കളം നിറയുന്ന ‘തേര്’; റിവ്യൂ
Theru Movie Review
Mail This Article
പടയാളികൾ ഓരോന്നായി നഷ്ടപ്പെടുമ്പോഴും നേർവഴിയിൽ മാത്രം സഞ്ചരിക്കുന്ന തേര് കളത്തിൽ ഇറങ്ങിയാൽ ഒരു നിരത്തൽ നടത്തിയേ പിന്മാറാറുള്ളൂ. നേരിന്റെ പക്ഷം പിടിക്കുന്നവന് എവിടെയും തലയുയർത്തി നിൽക്കാൻ കഴിയും എന്ന സന്ദേശവുമായി എസ്.ജെ. സിനുവും കൂട്ടരും തേരുമായി തിയറ്ററിൽ എത്തിയപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് ത്രസിപ്പിക്കുന്ന റിവഞ്ച് ത്രില്ലറാണ്. നിയമം നടപ്പാക്കേണ്ട നിയമപാലകർ തന്നെ വേട്ടക്കാരനാകുമ്പോൾ സാധാരണക്കാരനായ ഇരയ്ക്ക് അതിജീവനത്തിനായി ഏതറ്റം വരേയും പോയെ മതിയാകൂ.
പൊലീസ് ടെസ്റ്റ് എഴുതി റിസൾട്ടിന് കാത്തിരിക്കുന്ന ചെറുപ്പക്കാരനാണ് ഹരികൃഷ്ണൻ. അച്ഛൻ കൃഷ്ണകുമാറും അമ്മ ജാനകിയും അനുജത്തി നിത്യയും അപ്പൂപ്പനുമടങ്ങുന്ന സംതൃപ്ത കുടുംബം. വീട് വിട്ടാൽ ഹരി പോകുന്നത് സുഹൃത്തുക്കളായ ലാലിന്റെയും രവിയുടെയും അടുത്താണ്. രവിയുടെ കുക്കറി ചാനലിന് വിഡിയോ തയാറാക്കലാണ് ഇവരുടെ ഹോബി. ഹെൽമെറ്റ് എടുക്കാതെ പുറത്തിറങ്ങിയ ഹരിയുടെ അച്ഛനെ പൊലീസ് പിടിക്കുന്നതും ഹൃദ്രോഗിയായ അച്ഛൻ വഴിയിൽ കുഴഞ്ഞു വീണു മരിക്കുന്നതും ഹരിയുടെ ജീവിതത്തിന്റെ താളം തെറ്റിക്കുകയാണ്. അച്ഛന്റെ മരണത്തിനു കാരണക്കാരനായ എസ്ഐ സോമന്റെ കരണക്കുറ്റിക്കിട്ട് ഒന്ന് പൊട്ടിച്ചിട്ട് മാത്രമേ തനിക്ക് സർവീസിൽ കയറാൻ കഴിയൂ എന്ന് ഹരി ഒരു ശപഥമെടുക്കുന്നു. ഹരിയുടെ ശപഥം പിന്നീട് ആ മൂന്നു സുഹൃത്തുക്കളെയും ഒരിക്കലും പ്രതീക്ഷിക്കാത്ത സാഹചര്യങ്ങളിലാണ് കൊണ്ടെത്തിക്കുന്നത്. സോമനെ അടിക്കാൻ ഹരി തെരഞ്ഞെടുക്കുന്ന രാത്രി പലരുടെയും ജീവിതത്തെ മാറ്റി മറിക്കുകയാണ്.
കോവിഡ് കാലത്തിനു ശേഷം നിരവധി ത്രില്ലറുകളാണ് മലയാളത്തിൽ ഇറങ്ങിയത്. അക്കൂട്ടത്തിൽ ശക്തമായ തിരക്കഥയും അഭിനേതാക്കളുടെ പ്രകടനവും കൊണ്ട് വേറിട്ട ത്രില്ലർ അനുഭവമാണ് തേര് പകരുന്നത്. രാത്രിയുടെ ഭീതിതമായ ഇരുട്ടിൽ ഇരയും വേട്ടക്കാരനും തമ്മിൽ തമ്മിൽ കടിച്ചുകീറാനായി തക്കം പാർക്കുമ്പോൾ എന്താണ് സംഭവിക്കുകയെന്ന ആകാംഷയുടെ മുൾമുനയുടെ തേരേറി പ്രേക്ഷകനും കൂടെ പലായനം ചെയ്യുകയാണ്.
ഡിനിൽ പി.കെ.യുടെ തിരക്കഥയാണ് തേരിന് വേഗത പകരുന്നത്. ജിബൂട്ടിക്ക് ശേഷം ഇമോഷനൽ ത്രില്ലറുമായെത്തിയ സിനുവിന് മലയാളത്തിലെ ത്രില്ലർ സംവിധായകർക്കിടയിൽ തലയുയർത്തി നിൽക്കാം. കഥാഗതിക്കൊപ്പം അകമ്പടി സേവിക്കുന്ന പശ്ചാത്തല സംഗീതം ചിത്രത്തിന്റെ ത്രില്ലർ മൂഡ് നിലനിർത്തുന്നുണ്ട്. യാക്സണും നേഹയും ചേർന്നൊരുക്കിയ പാട്ടുകൾ ഏറെ മനോഹരമാണ്. രാത്രിയുടെ വന്യതയും വേട്ടക്കാരന്റെ പ്രതികാരവും ഇരയുടെ ദൈന്യതയുമെല്ലാം ഒപ്പിയെടുത്ത് തേരിന്റെ വേഗത്തിനൊപ്പം സഞ്ചരിച്ച ഛായാഗ്രഹണം എടുത്തുപറയേണ്ടതാണ്.
ഹരിയായി ചിത്രത്തിലെത്തുന്നത് അമിത് ചക്കാലയ്ക്കലാണ്. മലയാള സിനിമയിലെ പ്രതീക്ഷ തരുന്ന യുവതാരമായ അമിത് ഇക്കുറിയും തന്റെ വേഷം ഗംഭീരമാക്കി. അടുത്തിടെ ഇറങ്ങിയ മിക്ക ചിത്രങ്ങളിലും പൊലീസ് യൂണിഫോമിട്ട ഒരു വില്ലനുണ്ടായിരുന്നു. കലാഭവൻ ഷാജോണിന്റെ ആ വില്ലൻ സിഐ അശോകന്റെ വേഷത്തിലാണ് തേരിലെത്തിയത്. ശത്രുവിനെ പിന്തുടർന്ന് വേട്ടയാടുന്ന സവിശേഷ മനസികാവസ്ഥയുള്ള പൊലീസുകാരനായി ഷാജോൺ വിറപ്പിച്ചു. എസ്ഐ സോമനായി ബാബുരാജ് മികച്ച പ്രകടനം കാഴ്ചവച്ചു. ഹരിയുടെ അച്ഛനായെത്തിയ വിജയ രാഘവനും അമ്മയായെത്തിയ സ്മിനു സിജോയും മനോഹരമായ കോമ്പിനേഷൻ ആയിരുന്നു. എസ്ഐ സുനിതയായി റിയ സൈറ, നിത്യയായി നിൽജ കെ. ബേബി, ലാൽ ആയി സഞ്ജു ശിവറാം, രവിയായി പ്രമോദ് വെളിയനാട് എന്നിവർ മികച്ച അഭിനയം കാഴ്ചവച്ചു. അലക്‌സാണ്ടർ പ്രശാന്ത്, ശ്രീജിത്ത് രവി, വീണ നായർ, അസിസ് നെടുമങ്ങാട് തുടങ്ങിയവരാണ് തേരിലെ മറ്റ് താരങ്ങൾ.
ബ്ലൂ ഹിൽ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ജോബി പി. സാം ആണ് തേര് നിർമിച്ചത്. വെറുമൊരു ത്രില്ലറിനുപരി ഹൃദയ ബന്ധങ്ങളുടെ ഇഴയടുപ്പവും ആത്മസംഘർഷങ്ങളും വേർപിരിയലിന്റെ നഷ്‌ടബോധവും വ്യഥയും പകയും പ്രതികാരവുമെല്ലാം ആവിഷ്‌കരിച്ച ഒരുഗ്രൻ ഇമോഷനൽ ത്രില്ലറാണ് എസ്.ജെ. സിനുവിന്റെ തേര് എന്ന ചിത്രം.