ADVERTISEMENT
അവിചാരിതമായി നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്ന പലതിനും പിന്നിൽ നമ്മളറിയാതെ പോകുന്ന ചില കാരണങ്ങളുണ്ടാകും. ഒടുവിൽ ആ കാരണങ്ങളിലേക്ക് നമ്മളറിയാതെ തന്നെ എത്തിച്ചേരുകയും ചെയ്യും. ജീവിതം അങ്ങനെയാണല്ലോ. ചിലപ്പോൾ നമ്മൾ ഒറ്റയ്ക്കാണെങ്കിൽപ്പോലും ചില വലിയ സത്യങ്ങൾ നമ്മെത്തേടിയെത്തും. മോഹൻലാൽ - ഷാജി കൈലാസ് ചിത്രം 'എലോൺ' പ്രേക്ഷകനോടു പറയുന്നതും അതാണ്; നമുക്കു ചുറ്റും ആരൊക്കെയോ ഉണ്ട്.  

മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ തീർത്തും വ്യത്യസ്തമായ സിനിമാ അനുഭവം തന്നെയാണ് എലോൺ. തുടക്കം മുതൽ ഒടുക്കം വരെ പ്രേക്ഷകർ സഞ്ചരിക്കുന്നത് മോഹൻലാലിലൂടെ മാത്രമാണ് എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വ്യത്യസ്തത.

ഫാന്റസിയും ത്രില്ലറും ഹൊററുമൊക്കെ കൂട്ടിച്ചേർത്തുള്ള പരീക്ഷണ ചിത്രം തന്നെയാണിത്. അപ്രതീക്ഷിതമായ ട്വിസ്റ്റുകളേക്കാൾ അപ്രതീക്ഷിതമായ ക്ലൈമാക്സാണ് ചിത്രത്തെ ആസ്വാദ്യമാക്കുന്നത്. ഒരു നടൻ മാത്രം സ്ക്രീനിലെത്തുമ്പോൾ സിനിമയിലുണ്ടാകുന്ന പരിമിതികൾ ഇടയ്ക്കൊക്കെ ആസ്വാദനത്തെ ബാധിക്കുന്നുണ്ട്. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന കഥയായി തുടങ്ങിയെങ്കിലും ഇടയ്ക്കിടെ ആ സ്വഭാവം വഴിമാറി പോകുന്നുണ്ട്. തീർത്തും പരീക്ഷണാടിസ്ഥാനത്തിൽ ഒരുക്കിയ ചിത്രമെന്ന മുൻവിധിയോടെ കണ്ടാൽ ചിത്രം നിരാശ നൽകില്ല.

മോഹൻലാലാണ് ചിത്രത്തിന്റെ ജീവൻ. ചിരിപ്പിച്ചും ചിന്തിപ്പിച്ചും പേടിപ്പെടുത്തിയുമൊക്കെ മോഹൻലാൽ ചിത്രത്തിലൂടെ എല്ലാ ഏകാന്തതകളെയും കീറിമുറിക്കുന്നുണ്ട്. ഒരു നടൻ മാത്രം സ്ക്രീനിലെത്തുമ്പോൾ ഫോണിലൂടെയും അല്ലാതെയുമുള്ള ശബ്ദസങ്കേതങ്ങളിലൂടെയാണ് കഥ പറയുന്നത്. ശബ്ദ സാന്നിധ്യമായി പൃഥ്വിരാജ്, മഞ്ജു വാര്യർ തുടങ്ങിയ താരങ്ങളെത്തുന്നതും സിനിമയുടെ ജീവനാണ്.

കോവിഡ് കാലമാണ് കഥയുടെ പശ്ചാത്തലം. കൊച്ചി നഗരത്തിലെ തന്റെ പുതിയ ഫ്ളാറ്റിലേക്ക് കാളിദാസൻ എത്തുമ്പോഴേക്കും സമ്പൂർണ ലോക്ക്ഡൗൺ പ്രഖ്യാപനം വന്നു കഴിഞ്ഞിരുന്നു. ഇതോടെ അയാളുടെ ജീവിതം നാലു ചുവരുകളുടെ സാനിറ്റൈസർ ഗന്ധത്തിൽ മാത്രം ഒതുങ്ങുന്നു. പതിയെ അയാൾ ആ സത്യം തിരിച്ചറിഞ്ഞു തുടങ്ങി, അവിടെ താൻ ഒറ്റയ്ക്കല്ല. തന്നെക്കൂടാതെ മറ്റു രണ്ടുപേർ കൂടി ഈ ഫ്ലാറ്റിനുള്ളിൽ ജീവിക്കുന്നു. അത് പ്രേതമോ, ആത്മാവോ ആകാം. എന്തായാലും അവരുടെ ജീവിതം കാളിദാസൻ തേടിയിറങ്ങുന്നു. ആ അന്വേഷണത്തിലെ അപ്രതീക്ഷിതമായ കണ്ടെത്തലുകളാണ് 'എലോൺ' പറയുന്നത്.

കോവിഡ് കാലത്ത് ഒടിടി പ്ലാറ്റ്ഫോമിലേക്ക് ഒരുക്കിയ ചിത്രമാണ് എലോൺ. അതുകൊണ്ടുതന്നെ കഥപറച്ചിലിലും കഥാപാത്രങ്ങളിലും പരിമിതികൾ ഏറെയുണ്ട്. എങ്കിലും സിനിമയെ വിശാലമായി അവതരിപ്പിക്കാൻ ഷാജി കൈലാസെന്ന സംവിധായക പ്രതിഭയ്ക്കായി. ഓരോ രംഗങ്ങളിലും ചടുലമായ ആവിഷ്കാരമാണ് ഷാജി കൈലാസിന്റേത്.

പരീക്ഷണാടിസ്ഥാനത്തിൽ തിരക്കഥ തയാറാക്കാൻ രാജേഷ് ജയരാമൻ നടത്തിയ ശ്രമങ്ങളും അഭിനന്ദനാർഹമാണ്. അഭിനന്ദൻ രാമനുജം, പ്രമോദ് കെ.പിള്ള എന്നിവരുടെ ഛായാഗ്രഹണം സിനിമയുടെ ജീവനാണ്. ഓരോ ഷോട്ടിലും സിനിമയുടെ ചടുലത നിലനിർത്താൻ ഇരുവർക്കുമായി. ഡോൺ മാക്സിന്റെ എഡിറ്റിങ്, ഫോർ മ്യൂസിക്കിന്റെ പശ്ചാത്തല സംഗീതം എന്നിവയും എടുത്തു പറയണം.

English Summary: Alone Movie Review
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com