ADVERTISEMENT

നാട്ടിൻപുറത്തെ നിഷ്കളങ്കരായ ഒരു പറ്റം കൂട്ടുകാരുടെ സൗഹൃദത്തിന്റെയും പാര വയ്പ്പിന്റെയും കഥപറയുന്ന ചിത്രമാണ് 'എങ്കിലും ചന്ദ്രികേ'.  കരിക്ക് ഫ്ലിക് വെബ് സീരീസ് ആവറേജ് അമ്പിളി, റോക്ക് പെപ്പർ സിസ്സേർസ് തുടങ്ങി നിരവധി വെബ് സീരീസുകളുടെ സംവിധായകനും നടനുമായ ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത ആദ്യചിത്രം നിർമ്മിച്ചിരിക്കുന്നത് വിജയ് ബാബുവിനൊപ്പം ആൻ അഗസ്റ്റിനും വിവേക് തോമസുമാണ്.  ഗ്രാമീണ പശ്ചാത്തലത്തിലെ ആർട്സ് ക്ലബ്ബുകളും അവിടെ ഉടലെടുക്കുന്ന സൗഹൃദവും ഇണക്കങ്ങളും പിണക്കങ്ങളും പ്രമേയമാക്കിയെത്തിയ നിരവധി ചിത്രങ്ങൾ കണ്ടു പരിചയിച്ച മലയാളിയ്ക്ക് ഒരുപക്ഷെ ആവർത്തന വിരസത തോന്നാവുന്ന കഥയിൽ ആദിത്യന്റെ വേറിട്ട ശൈലികൂടി വരുമ്പോൾ രസച്ചരട് മുറിയാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നുണ്ട്.

 

 കൂമൻ തൊണ്ട എന്ന ഗ്രാമത്തിലെ ആർട്സ് ക്ലബ്ബിലെ സജീവ അംഗങ്ങളാണ് സൊസൈറ്റി പവിത്രൻ, അഭിഷേക്, കിരൺ, ബിബീഷ്, അമൽ എന്നിവർ.  അല്പസ്വല്പം സാമൂഹ്യ പ്രവർത്തനവും സൊസൈറ്റിയിലെ പാൽവിൽപ്പനയുമാണ് പവിത്രന്റെ തൊഴിൽ.  ഒരു സിനിമയെടുക്കുക എന്ന സ്വപ്നവുമായി നടക്കുന്ന കിരണിനും കിരണിന്റെ വാലായി നടക്കുന്ന അമലിനും അഭിഷേകിനും മറ്റ് പണിയൊന്നുമില്ല.  ബിബീഷാണെങ്കിൽ വീട്ടിലല്പം പുത്തനുള്ളതുകൊണ്ട് ലേശം ജാടയുമുണ്ട്.  ചെറുപ്പത്തിലേ അച്ഛനും അമ്മയും നഷ്ടപ്പെട്ട പവിത്രന് ചിറ്റ മാത്രമേയുള്ളൂ എന്നാൽ ചിറ്റ യും മകനും നേരിട്ട് കണ്ടാൽ കീരിയും പാമ്പുമാണ്.  വിവാഹപ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാതെ വിഷമിക്കുന്ന അഭിഷേകിനും പവിത്രനും ഇരുട്ടടിയുമായിട്ടാണ് ബിബീഷിന്റെ വിവാഹ വാർത്ത എത്തുന്നത്.  സന്തത സഹചാരിയായിട്ടും തങ്ങളെ വിവാഹവാർത്ത അറിയിക്കാതെ മുങ്ങിനടക്കുന്ന ബിബീഷിനെ പൊക്കാൻ അഭിഷേകും കൂട്ടരുമെത്തുന്നു.  പതിമൂന്നു വർഷമായി നെഞ്ചിലിട്ട് വളർത്തി വിവാഹപ്രായമാക്കിയ ചന്ദ്രികയാണ് ബിബീഷിന്റെ വധുവെന്നറിഞ്ഞ അഭിഷേക് ബോധരഹിതനായി.  പവിത്രനാണെങ്കിൽ പെണ്ണ് കാണാൻ ചെന്നപ്പോൾ പെണ്ണ് പറഞ്ഞ ഡിമാൻഡ് അവളുടെ അനിയത്തിയുടെ കല്യാണം മുടക്കുക എന്നതായിരുന്നു.  ബിബീഷിന്റെ കല്യാണം മുടക്കാൻ നടക്കുന്ന അഭിഷേകും കൂട്ടരും ഒരു വശത്ത്  കെട്ടാൻ പോകുന്ന പെണ്ണിന്റെ അനിയത്തിയുടെ വിവാഹം മുടക്കാൻ നടക്കുന്ന പവിത്രനും അയാളുടെ ഉപദേശകൻ  ചന്ദ്രേട്ടനും മറുവശത്ത്.  ഇവർ തമ്മിൽ  പണിയുന്ന പാരകളും അമളികളുമാണ് എങ്കിലും ചന്ദ്രികയുടെ പ്രമേയം.

 

അഭിനയേതാക്കളുടെ പ്രകടനം തന്നെയാണ് എങ്കിലും ചന്ദ്രികയുടെ നട്ടെല്ല്.  പവിത്രനായി സുരാജ് വെഞ്ഞാറമൂടും അഭിഷേക് ആയി സൈജു കുറുപ്പും മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.  ഒരിടവേളയ്ക്ക് ശേഷം വീണ്ടും സുരാജ് കോമഡി കഥാപാത്രവുമായെത്തുന്നത് ശ്രദ്ധേയമാണ്.  സംവിധായകനാകാൻ നടക്കുന്ന കിരണായി ബേസിൽ ജോസഫ് പതിവുപോലെ കയ്യടി നേടുന്നുണ്ട്.  അശ്വിൻ, അഭിരാം പൊതുവാൾ തുടങ്ങിയവരാണ് സുഹൃത്തുക്കളിൽ മറ്റ് രണ്ടുപേർ.  സുരാജിന്റെ ഒപ്പത്തിനൊപ്പം കൗണ്ടറുകളും സ്വാഭാവികമായ നർമ്മപ്രകടനവുമായി ഭാനുമതി പയ്യന്നൂർ എന്ന കലാകാരി മിന്നും പ്രകടനം കാഴ്ചവച്ചു.  നിരജ്ഞന അനൂപ് ആണ് ചന്ദ്രികയായി എത്തുന്നത് ചന്ദ്രികയുടെ ചേച്ചിയായി തൻവി റാമും ചിത്രത്തിലുണ്ട്.  മണിയൻപിള്ള രാജു, രാജേഷ് ശർമ്മ തുടങ്ങിയവരും ഒരുപിടി പുതുമുഖ താരങ്ങളുമാണ് മറ്റ് അഭിനയേതാക്കൾ. 

 

പയ്യന്നൂരിലെ നാടൻ ഭാഷയാണ് ചിത്രത്തിലുടനീളം ഉപയോഗിച്ചിരിക്കുന്നത്.  മലയാള സിനിമയിലെ ഹിറ്റ് സിനിമകളിലെ പ്രശസ്തമായ ഡയലോഗുകൾ ആസ്വാദ്യകരമായ രീതിയിൽ ചിത്രത്തിൽ ഉപയോഗിച്ചത് പ്രേക്ഷകരിൽ ഗൃഹാതുരതയുണർത്തി.  കാലിക പ്രസക്തിയുള്ള ചില സംഭവങ്ങളും പുതിയ തലമുറയുടെ ഭാഷാപ്രയോഗങ്ങളും കോമഡികളും ഒരു ന്യൂ ജനറേഷൻ സിനിമയുടെ പ്രതീതി സൃഷ്ടിക്കുന്നുണ്ടെങ്കിലും വളരെ ചെറിയൊരു കഥാതന്തു ഹാസ്യത്തിന്റെ മേമ്പൊടിയോടെ നീട്ടിവലിച്ച് അവതരിപ്പിക്കുന്നതിലെ പോരായ്മ സിനിമയിലുടനീളം അനുഭവപ്പെടുന്നുണ്ട്.  എങ്കിലും ചിത്രത്തിനൊടുവിൽ കാത്തുവച്ചൊരു സർപ്രൈസ് പ്രേക്ഷകർക്ക് പുത്തനുണർവ് പകരുന്നു. 

 

പയ്യന്നൂരിന്റെ മനോഹാരിത ദൃശ്യവൽക്കരിക്കുന്നതിൽ ജിതിൻ സ്റ്റാനിസ്ളാസിന്റെ കരവിരുത് എടുത്തുപറയേണ്ടതാണ്.  ആദിത്യൻ ചന്ദ്രശേഖറും അർജുൻ നാരായണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.  ഇഫ്തിക്കാർ അലിയുടെ പാട്ടുകളും പശ്ചാത്തല സംഗീതവും സുഖകരമായ ഒരു അനുഭൂതി പകരുന്നുണ്ട്. വിനായക് ശശികുമാറാണ് ഗാനങ്ങളെഴുതിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com