ADVERTISEMENT

‘സീറോ’ എന്നായിരുന്നു ഷാരൂഖ് ഖാന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ കനത്ത പരാജയം ഷാറുഖ് യുഗത്തിന് അവസാനമായെന്നുവരെ പലരും അടക്കം പറഞ്ഞു. അതൊക്കെ ഇനി വെറും പഴങ്കഥകൾ. ബോക്സ് ഓഫിസിന്റെ രാജാവിന് ‘സീറോ’ മാർക്ക് നൽകിയവർക്ക് നൂറ് മാർക്കിന്റെ മറുപടിയുമായാണ് കിങ് ഖാൻ പഠാനിൽ എത്തുന്നത്. മാസ് ആക്‌ഷൻ റോളിൽ ഷാറുഖ്‌, ധൂം സിനിമയിലെ കബീർ ശർമയെ കടത്തിവെട്ടുന്ന വില്ലൻ വേഷത്തിൽ ജോൺ, ലുക്കിലും അഴകിലും നിറഞ്ഞു നിൽക്കുന്ന ദീപിക... ഒപ്പം ഹൈ വോൾട്ടേജ് മാസ് ആക്‌ഷൻ രംഗങ്ങള്‍. പഠാൻ സിനിമയെക്കുറിച്ച് ചുരുക്കി പറയാനുള്ളത് ഇതാണ്. 

 

2019-ല്‍ കശ്മീരിൽ നിന്നും ആര്‍ട്ടിക്കിള്‍ 370 അസാധുവാക്കുന്നതോടെ ഇന്ത്യയോട് പ്രതികാരത്തിന് തുനിയുന്ന പാക് സൈനിക മേധാവി. അതിനായി വിനാശകാരികളായ ഔട്ട്ഫിറ്റ് എക്സ് എന്ന കോർപ്പറേറ്റ് തീവ്രവാദി ഗ്രൂപ്പുമായി ഇയാൾ കൈകോർക്കുന്നു. തിന്മയുടെ ആൾരൂപമായ ജിം ആണ് ഔട്ട്ഫിറ്റ് എക്സിന്റെ മേധാവി. താൻ ഏറ്റെടുക്കുന്ന ഏത് ദൗത്യവും വിജയകരമായി പൂർത്തിയാക്കുന്ന ജിമ്മിൽ നിന്നും ഇന്ത്യയെ രക്ഷിക്കാൻ ഇറങ്ങിത്തിരിക്കുന്ന പഠാന്‍. അയാൾ നേരിടേണ്ടിവരുന്ന അപ്രതീക്ഷിത വെല്ലുവിളികളാണ് പഠാൻ സിനിമയുടെ പ്രമേയം.

 

pathaan-trailer

മുന്‍പ് കണ്ട സ്പൈ സിനിമകളുടെ പാറ്റേണുകളും സ്വീക്വന്‍സുകളും അവര്‍ത്തിക്കുന്നതായി അനുഭവപ്പെട്ടാലും ഷാറുഖ് ഖാൻ എന്ന സൂപ്പർതാരത്തിന്റെ മാനറിസങ്ങളും സ്വാഗും പഠാനെ ചടുലമാക്കുന്നു. യഷ് രാജ് ഫിലിംസ് രൂപം നല്‍കുന്ന സ്പൈ യൂണിവേഴ്സിന്‍റെ ആദ്യ ചിത്രമാണ് പഠാന്‍. ഹൃതിക് റോഷന്റെ വാർ സിനിമയിലെ കേണൽ ലുത്ര അടക്കമുള്ള കഥാപാത്രങ്ങൾ പഠാനിലും പ്രത്യക്ഷപ്പെടുന്നുണ്ട്. ഒരു ഘട്ടത്തിൽ വലിയൊരപകടത്തിൽപെടുന്ന പഠാനെ രക്ഷിക്കാനായെത്തുന്നത് ഈ യൂണിവേഴ്സിലെ അംഗമായ മറ്റൊരു സൂപ്പർതാരമാണ്. കഥയിലും പരിസരത്തിലും കഥാ സന്ദര്‍ഭങ്ങളിലും പുതുമയൊന്നും അവകാശപ്പെടാനില്ലെങ്കിലും തിയറ്ററിലെത്തുന്ന പ്രേക്ഷകനെ രസിപ്പിക്കാനുള്ള കൂട്ടുകളെല്ലാം സംവിധായകൻ സിദ്ധാര്‍ത്ഥ് ആനന്ദ് ഒരുക്കിയിട്ടുണ്ട്. ജോൺ ഏബ്രഹാമിന്റെ ജിം എന്ന വില്ലന്‍ കഥാപാത്രം തന്നെ ഇതിനുദാഹരണം. നായകനൊത്ത വില്ലന്റെ അഭാവം പല ബിഗ് ബജറ്റ് സിനിമകളിലും പ്രതിഫലിച്ചുകണ്ടിട്ടുണ്ട്. എന്നാൽ ഷാരൂഖിന് ഒത്ത എതിരാളിയായി കളത്തിലുടനീളം ജോൺ നിറഞ്ഞു നിൽക്കുന്നുണ്ട്. വൈകാരികമായി പ്രേക്ഷകരെ കഥയിലേക്ക് അടുപ്പിച്ച് നിർത്തുന്ന ഘടകങ്ങൾ കൂടി ഉണ്ടായെങ്കിൽ കൂടുതൽ നന്നായേനെ.

 

Pathaan-deepika

ചിത്രത്തിന്‍റെ ഭൂരിഭാഗവും ഷാറുഖ് സ്ക്രീനിലുണ്ട്. ‘പഠാന്‍ മരിച്ചിട്ടില്ല’ എന്ന് ഡയലോഗ് മുതല്‍ പിന്നീടങ്ങോട്ട് മാസ് രംഗങ്ങൾ നിരവധി. വിവാദങ്ങള്‍ ഏറെയുണ്ടായെങ്കിലും അതൊന്നും ഒരു തരത്തിലും ചിത്രത്തിനെ ബാധിക്കില്ലെന്ന് വ്യക്തം. അടിമുടി ദേശസ്നേഹിയായ ഒരു സൈനികനായ പഠാനായി ഷാരൂഖ് സ്ക്രീനില്‍ നിറയുന്നു. പ്രേക്ഷകരെ വശീകരിക്കുന്ന ലുക്കുമായി എത്തുന്ന ദീപിക പദുക്കോണും പഠാന്റെ സുന്ദര കാഴ്ചയാണ്. എടുത്തു പറയേണ്ടത് ദീപികയുടെ ആക്‌ഷന്‍ സീനുകളാണ്. ഗാനരംഗങ്ങളിലും ദീപികയുടെ സ്ക്രീൻപ്രസൻസ് അതിമനോഹരം. റൂബിന എന്ന ‌ഏജന്റിനെയാണ് ദീപിക ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

 

ഡിംപിള്‍ കപാഡിയയുടെ അഭിനയപ്രകടനവും പഠാന്റെ മുതല്‍ക്കൂട്ടാണ്. ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു. അധികം വലിച്ചു നീട്ടാതെ രണ്ട് മണിക്കൂർ നാൽപത് മിനിറ്റിൽ നീതി പുലർത്തിയ എഡിറ്റിങ് ആണ് ആരിഫ് ഷെയ്ഖിന്റേത്. സഞ്ജിത് ആൻഡ് അഞ്ജിത് ബൽഹരയുടെ പശ്ചാത്തല സംഗീതവും ഗാനങ്ങളും പഠാന്റെ പ്രധാന ആകർഷണമാണ്. ജൂമേ ജോ പഠാൻ എന്ന ഗാനം ടെയ്ൽ‍ എൻഡിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. നവാഗതനായ സത്ചിത് പൗലൗസാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. ഐമാക്സ് ക്യാമറയിൽ ഷൂട്ട് ചെയ്യുന്ന ഇന്ത്യയിലെ ആദ്യ ചിത്രമാണ് പഠാൻ. അതുകൊണ്ട് തന്നെ സിനിമയുടെ പ്രകടമായ ദൃശ്യാനുഭവം ആസ്വദിക്കണമെങ്കിൽ ഐമാക്സ് സ്ക്രീൻ തന്നെ േവണ്ടിവരും.

 

മിഷൻ ഇംപോസിബിൾ സിനിമകളിലെ മിഷൻ രംഗങ്ങളുടെ സാമ്യം പഠാനിൽ പ്രകടമാണ്. റഷ്യ, അഫ്ഗാനിഥാൻ, സ്പെയ്ൻ തുടങ്ങി വിവിധ രാജ്യങ്ങൾ ചിത്രത്തിന്റെ ലൊക്കേഷനുകളാണ്. സംഘടന രംഗങ്ങളും, വിഎഫ്എക്സും പഠാന്റെ പ്രധാന ഹൈലൈറ്റ് ആണ്. ബോളിവുഡിനുതകുന്ന ബജറ്റിൽ മോശമല്ലാത്ത രീതിയിൽ വിഎഫ്എക്സ് ചിത്രത്തില്‍ വൃത്തിയായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ പല സ്ഥലങ്ങളിലും സെറ്റ് ഇട്ട് ചെയ്തിരിക്കുന്നതാണെന്നതും വ്യക്തമാണ്. ഷാരൂഖ് ഖാന്റെ ഇൻട്രൊ സീനിലെ ആക്‌ഷൻ രംഗങ്ങൾ അത്യുഗ്രനാണ് കൊറിയോഗ്രഫി ചെയ്തിരിക്കുന്നത്. എന്നാൽ ജോണും ഷാരൂഖും തമ്മിലുള്ള ഫൈറ്റ് രംഗങ്ങളിൽ ഈ പൂര്‍ണത കൊണ്ടുവരാൻ ആക്‌ഷൻ ഡയറക്ടേഴ്സിനായില്ല.

 

ആകെ മൊത്തത്തിൽ പഠാൻ ഒരു സമ്പൂർണ എന്റെർടെയിനറാണ്. ഷാരൂഖ് ആരാധകർക്ക് ഏറെക്കാലത്തിനു ശേഷം ആസ്വദിക്കാനും ആവേശത്തിലാറാടാനും ലഭിക്കുന്ന അവസരമാണ് ഇൗ സിനിമ. ലോജിക്കില്ലാതെ മാസും മസാലയും നിറച്ച് കയ്യടിക്കും ആർപ്പു വിളികൾക്കും വേണ്ടി ഒരുക്കപ്പെട്ടിരിക്കുന്ന ചിത്രം തിയറ്ററിൽ തന്നെ ആസ്വദിക്കേണ്ട ഒന്നാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com