മാർവൽ സിനിമകളിലൂടെ കണ്ടും േകട്ടും അനുഭവിച്ചറിഞ്ഞ ഒരു ‘കടുകട്ടി’ സംഭവമാണ് ക്വാണ്ടം റെൽമ്. സമയത്തിനും സ്പേസിനും ഇടയിലുള്ള മായിക പ്രപഞ്ചം. ക്വാണ്ടം റെൽമ് എന്താണെന്നും ആ അദ്ഭുതലോകത്തെ അടക്കി വാഴുന്ന കാങ് എന്ന അധിയാകനെക്കുറിച്ചുമാണ് ആന്റ് മാൻ ആൻഡ് ദ് വാസ്പ്: ക്വാണ്ടമാനിയയിലൂടെ മാർവൽ പറയുന്നത്. കണ്ണഞ്ചിപ്പിക്കുന്നതും അതിശയിപ്പിക്കുന്നതുമായ വിഷ്വൽ എഫക്ടുകളാൽ സമ്പന്നമായ ചിത്രത്തിന് കഥാപാരമായി യാതൊരു പുതുമയും കൊണ്ടുവരാനായില്ല എന്നതാണ് ആകെയുള്ള നിരാശ.
മാർവല്‍ മൾടിവേഴ്സ് സാഗയിലെ 'ഫേസ് ഫൈവി'ന് ആരംഭം കുറിക്കുകയാണ് ആന്റ് മാൻ ക്വാണ്ടമാനിയ. ചിത്രത്തിൽ പ്രധാന ആകർഷണ ഘടകമാകുന്നത് വില്ലൻ കഥാപാത്രം കാങ് ദ് കോൺകറർ ആണ്. ഇൻഫിനിറ്റി സാഗയിൽ താനോസായിരുന്നെങ്കിൽ മൾട്ടി വേഴ്സ് സാഗയിലെ പ്രധാന വില്ലൻ കാങ് ആണ്. എന്നാൽ താനോസ് പ്രേക്ഷകരില്‍ കൊണ്ടുവരുന്ന ഭീതി കാങിലെത്തുമ്പോൾ ലഭിക്കുന്നില്ല. അതിനു പ്രധാന കാരണം ഈ സിനിമയുടെ തിരക്കഥ തന്നെയാണ്.
ലോക്കി സീരിസിൽ ഇതേ കഥാപാത്രത്തിന്റെ റഫറൻസ് മുമ്പ് വന്നിരുന്നെങ്കിലും മുഴുനീള വില്ലൻ കഥാപാത്രമായി കാങിനെ കാണാനാകുക ആന്റ്മാൻ ക്വാണ്ടമാനിയയിലാണ്. ലോകിയിൽ നമ്മൾ കണ്ടത് കാങിന്റെ മറ്റൊരു വേരിയന്റിനെയാണ്. ലോക സിനിമയിലെ തന്നെ അതിശക്തനായ മറ്റൊരു വില്ലൻ കഥാപാത്രത്തെയാണ് കാങിലൂടെ മാർവൽ പ്രേക്ഷകർക്കു മുമ്പിൽ കൊണ്ടുവരാൻ ശ്രമിക്കുന്നത്. ആ ശ്രമം അമ്പേ പരാജയപ്പെടുന്ന കാഴ്ചയാണ് ഈ ചിത്രത്തിൽ കാണാനാകുക. ഹോളിവുഡ് താരം ജനാതൻ മേജേഴ്സാണ് കാങ്ങായി സ്ക്രീനിലെത്തുന്നത്.
2018 ലെത്തിയ ആന്റ് മാൻ ആൻഡ് ദ് വാസ്പ്പുമായി ചിത്രം ബന്ധപ്പെട്ടു കിടക്കുന്നു. മുപ്പത് വർഷം ക്വാണ്ടം റിയാമിൽ അകപ്പെട്ടുപോയ ജാനെറ്റിനെ സ്കോട്ടും ഹോപ്പും ഹാങ്കും ചേർന്ന് രക്ഷിക്കുന്നതായിരുന്നു വാസ്പ്പിൽ നമ്മൾ കണ്ടത്. ആ മുപ്പത് വർഷം ജാനെറ്റിന് അവിടെ നേരിടേണ്ടി വന്ന സംഭവ വികാസങ്ങളാണ് ക്വാണ്ടമാനിയ പറയുന്നത്. അതിന് നേരിട്ട് സാക്ഷികളാകുകയാണ് സ്കോട്ടും ഹോപ്പും ഹാങ്കും സ്കോട്ടിന്റെ മകളായ കാസിയും.
ആന്റ് മാൻ, ആന്റ് മാൻ ആൻഡ് ദ് വാസ്പ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്ത പീറ്റർ റീഡ് തന്നെയാണ് മൂന്നാം ഭാഗവും സംവിധാനം ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന് പ്രതീക്ഷയും ഏറെയായിരുന്നു. കാങ് എന്ന കഥാപാത്രത്തോടല്ലാതെ മറ്റൊന്നിനോടും നീതി പുലർത്താൻ അണിയറ പ്രവർത്തര്‍ക്കായില്ല. തിരക്കഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ വിഷ്വൽ എഫക്ടുകളിലാണ് ഇവർ കൂടുതൽ കൈവച്ചിരിക്കുന്നതെന്ന് തോന്നുന്നു. സിജി എഫറ്റ്ക്സ് അതി ഗംഭീരമെന്നല്ലാതെ വിശേഷിപ്പിക്കാനികില്ല. ഇതുവരെ കണ്ടിട്ടില്ലാത്ത മായികലോകത്തെയും അതിലെ ജീവജാലങ്ങളുമൊക്കെ അത്രയ്ക്ക് പൂർണതോടെയാണ് അവര്‍ ഡിസൈൻ ചെയ്തിരിക്കുന്നത്.
സിനിമയുടെ ഒരുഘട്ടത്തിൽപോലും വൈകാരികമായ ഒരടുപ്പം പ്രേക്ഷകരിലുണ്ടാക്കാൻ ഇവർക്കു കഴിയാതെ പോയെന്നതാണ് ഏറ്റവും വലിയ നെഗറ്റിവ്. ഇൻഫിനിറ്റി വാറിന്റെ ക്ലൈമാക്സിനു സമാനമായ ഫൈറ്റ് സീക്വൻസുകളും ആവർത്തിച്ചുവരുന്ന സാഹസിക രംഗങ്ങളും മടുപ്പുളവാക്കും.
വാൽക്കഷ്ണം: സിനിമയുടെ രണ്ട് എൻഡ് ക്രെഡിറ്റ് സീനുകളും ഒഴിവാക്കരുത്. പ്രത്യേകിച്ചും രണ്ടാമത്തെ പോസ്റ്റ് ക്രെഡിറ്റ് സീൻ.