കുമാർ, അരുൺ നാരായണൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

 

സുനീഷ് വാരനാട് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നാദിർഷയുടെ മേക്കിങ് മികവു പുലർത്തുന്നുണ്ട്. റോബി രാജ് വർഗീസാണ് ഛായാഗ്രാഹകൻ. രാത്രിദൃശ്യങ്ങളൊക്കെ വളരെ മനോഹരമായാണ് റോബി ചിത്രീകരിച്ചിരിക്കുന്നത്. രാഹുൽ രാജിന്റെ പശ്ചാത്തലസംഗീതവും മികവു പുലർത്തുന്നു.

 

സസ്പെൻസുകളുടെ ബഹളമില്ലാത്ത, ത്രില്ലർ ഗണത്തിൽപെടുന്ന ഒരു സിനിമയാണിത്. പച്ച മനുഷ്യരുടെ കഥ പറയുന്ന സിനിമ കുടുംബ പ്രേക്ഷകർക്ക് ൈവകാരികമായ അനുഭവമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com