സിനിമയുടെ പേരുപോലെ തന്നെ, കണ്ടിറങ്ങുന്നവരുടെ മനസ്സു നിറയ്ക്കുന്ന, സന്തോഷപൂരിതമാക്കുന്ന മനോഹര ചിത്രമാണ് ‘സന്തോഷം’. ജീവിതം സന്തോഷപൂർണമായിരിക്കുക എന്നതാണ് ഏതൊരാളുടെയും ആഗ്രഹം. ആ ആഗ്രഹം സഫലമാക്കാനായി പ്രായഭേദമന്യേ എല്ലാവരും ശ്രമിച്ചുകൊണ്ടേയിരിക്കും. തന്റെ ജീവിതം സന്തോഷപൂർണമാക്കാൻ അക്ഷര എന്ന കൊച്ചു മിടുക്കി നടത്തുന്ന ശ്രമങ്ങളാണ് സന്തോഷം എന്ന സിനിമയുടെ കാതൽ.
ആദ്യയുടെയും അവളുടെ അനുജത്തി അക്ഷരയുടെയും കഥയാണ് ‘സന്തോഷം’. അവരുടെ സന്തോഷവും സങ്കടങ്ങളുമൊക്കെയാണ് സിനിമ പറയുന്നത്. ആദ്യ അൽപം മുതിർന്നതിനു ശേഷമാണ് അക്ഷരയുടെ ജനനം. തന്റെ കുഞ്ഞനുജത്തിയോട് ആദ്യയ്ക്ക് ഇപ്പോഴും ഒരമ്മയുടെ കരുതലും സ്നേഹവുമാണ്. അക്ഷരയുടെ എല്ലാ കാര്യത്തിലും ആദ്യയുടെ നോട്ടം ഉണ്ടാവുന്നതിൽ അക്ഷര അസ്വസ്ഥയാണ്. കുടുംബത്തിലെ ആദ്യ കുട്ടി എന്ന നിലയിൽ ആദ്യയ്ക്ക് കുടുംബത്തിൽ കിട്ടുന്ന സ്വാതന്ത്ര്യത്തിലും അക്ഷരയ്ക്കു പരിഭവമുണ്ട്. അവളുടെ വേഷവിധാനത്തിലും ഒരുക്കത്തിലും എല്ലാം ആദ്യയുടെ കയ്യൊപ്പ് പതിയുന്നതോടെ, എത്രയും വേഗം വളർന്ന് വലുതായി ആദ്യയിൽനിന്നു സ്വാതന്ത്ര്യം നേടണമെന്ന് അക്ഷര ആഗ്രഹിക്കുന്നു. കുടുംബത്തിലെ എല്ലാ കാര്യത്തിലും ആദ്യ ഇടപെടുന്നതും അക്ഷരയ്ക്ക് ഇഷ്ടപ്പെടുന്നില്ല. അതിനൊരു ബദൽ മാർഗ്ഗം അവൾ തന്റെ കൂട്ടുകാരോട് തിരക്കുന്നതിനിടയിലാണ് അവരുടെ ജീവിതത്തിലേക്ക് ഗിരീഷ് എന്ന ചെറുപ്പക്കാരൻ കടന്നുവരുന്നത്.
ഇൻസ്റ്റഗ്രാം റീൽസിലൂടെ ആദ്യയെ പ്രണയിക്കുകയും കല്യാണം കഴിക്കണമെന്ന് ആഗ്രഹിച്ച് അവളുടെ പിന്നാലെ നടക്കുകയും ചെയ്യുന്നയാളാണ് ഗിരീഷ്. കല്യാണം കഴിഞ്ഞാലെങ്കിലും ആദ്യയുടെ നിയന്ത്രണത്തിൽനിന്നു രക്ഷപ്പെടാമെന്നു കരുതുന്ന അക്ഷര, ഗീരിഷുമായി കൈകോർക്കുന്നു. മാത്രമല്ല ആദ്യയുടെ ഇഷ്ടം പിടിച്ചു പറ്റാനുള്ള എല്ലാ മാർഗങ്ങളും അക്ഷര ഗിരീഷിന് പറഞ്ഞു കൊടുക്കുകയും ചെയ്യുന്നു. ഇതിനിടയിൽ സംഭവിക്കുന്ന വൈകാരികവും മനോഹരവുമായ മുഹൂർത്തങ്ങളുമാണ് സന്തോഷം പറയുന്നത്.
അര്‍ജുൻ ടി.സത്യന്‍ തിരക്കഥയും സംഭാഷണവുമെഴുതിയ ചിത്രം സംവധാനം ചെയ്തിരിക്കുന്നത് അജിത് വി.തോമസാണ്. തുടക്കക്കാരന്റെ അരങ്ങേറ്റം ഗംഭീരമാക്കാൻ അജിത്തിനായി. പലയിടത്തും പരിചയസമ്പന്നനായ സംവിധായകന്റെ വൈഭവം പ്രകടമായിരുന്നു.
ആദ്യയായി അനു സിത്താരയും അക്ഷരയായി ബേബി ലക്ഷ്മിയും തിളങ്ങുന്നു. അമിത് ചക്കാലയ്ക്കലാണ് ഗിരീഷ് ആയെത്തുന്നത്. ഷാജോൺ, മല്ലിക സുകുമാരൻ, ആശ അരവിന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. മനോഹരമായ ഗാനങ്ങൾകൊണ്ട് സമ്പന്നമാണ് ഈ ചിത്രം. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി.എസ്. ജയ്ഹരിയാണ് സംഗീതം പകർന്നിരിക്കുന്നത്. ചിത്രത്തിലെ മനോഹരമായ വിഷ്വലുകൾ പകർത്തിയിരിക്കുന്നത് കാര്‍ത്തിക് ആണ്. മീസ്-എന്‍-സീന്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ഇഷ പട്ടാലി, അജിത് വി. തോമസ് എന്നിവരാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
ഇന്നത്തെ കുടുംബങ്ങൾക്കിടയിൽ ഇല്ലാതെയാകുന്ന സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയുമൊക്കെ ആഴവും അര്‍ഥവും അവ കുഞ്ഞുങ്ങളിൽ ഉണ്ടാക്കുന്ന സ്വാധീനവുമൊക്കെ സിനിമ ചർച്ച ചെയ്യുന്നുണ്ട്. ആദ്യയുടെയും അക്ഷരയുടെയും ഗിരീഷിന്റെയും കുടുംബങ്ങളുടെ സ്നേഹവും സന്തോഷവും നിറഞ്ഞ ജീവിതമാണ് ‘സന്തോഷം’ പറയുന്നത്. വലിയ ട്വിസ്റ്റുകളോ ടെൻഷൻ അടിപ്പിക്കുന്ന മുഹൂർത്തങ്ങളോ ഇല്ലാത്ത ഒരു കുഞ്ഞു മനോഹര സിനിമ. ആദ്യയുടെയും അക്ഷരയുടെയും സ്നേഹവും അവരുടെ കുറുമ്പുകളും കുശുമ്പുകളും നിറഞ്ഞു നിൽക്കുന്ന കുടുംബാന്തരീക്ഷം കണ്ടിരിക്കുന്ന പ്രേക്ഷകരിലും സന്തോഷം നിറയ്ക്കുമെന്നത് ഉറപ്പാണ്.