ADVERTISEMENT

പ്രണയം ഒരിക്കലും മരിക്കുന്നില്ല, ഹൃദയമുള്ള കാലത്തോളം പ്രണയവുമുണ്ടാകും. ഒരിക്കൽ സ്നേഹിച്ചിരുന്നവർ വേർപിരിഞ്ഞ് കാതങ്ങൾക്കപ്പുറത്തു പോയാലും വീണ്ടും കാണുമ്പോൾ ഉള്ളിൽ സ്വയമറിയാതെ ഉറവ പൊട്ടുന്ന അനിർവചനീയമായ ഒരനുഭൂതിയുണ്ടാകും. അതൊരു തിരിച്ചറിവാണ് തന്റെ ഹൃദയത്തിന്റെ താളം മറ്റൊരു ഹൃദയതാളത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു എന്ന സുഖകരമായ തിരിച്ചറിവ്. ഒരിടവേളയ്ക്കു ശേഷം മലയാള സിനിമയിൽ ഒരു പ്രണയ സിനിമയുണ്ടായിരിക്കുന്നു. ആദിൽ എം. അഷ്റഫ് ആദ്യമായി സംവിധാനം ചെയ്ത 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു'. ഏറെക്കാലത്തിനു ശേഷമാണ് പ്രണയം ഇത്രയും ചേതോഹരമായി അഭ്രപാളിയിൽ രേഖപ്പെടുത്തുന്നത്. അഞ്ചു വർഷത്തിന്റെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഭാവന എന്ന അഭിനേത്രിയുടെ തിരിച്ചുവരവ് അടയാളപ്പെടുത്തുന്ന ചിത്രത്തെ അതിമനോഹരം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല. ആദിൽ എം.അഷ്റഫ് എന്ന പരിചയസമ്പന്നനായ എഡിറ്റർ തന്റെ കന്നിച്ചിത്രം പ്രതീക്ഷയ്ക്ക് അപ്പുറമുള്ള ഒരനുഭവമായി മാറ്റി എന്നുതന്നെ പറയാം.

 

മറിയം എന്ന മിടുക്കിക്കുട്ടിയിലൂടെയാണ് ഇക്കാക്കയുടെ കഥ പ്രേക്ഷകരിലെത്തുന്നത്. പിന്നീടങ്ങോട് പല കഥാപാത്രങ്ങളും അവരവരുടെ ഭാഗം പറയുന്നതിലൂടെ ചിത്രം പുരോഗമിക്കുന്നു. ജിമ്മിയുടെ ഉമ്മയ്ക്കും ബാപ്പയ്ക്കും പ്രായമായതിനു ശേഷം പൂത്തുതളിർത്ത പ്രണയത്തിൽ പിറന്ന റോസാപ്പൂവാണ് മറിയം. പ്രണയനഷ്ടത്തിൽ വിദേശത്തുപോയി മടങ്ങിയെത്തിയ ജിമ്മിക്ക് മറിയം ഒരു കച്ചിത്തുരുമ്പായിരുന്നു. ജിമ്മിയുടെ പേര് ചേർത്ത് മറിയം വിളിച്ചപ്പോൾ അത് ജിക്കാക്കയായി മാറി. വിന്റേജ് കാറുകളുടെ ഒരു ശേഖരം തന്നെയുള്ള ജിമ്മിക്ക് ഒരു ഷോറൂം തുറക്കുകയാണ് പദ്ധതി. ഇതിനിടയിൽ തറവാട്ടിലെ ഇളയ കസിന്റെ വിവാഹവേളയിൽ കുടുംബക്കാർ ജിമ്മിയെയും ഒരു വിവാഹാലോചനയിൽ തളച്ചു.  അൽ‌പസ്വൽപം പുരോഗമന ചിന്തയും സ്വാതന്ത്ര്യബോധവുമുള്ള ഫിദയ്ക്ക് ജിമ്മിയെ മനസ്സിലായി. അവർ തമ്മിൽ അടുത്തു വരുന്നതിനിടെയാണ് മറിയത്തിന്റെ കാർക്രേസ് ജിമ്മിയെ തന്റെ പഴയ കാമുകിയുടെ മുന്നിൽ കൊണ്ട് ചാടിക്കുന്നത്.  ഒരിക്കലും പറിച്ചെറിയാൻ കഴിയാതെ നെഞ്ചിൽ പറ്റിക്കൂടിയിരുന്ന നിത്യയോടുള്ള കൗമാര പ്രണയം ജിമ്മിയുടെ ഉള്ളിൽ വീണ്ടും തളിർക്കാൻ തുടങ്ങി. നിത്യയാകട്ടെ, പറിച്ചെറിഞ്ഞാലും പോകാത്ത തരത്തിൽ ശ്വാസം മുട്ടിക്കുന്ന ഗാർഹിക പീഡനത്തിൽനിന്ന് രക്ഷപ്പെടാൻ വൃഥാ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു.  

 

പ്രണയമാണ് പ്രധാന വിഷയമെങ്കിലും ആദിൽ എം.അഷ്റഫ് ഈ സിനിമയിൽ സ്വാതന്ത്ര്യത്തിന്റെ രാഷ്ട്രീയം കൂടി പറഞ്ഞുവയ്ക്കുന്നുണ്ട്. ശ്വാസം മുട്ടിക്കുന്ന ദാമ്പത്യ ജീവിതത്തിൽ ജീവിതം ഹോമിക്കാതെ ധൈര്യപൂർവം പുതിയൊരു ജീവിതത്തിലേക്ക് പറന്നുപോകണമെന്ന വലിയൊരു സന്ദേശം കൂടി പെൺകുട്ടികൾക്കു നൽകുന്നുണ്ട്. വിവാഹിതയാകാതെ സ്വതന്ത്രയായി സ്വന്തം കാലിൽ നിൽക്കാനും ഒറ്റയ്ക്ക് തലയുയർത്തി ജീവിക്കാനും പെൺകുട്ടികൾക്ക് കഴിയില്ലേയെന്നും ഒരിക്കൽ വിവാഹമോചിതയായെന്നു കരുതി മറ്റൊരു പുരുഷനെ ഇഷ്ടപ്പെടാൻ പാടില്ലേ എന്നുമുള്ള ചോദ്യം മലയാളി സമൂഹത്തിനു നേരെയുള്ളതാണ്. ഫീൽ ഗുഡ് പ്രണയത്തിനോടൊപ്പം ഒരു ചേട്ടനും കുഞ്ഞനുജത്തിയും തമ്മിലുള്ള ഊഷ്മള ബന്ധത്തിന്റെയും കഥ കൂടിയാണ് ഈ ചിത്രം പറയുന്നത്.

 

അഞ്ചു വർഷത്തെ ഇടവേള ഭാവനയുടെ പ്രസരിപ്പിലും അഭിനയമികവിലും ഒരു മാറ്റവും വരുത്തിയിട്ടില്ല. ഇക്കാക്കയുടെ പ്രണയിനിയായി ഭാവന തന്റെ കഥാപാത്രം മനോഹരമാക്കി. ഷറഫുദീൻ കരുത്തുറ്റൊരു നായകതാരമായി മാറിയിരിക്കുന്നു. ഷറഫിന്റെ കരിയർ ബെസ്റ്റ് കഥാപാത്രമായിരിക്കും ജിക്കാക്ക എന്ന ജിമ്മി എന്നു നിസംശയം പറയാം. കർക്കശക്കാരനെങ്കിലും അലിവുള്ള ബാപ്പയായി അശോകന്റെ അബ്‍ദുൽ ഖാദർ എന്ന കഥാപാത്രം മികച്ചു നിന്നു. സാനിയ റാഫി എന്ന കുഞ്ഞുതാരത്തിന്റെ പെർഫോമൻസ് ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.  ഇക്കാക്കയുടെ കുഞ്ഞനുജത്തിയായി സാനിയ റാഫി ഏറെ പ്രശംസനീയമായ പ്രകടനമാണ് കാഴ്ചവച്ചത്. ഷറഫും സാനിയയും തമ്മിലുള്ള കോംബിനേഷൻ മനോഹരമായിരുന്നു. അനാർക്കലി നാസറിന്റെ ഫിദയും മികച്ചു നിന്നു. ചിത്രത്തിലെ മറ്റു ബാലതാരങ്ങളും തങ്ങളുടെ കഥാപാത്രങ്ങൾ ഗംഭീരമാക്കി. 

 

ആദ്യ ചിത്രത്തിലൂടെത്തന്നെ സംവിധായകൻ ആദിൽ അഷറഫ് സിനിമയിൽ തന്റെ കയ്യൊപ്പ് പതിപ്പിച്ചിരിക്കുന്നു. എഡിറ്റർ കൂടിയായ ആദിലിന്റെ കട്ടുകൾ ശ്രദ്ധേയമാണ്. സിനിമയുടെ മൂഡിനോട് ഇഴുകിച്ചേർന്നു നിൽക്കുന്ന ബിജിബാലിന്റെ പശ്ചാത്തല സംഗീതവും പോൾ മാത്യൂസ്, നിഷാന്ത്, ജോക്കർ ബ്ലൂസ് എന്നിവർ ചേർന്ന് ചിട്ടപ്പെടുത്തിയ പ്രണയ ഗാനങ്ങളും മനോഹരമായി ചിത്രീകരിച്ച ഗാനരംഗങ്ങളും പ്രണയത്തിൽ മുങ്ങി നിൽക്കുന്ന ചിത്രത്തിന്റെ മൂഡിന് അനുയോജ്യമാണ്.

 

വളരെ ലളിതമായൊരു കഥ ഏറെ പുതുമയുള്ള ആഖ്യാന ശൈലിയിൽ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്നു’ കുടുംബപ്രേക്ഷകർക്കും യുവാക്കൾക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഫീൽ ഗുഡ് ചിത്രം തന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com