ADVERTISEMENT

റിലീസിനുമുന്നേ സോഷ്യൽമീഡിയയിൽ ചർച്ചയായ ലിപ്‌ലോക് രംഗങ്ങളുമായാണ് ഓ മൈ ഡാർലിങ് തിയറ്ററുകളിലെത്തിയത്. ബാലതാരത്തിൽനിന്ന് നായികയിലേക്കുള്ള അനിഖ സുരേന്ദ്രന്റെ കൂടുമാറ്റം. സോഷ്യൽ മീഡിയ താരമായ മെൽവിൻ ജി.ബാബുവാണ് നായകൻ. ഒരു ടീനേജ് പ്രണയകഥയുടെ ടാഗുമായെത്തിയ ചിത്രം പക്ഷേ ചർച്ച ചെയ്യുന്നത് കുറച്ചുകൂടി ഗൗരവതരമായ ഒരു വിഷയമാണ്.

 

റൊമാന്റിക് കോമഡിയായാണ് ചിത്രത്തിന്റെ തുടക്കം. ബിടെക് കഴിഞ്ഞ് ജോലിയൊന്നുമാവാതെ വീട്ടുകാരുടെ ചെലവിൽ ജീവിക്കുന്നയാളാണ് ജോയൽ. ഡിഗ്രി വിദ്യാർഥിയായ ജെന്നി. ഇരുവരും പ്രണയത്തിലാണ്. മലയാള സിനിമയുടെ ആദ്യകാലം മുതൽ കണ്ടുവരുന്ന കൗമാര പ്രണയങ്ങളിലെ സ്ഥിരം നമ്പറുകളും പാട്ടുമൊക്കെയായി ആദ്യപകുതി രസകരമായി മുന്നോട്ടുപോവുന്നു. എന്നാൽ ഇടവേളയെത്തുന്നതോടെ കഥയുടെ ഗിയർ മാറുകയാണ്. 

 

രണ്ടാംപകുതിയോടെ റൊമാന്റിക് കോമഡിയിൽനിന്ന് വളരെ സീരിയസായ ഒരു കഥാഗതിയിലേക്കാണ് സിനിമ കടക്കുന്നത്. മലയാളികൾക്ക് അധികം കേട്ടുകേൾവിയില്ലാത്ത ചില പ്രതിസന്ധികളാണ് ചിത്രത്തിന്റെ അവസാനഭാഗത്തു അവതരിപ്പിക്കുന്നത്. ഏറ്റവുമൊടുവിൽ വളരെ പോസിറ്റീവായ ഒരു ആശയം കൂടി അവതരിപ്പിച്ചാണ് സിനിമ അവസാനിപ്പിക്കുന്നത്.

 

മുകേഷ്, ജോണി ആന്റണി, ലെന, മഞ്ജുപിള്ള, നന്ദു, വിജയരാഘവൻ തുടങ്ങിയ താരനിരയുടെ പിന്തുണയുമായാണ് നവാഗതനായ ആൽഫ്രഡ് ഡി.സാമുവൽ തന്റെ കന്നിസംരംഭം അണിയിച്ചൊരുക്കിയത്. പലയിടത്തും കൈവിട്ടുപോവുമായിരുന്ന തിരക്കഥയെ പിടിച്ചു ട്രാക്കി‍ൽ കയറ്റുന്നതിൽ ഇവരുടെ സാന്നിധ്യം സഹായിച്ചിട്ടുമുണ്ട്. അതിമനോഹരമായ ഫ്രെയിമുകളാണ് ക്യാമറാമാൻ അൻസർ ഷാ ഒരുക്കിയത്. ലിജോ പോൾ എഡിറ്റിങ്ങിൽ മികവു പുലർത്തി. ഷാൻ റഹ്മാന്റെ പാട്ടുകൾ റിലീസിനുമുന്നേ ശ്രദ്ധേയമായി മാറിയിരുന്നു.

 

ബാലതാരമായി മിന്നിയ അനിഖ യുവതാരമായും പ്രതീക്ഷകൾക്കൊത്തുയർന്നിട്ടുണ്ട്. മികച്ച അഭിനയ മുഹൂർത്തങ്ങളെ അനായാസമായി അവതരിപ്പിക്കാൻ അനിഖയ്ക്കു കഴിയുന്നുണ്ട്. കഥാഗതിക്കാവശ്യമായ ലിപ് ലോക് രംഗങ്ങളാണ് ചിത്രത്തിലേതെന്ന് ആദ്യമേ അനിഖ വ്യക്തമാക്കിയിരുന്നു.

 

വൈദ്യശാസ്ത്രത്തിൽ അപൂർവമായി കാണപ്പെടുന്ന ഒരു രോഗാവസ്ഥയെയും മാനസിക നിലയെയും അഡ്രസ് ചെയ്യുകയാണ് സിനിമ. കുറച്ച് സങ്കീർണമായ ‘ഡിനൈൽ’ എന്ന മാനസികാരോഗ്യാവസ്ഥയെ രസകരമായി അവതരിപ്പിക്കുകയാണ് ഓ മൈ ഡാർലിങ്ങിലൂടെ സംവിധായകൻ. നമ്മുടെ മനസ്സിന് ഒട്ടും അംഗീകരിക്കാനാകാത്ത അവസ്ഥകളുണ്ടാകുമ്പോൾ അതിനെ പൂർണമായി നിരാകരിക്കുന്നൊരു മാനസികാവസ്ഥയാണ് ഡിനൈൽ സിൻഡ്രം. 

 

അതുകൊണ്ടുതന്നെ വെറുമൊരു റൊമാന്റിക് കോമഡി ചിത്രമായി മാത്രം ഓ മൈ ഡാർലിങ്ങിനെ കാണാൻ കഴിയില്ല. അതിലേറെ സമൂഹം ചർച്ച ചെയ്യേണ്ട ചില കാര്യങ്ങളും ചിത്രം അവതരിപ്പിക്കുന്നുണ്ട്. കൊറിയൻ പാട്ടും വെബ് സീരിസും ഇൻസ്റ്റായുമായി ജീവിതമാഘോഷിക്കുന്ന കൗമാരക്കാർക്ക് സിനിമ ഇഷ്ടപ്പെടും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com