അശ്ലീലമല്ല, മാനസികാപഗ്രഥനം നടത്തി പിയാഫ്

piaffe-review
SHARE

ഇവ ഒരാളോടു പോലും സംസാരിക്കാറില്ല. ഏതു നേരവും പകച്ച നോട്ടമാണ് ആ മുഖത്ത്. എന്തു ചെയ്യണമെന്നോ, എങ്ങോട്ടോ പോകണമെന്നോ, സന്തോഷം എങ്ങനെ കണ്ടെത്തുമെന്നോ അറിയാതെ അലയാൻ വിധിക്കപ്പെട്ട ജീവിതം. ലോകത്തോട് ഒരിക്കലും പൊരുത്തപ്പെ ടില്ല എന്ന് ആവർത്തിച്ച് നിശ്ശബ്ദമെങ്കിലും ശക്തമായി പ്രഖ്യാപിക്കുന്ന വ്യക്തി. സഹോദരി സാറ കടുത്ത മാനസിക പ്രശ്‌നത്തിന് അടിമയാകുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്യുന്നതോടെ ഇവയുടെ ലോകം ഇടിഞ്ഞുപൊളിഞ്ഞു വീഴുന്നു. സാറയുടെ ജോലി ഏറ്റെടുക്കേണ്ടിവരുന്നു ഇവയ്ക്ക്. 

ചലച്ചിത്രദൃശ്യങ്ങൾക്ക് ശബ്ദവും ഇഫക്ടും നൽകണം. ആദ്യം ലഭിക്കുന്ന അസൈൻമെന്റ് ഒരു രാജ്ഞി കുതിരയോടിച്ചുപോകുന്ന ദൃശ്യമാണ്. ശബ്ദം കൊടുക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ വാരിവലിച്ചിട്ടിരിക്കുന്ന മുറിയിൽ മുന്നിൽക്കാണുന്ന ദൃശ്യത്തിനനുസരിച്ച് ശബ്ദം കൊടുക്കാൻ ഇവ കഠിനമായി പരിശ്രമിക്കുന്നു. എന്നാൽ ആദ്യത്തെ ശ്രമം പൂർണ പരാജയമാകുന്നു. ഇനി ഒരവസരം കൂടി മാത്രമേ ലഭിക്കുന്നുള്ളു എന്നു പറഞ്ഞ് സംവിധായകൻ ഡെഡ്‌ലൈൻ നൽകുന്നു. കുതിരയുടെ ഓട്ടത്തിന് ശബ്ദം നൽകണമെങ്കിൽ ആദ്യം കുതിരകളുടെ ജീവിതം പഠിക്കണമെന്നും സൂക്ഷ്മമായി നിരീക്ഷിക്കണമെന്നുമുള്ള ഉപദേശവും ലഭിക്കുന്നു.

മാനസിക രോഗാശുപത്രിയിൽ ഇടയ്ക്കിടെ നടത്തുന്ന സന്ദർശനത്തിനൊപ്പം കുതിരലായങ്ങളിലേക്ക് ഇവയുടെ യാത്ര തുടങ്ങുന്നതോടെ സംഭവബഹുലമാകുകയാണ് പിയാഫ്. ഇസ്രയേലിൽ ജനിച്ച് ജർമനിയിലെ ബെർലിനിൽ ജീവിക്കുന്ന ആൻ ഓന്റെ ആദ്യത്തെ ഫീച്ചർ ചിത്രം.

piaffe-review-1

തുടക്കത്തിൽ കുതിരകൾ ഇവയെ അടുപ്പിക്കുന്നതേയില്ല. എന്നാൽ നിരന്തരം കണ്ടും പരിചയിച്ചും കുതിരകളെ മെരുക്കിയെടുക്കാൻ പരിശീലിക്കുന്നു. അടുത്തറിയുമ്പോഴേക്കും കുതിരകൾ ഇവയുടെ ജീവിതത്തിൽ, ശരീരത്തിൽപ്പോലും നിർണായകമായി ഇടപെടുന്നു. ഒരു ബയോളജിസ്റ്റിന്റെ സൗഹൃദവും ലഭിക്കുന്നു. ഇരുവരും കൂടി ജോലി ഏറ്റവും നന്നാക്കാൻ ശ്രമിക്കുകയാണ്.

സമൂഹത്തിൽ നിന്ന് ഉൾവലിഞ്ഞു ജീവിക്കുന്ന ഇവയുടെ ശാരീരിക മോഹങ്ങളും ഇതോടെ വെളിപ്പെടുന്നു. എന്നാൽ അവയെ മൃഗചോദനകളായി പരിവർത്തിപ്പിക്കുകയാണ് ബയോളജിസ്റ്റ്. ഈ പ്രക്രിയയിൽ ഇവയ്ക്ക് വാൽ മുളയ്ക്കുന്നു. നീണ്ടുപോകുന്നതോടെ വാൽ മറച്ചു പുറത്തിറങ്ങാൻ കഴിയാതാകുന്നു. ഇവയാകട്ടെ വാൽ മറച്ചുവയ്ക്കാൻ ഒരു ശ്രമവും നടത്തുന്നുമില്ല. വസ്ത്രത്തിൽ നിന്നു പുറത്തേക്കു നീളുന്ന വാലുമായി ഇവ ബസിലും തെരുവിലും സഞ്ചരിക്കുന്നതോടെ വിചിത്രമായ നോട്ടങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്നു.

വാലിന്റെ പരിചരണം ബയോളജിസ്റ്റ് ഏറ്റെടുക്കുന്നു. ഒപ്പം ഇവയെ ഒരു സ്ത്രീയിൽ നിന്ന് കുതിര എന്ന നിലയിലേക്കുള്ള മാറ്റത്തിനും ചുക്കാൻ പിടിക്കുന്നു.

കുതിരക്കുളമ്പടികൾ ഏറ്റവും ഗംഭീരമായി ദൃശ്യങ്ങളോട് ചേർത്തുവയ്ക്കാൻ കഴിയുന്നതോടെ ഇവയ്ക്ക് ഒരിക്കൽ തള്ളിപ്പറഞ്ഞ സംവിധായകനിൽ നിന്ന് അഭിനന്ദനം ലഭിക്കുന്നു. ജോലി പൂർത്തിയാക്കിക്കൊടുത്തെങ്കിലും വാൽ നീളുകതന്നെയാണ്.

ഒറ്റപ്പെട്ട സ്ത്രീയുടെ നിരാധാരമായ ജീവിതമാണ് ആൻ ഓറൻ എന്ന സംവിധായാക പിയാഫ്ഫിൽ ചിത്രീകരിക്കുന്നത്. സ്വന്തം ജീവിതം നയിക്കാൻ ശ്രമിക്കുന്ന ഏതൊരു സ്ത്രീയും നേരിടുന്ന പ്രതിസന്ധികളും സങ്കീർണതകളും സമൂഹത്തിൽ നിന്നുള്ള തുറിച്ചുനോട്ടവും. സ്‌നേഹം കൂടി അകന്നുപോകുന്നതോടെ മനുഷ്യർ എന്ന നിലയിലുള്ള ജീവിതവും അസാധ്യമാകുന്നു.

സാറയെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ പരാജയപ്പെടുകയാണ്. ആശുപത്രിവാസം നീണ്ടുപോകുന്നു. അക്രമവാസനകൾ കാണിക്കാൻ തുടങ്ങുന്നു. ഇവയാകട്ടെ മറ്റൊരു ജീവിതത്തിൽ നിന്നുകൊണ്ട് സാറയെ സഹായിക്കാനുള്ള ശ്രമങ്ങൾ തുടരുകയും ചെയ്യുന്നു.സങ്കീർണമായ മാനസികാവസ്ഥയാണ് ആൻ ഓറൻ ചിത്രീകരിക്കുന്നത്. സൂക്ഷ്മമായി ചിത്രത്തിനൊപ്പം സഞ്ചരിക്കുന്നവർക്കു മാത്രമേ പിയാഫ് ഇഷ്ടപ്പെടുകയുള്ളൂ. ഇവയായി സൈമൺ ബൂഷിയോയുടെ പകർന്നാട്ടമാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അശ്ലീല രംഗങ്ങളുടെ പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും മാനസികാപഗ്രഥനമാണ് ചിത്രത്തിന്റെ കാതൽ. അങ്ങനെ പിയാഫിനെ സമീപിക്കുന്നവർക്ക് നിരാശയ്ക്കു കാരണമില്ലാതെ സംതൃപ്തിയോടെ ചിത്രം കാണാനുമാകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS