ADVERTISEMENT

പുതു തലമുറയ്ക്ക് ആസ്വദിക്കാവുന്ന തരത്തിൽ ക്യാംപസിന്റെ മുഴുവൻ ഹൃദയത്തുടിപ്പുകളും ഒപ്പിയെടുത്ത ഒരു ആഘോഷചിത്രമാണ് വാസുദേവ് സനൽ സംവിധാനം ചെയ്ത ഹയ. സോഷ്യൽ മീഡിയ പിടിമുറുക്കിയ ഇന്നത്തെ തലമുറയുടെ നൻമകളിലേക്കും തിൻമകളിലേക്കുമുള്ള ഒരു ചൂണ്ടുപലക കൂടിയായ ചിത്രം ഒരു ക്യാംപസ് ത്രില്ലർ കൂടിയാണ്. സമൂഹത്തിൽ കോളിളക്കം സൃഷ്ടിച്ച പ്രണയപകയുടെ കഥ കൂടി പറയുന്ന ചിത്രം പുതിയ തലമുറയ്ക്ക് മാത്രമല്ല മാതാപിതാക്കൾക്ക്കൂടി നല്ലൊരു മെസ്സേജ് പകർന്നുകൊടുക്കുന്നുണ്ട്. പുതുമുഖങ്ങൾക്ക് വളരെ പ്രാധാന്യം നൽകി എത്തിയ ചിത്രത്തിൽ ഗുരു സോമസുന്ദരവും ലാൽ ജോസ്, ജോണി ആന്റണി തുടങ്ങിയവരും സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  

 

കേരളത്തിലെ പ്രശസ്തമായ എൻജിനീയറിങ് കോളജിൽ മെക്ക്ട്രോണിക് ബ്രാഞ്ച് എടുത്തു പഠിക്കാനെത്തിയ വിദ്യാർഥിയാണ് വിവേക് നന്ദഗോപൻ. ഫെയ്സ്‌ബുക്ക് വഴി വിവേക്അടുത്ത സുഹൃദ്ബന്ധം പുലർത്തുന്ന യമുനയും അതെ കോളജിൽ തന്നെയാണ് പഠിക്കാനെത്തിയത്. അച്ഛൻ നന്ദനും അമ്മ ശാലിനിക്കും മകന്റെ സ്വഭാവം എപ്പോഴാണ് മാറുന്നതെന്ന ഭീതിയാണ്.  അതിനൊരു കാരണവുമുണ്ട് ബെംഗളൂരിലെ കോളജിൽ മെറിറ്റിൽ സെലക്‌ഷൻ കിട്ടിയ വിവേക് കേരളത്തിലേക്ക് പഠിക്കാനെത്തിയത് ഓർക്കാൻ പോലും ഭയപ്പെടുന്ന ഒരു ഭൂതകാലം മനസ്സിൽ കുഴിച്ചുമൂടിയിട്ടാണ്. വിവേകിന്റെ ക്ലാസ്സിൽ തന്നെയാണ് പഠനത്തിൽ മുന്നിൽ നിൽക്കുന്ന കരിയറിൽ എന്നും ഒന്നാം സ്ഥാനത്തെത്തണമെന്ന അതിമോഹം വച്ചുപുലർത്തുന്ന ഹണിയും എത്തിയത്.  ബൈക് റേസും അടിപിടിയുമായി ഭീതിതമായ ഭൂതകാലം മറക്കാൻ ശ്രമിക്കുന്ന വിവേകിന് പക്ഷേ എപ്പോഴും പിന്തുടർന്ന് ശല്യപ്പെടുത്തുന്ന സീനിയർ ആൺകുട്ടികൾക്ക് മുന്നിൽ തന്റെ യഥാർഥ രൂപം പുറത്തെടുക്കേണ്ടി വരുന്നു. 

 

haya-new-song

അതിനിടെയാണ് ഹണി എന്ന പെൺകുട്ടി വിവേകിന്റെ ജീവിതത്തിലേക്ക് കടന്നുവരുന്നത്. ചുണ്ടിനും കപ്പിനുമിടയിൽ യമുനയ്ക്ക് വിവേകിനെ നഷ്ടപ്പെടുകയാണ്. കേരളത്തെ നടുക്കിയ ചില സംഭവങ്ങളുടെ തനിയാവർത്തനമാണ് പിന്നീട് അവിടെ സംഭവിക്കുന്നത്. വിവേകിന്റെ അച്ഛന്റെ സമയോചിതമായ ഇടപെടലിൽ സംഭവത്തിന്റെ ഗതി തന്നെ മാറുകയാണ്. 

 

മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ മനോജ് ഭാരതിയാണ് ഹയയുടെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. തിരക്കഥയുടെ ശക്തിതന്നെയാണ് ചിത്രത്തിന്റെ വിജയം.  'ഗോഡ്സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രത്തിന് ശേഷം വാസുദേവ് സനല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹയ. വളരെ പ്രധാന്യത്തോടെ ചർച്ച ചെയ്യേണ്ട വിഷയം അതിന്റെ ഗൗരവം കൈവിട്ടുപോകാതെ യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന രീതിയിലാണ് ഹയ ഒരുക്കിയിരിക്കുന്നത്. പ്രണയവും തല്ലും സംഗീതവും കുടുംബ ബന്ധങ്ങളുടെ ഇഴയടുപ്പവും ക്യാംപസ് ബന്ധങ്ങളും ഒരേ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്ന ചിത്രം കൂടിയാണ് ഹയ. മലയാള സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായി റോബോ ഫൈറ്റ് ഒരു സിനിമയിൽ ഉൾപ്പെടുത്തി എന്ന ക്രെഡിറ്റും ഹയയ്ക്ക് സ്വന്തമാകും. മുംബയിൽ നടക്കുന്ന റോബോ ഫൈറ്റ് മത്സരത്തിനായി ചിത്രത്തിലൊരുക്കിയ റോബോ ഫൈറ്റ് 'കാന്താര' യടക്കമുള്ള സിനിമകളുടെ ഗ്രാഫിക്സ് ഒരുക്കിയ ലവകുശയാണ് തയ്യാറാക്കിയിരിക്കുന്നത്.

 

ചിത്രത്തിൽ നായകന്റെ അച്ഛനായ നന്ദഗോപൻ എന്ന സുപ്രധാന കഥാപാത്രമായെത്തിയത് ഗുരു സോമസുന്ദരം ആണ്. ആദ്യ മലയാള ചിത്രത്തിൽ നിന്ന് വ്യത്യസ്തമായി മകനുവേണ്ടി നെഞ്ചുരുകി കരയുകയും മകന്റെ ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും ഒപ്പം നിൽക്കുകയും ചെയ്യുന്ന സ്നേഹധനനായ അച്ഛനാണ് നന്ദൻ. ജോണി ആന്റണിനും സംവിധായകൻ ലാൽ ജോസും വളരെ പ്രധാനപ്പെട്ട റോളുകൾ കൈകാര്യം ചെയ്തു ചിത്രത്തിലുണ്ട്. കെ.ആർ. ഭരത് എന്ന പുതുമുഖമാണ് വിവേക് എന്ന നായകനായി ചിത്രത്തിലെത്തുന്നത്.  ആക്‌ഷനും പ്രണയവും നൃത്തവും എല്ലാം ഒന്നുപോലെ ചെയ്യാൻ കഴിയുന്ന വിവേക് മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിച്ചേക്കും. ചൈതന്യ പ്രകാശ് അക്ഷയ ഉദയകുമാർ എന്നിവരാണ് ഹണിയായും യമുനയായും ചിത്രത്തിലെത്തുന്നത്.  ശ്രീധന്യ, ശ്രീകാന്ത് മുരളി, ലയ സിംപ്സൺ തുടങ്ങിയവരോടൊപ്പം വിവേകിന്റെ സഹപാഠികളായി ഒരു നീണ്ട നിര പുതുമുഖ താരങ്ങളും ഹയയിലുണ്ട്.          

 

ന്യൂ ജനറേഷന് ഏറെ പ്രിയപ്പെട്ട ബാൻഡായ മസാല കോഫിയിലെ വരുണ്‍ സുനിലാണ് ചിത്രത്തിന് ത്രസിപ്പിക്കുന്ന സംഗീതമൊരുക്കിയത്. ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് സന്തോഷ് വര്‍മ്മ, മനു മഞ്ജിത്, പ്രൊഫ.പി.എന്‍. ഉണ്ണികൃഷ്ണന്‍ പോറ്റി, ലക്ഷ്മി മേനോന്‍, സതീഷ് ഇടമണ്ണേല്‍ എന്നിവരാണ്.  പുതു തലമുറയുടെ ആഘോഷചിത്രം രസമൊട്ടും ചോരാതെ ക്യാമറയ്ക്കുള്ളിലാക്കിയത് ജിജു സണ്ണിയാണ്. അരുണ്‍ തോമസാണ് എഡിറ്റിങ് നിര്‍വഹിച്ചിരിക്കുന്നത്.  

 

മനോജ് ഭാരതിയുടെ ശാസ്‌താംകോട്ട ഡിബി കോളജിലെ സഹപാഠികളായ വേണു കൃഷ്ണൻ, ഹർഷ കുമാർ, ശ്രീജിത്ത്, ബിനു സരിക തുടങ്ങിയവരാണ് സിക്സ് സിൽവർ സോൾസിന്റെ ബാനറിൽ 'ഹയ' നിർമിച്ചത്. ആത്മാർഥ പ്രണയത്തിന്റെയും സ്വാർഥ പ്രണയത്തിന്റെയും പ്രതിരൂപങ്ങളായ നായികമാരുടെ പേരിന്റെ ആദ്യ അക്ഷരം ചേർത്താണ് ചിത്രത്തിന്റെ അണിയറപ്രവർത്തകർ ബുദ്ധിപരമായി 'ഹയ' എന്ന പേരിട്ടത്. പ്രണയത്തിന്റെ ടൂളുകളായി യുവത്വം മാറുന്ന ഇക്കാലത്ത് ഹയ ചർച്ചയാകുക തന്നെ ചെയ്യും. 

English Summary: Haya is a 2022 Indian movie directed by Vasudev Sanal starring Veena Venugopal, Bharath, Shambu Menon and Chaithanya Prekash.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com