കാക്കിയിട്ടവർ മനുഷ്യപ്പറ്റില്ലാത്തവരാണ് എന്നാണ് പൊതുവെയുള്ള ധാരണ. എന്നാൽ കാക്കിയിട്ടവരിലും അച്ഛനും ജ്യേഷ്ഠനും മകനും ഭർത്താവും ഒക്കെയുണ്ടെന്ന് പലരും മറന്നുപോകാറുണ്ട്. മേലുദ്യോഗസ്ഥരുടെ ആജ്ഞ അനുസരിക്കാൻ വേണ്ടി നീതിയും നിയമവും കാറ്റിൽപറത്തി പലതും ചെയ്തുകൂട്ടുമ്പോഴും കാക്കിക്കുള്ളിലെ ഹൃദയവും നീറിപ്പുകയുന്നുണ്ടാകാം. അത്തരമൊരു കൂട്ടം പൊലീസുകാരുടെ കഥ പറയുന്ന ചിത്രമാണ് കാക്കിപ്പട. നിരഞ്ജൻ മണിയൻപിള്ള രാജുവും അപ്പാനി ശരത്തും സുജിത്ത് ശങ്കറും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം സംവിധാനം ചെയ്തത് ഷെബി ചൗഘട്ട് ആണ്. ഡിലൈ ഇന്‍ ജസ്റ്റിസ് ഈസ് ഇന്‍ജസ്റ്റിസ് എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ ചിത്രം ഏറെ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്.
രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഒരു കുടുംബത്തിന്റെ ഏക സന്തോഷമാണ് മാലാഖപ്പുഞ്ചിരിയുമായി ഓടിനടക്കുന്ന അനഘ എന്ന കൊച്ചുപെൺകുട്ടി. സമൂഹത്തിൽ സ്വാധീനമുള്ള ഒരാളുടെ മകനാൽ അനഘ പീഡനത്തിന് ഇരയാകുകയും കൊല്ലപ്പെടുകയും ചെയ്യുന്നതോടെ രോഗശയ്യയിൽ കിടക്കുന്ന അച്ഛനും കൂലിപ്പണിക്കാരിയായ അമ്മയും ജ്യേഷ്ഠനും പാടെ തകർന്നുപോവുകയാണ്. ലഹരിമരുന്നിന് അടിമയായ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവരുമ്പോൾ പ്രദേശത്ത് ഉണ്ടായേക്കാവുന്ന സംഘർഷം തടയാൻ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥന്റെ കീഴിൽ എട്ട് സായുധ റിസർവ് പൊലീസുകാരെ ഡ്യൂട്ടിക്ക് നിയോഗിക്കുന്നു. നിയമം കാക്കാൻ വിധിക്കപ്പെട്ട പൊലീസുകാരെങ്കിലും, പിഞ്ചുകുഞ്ഞിന്റെ മരണത്തോടെ തകർന്നുപോയ കുടുംബത്തിനൊപ്പം പ്രതിയുടെ മരണം ആഗ്രഹിക്കുന്നവരാണ് അക്ഷയും അമീറും.
റിട്ടയർ ചെയ്യാൻ അധികം കാലമില്ലാത്ത മോഹനൻ എന്ന മേലുദ്യോഗസ്ഥൻ നിർവ്വികാരനാണ്. നിയമം കാക്കാൻ വന്ന പൊലീസുകാരും സ്വന്തം കുടുംബങ്ങളെ ഓർത്ത് നീറിപ്പുകയുന്നുണ്ട്. അക്ഷയുടെ അമ്മ രോഗക്കിടക്കയിലാണ്. മറ്റൊരു പൊലീസുകാരന്റെ മകൾ വീട്ടിൽ ഒറ്റയ്ക്കാണ്. വിവാഹം അടുത്തിരിക്കുന്ന ഒരാളുടെ പ്രതിശ്രുതവധു വിവാഹ ഡ്രസ്സിന്റെ അളവെടുക്കാൻ പോലും പൊലീസ് ക്യാംപിൽ എത്തേണ്ട ഗതികേടിലാണ്. പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവരുന്നതുവരെ പൊലീസ് ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളികളിലൂടെയാണ് കഥ പുരോഗമിക്കുന്നത്.
സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ വാ തോരാതെ സംസാരിക്കുന്നവർ പോലും പലതിനും നേരെ കണ്ണടയ്ക്കുകയാണ്. പക്ഷേ സമൂഹത്തിൽ ഏറ്റവും ക്രൂരന്മാരെന്നു വിളിപ്പേരുള്ള പൊലീസുകാരിൽ ചിലരെങ്കിലും മനഃസാക്ഷി വറ്റിപ്പോകാത്തവരാണെന്ന് ഷെബി ചിത്രത്തിൽ പറഞ്ഞുവയ്ക്കുന്നുണ്ട്. ഏറെ പ്രസക്തിയുള്ള ഒരു സാമൂഹിക വിഷയം ത്രില്ലടിപ്പിക്കുന്ന വിധത്തിൽ ഒട്ടും ബോറടിപ്പിക്കാതെ രണ്ടുമണിക്കൂർ നേരം പ്രേക്ഷകനെ പിടിച്ചിരുത്താൻ തിരക്കഥയ്ക്കും മേക്കിങ്ങിനും കഴിഞ്ഞു.
റിസർവ് പൊലീസുകാരൻ അക്ഷയ് ആയി എത്തിയ നിരഞ്ജ് മണിയൻ പിള്ള രാജു ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. അമീർ എന്ന പൊലീസുകാരനായി അപ്പാനി ശരത്തും മോഹനനായി സുജിത്ത് ശങ്കറും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സംവിധായകൻ ദീപു കരുണാകരൻ ഏറെ പ്രാധാന്യമുള്ള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. പ്രീത പ്രദീപ്, ചന്തുനാഥ്, മണികണ്ഠൻ ആചാരി, മാലാ പാർവതി, സിനോജ് വർഗീസ്, ആരാധ്യാ ആൻ തുടങ്ങി ഒരുപിടി മികച്ച താരങ്ങൾ ഒരുമിച്ചപ്പോൾ കാമ്പുള്ള ഒരു സിനിമയാണ് തിയറ്ററിലെത്തിയത്.
നിർമാതാവ് ഷെജി വലിയകത്തും സംവിധായകൻ ഷെബി ചൗഘട്ടും ചേർന്നെഴുതിയ തിരക്കഥയാണ് ചിത്രത്തിന്റെ നട്ടെല്ല്. ജാസി ഗിഫ്റ്റിന്റെയും റോണി റാഫേലിന്റെയും സൗണ്ട് ട്രാക്കുകൾ സിനിമയ്ക്ക് ജീവൻ നൽകുന്നു. ജോയ് തമലം വരികൾ കുറിച്ച് ഹരീവ് ഹുസൈൻ ആലപിച്ച ‘പൂവായ് പൂവായ്’ എന്നു തുടങ്ങുന്ന ഗാനം ഏറെ ഹൃദ്യമാണ്.
കാലിക പ്രസക്തിയുള്ള വിഷയം ഒട്ടും ബോറടിപ്പിക്കാതെ ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി ഒരു സിനിമയായൊരുക്കാൻ കാക്കിപ്പടയുടെ അണിയറപ്രവർത്തകർക്കായിട്ടുണ്ട്.