വെടിക്കെട്ടാണോ ഈ ‘വെടിക്കെട്ട്’; റിവ്യൂ - Vedikettu Movie Review

vedikettu-review
SHARE

എത്ര തമ്മിലടിച്ചാലും സൗഹൃദങ്ങളെ ചേര്‍ത്തു നിര്‍ത്തുന്ന ചില നന്മകളുണ്ട്. ആ നന്മയില്‍ പ്രതികാരത്തിന്റെ എല്ലാ ചേരിപ്പോരുകളും ചേര്‍ത്തുപിടിക്കലുകളായി മാറും. ഒടുവില്‍, എന്തിനായിരുന്നു ഈ പിണക്കങ്ങളെന്നു ചിന്തിക്കുമ്പോള്‍, പറയാന്‍ മറുപടികളുണ്ടാകില്ല. ഇത്തരം ചില ഓര്‍മപ്പെടുത്തലുകളുടെ ഉത്സവമേളമാണ് വെടിക്കെട്ട്. പ്രണയം, പ്രതികാരം, സൗഹൃദം, തമാശ തുടങ്ങി ആസ്വാദനത്തിന്റെ എല്ലാ ഭാവങ്ങളും നല്‍കുന്നുണ്ട് ബിബിന്‍ ജോര്‍ജ് - വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടില്‍ പിറന്ന ഈ ചിത്രം. വെടിക്കെട്ട് കഴിഞ്ഞ പൂരപ്പറമ്പ് വിട്ടിറങ്ങുമ്പോള്‍ കിട്ടുന്ന സംതൃപ്തി സിനിമ ആവോളം നല്‍കുന്നുണ്ട്.

ബിബിന്‍ ജോര്‍ജ് - വിഷ്ണു ഉണ്ണികൃഷ്ണന്‍ കൂട്ടുകെട്ടിന്റെ സ്ഥിരം ചേരുവകളല്ല വെടിക്കെട്ടിന്റേത്. എന്നാലീ ഇടിപ്പടത്തിന് ചേരുവയായി തമാശയടക്കം എല്ലാമുണ്ട്. ഗെറ്റപ്പ് മുതല്‍ സെറ്റപ്പ് വരെ പുതുമ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ സംവിധായകര്‍ തേടുന്നതും സിനിമയെ ശ്രദ്ധേയമാക്കുന്നു. സിനിമ കേവലം ആസ്വദിപ്പിക്കല്‍ മാത്രമല്ല. ചില സന്ദേശങ്ങളും രാഷ്ട്രീയവും സംസാരിക്കുന്നുണ്ട്. ജാതിയുടെ പേരിലുള്ള വിഭാഗീയതയ്ക്കും അപ്പുറം മനുഷ്യനെ മനുഷ്യനാക്കുന്ന ചില വികാരങ്ങള്‍ നഷ്ടപ്പെട്ടിട്ടില്ലെന്ന് സിനിമ പറഞ്ഞുവയ്ക്കുന്നു. സിനിമയുടെ രാഷ്ട്രീയം ചില ഓര്‍മപ്പെടുത്തലുകളാണ്. തിരക്കഥയിലും സംവിധാനത്തിലും അത് പ്രകടവുമാണ്.

ജാതിയുടെയും നിറത്തിന്റെയും പേരില്‍ ചേരി തിരിഞ്ഞ രണ്ടു ഗ്രാമങ്ങളാണ് മഞ്ഞപ്രയും കറുങ്കോട്ടയും. ഇവര്‍ക്കിടയിലെ ചേരിപ്പോരിന് പഴക്കവും ഏറെയാണ്. കറുങ്കോട്ടയിലെ ഉശിരുള്ള ഷിബുവിന്റെ സഹോദരി ഷിബിലയോടാണ് മഞ്ഞപ്രയിലെ ചിത്തുവിന് പ്രണയം. ഇതിനെ തുടര്‍ന്നുണ്ടാകുന്ന തമ്മിലടികളും രസകരമായ സംഭവങ്ങളുമാണ് വെടിക്കെട്ടിന്റെ കഥാസാരം. അടിയും ഇടിയുമായി സഞ്ചരിക്കുമ്പോഴും ക്ലൈമാക്‌സിലെ അപ്രതീക്ഷിത ട്വിസ്റ്റാണ് സിനിമയുടെ ജീവന്‍. സിനിമ പുതിയൊരു തുടക്കമായി മാറുന്നതും അവിടെയാണ്.

വെടിക്കെട്ട് ചെറുപ്പക്കാരുടെ മാത്രം സിനിമയല്ല. അത് കുടുംബപ്രേക്ഷകരെയും പിടിച്ചിരുത്തും. ഏറ്റവും ഗൗരവത്തോടെ പറയേണ്ട വിഷയത്തെ അതിന്റെ തീവ്രത ചോരാതെ ഒരു കച്ചവട സിനിമയില്‍ ചേര്‍ക്കാനായത് സംവിധായക പ്രതിഭകളുടെ വിജയം തന്നെയാണ്. ഓരോ സംഭാഷണത്തിലും അത് വ്യക്തമാക്കുന്നുമുണ്ട്. വന്നു പോകുന്ന ഓരോ കഥാപാത്രത്തിനും കൃത്യമായ ഇടം നല്‍കാനും സംവിധായകര്‍ക്കായി. നിരവധി പുതുമുഖ താരങ്ങള്‍ക്കൊപ്പം ഇടയ്‌ക്കൊക്കെ മാത്രം സ്‌ക്രീനില്‍ വന്നുപോയവരെയും പ്രധാന കഥാപാത്രങ്ങളായി സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. ഇവരില്‍ ഓരോരുത്തര്‍ക്കും ഗംഭീര പ്രകടനമാണ് കാഴ്ചവയ്ക്കാന്‍ കഴിഞ്ഞത്. മലയാള സിനിമയിലേക്ക് ഒരുപിടി മികച്ച താരങ്ങളെ സമ്മാനിച്ച ചിത്രമായും വെടിക്കെട്ടിനെ കാലം ഓര്‍ക്കും.

അഭിനയത്തിലും സംവിധാനത്തിലും രചനയിലുമൊക്കെ നിറഞ്ഞാടാന്‍ ബിബിന്‍ ജോര്‍ജിനും വിഷ്ണു ഉണ്ണികൃഷ്ണനും കഴിഞ്ഞിട്ടുണ്ട്. ഏറെ ദൃശ്യ സാധ്യതകളുള്ള കഥാപരിസരത്തെ ഹൃദ്യമായി പകര്‍ത്താന്‍ ഛായാഗ്രാഹകന്‍ രതീഷ് റാമിനും കഴിഞ്ഞു. സിനിമയുടെ എടുത്തുപറയേണ്ട സവിശേഷതകളിലൊന്ന് ഗാനങ്ങളാണ്. പുതിയ ഒരുപിടി ഗാനരചയിതാക്കളും സംഗീത സംവിധായകരും ഗായകരുമാണ് പാട്ടുകളൊരുക്കിയിട്ടുള്ളത്. എന്തായാലും പേരുപോലെ ചിത്രവും പ്രേക്ഷകന് പകരുന്നത് വെടിക്കെട്ട് അനുഭവം തന്നെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS