ADVERTISEMENT

പേരിൽത്തന്നെ കൗതുകമൊളിപ്പിച്ചാണ് ‘ഇരട്ട’ സിനിമ പ്രേക്ഷകരിലേക്കെത്തിയത്. പേരിലെ കൗതുകം പോസ്റ്ററിലും ട്രെയിലറിലും കൂടി ആയതോടെ ജോജുവിന്റെ ഇൗ സിനിമയ്ക്കായുള്ള കാത്തിരുപ്പും നീണ്ടു. ഒരു മികച്ച കുറ്റാന്വേഷണ കഥയെ മികവുറ്റ രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ചിത്രം ഗൗരവമേറിയ കഥാപശ്ചാത്തലമാണ് കൈകാര്യം ചെയ്യുന്നത്. 

 

സിനിമ തുടങ്ങി അ‍ഞ്ചാം മിനിറ്റിൽത്തന്നെ പ്രേക്ഷകരിൽ ഞെട്ടൽ ഉളവാക്കിക്കൊണ്ടാണ് സിനിമയുടെ യാത്ര. വാഗമൺ പൊലീസ് സ്റ്റേഷനില്‍ നടക്കുന്ന ഒരു പൊലീസുകാരന്റെ കൊലപാതകവും തുടർന്ന് ഉണ്ടാകുന്ന അന്വേഷണവുമാണ് ‘ഇരട്ട’ പറയുന്നത്. പട്ടാപ്പകൽ നടക്കുന്ന കൊലപാതകം, പ്രതികളെന്ന് സംശയിക്കപ്പെടുന്ന മൂന്നു പൊലീസുകാർ. മരണം പൊലീസ് സ്റ്റേഷനിൽ വച്ചു സംഭവിച്ചതുകൊണ്ടു തന്നെ കേസ് എത്രയും പെട്ടെന്ന് തെളിയിക്കണമെന്ന സമ്മർദം പൊലീസുകാരിലുമുണ്ട്. ആരാകും കൊലയാളി? എന്തിനാകും സ്റ്റേഷനിൽ വച്ചു തന്നെ കൊലപാതകം നടത്തിയത്? ഈ ചോദ്യങ്ങളിലൂടെ ഉദ്വേഗജനകമായൊരു കഥ പറയുകയാണ് സംവിധായകനും തിരക്കഥാകൃത്തും.

 

പ്രമോദ്, വിനോദ് എന്നീ ഇരട്ട സഹോദരന്മാരായ പൊലീസുകാർ. അവരുടെ ഉറ്റവരുടെയും സുഹൃത്തുക്കളുടെയും ഒപ്പമാണ് കഥ സഞ്ചരിക്കുന്നത്. കുറ്റാന്വേഷണത്തിനൊപ്പം പ്രൊസീജറൽ ഡ്രാമയുമാണ് ഇരട്ട. പൊലീസ് ക്രൈം ഡ്രാമയായി തുടങ്ങിയ, ചിത്രം സാവധാനത്തിൽ മറ്റൊരു വഴിയിലേക്ക് നീങ്ങുന്നു. ഒരൊറ്റ ദിവസം നടക്കുന്ന കഥയാണെങ്കിലും പ്രമോദിന്റെയും വിനോദിന്റെയും മുൻകാല ജീവിതവും അവരുടെ സുഹൃത്തുക്കളിൽ നിന്നുള്ള ഓർമകളുമൊക്കെ ചിത്രത്തിൽ വന്നുപോകുന്നുണ്ട്. ഏറെ വൈകാരികമായി സഞ്ചരിക്കുന്നൊരു കഥാഗതിയാണ് ഇരട്ടയുടേത്. പ്രമേയത്തെ അതിന്റെ ആഴത്തിലൂന്നി അവതരിപ്പിക്കാനും സംവിധായകനായി. തിരക്കഥയുടെ ഒഴുക്കിനെ ഒട്ടും ബാധിക്കാതെ മേക്കിങ്ങിലും ഇഴച്ചിൽ അനുഭവപ്പെടാതെ സിനിമ മുന്നോട്ട് പോകുന്നു. 

 

കൊലപാതകി ആരെന്നുള്ള പ്രേക്ഷകരിലെ സംശയം അവസാന നിമിഷം വരെ നിലനിർത്തിക്കൊണ്ടുപോകുവാനും തിരക്കഥയ്ക്കു കഴിഞ്ഞു. അസാധാരണവും കണ്ടിരിക്കുന്നവര്‍ക്ക് ഊഹിക്കാൻ പറ്റാത്തൊരു ക്ലൈമാക്സുമാണ് ഇരട്ടയെ വേറിട്ടതാക്കുന്നത്. മലയാള സിനിമയിൽ ഇന്നുവരെ കണ്ടിട്ടില്ലാത്തൊരു ഇരട്ട ക്ലൈമാക്സ്, മാത്രമല്ല ഈ ‘ഇരട്ട ക്ലൈമാക്സ്’ കാണുന്നവരുടെ ഉള്ളുലയ്ക്കുമെന്നതും തീർച്ച.

 

ഇരട്ടയായുള്ള ജോജു ജോർജിന്റെ ഒറ്റയാൾ പ്രകടനം തന്നെയാണ് ഇരട്ടയുടെ കരുത്ത്. ഇതിന് മുൻപ് പല തവണ അദ്ദേഹത്തെ പൊലീസ് വേഷത്തിൽ കണ്ടിട്ടുണ്ടെങ്കിലും ആ കഥാപാത്രങ്ങളെയൊന്നും ഇരട്ടയിൽ കാണാനാകില്ല. വിനോദും പ്രമോദും സ്വഭാവത്തിലും ജീവിത ശൈലിയിലും രണ്ടറ്റത്ത് നിൽക്കുന്നവരാണ്. പ്രകടനത്തിൽ മാത്രമല്ല ഡയലോഗ് ഡെലിവറിയിൽ പോലും രണ്ട് വേഷങ്ങളിലും വ്യത്യസ്തത കൊണ്ട് വരാൻ ജോജുവിന് സാധിച്ചിട്ടുണ്ട്. വെപ്പുപല്ല് വച്ചാണ് പ്രമോദ് ആയി ജോജു ജീവിച്ചത്. കഥാപാത്രങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞുള്ള അഭിനയമാണ് ജോജുവിന്റേത്. ശാന്തതയും സഹാനുഭൂതിയും നിസ്സഹായതയും നി​ഗൂഢതയും ഒരേപോലെ പ്രകടിപ്പിക്കുന്ന രണ്ട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ കയ്യടക്കത്തോടെ അവതരിപ്പിച്ചിരിക്കുന്നു.

 

ജോജു മാത്രമല്ല സിനിമയിലുള്ളവരെല്ലാം ഗംഭീര പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്. പാസ്റ്ററായി എത്തിയ ജിത്തു അഷ്റഫിന്റെ അഭിനയം എടുത്തുപറയാതെ വയ്യ. അഞ്ജലി, സാബു മോൻ, ശ്രീകാന്ത് മുരളി, മനോജ് കെ.യു, ശ്രിന്ദ, ഷെബിൻ ബെൻസൺ, ആര്യ സലീം, ശ്രീജ, ശ്രുതി ജയൻ തുടങ്ങി ഒരുപാട് നടീനടന്മാരുണ്ട് സിനിമയിൽ.

 

തഴക്കം ചെന്നൊരു സംവിധായകന്റെ കയ്യടക്കമാണ് നവാഗതനായ രോഹിത്തിൽ കാണാനാകുക. തുടക്കക്കാരനെ സംബന്ധിച്ചിടത്തോളം അത്ര എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു പ്രമേയമല്ല ഇരട്ടയുടേത്. ചിത്രത്തിന്റെ തിരക്കഥയും രോഹിത് തന്നെയാണ്. മനു ആന്റണിയുടെ എഡിറ്റിങ്, വിജയ്‌യുടെ ഛായാഗ്രഹണം, ജേക്സ് ബിജോയ്‌യുടെ സംഗീതം ഇതെല്ലാം രോഹിത്തിന്റെ ജോലി ഒരു പരിധിവരെ എളുപ്പമാക്കാൻ സഹായിച്ചു.

 

‘ഇരട്ട’ വൈകാരികമായ യാത്രയാണ്. ജോജുവിന്റെ മുൻകാല പൊലീസ് സിനിമകളായ ജോസഫ് പോലെയോ നായാട്ട് പോലെയോ അല്ല. കഥാപാത്രം പൊലീസാണെന്നതൊഴിച്ചാൽ ഇൗ സിനിമകളുമായി താരതമ്യം പോലുമില്ല താനും. ഗൗരവതരമായ ഒരു കഥയും കഥാപശ്ചാത്തലവും മികച്ച രീതിയിൽ അവതരിപ്പിച്ചിരിക്കുന്ന ഒരു നല്ല കുറ്റാന്വേഷണ സിനിമയായ ഇരട്ടയെ മറ്റൊരു മികച്ച സിനിമയായി കണക്കാക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com