ADVERTISEMENT

മലയാളത്തിൽ കലാമൂല്യമുള്ള സിനിമകളുമായി തന്റേതായ ഇടം സൃഷ്ടിക്കുന്ന സംവിധായകനാണ് മഹേഷ് നാരായണൻ. അദ്ദേഹത്തിന്റെ കഥ പറച്ചിലിനു സാധാരണ മനുഷ്യന്റെ വിയർപ്പിന്റെ മണമുണ്ട്. ‘ടേക് ഓഫ്’ ആയാലും ‘സീ യൂ സൂൺ’ ആയാലും തന്റെ കാഴ്ചപ്പാടുകളോട് ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത ചലച്ചിത്രകാരനായി മഹേഷ് നാരായണൻ നട്ടെല്ലുയർത്തി നിൽക്കുകയാണ്. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സിനിമയായ ‘അറിയിപ്പും’ സമാനമായ ഒരു പ്രസ്താവനയാണ്. എന്താണ് സമൂഹം തന്റെ സിനിമയിലുടെ ഏറ്റെടുക്കേണ്ട സാമൂഹിക പ്രതിബദ്ധത എന്ന കൃത്യമായ ബോധ്യമുള്ള ഒരു സംവിധായകന്റെ സൃഷ്ടിയായി അറിയിപ്പിനെ അടയാളപ്പെടുത്താം. ഡിക്ലറേഷൻ എന്ന വാക്കിന്റെ മലയാളമാണ് അറിയിപ്പ്. ഐഎഫ്എഫ്ഐയിൽ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രം ഐഎഫ്എഫ്കെയിലും വരുന്നുണ്ട്.

 

വടക്കേ ഇന്ത്യയിൽ ജീവിക്കാനായി ബുദ്ധിമുട്ടുന്ന രണ്ടു മലയാളികൾ. പുകമഞ്ഞു നിറഞ്ഞ ഡൽഹിയിൽ അതിജീവനത്തിനായി പോരാടുന്ന ഹരീഷും രശ്മിയും. കുഞ്ചാക്കോ ബാബനാണ് നായകനായെത്തുന്നത്. ദിവ്യപ്രഭയാണ് രശ്മി. ഗ്ലൗസ് നിർമിക്കുന്ന ഫാക്ടറിയിലെ ഇടുങ്ങിയ ജീവിതസാഹചര്യം. ജീവിതത്തിൽ രക്ഷപ്പെടാനായി ഇരുവരും വിദേശത്തേക്കു ചേക്കേറാനുള്ള അധ്വാനം നടത്തിവരികയാണ്. കോവിഡ് കാലത്ത് മാസ്കണിഞ്ഞ ജീവിതം, ഗ്ലൗസ് നിർമാണ ഫാക്ടറി തുടങ്ങി സമകാലിക സാഹചര്യങ്ങളിലൂടെ ഒരു പരിധി വരെ യഥാതഥമായാണ് കഥ മുന്നോട്ടുപോവുന്നത്. തന്റെ അസ്തിത്വം നഷ്ടമാവാതിരിക്കാൻ പൊരുതുന്ന സ്ത്രീത്വത്തിന്റെ കഥയിലേക്കാണ് സിനിമ ലാൻഡ് ചെയ്യുന്നത്. 

 

മെഡിക്കൽ ആവശ്യങ്ങൾക്കായി ഗ്ലൗസ് നിർമിക്കുന്ന ഡൽഹിയിലെ ഒരു കമ്പനിയിലെ തൊഴിലാളികളാണ് ദമ്പതിമാരായ ഹരീഷും രശ്മിയും. വിദേശത്തേക്കുള്ള വീസ ലഭിക്കുന്നതിനായി വർക്ക് സ്കിൽ തെളിയിക്കാനുള്ള വിഡിയോ എടുക്കുന്നിടത്താണ് ചിത്രം ആരംഭിക്കുന്നത്. ഒരു ദിവസം ഫാക്ടറി തൊഴിലാളികളുടെ വാട്സാപ് ഗ്രൂപ്പിൽ രശ്മിയുടെ പേരിൽ ഒരു അശ്ലീല വിഡിയോ ആരോ പോസ്റ്റ് ചെയ്യുകയാണ്. 

 

ഇത്തരമൊരു സന്ദർഭത്തിൽ മിണ്ടാതിരുന്ന് എല്ലാംസഹിക്കാനാണ് സമൂഹം ഏതു സ്ത്രീയോടും പറയുക. ഇവിടെ രശ്മി തല കുനിക്കാൻ തയാറാവുന്നില്ല.

കെട്ടുറപ്പുള്ള തിരക്കഥയും ശക്തമായ കഥാപാത്ര നിർമിതിയുമാണ് സിനിമയെ ശ്രദ്ധേയമാക്കുന്നത്. ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്ന മാസ്കുകൾ സാധാരണ മനുഷ്യജീവിതത്തിന്റെ കാഴ്ചയായി മാറുകയാണ് അറിയിപ്പിൽ.

 

ഇൻഡിപെന്റന്റ് ഫിലിംമെയ്ക്കിങ് രീതികളോട് അടുത്തുനിൽക്കുന്ന ചലച്ചിത്രഭാഷയാണ് സിനിമാട്ടോഗ്രഫിയിൽ മഹേഷ് നാരായണൻ പിൻതുടരുന്നത്. എങ്കിലും കാഴ്ചക്കാർക്ക് വൈകാരികമായി സിനിമയോട് അടുപ്പം തോന്നുമോയെന്ന സംശയം ബാക്കിയാണ്. തന്റേതെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട അശ്ലീല വിഡിയോക്കെതിരെ ഒറ്റയ്ക്കുപോരാടി ജയിച്ച ഒരു വനിതയുടെ ജീവിതം സമീപകാലത്ത് മാധ്യമങ്ങളിൽ ചർച്ചയായതാണ്. കുടുംബവും ബന്ധുക്കളും കൈവിട്ടിട്ടും ഒറ്റയ്ക്ക് പോരാടുന്ന ആ വനിതയുടെ കഥയോടാണ് സിനിമയ്ക്ക് ഏറെ അടുപ്പം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com