ADVERTISEMENT

അപ്രതീക്ഷിതമായി നമ്മുടെയൊക്കെ ജീവിതത്തിലേക്ക് വലിഞ്ഞു കയറി വരുന്ന ചിലരുണ്ട്. നാശം എന്നു തോന്നിയാലും സഹിക്കുക അല്ലാതെ വേറെ വഴിയില്ല അവരെകൊണ്ട്. നമ്മുടെ കുഞ്ഞുകുഞ്ഞു സന്തോഷങ്ങളും കണക്കുകൂട്ടലുകളും എല്ലാം പൊളിച്ചടുക്കുക മാത്രമല്ല, വെറുപ്പീരിന്റെ പുത്തന്‍ ട്രെന്‍ഡുകളും അവര്‍ കാട്ടിത്തരും. ബാഷ് മൊഹമ്മദ് സംവിധാനം ചെയ്ത എന്നാലും ന്റെ അളിയാ പറയുന്നതും അതാണ്. ചിരിയുടെ രസക്കൂട്ടുകൂടി അതിലേക്ക് ചാലിച്ച് ചേര്‍ത്തതോടെ നല്ല ഡീസന്റ് പൊട്ടിച്ചിരിക്കുള്ള വക ആവോളം തരുന്നുണ്ട് ചിത്രം. കുടുംബ പ്രേക്ഷകരെ പിടിച്ചിരുത്താനുള്ള എല്ലാ നമ്പരുകളും ചിത്രത്തിലുണ്ട്. മുഷിപ്പാല്ലാത്ത പുത്തന്‍ തമാശകളും രസകരമായ കഥ പറച്ചിലുമാണ് എന്നാലും ന്റെ അളിയായുടെ ഏറ്റവും വലിയ സവിശേഷത.

 

ദുബായിലാണ് കഥ നടക്കുന്നത്. അതുകൊണ്ടുതന്നെ പ്രവാസലോകത്തെ കഥ എന്നു കേള്‍ക്കുന്ന പ്രേക്ഷകന് കണക്കുകൂട്ടലുകള്‍ ഏറെയുണ്ടാകും. എന്നാല്‍ സ്ഥിരം പ്രവാസ സിനിമകളുടെ വഴികളിലൂടെയോ സംഭവങ്ങളിലൂടെയോ സഞ്ചരിക്കുന്ന ചിത്രമേയല്ല ഇത്. ഇനി പേര് കൊണ്ട് സിനിമയെ കുറച്ചൊക്കെ അറിയാം എന്നു മാത്രം. എങ്കിലും അതിനും അപ്പുറം ഒളിച്ചിരിക്കുന്ന സംഭവങ്ങളാണ് സിനിമയെ ആസ്വാദ്യമാക്കുന്നത്. രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തുച്ചേരലിന്റെ കഥയാണിത്. ജോലിത്തിരക്കുകളില്‍ കുടുംബത്തിനുവേണ്ടി സമയം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് ബാലു. എങ്കിലും ഭാര്യ ലക്ഷ്മി അയാളെ മനസ്സിലാക്കി ഒപ്പം തന്നെയുണ്ട്. നാട്ടില്‍ നിന്ന് ജോലി തേടിയെത്തിയ അളിയന്‍ വിവേകും ബാലുവിനൊപ്പമാണ്. ഉഴപ്പനായ വിവേക് ബാലുവിന് ഒരു ഭാരം തന്നെയാണ്. ഇതിനിടയില്‍ അവിചാരിതമായി ബാലു കോണ്‍ട്രാക്ടറും കോഴിക്കോട്ടുകാരനുമായ കരീമിനെ കണ്ടുമുട്ടുന്നു. തുടര്‍ന്നുണ്ടാകുന്ന രസകരമായ സംഭവങ്ങളാണ് എന്നാലും ന്റെ അളിയായുടെ കഥാസാരം.

 

കലര്‍പ്പില്ലാത്ത തമാശകളാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ചിരിപ്പിച്ചും പൊട്ടിച്ചിരിപ്പിച്ചുമൊക്കെ കഥാപാത്രങ്ങള്‍ നിറഞ്ഞാടുകയാണ്. സന്ദര്‍ഭോചിതമായ തമാശകള്‍കൂടിയെത്തിയതോടെ കൂടുതല്‍ ആസ്വാദ്യമായും അനുഭവപ്പെടുന്നുണ്ട്. അപ്രതീക്ഷിതമായ വഴികളിലൂടെ സിനിമ സഞ്ചരിക്കുന്നത്. അപ്പോഴും പ്രവാസലോകത്തിന്റെ ദുരിതങ്ങളും പ്രയാസങ്ങളുമൊക്കെ പറയാതെ പറയുന്നുമുണ്ട്. സിനിമ കഴിഞ്ഞിറങ്ങുന്ന പ്രേക്ഷകന് ചിരിയ്‌ക്കൊപ്പം ചിന്തിയ്ക്കാനും സിനിമ ഇടം നല്‍കുന്നുണ്ട്. അത് പുതിയകാലഘട്ടത്തിനുവേണ്ടിയുള്ളതാണ് എന്നതും ശ്രദ്ധേയമാണ്.

 

സിനിമയെ മുഷിപ്പാല്ലാതെ പറയാന്‍ സംവിധായകനായ ബാഷ് മൊഹമ്മദിന് കഴിഞ്ഞിട്ടുണ്ട്. വലിയ ബഹളങ്ങളൊന്നുമില്ലാതെ സിനിമ ആവശ്യപ്പെടുന്ന വഴിയിലൂടെ മാത്രം കൊണ്ടുപോകുന്നത് സംവിധായകന്റെ മേന്മതന്നെയാണ്. ബാഷ് മൊഹമ്മദിനൊപ്പം ശ്രീകുമാര്‍ അറയ്ക്കലാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. സിനിമയിലേക്ക് നമ്മെ പിടിച്ചിരുത്തുന്നതില്‍ ഒതുക്കമുള്ള ഈ തിരക്കഥയ്ക്കും വലിയ സ്ഥാനമുണ്ട്.

 

പതിവുപോലെ സുരാജ് വെഞ്ഞാറമൂട് ബാലുവിനെ ഉഷാറാക്കി. തമാശയും വൈകാരികതയുമെല്ലാം വന്നു പോകുന്ന കഥാപാത്രം നമുക്ക് പരിചിതരായ പ്രവാസി സുഹൃത്തുക്കളെ ഓര്‍മപ്പെടുത്തിയേക്കാം. ഏറെ നാളുകള്‍ക്കു ശേഷം ഒരു മുഴുനീള ഹാസ്യവേഷത്തില്‍ സിദ്ദിഖ് എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ആസ്വാദകരെ കുടുകുടാ ചിരിപ്പിക്കുന്നത് സിദ്ദിഖാണ്. സംഭാഷണത്തില്‍ തുടങ്ങി ചെറു ചലനങ്ങളില്‍വരെ ചിരി പടര്‍ത്താന്‍ സിദ്ദിഖിനായി. ലെനയുടെ അഭിനയ ജീവിതത്തിലെ തന്നെ വ്യത്യസ്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ചിത്രത്തിലെ സുലു. ഒരോ രംഗങ്ങളിലും സിദ്ദിഖിനൊപ്പം മത്സരിച്ച് അഭിനയിച്ച് പൊട്ടിച്ചിരിപ്പിക്കാന്‍ ലെനയ്ക്കുമായി. ഇരുവരും തമ്മിലുള്ള രംഗങ്ങള്‍ സിനിമയ്ക്ക് നല്‍കുന്നത് വലിയ ഊര്‍ജമാണ്. ഗായത്രി അരുണിന്റെ പ്രകടനവും സിനിമയുടെ ജീവനാണ്.

 

പ്രകാശ് വേലായുധന്റെ ഛായാഗ്രഹണം ദുബായ് കാഴ്ചകളെ ഹൃദ്യമായി പകര്‍ത്തിയിട്ടുണ്ട്. സിനിമയെ കൃത്യമായി ചേര്‍ത്തുതുന്നാന്‍ എഡിറ്ററായ മനോജിനും കഴിഞ്ഞു. എന്തായാലും 2023ലെ ആദ്യ ഹിറ്റുകളില്‍ ഒന്നായി എന്നാലും ന്റെ അളിയ ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com