ADVERTISEMENT

ബാങ്ക് മോഷണം എന്നു കേൾക്കുമ്പോൾ ഇന്നത്തെ തലമുറയ്ക്ക് ആദ്യം ഓർമ വരുക നെറ്റ്ഫ്ലിക്സ് സീരിസ് ആയ മണി ഹീസ്റ്റ് ആണ്. ബുദ്ധിരാക്ഷസനായ പ്രഫസറിന്റെ കുടിലബുദ്ധി ഉപയോഗിച്ച് ഒരു സംഘം മോഷ്ടാക്കൾ ബാങ്കിൽ നിന്നും കോടികൾ അടിച്ചുമാറ്റുന്ന കഥ. പ്രത്യക്ഷത്തിൽ ഇതുതന്നെയാണ് അജിത് കുമാറിനെ നായകനാക്കി എച്ച്. വിനോദ് ഒരുക്കിയ തുനിവിന്റെയും പ്രമേയം. നഗരത്തിലെ ഒരു പ്രമുഖ പ്രൈവറ്റ് ബാങ്ക് മോഷ്ടിക്കാൻ വരുന്ന മോഷ്ടാവായാണ് അജിത് തുനിവിലെത്തുന്നത്. പ്രഫസറെപ്പോലെ അജിത്തിനും തന്റേതായ ഒരു ടീം ഈ മിഷനിലുണ്ട്. പക്ഷേ കാശ് മാത്രമല്ല ഇവരുടെ ലക്ഷ്യം. അതിലും വില വരുന്ന മറ്റെന്തോ കൂടി തേടിയാണ് ഇവർ ആ ബാങ്കിലെത്തുന്നത്. അതെന്താകും?

തുടക്കം മുതൽ ഒടുക്കം വരെ അജിത് കുമാറിന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ് തുനിവിന്റെ കരുത്ത്. തിരക്കഥയ്ക്കോ മേക്കിങിനു പോലും മികവു കാട്ടാനായില്ലെങ്കിലും ഒരു പരിധി വരെ സിനിമയെ രക്ഷിക്കുന്നത് അജിത് കുമാറിന്റെ ഈ റേജ് തന്നെയാണ്. ഇനിയെന്ത് എന്ന് ആകാംക്ഷ ജനിപ്പിക്കുന്ന ആദ്യ പകുതി. തൂവെള്ള നിറമുളള വസ്ത്രമണിഞ്ഞ് നരച്ച മുടിയും താടിയുമായി അയാൾ ഇറങ്ങുന്നത് തീർത്തും ഡെവിളിഷ് ആയ ലുക്കോട് കൂടിയാണ്. പേരിനുമുണ്ട് ഡെവിളിഷ് ടച്ച്, ഡാര്‍ക് ഡെവിൾ.. ഒരു വില്ലനായി അവതരിച്ച്, പോകെപ്പോകെ കഥാവഴിയില്‍ സമൂഹഘടനയിലെ യഥാര്‍ഥ വില്ലന്മാര്‍ ആരൊക്കെയെന്ന് ചൂണ്ടിക്കാട്ടുകയാണ് അജിത്തിന്‍റെ നായകന്‍.

ത്രില്ലടിപ്പിക്കുന്ന ആദ്യ പകുതിയിൽ നിന്നും സോഷ്യൽ മെസേജ് നൽകുന്നൊരു രണ്ടാം പകുതി സിനിമയെ അൽപം പുറകോട്ടു വലിക്കുന്നുണ്ട്. ഒരു ബാങ്ക് കൊള്ളയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖലയിലെ വന്‍കിട തട്ടിപ്പുകളിലേക്കാണ് എച്ച്. വിനോദ് ഇത്തവണ ശ്രദ്ധ ക്ഷണിക്കുന്നത്. ബാങ്കിന്റെ പശ്ചാത്തലത്തിൽ ഓഹരിവിപണി തട്ടിപ്പു നടത്തുന്ന വൻകിട കോർപറേറ്റുകളെ തുറന്നുകാട്ടുകയാണ് തുനിവിലൂടെ സംവിധായകൻ. മുൻ സിനിമകളിലേതുപോലെ കുടുംബബന്ധങ്ങളിലെ പാസം പോലുള്ള വികാരനിമിഷങ്ങൾ ഒന്നും തന്നെ തുനിവിൽ ഇല്ല.

അജിത്തിന്റെ സ്ക്രീൻ പ്രസന്‍സ് തന്നെയാണു സിനിമയുടെ നട്ടെല്ല്. ആക്‌ഷൻ രംഗങ്ങളിലും അജിത്തിന്റെ ശൗര്യം പതിന്മടമങ്ങ് മികവോടെ ഒപ്പിയെടുക്കാൻ സംവിധായകന് കഴിഞ്ഞു. വിഎഫ്എക്സിന്റെ അമിതമായ ഉപയോഗവും ആക്‌ഷൻ രംഗങ്ങളിൽ ഉൾപ്പെടുത്തിയിട്ടില്ല. വെറുമൊരു നായികാ വേഷത്തിൽ ഒതുങ്ങി നിൽക്കാതെ അജിത്തിനൊപ്പം തുല്യ വേഷത്തിൽ തന്നെയാണ് മഞ്ജു വാരിയർ ചിത്രത്തിലെത്തുന്നത്. ചടുലമായ ശരീര ചലങ്ങളിലൂടെ ആക്‌ഷൻ രംഗങ്ങളിൽ അമ്പരപ്പിക്കുന്ന പ്രകടനമാണ് മഞ്ജു കാഴ്ചവയ്ക്കുന്നത്. ഡിജിപിയായി എത്തിയ സമുദ്രക്കനി, ബാങ്ക് ഉടമകളില്‍ ഒരാളായെത്തിയ ജോണ്‍ കൊക്കെന്‍, ഭഗവതി പെരുമാൾ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.

നീരവ് ഷാ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. വിജയ് വേലുക്കുട്ടിയുടെ വേഗതയാർന്ന എഡിറ്റിങ് സിനിമയുടെ ജോണറിനോട് പൂർണമായും നീതിപുലര്‍ത്തി. ജിബ്രാന്‍റെ പശ്ചാത്തല സംഗീതം മികച്ചു നിന്നു.

ലോജിക്കുകൾ നോക്കാതെ, അജിത്തിന്റെ സ്റ്റൈലും മുഴുനീള ആക്‌ഷൻ എന്റർടെയ്നറുകളും ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് തുനിവൊരു വിരുന്നു തന്നെയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com