നൻപകൽ നേരത്തൊരു പകർന്നാട്ടം; റിവ്യൂ
Nanpakal Nerathu Mayakkam Review
Mail This Article
ചില വ്യക്തികളെ ആദ്യമായി കാണുമ്പോൾ അവരെ നേരത്തേ എവിടെയോ വച്ചു കണ്ടതുപോലെ തോന്നാം. ആദ്യമായി പരിചയപ്പെടുകയാണെങ്കിലും വർഷങ്ങൾക്കു മുന്നേതന്നെ അറിയാമെന്നു തോന്നാം. കണ്ടതും പരിചയപ്പെട്ടതും നിയോഗമാണെന്ന് അനുഭവപ്പെടാം. അവരെ ജീവിതത്തിലേക്കു ചേർത്തുനിർത്തുകയല്ലാതെ മറ്റൊന്നും ചെയ്യാനില്ല. അവർക്കൊപ്പം അവരുടെ ഇഷ്ടങ്ങളെ ഇഷ്ടപ്പെടുക. അവർക്ക് ഇഷ്ടപ്പെട്ടവരെയും. അവരുടെ കർമഭൂമിയെയും. ആലോചിക്കുമ്പോൾ എന്തോ തകരാറു പോലെയാണോ തോന്നുന്നത്. എവിടെയോ എന്തോ ഒരു കുറവ്. അങ്ങനെയൊന്ന് ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിച്ചാലുള്ള അവസ്ഥ.
പ്രശസ്ത കഥാകൃത്ത് എസ്. ഹരീഷും, നവ മലയാള സിനിമയിലെ ഏറ്റവും പ്രതിഭാശാലിയായ ചലച്ചിത്രകാരൻ എന്നു പ്രശംസിക്കപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരിയും നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിൽ പരീക്ഷിച്ചിരിക്കുന്നത് ഇത്തരമൊരു ചിന്തയുടെ സാക്ഷാത്കാരമാണ്. അല്ലെങ്കിൽ എങ്ങനെയാണ് മൂവാറ്റുപുഴക്കാരൻ കുടുംബസ്ഥനായ വ്യക്തി പെട്ടെന്ന് സുന്ദരം എന്ന വ്യക്തിയായി മാറുന്നത്. മൂവാറ്റുപുഴയിൽ നിന്നു തമിഴ്‌നാട്ടിലേക്കുള്ള ദൂരം. അതേ ദൂരമുണ്ട് ജെയിംസും സുന്ദരവുമായി. എന്നാൽ ആ ദൂരത്തെ തന്റെ അഭിനയശേഷി കൊണ്ട് മലയാളത്തിന്റെ മഹാനടൻ മറികടക്കാൻ ശ്രമിക്കുന്നതിന്റെ അദ്ഭുതകരമായ കാഴ്ച കൂടിയാണ് ചിത്രം.
കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ആകർഷിച്ചതിന്റെ ക്രെഡിറ്റ് കിം കി ഡുക്ക് എന്ന കൊറിയൻ സംവിധായകനുള്ളതാണ്. ഓരോ മേളയിലും ആവേശത്തോടും ആരവത്തോടും കൂടിയാണ് കിമ്മിനെ മലയാളം ഏറ്റെടുത്തിട്ടുള്ളത്. അദ്ദേഹത്തിന്റെ ചിത്രങ്ങളെക്കുറിച്ച് വ്യത്യസ്ത അഭിപ്രായം പുലർത്തുന്നവർക്കുപോലും കിമ്മിനു കേരളത്തിൽ ലഭിച്ച പ്രശസ്തിയെയും അംഗീകാരത്തെയും അവഗണിക്കാൻ കഴിഞ്ഞിട്ടില്ല. കോവിഡ് കാലത്ത് കിം അകാലത്തിൽ മരിച്ചെങ്കിലും അദ്ദേഹത്തിനു ലഭിച്ച രീതിയിലുള്ള ആരവത്തോടെയാണ് ചലച്ചിത്രമേള ലിജോ ജോസ് പെല്ലിശ്ശേരിയെ സ്വീകരിച്ചതും. ഒരു സൂപ്പർ താരത്തിനു മാത്രം ലഭിക്കുന്ന സ്വീകരണം. ഒരു മെഗാസ്റ്റാറിനു മാത്രം ലഭിക്കുന്ന സ്വീകര്യത. ചിത്രത്തിനു മുൻപ് അദ്ദേഹം പറഞ്ഞ ഏതാനും വാക്കുകൾക്കുപോലും ലഭിച്ച കയ്യടി ആരെയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു.
മമ്മൂട്ടി എന്ന പേര് കേൾക്കുമ്പോൾ തന്നെ ഇളകിമറിയുന്ന മലയാളികളെയും ടാഗോർ തിയറ്റർ കണ്ടു. അവരുടെ കയ്യടികൾക്കു നടുവിലേക്കാണ് മൂവാറ്റപുഴയിൽ നിന്നു വേളാങ്കണ്ണിക്കു പോയ ബസ് വന്നുനിൽക്കുന്നത്. ആദ്യ രംഗത്തെ ഉഷാറാക്കുന്നത് അശോകനാണ്. ഒരു നാടകവണ്ടിയുടെ വാൻ ബുക്ക് ചെയ്തു നേരത്തേ എപ്പൊഴൊക്കെയോ നടത്തിയ നേർച്ചകൾ നേരിട്ടു നടത്താൻ വന്നവർ ലക്ഷ്യം നേടി മടങ്ങിപ്പോകാനുള്ള ഒരുക്കത്തിലാണ്. എല്ലാവരും വാനിൽ കയറി. അവസാനമാണ് സാലിയും ജെയിസും (മമ്മൂട്ടി) മകനും എത്തുന്നത്. അവർ കൂടി എത്തുന്നതോടെ യാത്ര തുടങ്ങുകയായി. വിനോദയാത്രയ്ക്കു പോകുന്ന ഉത്സാഹത്തോടെയാണ് മടക്കയാത്ര. ഇടയ്‌ക്കൊന്നു നിർത്തി ഭക്ഷണവും കഴിച്ച് അവർ യാത്ര വീണ്ടും തുടങ്ങുന്നു. നാടൻ പാട്ട് പാടി യാത്ര കൊഴുപ്പിക്കുന്നുണ്ടെങ്കിലും ജെയിംസിന് അതിലൊന്നും വലിയ താൽപര്യമില്ല.
ഇടയ്ക്ക് തമിഴ് പാട്ട് വയ്ക്കുമ്പോൾ ഡ്രൈവറോട് അയാൾ ചോദിക്കുന്നത് പഴയ നല്ല മലയാളം പാട്ടുകൾ ഇല്ലേ എന്നാണ്. ഹോട്ടലിൽ കയറിയപ്പോൾ ലഭിച്ച ചായയെയും അയാൾ കുറ്റം പറയുന്നുണ്ട്. പഞ്ചസാര കുറുക്കിവച്ചതുപോലുള്ള ചായ. എനിക്കീ തമിഴ് ഭക്ഷണമൊന്നും ഇഷ്ടമല്ല എന്നും അയാൾ ഉറപ്പിച്ചുപറയുന്നുണ്ട്. എന്നിട്ടും യാത്രയ്ക്കിടയിൽ വിജനമായ ഒരിടത്തു വാൻ നിർത്തുമ്പോൾ അയാൾ മാത്രം എന്തിനാണ് ഇറങ്ങിപ്പോയത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും അയാളെ കാണാതാകുമ്പോൾ ഭാര്യയും മകനും ഭാര്യയുടെ അച്ഛനും പിന്നെ അടുത്ത സുഹൃത്തുക്കളുമായ യാത്രക്കാർ അയാളെ തേടി ഇറങ്ങന്നു. അത് ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലാണ് അവർക്കു സമ്മാനിക്കുന്നത്.
സുന്ദരം എന്നയാൾ രണ്ടു വർഷം മുമ്പാണ് തമിഴ്‌നാട്ടിലെ ഒരു വീട്ടിൽ നിന്നിൽ ചന്തയ്ക്കു പോയത്. എന്നാൽ അയാൾ പിന്നീട് മടങ്ങിവന്നിട്ടില്ല. അച്ഛനും അമ്മയും ഭാര്യയും മകളും അടങ്ങുന്ന കുടുംബം അന്നുമുതൽ ദുരൂഹമായ തിരോധാനത്തിന്റെ ആഘാതത്തിലാണ്. ഇനി അയാൾ തിരിച്ചുവരാൻ ഒരു സാധ്യതയുമില്ലെന്നു കരുതിയിരിക്കുമ്പോഴാണ് സുന്ദരം എന്ന മനുഷ്യൻ പുനരവതരിക്കുന്നത്. മറ്റൊരാളുടെ രൂപത്തിൽ. എന്നാൽ സംസാരവും പ്രവൃത്തിയും വസ്ത്രധാരണവും മറ്റെല്ലാം സുന്ദരത്തെപ്പോലെ തന്നെ.
ഭാര്യയെ പൂങ്കുഴലീ എന്ന് ആദ്യം വിളിക്കുന്ന അയാൾ പിന്നീട് ഓമനപ്പേരായ കുഴലീ എന്നു വിളിക്കുന്നുണ്ട്. അതു സുന്ദരമല്ലെങ്കിൽ മറ്റാരാണ്. ആദ്യം ഒന്നു പകച്ചുനിൽക്കുന്നുണ്ടെങ്കിലും സുന്ദരമായി മാറിയ മനുഷ്യനെ അംഗീകരിച്ചാലോ എന്ന ചിന്തി കുഴലിക്കുണ്ട്. എന്നാൽ വീട്ടിൽ മറ്റാരും അത് അംഗീകരിക്കുന്നില്ല. ഗ്രാമവും അയാളെ ഉൾക്കൊള്ളാൻ മടിക്കുന്നു. അയാളാകട്ടെ യഥാർഥ സുന്ദരം എങ്ങനെയാണോ പെരുമാറിയത് അതേ രീതിയിൽ മറ്റൊരു ജീവിതം ജീവിക്കുകയാണ്. അതുകണ്ടുനിൽക്കാൻ മാത്രമേ അയാളുടെ യഥാർഥ ജീവിതത്തിലെ ഭാര്യയ്ക്കും മകനും പോലും കഴിയുന്നുള്ളൂ. മനസ്സിന്റെ ഏറ്റവും വിചിത്രമായ വഴികളിലൂടെയാണ് എസ്. ഹരീഷ് സഞ്ചരിച്ചിരിക്കുന്നത്. അസാധ്യവും ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്തതുമായ ഒരു മാനസികാവസ്ഥയ്ക്കാണ് തിരക്കഥയിലൂടെ യാഥാർഥ്യപ്രതീതി ഉണ്ടാക്കാൻ ശ്രമിച്ചിരിക്കുന്നത്. ചുരുളി എന്ന സിനിമയിലൂടെ വിവാദ നായകനായ ലിജോ ജോസ് തന്റെ ആവനാഴിയിലെ ഏറ്റവും വലിയ ആയുധവുമെടുത്ത് നൻപകൽ നേരത്ത് മയക്കത്തെ ലോകസിനിമയുടെ നിലവാരത്തിലേക്ക് ഉയർത്താൻ ശ്രമിച്ചിരിക്കുന്നു.
മലയാള സിനിമ എന്നു എന്നു വിശേഷിപ്പിക്കമ്പോൾ തമിഴ് സിനിമ കൂടിയാണ് നൻപകൽ നേരത്തു മയക്കം. സംഭവങ്ങളെല്ലാം തമിഴ്‌നാട്ടിൽ. മിക്ക സംഭാഷണങ്ങളും തമിഴിൽ തന്നെ. തമിഴ്‌നാട്ടിൽ നിന്നുള്ള ഒട്ടേറെ സാധാരണക്കാർ അതിഗംഭീരമായി അഭിനയിച്ചിട്ടുമുണ്ട്. രണ്ടു രംഗത്തിൽ മാത്രം വന്നുപോകുന്ന മുഴുക്കുടിയന്റെ ഡപ്പാം കുത്ത് ഡാൻസ് പോലും അത്ര പെട്ടെന്നു മറക്കാനുള്ളതല്ല.
ഒരു ഉച്ചമയക്കത്തിൽ കണ്ട സ്വപ്‌നം ആരുടെയും ജീവിതം മാറ്റിമറിക്കാൻ സാധ്യതയില്ല. എന്നാൽ അങ്ങനെ സംഭവിക്കില്ല എന്ന് ഉറപ്പിക്കാനാവുമോ? ഉറക്കം മരണം തന്നെയാണ്. ഉറക്കത്തിൽ നിന്നുള്ള ഉണർവ് ജീവിതവുമാണ്. തിരുക്കുറളിലെ ആ വാചകം സിനിമയുടെ ആപ്തവാക്യമായി മാറുകയാണ്.
ഏതു നിമിഷത്തിലും ആരുടെ ജീവിതത്തിന്റെയും സംതുലാനാവസ്ഥ തകരാറിലാകാം,. അങ്ങനെ സംഭവിച്ചാൽ പിന്നീട് എന്തൊക്കെ സംഭവിക്കും എന്ന് ആർക്കും പറയാനോ ആലോചിക്കാനോ പോലുമാവില്ല. ലോക സിനിമയ്ക്ക് മലയാളത്തിന്റെ ഏറ്റവും പുതിയ സംഭാവനയാണ് ചിത്രം. അതുകൂടാതെ തമിഴ്–മലയാളം പാട്ടുകളുടെ നിധിശേഖരം കൂടിയാണ് ചിത്രം തുറക്കുന്നത്. ചിത്രം കണ്ടിറങ്ങുമ്പോൾ ബാക്കിയാകുന്നതും അതേ വികാരമാണ്. ഹൃദയത്തെ മഥിച്ച ഒരു തമിഴ്ഗാനം കേട്ട പ്രതീതി.
English Summary: Nanpakal Nerathu Mayakkam is a 2022 malayalam film directed by Lijo Jose Pellissery starring Mammootty, Ramya Pandian in lead roles.