തനി നാട്ടിൻപുറത്തിന്‍റെ നൈർമല്യവും രസങ്ങളും സന്തോഷങ്ങളുമൊക്കെ നിറഞ്ഞ ഒരു കൊച്ചു സിനിമയാണ് ‘പൂവൻ’. നമ്മൾ വീട്ടിൽ പലതരം അരുമകളെ വളർത്തുന്നുണ്ടാകും. കാലം പിന്നിടുന്നതിനനുസരിച്ച് അവയുമായി നമുക്ക് ഒരു മാനസിക ബന്ധവും ഉടലെടുക്കും. എന്നാൽ അരുമകൾ തലവേദന സൃഷ്ടിക്കുന്ന അനുഭവങ്ങളുമുണ്ട്. അത്തരമൊരു കഥയാണ് പൂവൻ പറയുന്നത്.
കണ്ണൂരിലെ ഒരു നാട്ടിൻപുറമാണ് കഥാപശ്ചാത്തലം. ഒരു കുടുംബം പോലെ കഴിയുന്ന കുറച്ചു നാട്ടുകാർ. നാട്ടിൽ ഷെയ്ക്ക് കട നടത്തി ഗതിപിടിക്കാതെ ജീവിക്കുന്ന പാവത്താനാണ് ഹരി. അയാളുടെ വീട്ടിലേക്ക് അപ്രതീക്ഷിതമായി ഒരു കോഴിക്കുഞ്ഞ് എത്തുന്നു. ആ കോഴി വളരുന്നതിനൊപ്പം യാദൃച്ഛികമെകിലും അയാളുടെ ജീവിതപ്രശ്‌നങ്ങളും വളരുന്നു. വീട്ടുകാർക്ക് പ്രിയപ്പെട്ടതെങ്കിലും ആ പൂവൻകോഴി അയാളുടെ ഉറക്കം കെടുത്തുന്ന ശല്യമാകുന്നു. പ്രശ്നങ്ങൾ പരിഹരിക്കാൻ അയാൾ നടത്തുന്ന ശ്രമങ്ങളും അതിന്റെ ഭവിഷ്യത്തുകളുമാണ് ചിത്രം പറഞ്ഞുവയ്ക്കുന്നത്. മൂന്ന് സമാന്തര പ്രണയങ്ങളും ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.
സൗഹൃദക്കൂട്ടായ്മയിൽ ഒരുങ്ങിയ ചിത്രമാണ് പൂവൻ. ചിത്രത്തിന്റെ സംവിധായകനും തിരക്കഥാകൃത്തും നിർമാതാവുമൊക്കെ കഥാപാത്രങ്ങളായും ക്യാമറയ്ക്ക് മുന്നിലെത്തുന്നു. ‘സൂപ്പര്‍ ശരണ്യ’ എന്ന ചിത്രത്തിനു ശേഷം ഷെബിന്‍ ബക്കര്‍ പ്രൊഡക്‌ഷന്‍സും സ്റ്റക്ക് കൗവ്‌സ് പ്രൊഡക്‌ഷൻസും സംയുക്തമായി നിര്‍മിച്ചിരിക്കുന്ന ചിത്രം സൂപ്പര്‍ ശരണ്യയിൽ വില്ലനായ അജിത് മേനോനെ അവതരിപ്പിച്ച വിനീത് വാസുദേവനാണ് സംവിധാനം ചെയ്തിരിക്കുന്നത്. സൂപ്പര്‍ ശരണ്യ, അജഗജാന്തരം, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച വരുൺ ധാരയാണ് സിനിമയുടെ തിരക്കഥാകൃത്ത്. നിർമാതാക്കളിൽ ഒരാളായ ഗിരീഷും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.
ആന്‍റണി വര്‍ഗീസ് അഥവാ പെപ്പെ എന്ന പേരുകേട്ടാൽ അടിയും ഇടിയും നിറഞ്ഞ പടങ്ങളാണ് പ്രേക്ഷകരുടെ മനസ്സിലേക്ക് ആദ്യമെത്തുക. എന്നാൽ സമീപകാല ആക്‌ഷൻ കഥാപാത്രങ്ങളിൽനിന്നു വ്യത്യസ്തമായി, പുത്തനൊരു ഗെറ്റപ്പിൽ, ഏറെ രസകരമായ ഒരു കഥാപാത്രത്തെയാണ് 'പൂവനിൽ' ആന്‍റണി വർഗീസ് അവതരിപ്പിക്കുന്നത്. ഹരിയുടെ കഷ്ടപ്പാടുകൾ പ്രേക്ഷകരിലേക്കും പലപ്പോഴും ആഴ്ന്നിറങ്ങുന്നു.
ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ച പൂവൻ കോഴിയും നന്നായി അഭിനയിച്ചിട്ടുണ്ട് എന്നുപറയാതെ വയ്യ! ചെറിയ വേഷങ്ങളും സ്വാഭാവികതയോടെ അഭിനയിച്ച് ശ്രദ്ധ നേടിവരുന്ന നടനാണ് സജിൻ. പൂവനിൽ ഇദ്ദേഹത്തിന്റെ ബെന്നി എന്ന കഥാപാത്രം പ്രേക്ഷകരുടെ ഇഷ്ടം നേടുന്നുണ്ട്. സംവിധായകനായ വിനീതും കണ്ണൻ എന്ന കഥാപാത്രത്തെ മികച്ചതാക്കി. പുതുമുഖങ്ങളായ മൂന്ന് നായികമാരും തങ്ങളുടെ റോൾ ഭദ്രമാക്കി. ക്ലൈമാക്സിൽ ഒരു ന്യൂജെൻ താരം ഗെസ്റ്റ് റോളിൽ എത്തുന്നുണ്ട്.
നായകന്റെ പ്രണയവും ജീവിതപ്രശ്നങ്ങളും അവതരിപ്പിക്കുമ്പോൾത്തന്നെ മറ്റു രണ്ടു പ്രണയങ്ങൾക്കും തുല്യമായ സ്ക്രീൻസ്‌പേസ് ചിത്രത്തിൽ കൊടുത്തിട്ടുണ്ട് എന്നതാണ് ഹൈലൈറ്റ്. അഭിനയിക്കാൻ പറയുമ്പോൾ ജീവിച്ചുകാണിക്കുന്ന ഒരുകൂട്ടം പുതുമുഖങ്ങളാണ് ചിത്രത്തിന്റെ മറ്റൊരു കരുത്ത്. നാട്ടിൻപുറത്തെ വെറും സാധാരണക്കാരായ മനുഷ്യരുടെ ജീവിതം ഇവരിലൂടെ വരച്ചുകാട്ടുന്നുണ്ട്.
ചിത്രത്തിന്റെ സാങ്കേതികമേഖലകൾ മികച്ചുനിൽക്കുന്നു. നാട്ടിൻപുറവും നാട്ടുജീവിതങ്ങളും പച്ചപ്പും നാട്ടിടവഴികളുമെല്ലാം ഛായാഗ്രാഹകൻ നന്നായി ഒപ്പിയെടുത്തിട്ടുണ്ട്. മമ്മൂട്ടി ചിത്രമായ റോഷാക്കിൽ അടക്കം പ്രവർത്തിച്ച മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന് സംഗീതം നൽകിയത്. വിനീത് ശ്രീനിവാസൻ ആലപിച്ച 'ചന്തക്കാരി ചന്തക്കാരി...' എന്ന രസികൻ ഗാനം ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. 2 മണിക്കൂർ 18 മിനിറ്റാണ് ചിത്രത്തിന്റെ ദൈർഘ്യം. വലിയ ട്വിസ്റ്റുകളും ത്രില്ലുകളും മാസ്സുമില്ലാതെ തന്നെ പ്രേക്ഷകരെ പിടിച്ചിരുത്താൻ സ്വാഭാവികത്തനിമയുള്ള രസകരമായ അവതരണത്തിനാകുന്നുണ്ട്. ചിത്രം പ്രേക്ഷകരെ രസിപ്പിക്കുമെന്നുറപ്പ്.