ADVERTISEMENT

‘‘തന്റെ കുടുംബത്തെ സംരക്ഷിക്കാൻ ശപഥമെടുത്തൊരു മനസ്സാണ് അവന്റേത്. നമുക്ക് ജയിക്കാനാകില്ല.’’ –ദൃശ്യം സിനിമയിലെ നായകൻ ജോർജുകുട്ടിയെക്കുറിച്ച് പൊലീസുകാരൻ തോമസ് ബാസ്റ്റിൻ പറഞ്ഞതു പോലെയാണ് അവതാർ പരമ്പരയിലെ ജാക്ക് സുള്ളിയുടെ കാര്യവും. ശത്രുക്കളിൽനിന്നു തന്റെ കുടുംബത്തെ സംരക്ഷിക്കാൻ ഏതറ്റംവരെയും പോകാൻ തയാറാവുന്നവനാണ് ജാക്ക്. മനുഷ്യ അധിനിവേശത്തിൽനിന്നും പ്രതികാരത്തിൽനിന്നും തന്റെ നാല് മക്കളടങ്ങുന്ന കുടുംബത്തെ രക്ഷിക്കാനായി പോരാടുന്ന ജാക്ക് സുള്ളിയുടെ സാഹസികതയുടെ കഥയാണ് അവതാർ: ദ് വേ ഓഫ് വാട്ടർ‌. പാൻഡോറയെന്ന അദ്ഭുതഗ്രഹത്തിന്റെയും അവിടുത്തെ നാവി ഗോത്രത്തിന്റെയും കഥ പറഞ്ഞ അവതാറിന്റെ രണ്ടാം ഭാഗത്തിലും ജയിംസ് കാമറൺ ഒരുക്കിയിരിക്കുന്നത് വിസ്മയക്കാഴ്ചകളുടെ വിരുന്നാണ്.

 

കേണൽ മൈൽ ക്വാർടിച്ചിന്റെ നേതൃത്വത്തിലുള്ള പട്ടാള സേനയെ പാൻഡോറയിൽനിന്നു തുരത്തുന്നിടത്താണ് അവതാർ ആദ്യ ഭാഗം അവസാനിക്കുന്നത്. പിന്നീട് പതിറ്റാണ്ടുകൾക്കു ശേഷമുളള പാൻഡോറയുടെ കാഴ്ചകളിലൂടെയാണ് അവതാർ 2വിന്റെ തുടക്കം. ജാക്ക് സുള്ളിക്കും നെയ്തിരിക്കും നാല് മക്കളാണ്. അതിൽ കിരി അവരുടെ ദത്തു പുത്രിയാണ്. ആദ്യ ഭാഗത്തിലുണ്ടായിരുന്ന ഡോ. ഗ്രേസ് അഗസ്റ്റിന്റെ മകളാണ് കിരി. നാവികൾക്കൊപ്പം പാൻഡോറയിൽ ജനിച്ചുവളർന്ന സ്പൈഡര്‍ എന്നൊരു മനുഷ്യക്കുട്ടിയെയും സംരക്ഷിക്കുന്നത് ജാക്ക് ആണ്. 

 

അങ്ങനെ വളരെ സമാധാനത്തോടെയും സന്തോഷത്തോടെയും ജാക്കിന്റെ ജീവിതം മുന്നോട്ടുപോകുമ്പോഴാണ് മനുഷ്യർ വീണ്ടും പാൻഡോറയിലെത്തുന്നത്. ഉപയോഗശൂന്യമായിക്കൊണ്ടിരിക്കുന്ന ഭൂമിക്കു പകരം പാൻഡോറയിൽ മനുഷ്യാവാസ വ്യവസ്ഥ സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. എന്നാൽ ആ സ്പേസ്ഷിപ്പിൽ പാൻഡോറയിലേക്ക് മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ജാക്ക് സുള്ളിയെയും കുടുംബത്തെയും എങ്ങനെയും വകവരുത്തണമെന്ന പ്രതികാരം മനസ്സിലേറ്റി നടക്കുന്ന കേണൽ മൈൽ ക്വാർടിച്ച്. ആദ്യ ഭാഗത്തിൽ കൊല്ലപ്പെട്ട കേണൽ രണ്ടാം ഭാഗത്തിൽ വന്നതെങ്ങനെയെന്നാണോ നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നത്. ഇതുപോലുള്ള കൗതുകം ജനിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമായ ഒരുപാട് നിമിഷങ്ങൾ അവതാർ 2വിൽ ജയിംസ് കാമറൺ ഒരുക്കിവച്ചിട്ടുണ്ട്.

 

പാൻഡോറയിലൂടെ പുതിയൊരു ലോകം നമുക്ക് മുന്നിലേക്കു കൊണ്ടുവന്ന സംവിധായകനാണ് കാമറൺ. അതുകൊണ്ടു തന്നെ അവതാർ ആദ്യ ഭാഗത്തിൽ നമ്മൾ കണ്ട കാഴ്ചകളൊക്കെ പുതുമ നിറഞ്ഞതും കണ്ണഞ്ചിപ്പിക്കുന്നതുമായിരുന്നു. രണ്ടാം ഭാഗത്തേക്കുവരുമ്പോൾ ആ പുതുമ കുറച്ചു നഷ്ടപ്പെടുന്നുണ്ട്. തിരക്കഥയിൽ കാര്യമായ പരിഗണന കൊടുക്കാതെ വിഷ്വൽസ് ട്രീറ്റ്മെന്റിനാണ് കാമറൺ ഊന്നൽ കൊടുക്കുന്നത്. 

 

ഇനിയുമൊരു യുദ്ധം ചിലപ്പോൾ പാൻഡോറയുടെയും നാവി വംശത്തിന്റെയും അവസാനമായിരിക്കുമെന്നത് ജാക്ക് സുള്ളിക്കു നന്നായി അറിയാം. കേണൽ മൈല്‍ ക്വാർടിച്ചിനു വേണ്ടത് തന്നെയും തന്റെ കുടുംബത്തെയുമാണ്. അങ്ങനെ ജാക്കും കുടുംബവും പാൻഡോറയുടെ കിഴക്കൻ തീരമേഖലയില്‍ കടലിനോടു ചേർന്നുകിടക്കുന്ന മെറ്റ്കയിനാ ദ്വീപിലെത്തുന്നു. അവിടെയുള്ള കടലിന്റെ മക്കളാണ് ആ ദ്വീപ് നിവാസികൾ. അവരുടെ ശരീരഘടനയും കടലിന്റെ ആവാസവ്യവസ്ഥയ്ക്കു യോജിച്ചതാണ്. തൊനോവാരിയും ഭാര്യ റൊണാലുമാണ് അവരുടെ നേതാക്കൾ. ശരിക്കും അവിടെ നിന്നാണ് അവതാർ 2 ദ് വേ ഓഫ് വാട്ടറിന്റെ തുടക്കമെന്നു പറയാം.

 

സമൃദ്ധമായ കാടുകളിൽനിന്ന് മനോഹരമായ പാറയിടുക്കുകളിലേക്ക് പോകുന്ന കഥാപശ്ചാത്തലം പിന്നീട് കടലിലേക്ക് മാറുന്നു. സമുദ്ര വംശത്തിന്റെ മോഹിപ്പിക്കുന്ന ലോകത്തിൽ മുഴുകിപ്പോകും കാഴ്ചക്കാർ. കാടിന്റെ നിയമവും രീതികളും പകർന്നുതന്ന ആദ്യ ഭാഗം ദൃശ്യ വിസ്മയം നൽകിയപ്പോൾ രണ്ടാം ഭാഗം പകർത്തുന്നത് കടലിന്റെ നിയമവും രീതികളുമാണ്. ആദ്യ ഭാഗത്തെ തൊരുക് ഡ്രാഗണിനെപ്പോലെ പയാകാൻ എന്ന, തിമിംഗല വംശത്തിൽപെട്ട ഒരു ജീവിയാണ് രണ്ടാം ഭാഗത്തെ ‘ഇടിവെട്ടു’ സാന്നിധ്യം.

 

ആദ്യ ഭാഗത്തിന്റെ അത്രയും ഒരു ഇമോഷനൽ കണക്‌ഷൻ രണ്ടാം ഭാഗത്തിൽ ഉണ്ടാകുന്നില്ല എന്നത് ഒരു പോരായ്മയാണ്. ഒപ്പം ആദ്യ ഭാഗത്തിന്റെ കഥാസഞ്ചാരത്തിന്റെ ചടുലതയും രണ്ടാംഭാഗത്തിനില്ല. ജാക്, തൊരുക് മക്തോ ആകുന്നതുപോലുള്ള രോമാഞ്ചം കൊള്ളിക്കുന്ന നിമിഷങ്ങളും കുറവ്. കോളനിവൽക്കരണത്തോടുള്ള മനുഷ്യന്റെ അഭിനിവേശവും, അതിനെതിരെയുള്ള ഒരു ജനതയുടെ ചെറുത്തുനിൽപ്പും ഒക്കെയായി വേഗത്തിൽ പോകുന്നൊരു കഥയായിരുന്നു അവതാറിന്റേത്. പക്ഷേ രണ്ടാം ഭാഗത്തിൽ അത് നായകൻ - വില്ലൻ എന്ന വളരെ ചെറിയ കാൻവാസിലേക്ക് ചുരുങ്ങിയത് സിനിമയെ ചെറുതായി പിന്നോട്ടു വലിക്കുന്നുണ്ട്. എന്നാലും ജയിംസ് കാമറണിന്റെ സംവിധാന മികവും അമ്പരപ്പിക്കുന്ന വിഷ്വൽ എഫക്ട്സും കോരിത്തരിപ്പിക്കുന്ന ക്ലൈമാക്സ് ഫൈറ്റും സിനിമയെ താങ്ങി നിർത്തുന്നുണ്ട്. നെയ്തിരിയായെത്തി സോയി സൽദാനയും സ്പൈഡർ ആയി അഭിനയിച്ച ജാക് ചാമ്പ്യനുമാണ് അഭിനയത്തിൽ മുന്നിൽ നിൽക്കുന്നത്. 72കാരിയായ സിഗോണി വീവറാണ് മോഷൻ ക്യാപ്ചര്‍ സാങ്കേതിക വിദ്യയിലൂടെ 12കാരിയായ കിരിയായത്. റൊണാളിനെ അവതരിപ്പിച്ചത് കേറ്റ് വിൻസ്‌ലെറ്റ് ആണ്.

 

ഈ സിനിമയിൽ കാമറണിനൊപ്പം ‘ശ്വാസമടക്കിപ്പിടിച്ച്’ പ്രവർത്തിച്ച ഒരാളായിരിക്കും ഛായാഗ്രാഹകൻ റസൽ കാർപെന്റർ. ജലത്തിനടിയിൽ ഷൂട്ട് ചെയ്യുന്ന  അണ്ടർവാട്ടർ പെർഫോമൻസ് ക്യാപ്ച്ചർ സാങ്കേതികവിദ്യ അതിഗംഭീരമായി ഉപയോഗിക്കാൻ കാർപെന്ററിനായി. ഒന്നാം ഭാഗത്തിന് മനോഹരമായ പശ്ചാത്തല സംഗീതം നൽകിയ ജയിംസ് ഹോർണറിന്റെ അഭാവത്തിൽ സൈമൺ ഫ്രാങ്ക്ലെൻ ആണ് സംഗീതം. ഹോർണറിന്റെ അഭാവം നിഴലിക്കുന്നുവെന്നുതന്നെ പറയാം.

 

കാണേണ്ട സിനിമയാണോ എന്നു ചോദിച്ചാൽ ഒറ്റ വാക്കിൽ, അതെ എന്ന് അവതാറിനെക്കുറിച്ച് ഉറപ്പിച്ചു പറയാം. ആദ്യ ഭാഗത്തോളം വരുമോ എന്നു ചോദിച്ചാൽ അത് ആപേക്ഷികം എന്നേ പറയാനൊക്കൂ. അതിനാൽ മുൻവിധികൾ മാറ്റി വച്ച് ഒരു കാഴ്ചാനുഭവത്തിനു തയാറെടുത്താൽ അവതാർ ഒരു വിരുന്നായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com