പിതാവിന്റെ മരണവാർത്തയാണ് കാൻ എന്ന ചെറുപ്പക്കാരനെ ആ നഗരത്തിലെത്തിക്കുന്നത്. നഗരമെന്നതേക്കാൾ ഒരു ചെറിയ പട്ടണ പ്രദേശം. എന്നാൽ റെയിൽവേ സ്റ്റേഷനിൽ അയാളെ കാത്തിരുന്നത് വിചിത്രമായ സംഭവമാണ്. അയാൾ ഒരു കൊലപാതകത്തിനു സാക്ഷിയാകുന്നു. മറ്റാരും ആ രംഗത്ത് ഉണ്ടായിരുന്നുമില്ല. കൊലപാതകി കാനിനെ കണ്ടു. എന്നാൽ അതിനയാൾ വലിയ പ്രാധാന്യമൊന്നും കൊടുക്കുന്നില്ല. കാനിനെ അയാൾ അവഗണിക്കുകയാണ്. ഉത്തരവാദിത്വമുള്ള പൗരൻ എന്ന നിലയിൽ കാൻ സംഭവം പൊലീസിൽ റിപ്പോർട്ട് ചെയ്യുന്നു. കണ്ട കാര്യങ്ങളെല്ലാം വ്യക്തമായി ബോധിപ്പിക്കുന്നു. പിതാവിന്റെ സംസ്‌കാര സംബന്ധമായ ചടങ്ങുകളിലേക്ക് കടക്കുകയാണ്.
മോർച്ചറിയിൽ പോയി മൃതദേഹം തിരിച്ചറിയണം. സംസ്‌കാരം നടത്തണം. ബാധ്യതകളെന്തിലുമുണ്ടെങ്കിൽ അവ തീർത്ത് സ്വന്തം നഗരത്തിലേക്കു തിരിച്ചുപോണം. എന്നാൽ കാനിനെ കാത്തിരുന്നത് അത്യന്തം വിചിത്രവും ദുരൂഹവുമായ സംഭവങ്ങളാണ്. ഈ സംഭവ പരമ്പരകളിലേക്ക് ക്യാമറ തിരിക്കുകയാണ് തുർക്കി സംവിധായകൻ തെയ്ഫൺ പിർസെലിമോഗ്‌ളു. രാജ്യാന്തര ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തിൽ ഉൾപ്പെട്ടെ കെർ എന്ന ശക്തമായ ചലച്ചിത്രത്തിലൂടെ. ചിത്രത്തിന്റെ രചനയും സംവിധായകൻ തന്നെയാണ്.
മികച്ച സിനിമകൾ സഞ്ചരിക്കുന്നത് ഭൂപ്രദേശങ്ങളിലൂടെ മാത്രമല്ല. കഥാപാത്രങ്ങളുടെ മനസ്സിലൂടെയുമാണ്. പ്രദേശങ്ങൾ ചിത്രീകരിക്കാൻ എളുപ്പമാണെങ്കിലും മനസ്സ് പിടിച്ചെടുക്കുക അത്ര എളുപ്പമല്ല. അതും രണ്ടു മണിക്കൂർ വരെ നീളുന്ന ഒരു ചലച്ചിത്രത്തിലൂടെ. കെർ എന്ന ചലച്ചിത്രത്തിലൂടെ തെയ്ഫൺ ശ്രമിക്കുന്നത് കാൻ എന്ന യുവാവിന്റെ മനസ്സും അയാൾ എത്തിച്ചേർന്ന സ്ഥലത്തിന്റെയും ആത്മാവും പിടിച്ചെടുക്കാനാണ്. ശ്രമകരമായ ആ ദൗത്യത്തിൽ അദ്ദേഹം വിജയിച്ചു എന്നാണു ചിത്രത്തിനു ലഭിച്ച സ്വീകരണം വ്യക്തമാക്കുന്നത്. മത്സര വിഭാഗത്തിൽ ശക്തമായ സാന്നിധ്യമാകാനും ഇതിനോടകം ചിത്രത്തിനു കഴിഞ്ഞിട്ടുണ്ട്.
കാൻ എത്തിപ്പെടുന്നത് ഒരു ചെറിയ പ്രദേശത്താണ്. എല്ലാവർക്കും എല്ലാവരെയും അറിയാം. തുന്നൽക്കാരനായിരുന്നു പിതാവ്. വർഷങ്ങളായി ഇവിടെയാണ് അയാളുടെ ജീവിതം. മകനെ കണ്ടിട്ടു തന്നെ വർഷങ്ങളായി. അവർ തമ്മിൽ വലിയ തോതിലുള്ള അടുപ്പവുമില്ല. മോർച്ചറിയിൽ മൃതദേഹം കാണാനെത്തുന്ന കാൻ പിതാവിന്റെ മുഖത്തേക്ക് നന്നായൊന്നു നോക്കുന്നുകൂടിയില്ല. അയാൾ പെട്ടെന്നു പേടിച്ച് പുറത്തേക്ക് ഓടുകയാണ്. അവിടെ അയാൾ ഒരു സ്ത്രീയെയും കാണുന്നുണ്ട്. അതേ സ്ത്രീ, അടുത്ത ദിവസം കാനിനെ വീട്ടിൽ ചെന്നു കാണുന്നു. അവസാനകാലത്ത് പിതാവിനെ നോക്കിയിരുന്നത് അവരാണ്. എന്നാൽ ഒരു ബാധ്യതയും ബാക്കിയില്ലതാനും. എല്ലാറ്റിനും മുൻപേ തന്നെ പണം സ്വീകരിച്ചിട്ടുണ്ട്. കാൻ മുന്നു വർഷമായി വിവാഹമോചിതനാണ്. ഇപ്പോൾ പരിചയപ്പെട്ട സ്ത്രീയും ഭർത്താവിനൊപ്പമല്ല താമസിക്കുന്നത്.
ഭർത്താവ് തന്നെ ഉപേക്ഷിച്ചുപോയെന്ന് അവർ പറയുന്നുണ്ട്. എന്നാൽ ഒരു വർഷത്തിനു ശേഷം അയാൾ തിരിച്ചെത്തി. ആ രാത്രിയിലാണ് കാൻ റെയിൽവേ സ്റ്റേഷനിൽ എത്തുന്നതും ദുരൂഹമായ രംഗങ്ങൾക്കു സാക്ഷ്യം വഹിക്കുന്നതും. ആ സ്ത്രീയുടെ ഭർത്താവിനും താൻ സാക്ഷിയായ കൊലപാതകത്തിനും തമ്മിൽ ബന്ധമുണ്ടെന്ന് കാനിനു മനസ്സിലാവുന്നു. എന്നാൽ, അത് തെളിയിക്കാൻ അയാൾക്കു കഴിയുന്നുമില്ല. അധികാരികൾ ഉൾപ്പെടെയുള്ളവരോട് കാര്യങ്ങൾ പറയുന്നുണ്ട്. എന്നാൽ ആരും ഗൗരവത്തോടെ കേൾക്കുന്നില്ല. അവരുടെ ചോദ്യങ്ങൾക്കു മുമ്പിൽ പകച്ചുനിൽക്കുകയാണ് കാൻ. മനസ്സ് അശാന്തവും അസ്വസ്ഥവുമാകുന്നതിനൊപ്പം കാൻ എത്തിച്ചേർന്ന നഗരവും മാറുകയാണ്. പെട്ടെന്നു കനത്ത മഞ്ഞുവീഴ്ചയും മഴയും ഉണ്ടായിരിക്കുന്നു. തെരുവുകൾ ഉൾപ്പെടെ മഞ്ഞുകൊണ്ട് മൂടപ്പെട്ടിരിക്കുകയാണ്. പേ പിടിച്ച പട്ടികൾ ഇറങ്ങിനടക്കുന്നതിന്റെ ഭീഷണിയുമുണ്ട്. ഒടുവിൽ അധികൃതർക്ക് കർഫ്യൂ പ്രഖ്യാപിക്കേണ്ടിവന്നു. ഒരാൾക്കു പുതുതായി നഗരത്തിലേക്ക് പ്രവേശിക്കാൻ അനുവാദമില്ല. നഗരത്തിലുള്ള ഒരാൾക്കു പോലും പുറത്തേക്കു പോകാനും അനുമതിയില്ല. ഫോൺ ബന്ധം വരെ വിഛേദിക്കുകയാണ്.

ക്വാറന്റീനിലാണ് നഗരം, നഗരവാസികളും. ഇതോടെ ലക്ഷ്യം നിറവേറ്റി മടങ്ങാമെന്ന കാനിന്റെ സ്വപ്‌നങ്ങൾ പൊലിയുന്നു. ഇതിനിടെ അയാളുടെ പിതാവ് ഉപയോഗിച്ചുകൊണ്ടിരുന്ന കാർ മോഷണം പോകുന്നു. പിതാവിന്റെ വീട്ടിൽ താമസിക്കാൻ പേടിയാകുന്നു. അയാൾ ലോഡ്ജ് മുറിയിലേക്കു മാറുന്നു. അവിടം കൊണ്ട് അവസാനിക്കുന്നില്ല. വീണ്ടും കൊലപാതകങ്ങളുണ്ടാകുന്നു. എന്നാൽ നഗരവാസികൾ അതു ശ്രദ്ധിച്ചതായിപ്പോലും തോന്നുന്നില്ല. കാണുന്ന കാഴ്ചകൾ വിശ്വസിക്കണോ വേണ്ടയോ എന്നതരത്തിലുള്ള മതിഭ്രമത്തിലേക്കു കാൻ മാറുകയാണ്. കണ്ണുകളെ അവിശ്വസിക്കാൻ കഴിയുന്നില്ല. എന്നാൽ താൻ കാണുന്നത്ര ഗൗരവത്തോടെ മറ്റാരും ഒന്നും കാണുകയോ അറിയുകയോ എന്തെങ്കിലും നടപടികൾ സ്വീകരിക്കുകയോ ചെയ്യുന്നുമില്ല. മാത്രമല്ല, അയാൾ സംശയത്തിന്റെ നിഴിലിലാണെന്ന മുന്നറിയിപ്പും ലഭിക്കുന്നു. ഏതു നിമിഷവും അറസ്റ്റ് ചെയ്യപ്പെടുമെന്ന സാഹചര്യം പോലുമുണ്ട്.
തെയ്ഫൺ എന്ന സംവിധായകന്റെ പ്രതിഭയുടെ ഉയരം കാണുന്നത് അവസാന രംഗങ്ങളിലാണ്. കാനിന്റെ മനസ്സും ആ പ്രദേശവും ഒരുപോലെ പ്രക്ഷുബ്ധവും അശാന്തവുമാവുമ്പോൾ ഓരോ രംഗവും വീർപ്പടക്കിമാത്രമേ കണ്ടിരിക്കാനാവൂ. അസംബന്ധ നാടകത്തെപ്പോലെ ചിലപ്പോൾ തോന്നുന്ന ചിത്രം മറ്റു ചിലപ്പോൾ ആധുനിക രീതിയിൽ ചിത്രീകരിച്ച സാങ്കേതികത്തികവുറ്റ ചിത്രമായും അനുഭവവപ്പെടുന്നു.
മരണം ജീവിതത്തിലെ ഏറ്റവും നിർണായക സംഭവമാണെന്ന് ചിത്രം ഓർമിപ്പിക്കുന്നുണ്ട്. മറ്റുള്ളവരുടെ മരണങ്ങളെ ചിലപ്പോഴെങ്കിലും നിസ്സംഗതയോടെ നോക്കിക്കാണുന്നവർ സ്വയം അപകടത്തിൽപ്പെടുമ്പോൾ എന്തുചെയ്യണമെന്ന് അറിയാത്താവരാകുന്നു. സ്വന്തം മരണത്തിന്റെ നിഴിൽ പിന്തുടരുമ്പോൾ നിസ്സഹായനുമാവുന്നു. മരണം അഗാധ ഗർത്തത്തിന്റെ രൂപത്തിൽ മുന്നിൽ തുറക്കപ്പെടുന്നത് കാൻ കാണുന്നുണ്ട്. എന്നാൽ രക്ഷപ്പെടണമെന്ന് അയാൾക്ക് ആഗ്രഹമുണ്ട്. ആ ശ്രമത്തിൽ അയാൾ വിജയിക്കുമോ ഇല്ലയോ എന്നാണ് കെർ പറയുന്നത്.